ഹിലറി അമേരിക്കന്‍ പ്രസിഡന്റായാല്‍ മൂന്നാം ലോക മഹായുദ്ധം നടക്കും; ട്രംപിന്റെ പ്രവചനം

ഹിലറിയുടെ പല നയങ്ങളും നയതന്ത്രബന്ധങ്ങള്‍ തകര്‍ക്കുമെന്നും അവര്‍ രാജ്യത്തെ സുരക്ഷാഭീഷണിയിലേക്ക് nനയിക്കുമെന്നും ട്രംപ് പ്രവചിക്കുന്നു.

ഹിലറി അമേരിക്കന്‍ പ്രസിഡന്റായാല്‍ മൂന്നാം ലോക മഹായുദ്ധം നടക്കും; ട്രംപിന്റെ പ്രവചനം

വാഷിംഗ്‌ടണ്‍:  യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് സ്ഥാനാർഥി ഹിലറി ക്ലിന്റൻ ജയിച്ചാൽ മൂന്നാം ലോക മഹായുദ്ധത്തിന് വേദിയൊരുങ്ങുന്നുമെന്നു  റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്.

ഹിലരിയുടെ പല നയങ്ങളും നയതന്ത്രബന്ധങ്ങള്‍ തകര്‍ക്കുമെന്നും അവര്‍ രാജ്യത്തെ സുരക്ഷാഭീഷണിയിലേക്ക് നയിക്കുമെന്നും ട്രംപ് പ്രവചിക്കുന്നു. ഹിലറിയുടെ സിറിയ നയം അണുശക്തിരാജ്യമായ റഷ്യയുമായുള്ള ഏറ്റുമുട്ടലിലേക്കും തുടര്‍ന്ന് മൂന്നാം ലോക മഹായുദ്ധത്തിലേക്കും നയിക്കും. സിറിയയിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെതിരെയല്ല, ഐഎസിനെതിരെയാണു യുദ്ധം ചെയ്യേണ്ടതെന്നും ട്രംപ് വ്യക്തമാക്കി.


സിറിയയിൽ അഞ്ചു വർഷത്തിലേറെയായി തുടരുന്ന സംഘർഷത്തിൽ യുഎസും റഷ്യയും ഭിന്നധ്രുവങ്ങളിലാണ്. ഇതിൽ റഷ്യൻ നിലപാടിനോടു ചേർന്നുനിൽക്കുന്ന വാദമാണു ട്രംപ് ഉയർത്തിയത്.

സിറിയയിൽ പ്രശ്നങ്ങളുടെ മൂലകാരണം അസദ് ആണെന്നും അദ്ദേഹം അധികാരം വിട്ടൊഴിയണമെന്നതുമാണ് യുഎസ് നിലപാട്. എന്നാൽ, അസദിനെയല്ല, സിറിയയിലെ ഐഎസിനെയാണു ലക്ഷ്യമിടേണ്ടതെന്നു ട്രംപ് പറയുന്നു. ട്രപിന്റെ ഈ നിലപാടിനെതിരെ അമേരിക്കയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. റഷ്യൻ പക്ഷപാതിയെന്നും പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കളിപ്പാവയെന്നുമൊക്കെയാണ് ട്രംപിനെ വിമര്‍ശകര്‍ വിളിക്കുന്നത്.

അതേസമയം,  സിറിയയുടെ ഭാവിയെക്കുറിച്ചും അസദിനെക്കുറിച്ചും യുഎസ് തലപുകയ്ക്കേണ്ടതില്ലയെന്നും അവിടെ അതുനോക്കാന്‍ റഷ്യയും ഇറാനുമൊക്കെയുണ്ടെന്നുമാണ് ട്രംപ് പറയുന്നത്.

Read More >>