സംസ്ഥാന സ്‌കൂൾ നീന്തൽ: തിരുവനന്തപുരം കിരീടത്തിലേക്ക്

തിരുവനന്തപുരം പിരപ്പൻകോട് ഗവ.വി.എച്ച്.എസ്.എസാണ് 72പോയിന്റുമായി സ്‌കൂൾ തലത്തിൽ ഒന്നാമത്

സംസ്ഥാന സ്‌കൂൾ നീന്തൽ: തിരുവനന്തപുരം കിരീടത്തിലേക്ക്

തൃശൂർ: സംസ്ഥാന സ്‌കൂൾ നീന്തൽ ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കാനിരിക്കെ തിരുവനന്തപുരം കിരീടം ഉറപ്പിച്ചു. 85 മത്സരങ്ങൾ പൂർത്തിയായ മൂന്നാം ദിനത്തിൽ നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരം 576 പോയിന്റുമായി ഏറെ മുന്നിലാണ്. 60 സ്വർണവും 58 വെള്ളിയും 50 വെങ്കലവുമാണ് നീന്തൽക്കുളത്തിൽ നിന്ന് തിരുവനന്തപുരം നേടിയത്.
ഒമ്പത് സ്വർണവും 11വെള്ളിയും ഏഴ് വെങ്കലവുമുൾപ്പെടെ 113 പോയിന്റുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. ആതിഥേയരായ തൃശൂർ 108 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. എട്ട് സ്വർണവും പത്ത് വെള്ളിയും 20 വെങ്കലവുമാണ് തൃശൂരിനുള്ളത്. കോട്ടയമാണ് നാലാമത്. എല്ലാ ജില്ലകളിൽ നിന്നും മത്സരാർത്ഥികളുണ്ടെങ്കിലും ഇതുവരെ എട്ട് ജില്ലകൾ മാത്രമാണ് മെഡൽപട്ടികയിൽ ഇടം നേടിയത്. ഒരോ പോയിന്റുമായി കണ്ണൂർ, പാലക്കാട് ജില്ലകളും നാല് പോയിന്റുമായി കാസർകോടും 13പോയിന്റുമായി കോഴിക്കോടുമാണ് മെഡൽപട്ടികയിലുള്ളത്. ഇന്ന് 18 മത്സരങ്ങളാണ് നടക്കുക.

തിരുവനന്തപുരം പിരപ്പൻകോട് ഗവ.വി.എച്ച്.എസ്.എസാണ് 72പോയിന്റുമായി സ്‌കൂൾ തലത്തിൽ ഒന്നാമത്. തൊട്ടുപിറകെ 71 പോയിന്റുമായി തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസാണ് രണ്ടാമത്. 59 പോയിന്റുമായി കന്യാകുളങ്ങര ഗവ.ഗേൾസ് എച്ച്.എസ്.എസാണ് മൂന്നാമത്. മേളയിൽ ഇതുവരെ ആറ് മീറ്റ് റെക്കാഡുകൾ പിറന്നു. മൂന്നാംദിനം വടകര ശ്രീനാരായണ എച്ച്.എസ്.എസിലെ ജോർജ്ജ് എസ്. കദളിക്കാട്ടിലാണ് 50,100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് മത്സരങ്ങളിൽ രണ്ട് മീറ്റ് റെക്കാഡുകൾ നേടിയത്.

Read More >>