സിന്ധു ദുർഗയിലെ ഭൂമി കർഷനുളളത്; ടോം ജോസിനെ കർഷകനാക്കിയ ആ തഹസീൽദാർ ആരാണ്?

ഒരു ഐഎഎസുകാരന് വരവിൽ കവിഞ്ഞ വരുമാനമൊന്നും വേണ്ട മഹാരാഷ്ട്രയിലെ സിന്ധുദുർഗയിൽ ഭൂമി വാങ്ങാൻ.

സിന്ധു ദുർഗയിലെ ഭൂമി കർഷനുളളത്; ടോം ജോസിനെ കർഷകനാക്കിയ ആ തഹസീൽദാർ ആരാണ്?

ദില്ലി ബ്യൂറോ

ദില്ലി : മഹാരാഷ്ട്രയിലെ സിന്ധു ദുർഗയിലെ കൃഷിഭൂമി വാങ്ങാൻ ടോം ജോസ് ഐഎഎസിന് കർഷകനാണെന്ന സർട്ടിഫിക്കറ്റ് ആരാണ് നൽകിയത് എന്നന്വേഷിക്കാൻ വിജിലൻസ്. ഈ പ്രദേശത്ത് ഭൂമി വാങ്ങണമെങ്കിൽ കർഷകനാണെന്ന തഹസീൽദാരുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഒരാളിന് 52 ഏക്കർ സ്ഥലം വരെ വാങ്ങാം. ഭൂമിയ്ക്കിവിടെ ഏക്കറിന് 15000 - 20000 രൂപയാണ് വില. അതായത് ഒരു ഐഎഎസുകാരന് വരവിൽ കവിഞ്ഞ വരുമാനമൊന്നും വേണ്ട മഹാരാഷ്ട്രയിലെ സിന്ധുദുർഗയിൽ ഭൂമി വാങ്ങാൻ.


സിന്ധുദുർഗയിലെ സ്ഥലം വാങ്ങാൻ ആവശ്യമായ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചതിനാണ് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൌഫിനെ മഹാരാഷ്ട്രാ പോലീസ് അറസ്റ്റു ചെയ്തത്. റൌഫിനു പുറമെ ഒരു സൂപ്പർതാരം, മുസ്ലിംലീഗിന്റെ നേതാവ്, കോഴിക്കോടുളള പ്രശസ്തമായ ആശുപത്രി ഉടമ, പ്രമുഖ പണമിടപാടു സ്ഥാപനത്തിന്റെ ഉടമകൾ എന്നിവർക്കൊക്കെ സിന്ധുദുർഗയിൽ സ്വന്തമായി ഭൂമിയുണ്ട്.

കൃഷിഭൂമി സ്വന്തമാക്കാൻ മലയാളികൾ; ഉന്നം ലോണും സർക്കാർ സഹായവും

ഭൂവുടമകളും

ഭൂവുടമകളും പണിക്കാരും മേൽനോട്ടത്തിനെത്തിയവരുമായി മലയാളികൾ ധാരാളമുളള സിന്ധുദുർഗ - രത്നഗിരി അതിർത്തി പ്രദേശത്തു നിന്നാണ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രധാന പ്രതി ടി കെ രജീഷ് അറസ്റ്റിലായത്. സിന്ധുദുർഗയിലും രത്നഗിരിയിലും ആയിരക്കണക്കിന് ഏക്കർ കൃഷി ഭൂമി മലയാളികളുടെ ഉടമസ്ഥതയിലുണ്ട്.

കശുവണ്ടിയും റബ്ബറുമാണ് പ്രധാന വിളകൾ. യഥേഷ്ടം ലഭിക്കുന്ന ഫെനിയെന്ന വാറ്റു ചാരായവും പ്രധാന ആകർഷണഘടകമാണ്. സ്ഥലം വാങ്ങിയാൽ കൃഷി ചെയ്യാൻ സർക്കാർ സഹായമുണ്ട്. കശുമാവു കൃഷിയ്ക്ക് ഏക്കറൊന്നിന് ഒരു ലക്ഷം രൂപ സർക്കാർ നൽകും.

റബ്ബറിനും സഹായമുണ്ട്. ഏക്കർ ഒന്നിന് സർക്കാർ വക ഇരുപതിനായിരം രൂപയും റബ്ബർ ബോർഡ് വക ഇരുപതിനായിരം രൂപയും ലഭിക്കും. ഇതിനു പുറമേ നബാർഡിന്റെ വക നാലു ശതമാനം നിരക്കിൽ രണ്ടു ലക്ഷം രൂപയുടെ കാർഷിക വായ്പയും ലഭിക്കും. തിരിച്ചടവ് ഏഴു വർഷത്തിനു ശേഷം മതി. സ്ഥലം വാങ്ങാൻ മുടക്കുന്ന തുക, സർക്കാരിലൂടെത്തന്നെ തിരിച്ചു കിട്ടുമെന്നതാണ് പ്രധാന നേട്ടം.

കശുമാവിനും റബ്ബറിനും പുറമേ മാങ്ങയാണ് സിന്ധു ദുർഗയിലെ മറ്റൊരു പ്രധാനകൃഷി. ദേവാംഗ് എന്ന സ്ഥലത്തു കൃഷി ചെയ്യുന്ന അൽഫോൺസാ മാങ്ങയാണ് ഏറ്റവും പ്രസിദ്ധം. മാങ്കൂർ, പയാരി, അച്ചാറിനുപയോഗിക്കുന്ന കരേൽ തുടങ്ങിയവയും പ്രസിദ്ധമാണ്.

പക്ഷേ, കാര്യങ്ങൾ പറയുമ്പോലെ അത്ര ലളിതമല്ല

നൂറു റബ്ബർ തൈ വെച്ചാൽ അമ്പതെണ്ണം കിട്ടിയിൽ ഭാഗ്യം. അതാണ് അവസ്ഥ. കുരങ്ങും മ്ലാവും ഇഷ്ടംപോലെയുണ്ട്. നാട്ടിലേൽ നിന്ന് റബ്ബറിൽ കിട്ടുന്ന ആദായം പ്രതീക്ഷിക്കുന്നവർ നിരാശരാകും. കേരളത്തിലേതുപോലെ വേനൽ മഴയില്ല.

ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശങ്ങൾ അക്ഷരംപ്രതി നടപ്പാക്കിയ പ്രദേശമാണിത്. അതോടെ ഇവിടെയുണ്ടായിരുന്ന ഇരുമ്പുഖനികൾ അടച്ചുപൂട്ടി. ഭൂമി മുക്കാലും വനഭൂമിയും സർക്കാർ ഭൂമിയുമാണ്. മിക്കതിന്റെയും രേഖകളൊന്നും ലഭ്യമല്ല. ഭൂമി വാങ്ങിയാൽ എപ്പോഴായാലും പണി കിട്ടുമെന്നാണ് അനുഭവസ്ഥരിൽ ചിലരുടെ സാക്ഷ്യം. റബ്ബർ കൃഷി ചെയ്ത് ലാഭം കൊയ്യാമെന്നു കരുതി ചുളുവിൽ ഭൂമി വാങ്ങിയ ശേഷം കൈപൊളളിയവരുണ്ട്.

കൊങ്കൺ റെയിൽവേ വന്നതോടെയാണ് ഈ സ്ഥലം നാട്ടുകാരറിയുന്നത്. ടൂറിസത്തിനു പ്രസിദ്ധിയായിക്കൊണ്ടിരിക്കുന്ന പ്രദേശം കൂടിയാണിത്. എൻഎച്ച് 17 കടന്നുപോകുന്നത് സിന്ധുദുർഗയുടെ മധ്യഭാഗത്തുകൂടിയാണ്.

കച്ച്റോളി ചന്ദ്രപ്പൂർ ജില്ലകളിൽ വേരുറച്ച നക്സലിസം വ്യാപിക്കുന്നതു തടയാനാണ് ആകർഷകമായ ആനുകൂല്യങ്ങൾ നൽകി സർക്കാർ സിന്ധുദുർഗയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ വൈദ്യുതിയുടെ ദൌർലഭ്യവും ശിവസേന സൃഷ്ടിക്കുന്ന പ്രതിസന്ധികളും മലയാളി ഭൂവുടമകൾക്ക് വെല്ലുവിളിയാണ്. ഇതൊന്നുമറിയാതെയാണ് പലരും ഏജന്റുമാരുടെ വാക്കിൽ വീണു പോകുന്നത്.

എന്നാലും, ടോം ജോസ് ഐഎഎസ് കർഷകനാണെന്നു സർട്ടിഫിക്കറ്റു നൽകിയ ആ തഹസീൽദാർ ആരാണ്?