ഇതു പിണറായിയുടെ മുന്നറിയിപ്പ്; ഇപിയെ ഒഴിവാക്കാമെങ്കിൽ ആരും അനിവാര്യരല്ല

ഈയൊരൊറ്റ തീരുമാനം പിണറായിയെ അസാമാന്യധീരതയുടെ പ്രതീകമാക്കുന്നുണ്ട്, സാധാരണക്കാരന്റെ മനസിൽ. ഇത്തരമൊരു തീരുമാനത്തിലൂടെ ഉണ്ടായ ആക്കം ഭരണചക്രം തിരിയ്ക്കുന്നതിൽ ഉടനീളം നിലനിർത്തിയാൽ കേരളത്തിന്റെ ചരിത്രം വേറൊന്നാകും.

ഇതു പിണറായിയുടെ മുന്നറിയിപ്പ്; ഇപിയെ ഒഴിവാക്കാമെങ്കിൽ ആരും അനിവാര്യരല്ല

അജയ് ഗോപൻ

എൽഡിഎഫ് സർക്കാരിലെ പതിനെട്ടു മന്ത്രിമാർക്കുമുളള അതിശക്തമായ സന്ദേശം. ഇപിയുടെ കാര്യത്തിൽ ആരോപണം ഉയർന്ന ദിവസം സ്വീകരിച്ച നിലപാടിൽ നിന്ന് അണുവിട മാറാതെ നിന്ന പിണറായി വിജയൻ മന്ത്രിസഭയിലെ സഹപ്രവർത്തകർക്കു നൽകുന്ന സന്ദേശം അതാണ്. മന്ത്രിസഭയിലെയും പാർടി സെക്രട്ടറിയേറ്റിലേയും കണ്ണൂർ ലോബിയുടെ കരുത്തിനെ ദയാരഹിതമായി ഒഴിവാക്കുമ്പോൾ പിണറായി ഒരു സന്ദേശമേ നൽകുന്നുളളൂ. വഴിവിട്ട പോക്കിന് ഒരു സംരക്ഷണവുമില്ല. അതാരായാലും.


പിണറായിയുടെ നിഴൽ. അതായിരുന്നു ഇപി. വിവാദ നിയമനം ലഭിച്ചത് മറ്റൊരു കേന്ദ്രക്കമ്മിറ്റി അംഗവും കണ്ണൂർ സ്വദേശിനിയുമായ പി കെ ശ്രീമതിയുടെ മകന്. ഒരു വിട്ടുവീഴ്ചയുമില്ലാതെ കൈകാര്യം ചെയ്തു കൊണ്ട് മുഖ്യമന്ത്രിയുടെ അധികാരമെന്തെന്ന് കാട്ടിക്കൊടുത്തു. ഒരു വിശദീകരണത്തിനും പഴുതു നൽകാതെ. ഒരു ന്യായവാദത്തിനും അവസരമൊരുക്കാതെ.

ക്ലീനായ ഓപ്പറേഷൻ. നിശ്ചയദാർഢ്യത്തിന്റെ കാർക്കശ്യമത്രയും ഒരു ജനതയുടെ ബോധമനസിലേയ്ക്ക് ഒരൊറ്റ തീരുമാനത്തിലൂടെ ഒട്ടും ചോരാതെ പിഴിഞ്ഞൊഴിച്ചു, പിണറായി. എതിരാളികൾക്കു പോലും രഹസ്യമായി ഒന്നു ബഹുമാനിക്കാൻ തോന്നിയാൽ കുറ്റം പറയാനാവില്ല.

പെർഫോം ചെയ്യുക. അതിനപ്പുറം ഒന്നും ഒരു മന്ത്രിയിൽ നിന്നും ഈ കപ്പിത്താൻ പ്രതീക്ഷിക്കുന്നില്ല. യഥാർത്ഥത്തിൽ ഇപിയുടെ ചീട്ടു കീറിത്തുടങ്ങിയത് വ്യവസായ വകുപ്പു ഭരണത്തിലെ അലംഭാവത്തിൽ നിന്നാണ്. എളമരം കരീമിനോടു താരതമ്യപ്പെടുത്തിയാൽ ഇപി വെറും വട്ടപ്പൂജ്യം പോലുമല്ലെന്ന് ക്യാപ്റ്റനു മനസിലാകാൻ ഏറെക്കാലമൊന്നും വേണ്ടിവന്നില്ല. സാമർത്ഥ്യവും കാര്യപ്രാപ്തിയും ഇപി ചെലവഴിക്കാൻ തീരുമാനിച്ചത് വകുപ്പു ഭരണത്തിലായിരുന്നില്ല.

ഇതിനിടയിലായിരുന്നു വിവാദം ബാലൻസു ചെയ്യാനുളള തന്ത്രം. മരുമകളെ നിയമിച്ചതിന്റെ ഉത്തരവാദിത്തം പരോക്ഷമായി പാർടിയിൽ ചാരി പി കെ ശ്രീമതിയുടെ ഫേസ് ബുക്ക് പോസ്റ്റ്. തൊട്ടുപിന്നാലെ പിണറായിയുടെ ഭാര്യാസഹോദരിയുടെ പുത്രനെ സ്റ്റാൻഡിംഗ് കോൺസലാക്കിയതു സംബന്ധിച്ച വിവാദം. എല്ലാവരും ഒരുപോലെയൊക്കെത്തന്നെ എന്നു കാണിക്കാനുളള അതിബുദ്ധിയുടെ പ്രയോഗം. ഏതറ്റം വരെയും പോകുന്ന ഒരുപജാപക സംഘം തൊട്ടരികിലുണ്ടെന്ന് പിണറായിയെ ബോധ്യപ്പെടുത്തിയ നിമിഷം. ജയരാജനെ വെച്ചു വാഴിക്കാനാവില്ലെന്ന് ആ ദിവസമാകണം അദ്ദേഹം ഉറപ്പിച്ചത്.

എന്തൊക്കെ പറഞ്ഞാലും യുഡിഎഫല്ല, എൽഡിഎഫെന്നും ഉമ്മൻചാണ്ടിയല്ല, പിണറായിയെന്നുമുളള സന്ദേശം കേരളത്തിന്റെ അടിത്തട്ടുവരെ എത്തി. ഒരുപാടെണ്ണത്തെ പോയിന്റ് ബ്ലാങ്കിലാക്കിയാണ് പിണറായി നിറയൊഴിച്ചത്. മന്ത്രിമാർക്കും അവരുടെ ഓഫീസിനും അതിശക്തമായ മുന്നറിയിപ്പു നൽകാൻ കിട്ടിയ സുവർണാവസരം അദ്ദേഹം പാഴാക്കിയില്ല. പരാതികളുടെ പ്രവാഹം തുടങ്ങിയ മന്ത്രിയോഫീസുകൾ ഇനിയുമുണ്ട്. കെ ടി ജലീലും എ കെ ശശീന്ദ്രനും പ്രൊഫ. സി. രവീന്ദ്രനാഥുമൊക്കെ ഇനിയും മെച്ചപ്പെടാനുണ്ട്. അവരുടെ ഓഫീസും.

ഈയൊരൊറ്റ തീരുമാനം പിണറായിയെ അസാമാന്യധീരതയുടെ പ്രതീകമാക്കുന്നുണ്ട്, സാധാരണക്കാരന്റെ മനസിൽ. ഇത്തരമൊരു തീരുമാനത്തിലൂടെ ഉണ്ടായ ആക്കം ഭരണചക്രം തിരിയ്ക്കുന്നതിൽ ഉടനീളം നിലനിർത്തിയാൽ കേരളത്തിന്റെ ചരിത്രം വേറൊന്നാകും.