ഭക്തിയും ആവേശവും ഇഴ ചേര്‍ന്ന തൃശൂരിലെ പോത്തോട്ടോണം ( വീഡിയോ)

എഴു ദിവസത്തെ ചിട്ടയായ വ്രതത്തിനു ശേഷമാണ് കര്‍ഷകര്‍ പോത്തുകളുമായി ക്ഷേത്രത്തിലെത്തുക. വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന പോത്തുകള്‍ ദേവിക്ക് മുന്നിലുളള ആര്‍ത്തോട്ടത്തിനു ശേഷമാണ് പോത്തോട്ടത്തില്‍ പങ്കെടുക്കുക.

ഭക്തിയും ആവേശവും ഇഴ ചേര്‍ന്ന തൃശൂരിലെ പോത്തോട്ടോണം ( വീഡിയോ)

കാര്‍ഷികാഭിവൃദ്ധിയുമായി ബന്ധപ്പെട്ട്  തൃശ്ശൂര്‍ ജില്ലയില്‍   വിവിധ ദേശക്കാരുടെ  നേതൃത്വത്തില്‍ നടത്തുന്ന പോത്തോട്ടോണം കേരളത്തില്‍ അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ കാണുന്ന ഉത്സവമാണ്. കാണികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന ഈ ഉത്സവം തൃശൂര്‍ ജില്ലയിലെ കരൂവന്നൂര്‍ വെട്ടുക്കുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ കന്നിമാസത്തിലെ മകം നാളിലാണ് നടന്നു വരുന്നത്. എഴു ദിവസത്തെ ചിട്ടയായ വ്രതത്തിനു ശേഷമാണ് കര്‍ഷകര്‍ പോത്തുകളുമായി ക്ഷേത്രത്തിലെത്തുക.  വിവിധ ദേശങ്ങളില്‍  നിന്നെത്തുന്ന പോത്തുകള്‍ ദേവിക്ക് മുന്നിലുളള ആര്‍ത്തോട്ടത്തിനു ശേഷമാണ് പോത്തോട്ടത്തില്‍ പങ്കെടുക്കുക.


WhatsApp Image 2016-10-12 at 7.47.56 AM(1)കേരളത്തില്‍ കൊടങ്ങല്ലൂര്‍- തൃശൂര്‍ റോഡില്‍ ഇരിങ്ങാലക്കുടയില്‍ നിന്നും ആറു കിലോമീറ്റര്‍ വടക്കു ഭാഗത്ത് കരുവന്നൂരിലാണ് വെട്ടുകുന്നത്തു ഭഗവതി ക്ഷേത്രം. മെയിന്‍ റോഡിനു ചേര്‍ന്ന് തന്നെ ക്ഷേത്രവും ക്ഷേത്രകവാടവും കാണാം. സ്ഥലകാല പൂരാണങ്ങള്‍ സൂചിപ്പിക്കുന്നതു പോലെ പൗരാണിക കാലത്ത് തീര്‍ത്തും അപരിഷ്‌കൃതവും വെട്ടും കുത്തും നടന്നിരുന്നതുമായ പ്രദേശമായിരുന്നു വെട്ടുക്കുന്നത്തുകാവ്. അക്കാലങ്ങളില്‍ ജനവാസം വളരെ കുറവായിരുന്നു. ഈ കാലഘട്ടത്തിലായിരുന്നു ടിപ്പുവിന്റെ പടയോട്ടം. പടയോട്ടത്തില്‍ ഭയപ്പെട്ട് മലപ്പുറം ജില്ലയിലെ തിരൂര്‍ വെട്ടത്തു നാട്ടില്‍ നിന്നും ഒരു കുടുംബം കരുവന്നൂരില്‍ ശങ്കരത്തു പറമ്പില്‍ ( ക്ഷേത്രത്തിനു തെക്കു പടിഞ്ഞാറേ മൂലയില്‍) വിശ്രമം കൊണ്ടുവെന്നും വെട്ടുക്കുന്നത്തുക്കാവ് ക്ഷേത്രം പണി തീര്‍ത്തുവെന്നും പറയപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന ആഘോഷം മേടമാസത്തിലെ ഭരണിയാണ്. WhatsApp Image 2016-10-12 at 7.47.56 AM


പതിനെട്ടരക്കാവുകളില്‍ കുംഭ ഭരണിയും മഹാഭദ്രകാളി ക്ഷേത്രമായ കൊടുങ്ങല്ലൂര്‍ മീനഭരണിയുമാണ് ആഘോഷിക്കുന്നത്. മേടമാസത്തില്‍ ഭരണി ആഘോഷിക്കുന്ന അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ ഒന്നാണ് കരുവന്നൂര്‍ വെട്ടുക്കുന്നത്തുക്കാവ് ക്ഷേത്രം. അചഞ്ചല ഭക്തി വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും സമ്മോഹനമായ കൂടിച്ചേരലാണ് ഭരണി വേല. കൂടാതെ കുംഭ മാസത്തില്‍ മകം നാളില്‍ നടക്കുന്ന പോത്തോട്ടോണം കാര്‍ഷികാഭിവൃദ്ധിക്കു വേണ്ടിയാണ്.

[video width="640" height="352" mp4="http://ml.naradanews.com/wp-content/uploads/2016/10/WhatsApp-Video-2016-10-12-at-7.47.59-AM.mp4"][/video]

ക്ഷേത്ര വെളിച്ചപ്പാട് ക്ഷേത്രനടയ്ക്കല്‍ വന്നിരിക്കും. ആ സമയം വെളേളാന്‍ വന്ന വെളിച്ചപ്പാടിനെ നമസ്‌കരിക്കുന്നു. വെളിച്ചപ്പാട് വെളേളാനെ അനുഗ്രഹിച്ച് മാലയിടും. തുടര്‍ന്ന് വെളിച്ചപ്പാടും വെളേളാനും പരിവാര സമേതം പോത്തോട്ടകല്ലിന് സമീപത്തേയ്ക്ക് യാത്രയാകുന്നു. പോത്തോട്ടകല്ലിനു പഴയകാല കാര്‍ഷികോല്‍പ്പന്നത്തിന്റെ പ്രതീകമെന്ന നിലയക്ക്് ആദ്യം നെല്ലില്‍ കറ്റ മുകളില്‍ വെയ്ക്കും. അതിനു മുകളിലാണ് പാരമ്പര്യ അവകാശിയായ വെളേളാന്‍ ഓലക്കുടചൂടി കയറിയിരിക്കുക. വെളേളാന്‍നിലയുറപ്പിച്ചതിനു ശേഷം അയാള്‍ക്കു ചുറ്റമായിട്ടാണ് പോത്തുകള്‍ മൂന്ന് വലം വെച്ച് ഓടുക. മൂന്ന് വലം വെയ്ക്കുന്ന സമയത്ത് കല്ലില്‍ പോത്ത് തൊട്ടാല്‍ പോത്ത് അമ്പലം വക പോത്തായി തീരും എന്നത് വ്യത്യസ്തമായ ഒരു ആചാരമാണ്.

[video width="640" height="352" mp4="http://ml.naradanews.com/wp-content/uploads/2016/10/WhatsApp-Video-2016-10-12-at-7.48.00-AM.mp4"][/video]
പണ്ടു കാലങ്ങളില്‍ കാര്‍ഷിക വൃത്തിക്കു മേല്‍ നോട്ടം വഹിച്ചിരുന്ന പുലയ സഭയില്‍പ്പെട്ടവരുടെ മരുമക്കത്തായ വ്യവസ്ഥിതിയില്‍ പിന്തുടര്‍ച്ചക്കാരായി വരുന്ന വെളേളാന്‍മാരാണ് പോത്തോട്ടത്തിന് നേതൃത്വം നല്‍കാനായി കല്ലില്‍ ഉപവിഷ്ടനാകുക. പോത്തോട്ടം പ്രമാണിച്ച് പോത്തുകളുളള വീടുകളിലെ തൊഴുത്തിലും പ്രത്യേക പൂജകളുണ്ട്. അതുമായി ബന്ധപ്പെട്ട തൊഴുത്തു പൂജ എന്നാണിതിനെ പറയുക. തൊഴുത്ത് നന്നായി കഴുകി നിലത്ത് ഒരു വാഴയിലയില്‍ അവല്‍,മലര്‍, പോത്തിന് നല്ല ഭക്ഷണം, ശര്‍ക്കര, പഴം, ഇലയട എന്നിവയും അരിവറുത്തതും തേങ്ങാപ്പുളും മറ്റൊരു ഇലയിലും നിവേദ്യമായി വെക്കും. ചില വീടുകളില്‍ അരി കൊണ്ട് ഉണ്ടാക്കിയ പായസവും നിവേദിക്കും. ഇതിനു സമീപത്തായി തറയില്‍ ചാണകം മെഴുകി അരിമാവില്‍ മഞ്ഞള്‍ ചേര്‍ത്ത് അണിഞ്ഞ് ചുറ്റും വാഴപ്പോള കൊണ്ട് ചതുരം ഉണ്ടാക്കും. അതിനു മധ്യത്തില്‍ പച്ചപ്ലാവിലയുടെ അഗ്രഭാഗത്തു നിന്നും നെടുകെ കുറച്ചു ഭാഗം കീറി രണ്ടു ഭാഗത്തേയ്ക്കായി മടക്കി ഈര്‍ക്കില്‍ കുത്തും. ഇത്തരത്തിലുളള രണ്ടെണ്ണം മേല്‍പ്പറഞ്ഞ ചതുരത്തിനുളളില്‍ വെയ്ക്കുന്നു. തൊഴുത്തിന്റെയും പോത്തിന്റെയും സങ്കല്‍പ്പത്തിലാണിത്.

WhatsApp Image 2016-10-12 at 7.47.58 AMപൂജ തുടങ്ങിയാല്‍ പോത്തിനെ കുളിപ്പിച്ച് ചന്ദനക്കുറി തൊട്ട രണ്ട് കൊമ്പിലുമായി നിറയെ മണികള്‍ കെട്ടി കൊണ്ടു വരുന്നു. പൂജിച്ച് പൂമാലയും പോത്തിന്റെ കഴുത്തില്‍ ചാര്‍ത്തും. പൂജ കഴിഞ്ഞ് പ്രസാദവും കൊടുത്തിട്ടാണ് പോത്തിനെ ക്ഷേത്രത്തിലേയ്ക്ക് ഓടിച്ച് കൊണ്ടു പോകുക. ക്ഷേത്രത്തിനു ചുറ്റുമുളള കാട്ടൂര്‍, കിഴുത്താനി, പൊഞ്ഞനം, മാപ്രണം, കരുവന്നൂര്‍, ആറാട്ടുപുഴ തുടങ്ങി 26 ദേശങ്ങള്‍ക്കും ക്ഷേത്രത്തില്‍ നിന്നു പുടവയും പണവും നല്‍കും. പോത്തോട്ടം നാമമാത്രമായതിനെ തുടര്‍ന്നാണ് ദേശക്കാര്‍ക്ക് പണവും പുടവയും നല്‍കാന്‍ ക്ഷേത്രസമിതി തീരുമാനിച്ചത്.

കേരളത്തിലെ പ്രസിദ്ധമായ പോത്തോട്ടമാണ് കരൂവന്നൂര്‍ വെട്ടുക്കുന്നത്തുകാവിലേതെന്ന് ക്ഷേത്രം വെളിച്ചപ്പാടട്് സേതുമാധവന്‍ സാക്ഷ്യപ്പെടുത്തുന്നു. ക്ഷേത്രത്തില്‍ നിന്നും നല്‍കി വരുന്ന പ്രോത്സാഹനം കൊണ്ടു കൂടിയാണ് പോത്തോട്ടം പോലുളള ക്ഷേത്ര അനുഷ്ഠാന കലകള്‍ അന്യം നിന്നു പോകാതെ ഈ സ്ഥിതിയില്‍ ഔന്നത്യത്തില്‍ എത്തിനില്‍ക്കുന്നതെന്ന് വിശ്വാസികള്‍ പറയുന്നു. രാവിലെ മുതല്‍ തുടങ്ങുന്ന പോത്തോട്ടം ഉച്ചവരെ നീളം. വെട്ടക്കുന്നത്തുക്കാവ് ഭഗവതി ക്ഷേത്ര മൈതാനിയില്‍ ഏകദേശം നൂറുമീറ്റര്‍ കിഴക്കു വടക്കു മാറിയാണ് പോത്തോട്ടകല്ല് സ്ഥാപിച്ചിട്ടുളളത്.