മലയാള സര്‍വ്വകലാശാല അധ്യാപക നിയമനത്തില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍

തദ്ദേശ വികസന പഠന വകുപ്പില്‍ അഭിമുഖത്തിനെത്തിയ ഡോ. രാജേഷ് ജനകീയാസൂത്രണ പ്രസ്ഥാനത്തെപ്പറ്റി പിഎച്ച്ഡി നേടിയ ആളാണ്. മലയാളത്തില്‍ രണ്ട് പുസ്തകങ്ങളും ഇംഗ്ലീഷില്‍ ഒരെണ്ണവും രാജേഷിന്റേതായുണ്ട്. ഇതില്‍ അധികാര വികേന്ദ്രീകരണം, കേരളത്തിലെ അനുഭവങ്ങള്‍ എന്ന പുസ്തകം ഡിപ്പാര്‍ട്ട്‌മെന്റിലെ റഫറന്‍സ് പുസ്തകമാണ്. ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജേഷിനെ ഒഴിവാക്കിയത്.

മലയാള സര്‍വ്വകലാശാല അധ്യാപക നിയമനത്തില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍

കൊച്ചി: തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയിൽ ഉയര്‍ന്ന യോഗ്യതയുള്ളവരെ തഴഞ്ഞാണ് വിവിധ ഡിപ്പാര്‍ട്ടമെന്റുകളിലേക്ക് അധ്യാപക നിയമനം നടത്തിയതെന്ന് പരാതി. ബന്ധപ്പെട്ട വിഷയങ്ങളില്‍ പിഎച്ചഡിയും സ്വന്തമായി പ്രബന്ധമവതരിപ്പിച്ചവരേയും ഒഴിവാക്കിയാണ് വൈസ് ചാന്‍സിലര്‍ അടങ്ങിയ ഇന്റര്‍വ്യൂ ബോര്‍ഡ് അധ്യാപകരെ നിയമിച്ചത് എന്നാണ് ആക്ഷേപം. വേണ്ടത്ര മുന്നൊരുക്കം നടത്താതെയാണ് തദ്ദേശവികസന പഠനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത നിശ്ചയിച്ചതെന്നും ആരോപണമുണ്ട്.


പിഎച്ച്ഡിക്കാരെ വേണ്ട, കുറഞ്ഞ യോഗ്യത മതി

ഇക്കണോമിക്‌സ്, ഡവലപ്‌മെന്റ് സ്റ്റഡീസ്, റൂറല്‍ ഡവലപ്‌മെന്റ് എന്നീ വിഷയങ്ങളില്‍ എംഎ ബിരുദവും നെറ്റുമുള്ളവര്‍ അപേക്ഷിച്ചാല്‍ മതി എന്നായിരുന്നു വിജ്ഞാപനത്തിലുണ്ടായിരുന്നത്. എന്നാല്‍ മറ്റ് സാമൂഹ്യവിഷയങ്ങളില്‍ ബിരുദാനന്തരബിരുദമുള്ളവരും അപേക്ഷ നല്‍കിയിരുന്നു. ഇവരടക്കം അന്‍പതോളം പേരാണ് തദ്ദേശ വികസന പഠനത്തിലെ അധ്യാപക ഒഴിവിലേക്ക് മാത്രം അഭിമുഖത്തിനെത്തിയത്. ഇതില്‍ 15 പേര്‍ പിഎച്ച്ഡി നേടിയവരാണ്. അതില്‍ തന്നെ എട്ടു പേരോളം ഇക്കണോമിക്‌സില്‍ പിഎച്ച്ഡി നേടിയവരാണ്. ഇവരെയെല്ലാം ഒഴിവാക്കി എംഎയും, നെറ്റും മാത്രം യോഗ്യതയുള്ള ആളാണ് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഒന്നാമതെത്തിയത്. ലിസ്‌റ്റില്‍ രണ്ടാമതെത്തിയ ആള്‍ക്കും പിഎച്ച്ഡി ബിരുദമില്ല.

മാധ്യമപഠനം, സോഷ്യോളജി എന്നീ വിഷയങ്ങളിലേക്ക് നടന്ന അധ്യാപക നിയമനത്തിലും പിഎച്ച്ഡി ഉള്ളവരെ ഒഴിവാക്കിയാണ് നിയമനം നടന്നത്. സര്‍വ്വകലാശാലയില്‍ തന്നെ ഹെറിറ്റേജ് സ്റ്റഡീസിലെ ഒരധ്യാപകന്‍ ചരിത്രപഠനത്തിലേക്ക് തസ്തിക മാറ്റത്തിന് അപേക്ഷ നല്‍കിയപ്പോള്‍ ലിസ്റ്റില്‍ മൂന്നാമതായി. മൂന്ന് പുസ്തകങ്ങളെഴുതിയ ഈ അധ്യാപകനെക്കാള്‍ യോഗ്യത കുറഞ്ഞവരാണ് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

യുജിസി ചട്ടമനുസരിച്ച് അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 75 ശതമാനം മാര്‍ക്ക് അക്കാദമിക് യോഗ്യതകള്‍ക്കും 25 ശതമാനം അഭിമുഖത്തിലെ പ്രകടനത്തിനുമാണ് നല്‍കുക. പിഎച്ച്ഡി, എംഫില്‍, പ്രബന്ധങ്ങള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവയ്ക്ക് പ്രത്യേകം മാര്‍ക്കുമുണ്ട്. എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് സര്‍വ്വകലാശാലയില്‍ നിയമനം നടന്നിരിക്കുന്നതെന്ന് വ്യക്തമാണ്. വിജ്ഞാപനത്തില്‍ സൂചിപ്പിച്ച യോഗ്യതയില്ലാത്തവരെ അഭിമുഖത്തിന് വിളിച്ചതും ചട്ടലംഘനമാണ്.

ഒരേ തിയ്യതിയില്‍ രണ്ട് വിജ്ഞാപനം

തദ്ദേശ വികസന പഠനത്തിലെ അധ്യാപക നിയമനത്തിന് ജൂലൈ 22-ന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ഏതെങ്കിലും സാമൂഹ്യ വിഷയത്തില്‍ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത എന്ന് വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഇതേ തിയ്യതിയില്‍ മറ്റൊരു വിജ്ഞാപനമാണ് സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇക്കണോമിക്‌സ്, ഡവലപ്‌മെന്റ് സ്റ്റഡീസ്, റൂറല്‍ ഡവലപ്‌മെന്റ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് പുതിയ വിജ്ഞാപനത്തില്‍ അപേക്ഷിക്കാനുള്ള യോഗ്യതയായി പറഞ്ഞിരുന്നത്. സാധാരണഗതിയില്‍ എന്തെങ്കിലും തിരുത്തുണ്ടെങ്കില്‍ അത് സൂചിപ്പിച്ച ശേഷമാണ് പുതിയ വിജ്ഞാപനമിറക്കേണ്ടത്.

തദ്ദേശ വികസന പഠനത്തിലെ നിയമനത്തിന് സര്‍വ്വകലാശാല വ്യക്തമാക്കിയിരിക്കുന്ന യോഗ്യതകളേയും ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യം ചെയ്യുന്നു. ഈ വിഷയത്തിന്റെ സിലബസില്‍ രണ്ട് പേപ്പറുകള്‍ മാത്രമാണ് ഇക്കണോമിക്‌സുമായി ബന്ധപ്പെട്ടുള്ളത്. ബാക്കി പേപ്പറുകള്‍ പ്രാദേശിക ആസൂത്രണം, വികസനത്തിന്റെ രാഷ്ട്രീയം എന്നിങ്ങനെയുള്ളതാണ്. ഇതെല്ലാം സോഷ്യല്‍ വര്‍ക്കുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. എന്നിട്ടും ഇക്കണോമിക്‌സില്‍ എംഎ ഉള്ളവരെ മാത്രം ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് പ്രത്യേക ആളുകളെ സഹായിക്കാനാണെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത യദു സി ആര്‍ പറഞ്ഞു.

അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയില്‍ മറ്റ് വിഷയങ്ങളും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നൂറിലേറെ പേര്‍ ഒപ്പിട്ട നിവേദനം ഗവര്‍ണര്‍ക്കും വൈസ് ചാന്‍സിലര്‍ക്കും അയച്ചെങ്കിലും മറുപടിയുണ്ടായില്ല.

റഫറന്‍സ് പുസ്തകമെഴുതിയ ആളെയും തഴഞ്ഞു

തദ്ദേശ വികസന പഠന വകുപ്പില്‍ അഭിമുഖത്തിനെത്തിയ ഡോ. രാജേഷ് ജനകീയാസൂത്രണ പ്രസ്ഥാനത്തെപ്പറ്റി പിഎച്ച്ഡി നേടിയ ആളാണ്. മലയാളത്തില്‍ രണ്ട് പുസ്തകങ്ങളും ഇംഗ്ലീഷില്‍ ഒരെണ്ണവും രാജേഷിന്റേതായുണ്ട്. ഇതില്‍ അധികാര വികേന്ദ്രീകരണം, കേരളത്തിലെ അനുഭവങ്ങള്‍ എന്ന പുസ്തകം ഡിപ്പാര്‍ട്ട്‌മെന്റിലെ റഫറന്‍സ് പുസ്തകമാണ്. ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജേഷിനെ ഒഴിവാക്കിയത്.

തദ്ദേശ വികസനപഠനത്തിനുള്ള യോഗ്യതയില്‍ ഇക്കണോമിക്‌സ് മാത്രം ഉള്‍പ്പെടുത്തിയതെങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്ന് രാജേഷ് പറയുന്നു. സോഷ്യല്‍ വര്‍ക്കില്‍ തദ്ദേശപഠനവുമായി ബന്ധപ്പെട്ട ഭാഗമുണ്ടെന്ന് താന്‍ ഇപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ വൈസ് ചാന്‍സിലറുടെ മറുപടിയെന്ന് ഡോ രാജേഷ് പറയുന്നു. ഇതൊരു പാഠമാണ് ,ഭാവിയില്‍ ശ്രദ്ധിക്കാമെന്നായിരുന്നു ഒട്ടും ഗൗരവമില്ലാതെ വി സി പറഞ്ഞെന്ന് രാജേഷ് വ്യക്തമാക്കുന്നു.

അഭിമുഖം അഞ്ചു മിനിട്ടില്‍

പരമാവധി അഞ്ച് മിനുട്ട് മാത്രമാണ് അഭിമുഖം നടത്തിയതെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ടതൊന്നും അഭിമുഖത്തില്‍ ചോദിച്ചില്ല. പിഎച്ച്ഡി ചെയ്യുകയല്ലേ അതൊക്കെ കഴിഞ്ഞിട്ട് ജോലിക്ക് കയറിയാല്‍ പോരെ എന്നാണ് മറ്റൊരാളോട് വി സി പറഞ്ഞത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ വിസി അല്ലാതെ മറ്റാരും ചോദ്യങ്ങള്‍ ചോദിച്ചില്ലെന്നും അഭിമുഖത്തില്‍ പങ്കെടുത്തവര്‍ പറയുന്നു.

ഇന്റര്‍വ്യൂ ബോര്‍ഡിനെക്കുറിച്ചും ആക്ഷേപമുയരുന്നുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സെക്രട്ടറിയും കോളജ് അധ്യാപകനുമായിരുന്ന ടി പി കുഞ്ഞിക്കണ്ണനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതില്‍ അപാകതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. യുജിസി ചട്ടമമനുസരിച്ച് ടി പി കുഞ്ഞിക്കണ്ണന്‍ പ്രൊഫസര്‍ തസ്തികയിലുള്ള ആളല്ല. കേരളാ തദ്ദേശഭരണ പഠന സ്ഥാപനത്തിലെ(കില) രണ്ട് അധ്യാപകര്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ അംഗങ്ങളായതും കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആരോപണമുണ്ട്.