'മധു മുട്ടം' സിനിമാലോകത്ത് വഴി തെറ്റി വന്ന ഒരു കലാകാരന്‍

എന്‍റെ എഴുത്തിന്‍റെ മനോഹരിതയല്ല ഈ ചിത്രങ്ങളുടെ വിജയത്തിന് കാരണം. സിനിമ ചെയ്യാന്‍ അറിയാവുന്നവരുടെ അധ്വാനമാണ് അത്. ഈ പ്രശസ്തിയും അംഗീകാരവുമെല്ലാം അവര്‍ക്ക് മാത്രം അര്‍ഹതപ്പെട്ടതാണ്. .എനിക്ക് കഥ പറയാനും അറിയില്ല, കേള്‍ക്കാനും അറിയില്ല: മധു മുട്ടം

"എന്നെ സാഹിത്യകാരനെന്ന് വിശേഷിപ്പിക്കരുത്, ഞാൻ ഒന്നുമല്ല, ഒരു കലാകാരൻ പോലുമല്ല." വാർദ്ധക്യത്തിന്‍റെ ശൈശവമെന്ന പോലെ നൈർമല്യമായി ചിരിക്കുന്ന ഇദ്ദേഹത്തിന്റെ പേര് മധു പണിക്കർ എന്നാണ്. 'മധുമുട്ടം' എന്ന പേരിൽ മലയാള ചലച്ചിത്ര രംഗത്ത് തിരക്കഥാകൃത്തായും, ഗാനരചിതാവായും തന്‍റെ ഇടം കണ്ടെത്തിയ ഒരു സാത്വികനാണ് ഇദ്ദേഹം. മണിചിത്രത്താഴ് എന്ന ഒറ്റ ചിത്രം മാത്രം മതി ഇദ്ദേഹത്തെ മലയാളി ഓർമ്മിക്കുവാൻ.

കൂടാതെ, മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളായ കാക്കോത്തിക്കാവിലെ അപ്പൂപ്പൻത്താടികൾ, എന്നെന്നും കണ്ണേട്ടന്റെ എന്നിവയുടെയെല്ലാം കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ച മധു മുട്ടം, പക്ഷെ എപ്പോഴും തന്‍റെ ജീവിതത്തെ സ്വകാര്യതയുടെ പുറംചട്ടയില്‍ ഒളിപ്പിച്ചു വച്ചിരുന്നു. ഇപ്പോഴും മാറ്റമില്ല, അദ്ദേഹം ഈ പര്‍ണ്ണശാലയില്‍ സന്തോഷവാനാണ്..ആര്‍ക്കും മനസിലാകുന്നതിലും അധികം.


'ഞാന്‍' അറിയപ്പെടെണ്ടുന്ന ആളല്ല 

"എന്നെക്കുറിച്ച് ഒന്നും എഴുതേണ്ട, അല്ലെങ്കിലും എന്തെഴുതാനാണ്? സിനിമ എന്ന മാധ്യമം സൃഷ്ടിച്ച മായാജാലത്തില്‍ ആകൃഷ്ടരായിട്ടാണ് നിങ്ങള്‍ എന്നെ എന്തൊക്കെയായി കണക്കുക്കൂട്ടുന്നത്. എന്നാല്‍ ഞാന്‍ ഒന്നുമല്ല. എന്‍റെ കഥയില്‍ വിരിഞ്ഞ സിനിമകള്‍ നിങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍, അതിനര്‍ത്ഥം ആ സിനിമകള്‍ ചിട്ടപ്പെടുത്തിയ ആളുകളുടെ അധ്വാനം ഫലം കണ്ടു എന്നാണ്.

ഞാന്‍ എന്തെല്ലാമോ എഴുതുന്നു..അങ്ങനെ ഞാന്‍ എന്നെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു. അതില്‍ ഒരു സിനിമയ്ക്കുള്ള വക ഉണ്ടെന്നു തോന്നുന്നവര്‍ അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തി, അത് പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നു. അതില്‍ എനിക്കെന്താണ് പങ്ക്?

ഞാന്‍ ഇപ്പോഴും രചനാസൃഷ്ടി നടത്തുന്നുണ്ട്. ചിലരെല്ലാം അവ വന്നു വാങ്ങി പോകുന്നുമുണ്ട്. അതില്‍ പുതുമയൊന്നുമില്ല. നിങ്ങളും എഴുതാറില്ലേ? അതുപോലെ മാത്രമാണ് ഞാനും! എനിക്ക് കഥ പറയാനും അറിയില്ല, കേള്‍ക്കാനും അറിയില്ല. നമ്മുക്ക് വെറുതെ കുശലം പറഞ്ഞിരിക്കാം..എന്താ?

ഹരിപ്പാടിന് അടുത്തുള്ള മുട്ടം എന്ന ഗ്രാമത്തില്‍ മധു മുട്ടം എന്ന സാഹിത്യകാരനെ കണ്ടുമുട്ടുമ്പോള്‍, എനിക്ക് ഇരിക്കാന്‍ കസേരയും, വെറുതെ നുണയാന്‍ പനങ്കല്‍ക്കണ്ടവും ഒരുക്കി വച്ചു അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇവ. ഒരുമണിക്കൂറില്‍ അധികം നീണ്ട സംഭാഷണത്തില്‍ അദ്ദേഹം ഇപ്പോഴും ചിരിക്കുകയായിരുന്നു, കുട്ടികളുടെത് എന്നത് പോലെയുള്ള നിഷ്കളങ്കമായ ചിരി !

തെരുവില്‍ തെക്കേതില്‍ എന്ന ഈ വീട് ഒരു ആശ്രമത്തിന് സമാനമാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. അമ്മ മരിച്ചതിനു ശേഷം ഇദ്ദേഹം ഇവിടെ ഒറ്റയ്ക്കാണ് താമസം. സഹോദരങ്ങള്‍ ഇല്ല. അവിവാഹിതനായതിനാല്‍ തന്നെ തനിക്ക് ബാന്ധവങ്ങളുടെ ഭാരവും ഇല്ല എന്ന് ഇദ്ദേഹം ആശ്വസിക്കുന്നു.

പവിത്രന്‍റെ പാരിസ് സന്ദര്‍ശനം

താന്‍ പറഞ്ഞത് മനസിലാക്കിത്തരാന്‍ ഒരു ഓര്‍മ്മയും അദ്ദേഹം പങ്കു വയ്ക്കുന്നുണ്ട്.

[caption id="attachment_46921" align="alignright" width="360"]Madhu Muttam മധു മുട്ടം[/caption]

പ്രശസ്ത സിനിമാസംവിധായകനായ പവിത്രന്‍ തന്‍റെ ഭാര്യ ക്ഷേമാവതിക്കൊപ്പം ഫ്രാന്‍സും പാരിസുമെല്ലാം സന്ദര്‍ശിച്ചു മടങ്ങി വന്ന സമയം. തിരിച്ചെത്തിയ പവിത്രനോട് കൂട്ടുക്കാര്‍ ചോദിച്ചു-" എങ്ങനെയുണ്ടായിരുന്നു പാരിസ് സന്ദര്‍ശനം?" പവിത്രന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു- " തൃശൂര്‍ പൂരത്തിന് ഒരു ഉപ്പ് ചാക്ക് തലയില്‍ വച്ചുകൊണ്ടു പോകുന്ന ഒരുവന്‍റെ അവസ്ഥ ഒന്നു ഓര്‍ത്തു നോക്കു. അതായിരുന്നു എന്‍റെ യാത്രാനുഭവം". നര്‍മ്മത്തിലൂടെ പവിത്രന്‍ പറഞ്ഞത് വിവാഹജീവിതത്തിന്‍റെ സ്വാതന്ത്ര്യമില്ലായ്മയെ കുറിച്ചാണ്. ഞാന്‍ ഇപ്പോള്‍ ആ സ്വാതന്ത്രം അനുഭവിക്കുന്നുണ്ട്. എന്‍റെ പാചകം, എന്‍റെ ഗൃഹപരിപാലനം, എന്‍റെ ജീവിതം!

ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നാം, ഇയാളൊരു സ്വാര്‍ത്ഥനാണോ എന്ന്? മനുഷ്യന്‍ തീരെ സ്വാര്‍ത്ഥനല്ല എന്നേ ഞാന്‍ പറയു. മനുഷ്യന്‍ ജീവിക്കുന്നത് മറ്റ് പലതിനും വേണ്ടിയാണ്, അവനനവന് വേണ്ടിയല്ല. എന്‍റെ അച്ഛന്‍, എന്‍റെ അമ്മ, എന്‍റെ വീട്, എന്‍റെ സൈക്കിള്‍, എന്‍റെ സ്വപ്നം..ഇവയിലെല്ലാം സ്വാര്‍ത്ഥതയുണ്ട്. പക്ഷെ ഒരിക്കലും എന്‍റെ 'ഞാന്‍' എന്ന് ആരും പറയാറില്ലേലൊ. നമ്മുക്ക് നമ്മള്‍ സ്വന്തമല്ല. നമ്മുടെതല്ലാത്ത വസ്തുക്കളെയാണ് നമ്മള്‍ എന്‍റെ എന്ന പദത്തിനൊപ്പം ചേര്‍ത്തുവായിക്കുന്നത്. അങ്ങനെയെങ്കില്‍ എന്‍റെ ശരീരം എന്ന് വിശേഷിപ്പിക്കുമ്പോള്‍, തത്വത്തില്‍ അത് നമ്മുടെ സ്വന്തമല്ല എന്ന് നമ്മള്‍ അംഗീകരിക്കുകയാണ്. അതുക്കൊണ്ടാണെല്ലോ ശരീരം ഉപേക്ഷിക്കുന്നതിനെ നമ്മള്‍ മരണം എന്ന് വിളിക്കുന്നത്‌. ജീവിക്കുവാന്‍ വേണ്ടി പ്രകൃതി നിഷ്ക്കര്‍ഷിച്ചവ മാത്രമാണ് നമ്മള്‍ സ്വാര്‍ത്ഥപരമായി ചെയ്യുന്നത്, ബാക്കിയുള്ളവ നമ്മള്‍ മറ്റുളവര്‍ക്കായി ജീവിച്ചു തീര്‍ക്കുന്നു.

സ്ത്രീകളെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു 

നിങ്ങള്‍ സ്ത്രീകളാണ് പ്രപഞ്ചത്തിലെ ഏറ്റവും മികച്ച ജന്മമെന്നു ഞാന്‍ പറയും. ജനനവും, ബാല്യവും, പിന്നെ യൗവനത്തിന്‍റെ നല്ലൊരു പങ്കും ചിലവിടുന്ന ഒരു സംസ്കാരത്തില്‍ നിന്നും നിങ്ങള്‍ എത്ര അതിശയകരമായിട്ടാണ് മറ്റൊരു സാഹചര്യവുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നത്. കല്യാണത്തിനു ശേഷമുള്ള ഒരു ജീവിതത്തെ കുറിച്ചാണ് ഞാന്‍ സൂചിപ്പിക്കുന്നത്. ഭാഷയിലും, ആഹാരരീതിയിലും, വസ്ത്രധാരണത്തിലും എന്തിന് നാളത് വരെയുള്ള തന്നെത്തന്നെ മനപ്പൂര്‍വ്വമായി മറന്നല്ലേ ഒരു പെണ്‍കുട്ടി വിവാഹിതയാകുന്നത്?

സ്ത്രീകളാണ് ആണുങ്ങളെക്കാള്‍ ശാരീരികമായും മാനസികമായും കരുത്തുള്ളവര്‍. ജന്മം നല്‍കാനുള്ള കര്‍മ്മം നിറവേറ്റുവാന്‍ വേണ്ടി അവര്‍ എത്ര മാത്രം ശാരീരികമായ പ്രതിസന്ധികളെ അതിജീവിക്കുന്നു? ഒരു ആണിന് ഒരിക്കലും ഇത്രമാത്രം ശാരീരികശേഷിയില്ല. കായികമായി അവന്‍ ശക്തി ആര്‍ജ്ജിച്ചിട്ടുണ്ടാകം. പക്ഷെ, അത് അവരുടെ ഒരു തന്ത്രം മാത്രമാണ്. തനിക്ക് മീതെ പ്രപഞ്ചം അധികാരം നല്‍കിയ ജീവിതങ്ങളെ തളച്ചിടാനുള്ള തന്ത്രമാണ് അത്.

പുരാതനകാലത്തിലെ സ്ത്രീകളെ തന്നെ നോക്കു. അവര്‍ക്ക് ആരും സ്വാതന്ത്ര്യം കല്‍പ്പിച്ചു നല്‍കേണ്ടതായ കാര്യം ഉണ്ടായിരുന്നില്ല. അവര്‍ ദേവീ ശോഭയോടെ പരിലസിച്ചു വന്നു. ഒരു സ്ത്രീ സ്വയം തിരിച്ചറിഞ്ഞാല്‍ അവളെ നമ്മള്‍ ഇന്ന് ഭ്രാന്തി എന്നാണ് വിളിക്കുക. സ്വയം തിരിച്ചറിയുന്നതും ഒരു തരം ഭ്രാന്ത് തന്നെയാണെല്ലോ.

ഇദ്ദേഹം എഴുതിയ കഥകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ ഒരിക്കലും ആവശ്യമില്ലാതെ കൂട്ടിച്ചേര്‍ത്തവയായിരുന്നില്ലെലോ എന്ന് ഞാന്‍ ഓര്‍ത്തു. എന്നെന്നും കണ്ണേട്ടനിലെ രാധിക (സോണിയ.ജി.നായര്‍)കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടിയിലെ കാവേരി (രേവതി) മണിച്ചിത്രത്താഴിലെ ഗംഗ (ശോഭന) ഇവരാരും നാമമാത്രമായ കഥാപാത്രങ്ങള്‍ അല്ല.
താങ്കള്‍ വിവാഹം കഴിച്ചതാണോ അതോ കല്യാണം കഴിച്ചതാണോ?

വിവാഹവും കല്യാണവും 

ചോദ്യം എന്നോടായപ്പോള്‍ ഒരു നിമിഷം ഒന്ന് പകച്ചു. എന്നിലെ സംശയം അദ്ദേഹത്തിന് മനസിലായത് കൊണ്ടാകണം ഉടനടി മറുചോദ്യവും ഉണ്ടായി. വിവാഹവും കല്യാണവും തമ്മിലുള്ള വ്യത്യാസം അറിയാമോ?

വിവാഹം എന്നാല്‍ വിശേഷാല്‍ വഹിക്കുക എന്നാണ് അര്‍ത്ഥം. എത്ര രസകരമാണ് അതെന്ന് ഒന്ന്‍ ഓര്‍ത്തു നോക്കു. ഒരാളെ മറ്റൊരാള്‍ വിശേഷാല്‍ വഹിക്കുക, അതും നാട്ടുകാരുടെയെല്ലാം ആശീര്‍വാദം വാങ്ങി. കല്യാണം എന്നാല്‍ പവിത്രത നിറഞ്ഞ ഒരു ആചാരമാണ്. ഇവിടെ രണ്ടു പേര്‍ സ്നേഹത്തിലും പ്രണയത്തിലും ബന്ധിപ്പിക്കപ്പെടുന്നു. പക്ഷെ കല്യാണം കൊണ്ട് സങ്കല്‍പ്പിക്കപ്പെടുന്ന പ്രണയം നിലനില്‍ക്കുന്ന കാലത്തോളം മാത്രമാണ് ഈ ബന്ധത്തിനും മധുരം. അങ്ങനെ ഒക്കെ ഉണ്ടാകുമോ? ആവോ..എനിക്കറിയില്ല..ഞാന്‍ സന്യാസജീവിതം തിരഞ്ഞെടുത്തവനല്ലേ..(വീണ്ടും ചിരിക്കുന്നു)

വെറുതെയാണ്, ഈ വരികള്‍ എഴുതിയ ഒരാള്‍ക്ക് ഒന്നുമറിയാതെ വരില്ല. വിരഹവും, പ്രണയവും വേദനയും ഒരുപോലെ വരികളില്‍ സന്നിവേഷിപ്പിക്കുവാന്‍ കഴിഞ്ഞ ഒരാളെ കലാകാരന്‍ എന്നല്ലാതെ എന്താണ് വിളിക്കുക?
വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴിക്കറിയാം, അതെന്നാലുമിന്നും

പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ, വെറുതേ മോഹിക്കുമല്ലോ.

എന്നും വെറുതേ മോഹിക്കുമല്ലോ..

പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ടങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
അതിനായ് മാത്രമായൊരു നേരം ഋതു മാറി മധുമാസമണയാറുണ്ടല്ലോ..

ഈ ഗാനം മലയാള നാട് എന്ന വാരികയിൽ കവിതയായി പ്രസിദ്ധീകരിച്ചിരുന്നതാണ്. മധുവിന്റെ തറവാട്ടിൽ പുരാതനകാലത്ത് നടന്നതെന്ന് തന്റെ അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി എഴുതി കഥയാണ് മണിച്ചിത്രത്താഴ്.

അപ്പൂപ്പന്‍ താടികള്‍ പോലെയൊരു ജീവിതം 

മുട്ടം, തെരുവിൽ തെക്കേതിൽ കുഞ്ഞുപണിക്കർ- മീനാക്ഷിയമ്മ ദമ്പതികളുടെ ഏകമകനാണ് മധു. നങ്ങ്യാർകുളങ്ങര ടി.കെ.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസകാലത്തു കോളേജ് മാഗസിനിലെ എഴുത്തു കണ്ടു പ്രിൻസിപ്പലാണ് മധു മുട്ടം എന്ന് പേര് ഇദ്ദേഹത്തിനു നൽകുന്നത്. കുങ്കുമം വാരികയിലെഴുതിയ സർപ്പം തുള്ളൽ എന്ന കഥ സംവിധായകനായ ഫാസില്‍ വായിക്കാന്‍ ഇടയായി. ആ കഥയെ അടിസ്ഥാനപ്പെടുത്തി ഫാസിൽ സംവിധാനം ചെയ്ത 'എന്നെന്നും കണ്ണേട്ടന്റെ, എന്ന ചിത്രം മധു മുട്ടം എന്ന കലാകാരനെ മലയാളസിനിമയ്ക്ക് പരിചിതപ്പെടുത്തി. പിന്നീട് കമല്‍ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ക്ലാസിക്ക് ചിത്രവും.

എന്‍റെ എഴുത്തിന്‍റെ മനോഹരിതയല്ല ഈ ചിത്രങ്ങളുടെ വിജയത്തിന് കാരണം. സിനിമ ചെയ്യാന്‍ അറിയാവുന്നവരുടെ അധ്വാനമാണ് അത്. ഈ പ്രശസ്തിയും അംഗീകാരവുമെല്ലാം അവര്‍ക്ക് മാത്രം അര്‍ഹതപ്പെട്ടതാണ്. .എനിക്ക് കഥ പറയാനും അറിയില്ല, കേള്‍ക്കാനും അറിയില്ല. (വീണ്ടും ആ ചിരി..)

കള്ളങ്ങള്‍ നിര്‍മ്മിക്കുന്ന മനുഷ്യന്‍ 

അല്ലെങ്കിലും മനുഷ്യന്‍ തന്നെ ഒരു 'പൊളി' അല്ലെ? വീണ്ടും ഒരു ചോദ്യം. ജീവിക്കുവാന്‍ വേണ്ടി മനുഷ്യന്‍ ഓരോ ന്യായങ്ങള്‍ കണ്ടെത്തുന്നു. സൂര്യന്‍ ഉദിക്കുന്നു എന്നും അസ്തമിക്കുന്നു എന്നും പറയുന്നത് തന്നെയല്ലേ ഏറ്റവും വലിയ കള്ളം. നമ്മള്‍ ജീവിക്കുന്ന ഭൂമിയല്ലേ ശരിക്കും ഉദിക്കുന്നതും അസ്തമിക്കുന്നതും? വെറുതെ ഓരോ ന്യായങ്ങള്‍ നിരത്തി ഇങ്ങനെ ജീവിക്കുന്നു, സ്വയം ഇത്തരം കള്ളങ്ങള്‍ നമ്മളങ്ങ് വിശ്വസിക്കുകയാണ്..അല്ലെ?

ഞാന്‍ തന്നെയാണ് പാചകം. അതുക്കൊണ്ട് ആരെയും ഭക്ഷണം കഴിക്കാന്‍ വിളിക്കാനുള്ള ധൈര്യമില്ല. സംഭാഷണത്തിനിടയില്‍ മധു മുട്ടം തന്‍റെ ആതിഥേയ മര്യാദകള്‍ മറക്കുന്നില്ല. ഒരു കട്ടന്‍ ആകാം അല്ലെ? വേണ്ടാ എന്ന് ബഹുമാനപ്പൂര്‍വ്വം നിരസിച്ചപ്പോള്‍ ഒരു കഷണം പനങ്കല്‍ക്കണ്ടം എങ്കിലും ആകാം എന്ന് സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധം.

താൻ തിയേറ്ററിൽ പോയി അവസാനമായി കണ്ട സിനിമ 'നിർമാല്യം' മാണെന്ന് ഇദ്ദേഹം പറയുന്നു. ടി.വിയിലെ പരിപാടികളില്‍ തന്നെ ഇപ്പോള്‍ തൃപ്തനായതാകം അതിനുള്ള കാരണം എന്നും അദ്ദേഹം വിലയിരുത്തുന്നു.

ഈ പര്‍ണ്ണശാലയില്‍..

ചെറുതെങ്കിലും മനോഹരമായ ഒരു വീടാണ് മധു മുട്ടത്തിന്‍റെത്. ഒരു ചെറിയ കാവിനുള്ളില്‍ എന്ന പോലെ നിശബ്ദമായ അന്തരീക്ഷമാണ് അവിടെ. ഇവിടെ കേള്‍ക്കാന്‍ കഴിയുന്നത്‌ പ്രകൃതിയുടെ താളമാണ് എന്ന് പറയുന്നതില്‍ അതിശയോക്തി ഏതുമില്ല.

താന്‍ സാധാരണയായി ആര് വിളിച്ചാലും ഫോണ്‍ എടുക്കാത്തതിന്‍റെ കാര്യവും മധു മുട്ടം വിവരിക്കുന്നു.

ഇവിടെ എന്‍റെ ലോകത്തില്‍ ഞാന്‍ സന്തോഷവാനാണ്. എനിക്ക് സംസാരിക്കാന്‍ ഏറെ ഇഷ്ടവുമാണ്. വൈകുന്നേരം ഒരു 5 മണിയാകുമ്പോഴേക്കും ചില സുഹൃത്തുക്കള്‍ പതിവായി എന്നെ സന്ദര്‍ശിക്കാന്‍ എത്തും. ഇരുട്ട് വീഴുമ്പോള്‍ അവര്‍ക്ക് വീടുകളിലേക്ക് മടങ്ങണം. അവര്‍ എന്നെ പോലെയലെല്ലോ..ഗൃഹസ്ഥാശ്രമം ജീവിതമല്ലേ..(ചിരിക്കുന്നു). ഞങ്ങള്‍ക്ക് ചെറുതും വലുതുമെന്ന് തോന്നുന്ന കാര്യങ്ങള്‍ ഒക്കെ ഈ സംഭാഷണങ്ങളില്‍ ഉണ്ടാകും.

മറ്റു ചിലര്‍ ഇവിടെ വന്നു ഞാന്‍ എഴുതി വയ്ക്കുന്ന കുറിപ്പുകളില്‍ കഥയുണ്ട് എന്നെല്ലാം പറഞ്ഞു സിനിമയ്ക്കായി കൊണ്ടു പോകാറുണ്ട്. അവിടെ ചെന്നു കുറച്ചു ദിവസം കഴിയുമ്പോഴായിരിക്കാം അത് കൊള്ളില്ല എന്ന് തോന്നുന്നത്. അത് മടക്കി നല്‍കുന്നു എന്ന് എന്നോട് എങ്ങനെ പറയും എന്ന ജാള്യതയായിരിക്കാം അവര്‍ക്ക്. അവര്‍ സംശയിച്ചു സംശയിച്ചായിരിക്കും എന്നെ ഫോണ്‍ വിളിക്കുക. എനിക്ക് പ്രശ്നം ഒന്നും ഇല്ലെന്നെ..ഞാന്‍ ഒരു കലാകാരനെയല്ല എന്ന് എനിക്കറിയാം. പിന്നെയെന്താ? നിങ്ങള്‍ എന്നെ അങ്ങനെ കാണുന്നതാണ് എനിക്ക് പ്രശ്നം.

ഒന്നിനോടും ആഗ്രഹമോ ആര്‍ത്തിയോ ഇല്ലാതെ ഈ കൂരയില്‍ മധു മുട്ടം എന്ന കലാകാരന്‍ സന്തുഷ്ഠനാണ്. അദ്ദേഹത്തിന് എന്നും ബഹളങ്ങളുടെ ലോകത്ത് നിന്നും അകന്നു നില്‍ക്കാനാണ് ആഗ്രഹം. പക്ഷെ, മലയാളസിനിമയില്‍ മധു മുട്ടത്തിന്‍റെ കയ്യൊപ്പ് മായാത്തവിധം എന്നോ പതിഞ്ഞിരിക്കുന്നു. സിനിമയില്‍ മാത്രമല്ല, മലയാള ഭാഷ മനസിലാകുന്ന എത്രയോ ഹൃദയങ്ങളിലും..
വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും അറിയാം, അതെന്നാലുമിന്നും..
പതിവായ് ഞാനെന്‍റെ പടിവാതിലെന്തിനോ പകുതിയേ ചാരാറുള്ളല്ലോ..

പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും വെറുതേ മോഹിക്കുമല്ലൊ
നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു പദവിന്യാസം കേട്ട പോലെ..

വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
ഒരു മാത്ര കൊണ്ടു വന്നല്ലൊ, ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ

കൊതിയോടെ ഓടിച്ചെന്നകലത്താവഴിയിലേക്കിരു കണ്ണും നീട്ടുന്ന നേരം
വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്‍റെ വഴിയേ
തിരിച്ചു പോകുന്നു..

എന്റെ വഴിയേ തിരിച്ചു പോകുന്നു..