സ്റ്റേ നീങ്ങി; തോപ്പില്‍ ജോപ്പന്‍ നാളെയെത്തും

സിനിമയുടെ പകര്‍പ്പവകാശ വില്‍പനയുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശി ഷിബു തെക്കുംപുറം നല്‍കിയ പരാതിയിലാണ് നേരത്തേ കോടതി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തത്.

സ്റ്റേ നീങ്ങി; തോപ്പില്‍ ജോപ്പന്‍ നാളെയെത്തും

കൊച്ചി: മമ്മൂട്ടി നായകനായി എത്തുന്ന തോപ്പില്‍ ജോപ്പന് എറണാകുളം ജില്ലാ കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ ഏറണാകുളം പ്രിന്‍സിപ്പല്‍ കോടതി നീക്കി.വിശദമായ വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി സ്റ്റേ നീക്കിയത്.  അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായ സാഹചര്യത്തില്‍ ചിത്രം നാളെ തന്നെ തീയറ്ററുകളിലെത്തും.

സിനിമയുടെ പകര്‍പ്പവകാശ വില്‍പനയുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശി ഷിബു തെക്കുംപുറം നല്‍കിയ പരാതിയിലാണ് നേരത്തേ കോടതി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തത്.


സിനിമയുടെ പകര്‍പ്പവകാശം നിര്‍മാതാവ് തനിക്ക് 25 ലക്ഷം രൂപക്ക് വില്‍പന നടത്തിയിരുന്നതാണെന്നും എന്നാല്‍, സിനിമ ഇറങ്ങുന്നതിന് മുമ്പ് നിര്‍മാതാവ് മറ്റൊരു കമ്പനിക്ക് പകര്‍പ്പവകാശം വിറ്റതായി അറിഞ്ഞെന്നും ഈ സാഹചര്യത്തില്‍ റിലീസിങ് തടയണമെന്നുമായിരുന്നു പരാതിക്കാരന്‍െറ വാദം.

അതേസമയം, ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി അച്ചായന്‍ വേഷത്തിലെത്തുന്ന ചിത്രത്തിനു കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റും ലഭിച്ചു. താപ്പാന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മംമ്തയും ആന്‍ഡ്രിയയുമാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. ഹരിശ്രീ അശോകന്‍, സലിം കുമാര്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ അലന്‍സിയര്‍, സാജു നവോദയ, ബേബി അക്ഷര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.