ചെളിയും മാലിന്യവും പൊതുവഴിയില്‍: കൊച്ചിയില്‍ രണ്ടു ദിവസമായി അഞ്ചു കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു

അശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിന് ഏറെ പഴി കേട്ട കൊച്ചി നഗരസഭയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അശാസ്ത്രീയത മൂലം രണ്ടു ദിവസത്തില്‍ ഏറെയായി അഞ്ചു കുടുംബങ്ങള്‍ കുടുങ്ങികിടക്കുന്നു.

ചെളിയും മാലിന്യവും പൊതുവഴിയില്‍: കൊച്ചിയില്‍ രണ്ടു ദിവസമായി അഞ്ചു കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു

പള്ളുത്തുരത്തി: അശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിന് ഏറെ പഴി കേട്ട കൊച്ചി നഗരസഭയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അശാസ്ത്രീയത മൂലം രണ്ടു ദിവസത്തില്‍ ഏറെയായി അഞ്ചു കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. പള്ളുത്തുരത്തിക്ക് സമീപത്തുളള പഷ്ണിത്തോട് ശുചീകരണത്തിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളാണ്  സമീപത്തുള്ള കുടുംബങ്ങള്‍ക്ക് ഉപദ്രവമായത്.

പഷ്ണിത്തോട് പാലത്തിന് വടക്ക് വശം താമസിക്കുന്ന പനക്കത്തറ വീട്ടില്‍ ജോസഫ് ലൂവീസ്, ജയിംസ് ജോയി, സേവ്യര്‍ എന്നീവരുടെ വീടുകളിലേയ്ക്കു വരുന്ന പ്രധാന വഴികളില്‍ പഷ്ണിത്തോടിലെ ചെളിയും അവശിഷ്ടങ്ങളും കൊണ്ടു വന്നു തള്ളുകയായിരുന്നു. അഞ്ചു കുടുംബങ്ങളിലുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ രണ്ടു ദിവസമായി പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും വീട്ടിലുള്ള പുരുഷന്‍മാര്‍ മതില്‍ചാടിക്കടന്നാണ് പുറത്തേക്ക് പോകുന്നതെന്നും പൊതുപ്രവര്‍ത്തക ഷൈനി ജോബിന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.


WhatsApp Image 2016-10-20 at 4.56.32 PM

കായലില്‍ നിന്ന് ജെസിബി ഉപയോഗിച്ചാണ് ചെളി നീക്കം ചെയ്തത്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. പഷ്ണി തോട്ടില്‍ നിന്ന് എടുത്ത് കരയിലിടുന്ന ചെളിയും അവശിഷ്ടങ്ങളും മറ്റൊരിടത്തേക്ക് നീക്കിയിടാമെന്ന് കരാറുകാരന്‍ ഉറപ്പു നല്‍കിയെങ്കിലും അത് പാലിച്ചില്ലെന്നും സമീപവാസികള്‍ പറയുന്നു. കൊച്ചി മേയറോടും കൗണ്‍സിലറോടും പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും എടുത്തില്ലെന്നും സമീപവാസികള്‍ പറയുന്നു.

പരാതി രൂക്ഷമായപ്പോള്‍ ഒരാള്‍ക്കു കടക്കാവുന്ന രീതിയില്‍ ചെളിമാറ്റി ഒരു ഭാഗത്തേക്കു ഇട്ടിട്ടുണ്ടെങ്കിലും യഥേഷ്ടം വഴിനടക്കാന്‍ സാധിക്കുന്നില്ല. ചെളിയില്‍ ഏതു നിമിഷവും പൂണ്ടു പോകുന്ന നിലയിലാണെന്നും അവര്‍ പരാതിപ്പെടുന്നു. ഈ വഴി കഴിഞ്ഞ 40 വര്‍ഷം ഒന്നു തന്നെ ചെയ്തിട്ടില്ല. വഴി നടക്കുന്ന യാത്രക്കാര്‍ തോട്ടില്‍ വീഴുന്നതു സ്ഥിരം സംഭവമാണെന്നും നാട്ടുകാര്‍ പറയുന്നു. തോടിന് ആഴം കൂട്ടിയതും ഇവരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. നല്ല വസ്ത്രങ്ങളും ചെരിപ്പുകളും ധരിച്ച് വഴി നടക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴും നിലവിലുള്ളതെന്നും ഇവര്‍ പരാതിപ്പെടുന്നു.

ഈ ഭാഗത്തേക്കുളള റോഡ് ഗതാഗത യോഗ്യമല്ലെന്നും വര്‍ഷങ്ങളായി ഇതേ കുറിച്ച് പരാതിപ്പെട്ടിട്ടും നടപടി ഒന്നുമുണ്ടായില്ലെന്നും ഷൈനി ജോബിന്‍ പറയുന്നു.  കാലങ്ങളായി ചെളി നിറഞ്ഞു നീരൊഴുക്ക് നിലച്ചു പഷ്ണിത്തോട് കേന്ദ്രസര്‍ക്കാരിന്റെ അമൃത് നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ശുചികരണം ആരംഭിച്ചത്. കൊച്ചി നഗരസഭയുടെ നിയന്ത്രണത്തില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ കരാരുകാരനുമായുള്ള ഒത്തുകളിയാണെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ 15 ആം വാര്‍ഡിലെ  കൗണ്‍സിലര്‍  കെജെ ബേസില്‍ നിഷേധിച്ചു. ഒരു കുടംബത്തിലേയ്ക്കു കടക്കുന്ന പൊതുവഴിയില്‍ മാത്രമാണ് ഇത്തരത്തില്‍ പ്രശ്‌നം ഉണ്ടായിരുന്നതെന്നും ഇന്നലെ തന്നെ ഈ  പ്രശ്‌നം പരിഹരിച്ചതാണെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ബേസില്‍ പറഞ്ഞു.

Read More >>