ലിയാഖത്ത് അലീഖാന്റെ മരണത്തിന് പിന്നിലെ കാണാപ്പുറങ്ങള്‍

ലിയാഖത്ത് അലീഖാന്റെ ശരീരത്തിലേറ്റ ഒരേയൊരു വെടിയുണ്ട മാറ്റത്തിന്റെ തുടക്കം കുറിക്കുകയായിരുന്നുവെന്ന് ദി അമേരിക്കന്‍ റോള്‍ ഇന്‍ പാക്കിസ്താന്‍ എന്ന പുസ്തകത്തില്‍ എം എസ് വെങ്കടരമണി പറയുന്നു. കൊലയാളിയായ സെയ്ദ്് അക്ബര്‍ അഫ്ഗാന്‍ സ്വദേശിയാണെന്ന് ധൃതിപിടിച്ച് പാക്ക് അധികൃതര്‍ പ്രഖ്യാപനം നടത്തുകയും ചെയ്തു.

ലിയാഖത്ത് അലീഖാന്റെ മരണത്തിന് പിന്നിലെ കാണാപ്പുറങ്ങള്‍

പാക്കിസ്താന്റെ ആദ്യ പ്രധാനമന്ത്രിയായ ലിയാഖത്ത് അലീഖാന്‍ 1951 ഒക്ടോബര്‍ 16ന് റാവല്‍പിണ്ടിയിലെ കമ്പനിബാഗില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. മുസ്ലീം സിറ്റി ലീഗിന്റെ പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം വെടിയേറ്റുമരിക്കുന്നത്. മുഹമ്മദലി ജിന്നയുടെ വിശ്വസ്തനായിരുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് പാക്കിസ്താനില്‍ മതസംഘടനകള്‍ക്ക് കാര്യമായ വേരോട്ടം ലഭിച്ചത്. എന്നാല്‍ ഇത്തരം പാര്‍ട്ടികളുടെ വളര്‍ച്ച തടയിടാനായി ലിയാഖത്ത് അലീഖാന്‍ പാര്‍ലിമെന്റില്‍ പ്രമേയം കൊണ്ടുവന്നു. എന്നാല്‍ അദ്ദേഹം കൊണ്ടുവന്ന പ്രമേയം പാക്കിസ്താനിലെ വലിയൊരു പ്രദേശത്ത് മതപാര്‍ട്ടികള്‍ക്ക് വളരാനുള്ള അവസരമാണ് ഒരുക്കിക്കൊടുത്തത്.


ഇദ്ദേഹത്തിന്റെ മാതൃകയില്‍ പിന്നീട് ജനറല്‍ സിയാല്‍ ഇസ്ലാം മതത്തിന്റെ തത്വങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പ്രമേയം കൊണ്ടുവന്നിട്ടുണ്ട്. ലിയാഖത്ത് അലീഖാന്റ മരണശേഷം കമ്പനി ബാഗിനെ ലിയാഖത്ത് ഗാര്‍ഡനെന്ന് പുനര്‍നാമകരണം ചെയ്തു. കൃത്യം 55 വര്‍ഷങ്ങള്‍ക്കുശേഷം ഇതേ ലിയാഖത്ത് ഗാര്‍ഡനില്‍ വെച്ചാണ് മുന്‍ പാക്ക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വെടിയേറ്റുമരിച്ചത്. ലിയാഖത്ത് അലീഖാന്റെ ശരീരത്തിലേറ്റ ഒരേയൊരു വെടിയുണ്ട മാറ്റത്തിന്റെ തുടക്കം കുറിക്കുകയായിരുന്നുവെന്ന് ദി അമേരിക്കന്‍ റോള്‍ ഇന്‍ പാക്കിസ്താന്‍ എന്ന പുസ്തകത്തില്‍ എം എസ് വെങ്കടരമണി പറയുന്നു. കൊലയാളിയായ സെയ്ദ്് അക്ബര്‍ അഫ്ഗാന്‍ സ്വദേശിയാണെന്ന് ധൃതിപിടിച്ച് പാക്ക് അധികൃതര്‍ പ്രഖ്യാപനം നടത്തുകയും ചെയ്തു.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് സെയ്ദിന്റെ പൗരത്വം രാജ്യം റദ്ദുചെയ്തിരുന്നതായി അഫ്ഗാനിസ്ഥാന്‍ വക്താവ് അറിയിക്കുകയും ചെയ്തു. എന്നാല്‍ അമേരിക്കന്‍ പിന്തുണയോടെ സെയ്തിന് പാക്കിസ്താന്‍ സാമ്പത്തിക സഹായം നല്‍കിവന്നിരുന്നതായി പീന്നീട് വ്യക്തമായിരുന്നു. സെയ്ദിന് പാക്കിസ്താന്‍ ഗവണ്‍മെന്റ് പ്രതിമാസ അലവന്‍സായി 450 രൂപ വീതം നല്‍കി വന്നിരുന്നതായി പാക്കിസ്താന്‍ ഗവണ്‍മെന്റ് വക്താക്കളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുചെയ്തിരുന്നു. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സജ്ജമാക്കിയിരുന്ന കസേരകള്‍ക്ക് മുന്നിലെ നിരയിലായിരുന്നു സെയ്ദ് ഇരുന്നതെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അലീഖാനെ വെടിവെയ്ക്കുന്നതിന് സൗകര്യം ലഭിക്കുന്നതിന് സര്‍ക്കാര്‍ പിന്തുണയോടെ സെയ്ദിനെ മുന്നിലെ നിരയില്‍ത്തന്നെ ഇരുത്തുകയായിരുന്നു.

പ്രധാനമന്ത്രി വെടിയേറ്റുമരിച്ചതിന് തൊട്ടടുത്ത നിമിഷം തന്നെ പോലീസ് സെയ്ദിനെ വെടിവെച്ചുകൊന്നു. അറസ്റ്റുചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിയാലുണ്ടാകുന്ന ഭവിഷ്യത്തുകളോര്‍ത്താണ് ഇങ്ങനെ ചെയ്തത്. സെയ്ദിനെ കൊല്ലാന്‍ മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നതായി വെടിയുതിര്‍ത്ത പോലീസുകാരന്‍ പിന്നീട് പറഞ്ഞിരുന്നു. ബേനസീര്‍ ഭൂട്ടോ വെടിയേറ്റുമരിച്ച സംഭവത്തിലും കൊലപാതകവുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കാനാണ് ഗവണ്‍മെന്റ് ശ്രമിച്ചത്. കൊലപാതകം നടന്ന സ്ഥലത്തെ അവശിഷ്ടങ്ങള്‍ റാവല്‍പിണ്ടി ഫയര്‍ഫോഴ്‌സ് കഴുകിക്കളയുകയായിരുന്നു. അമേരിക്കന്‍ താല്‍പര്യങ്ങളെ തള്ളിക്കളഞ്ഞ് റഷ്യയുമായി ചില കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ ലിയാഖത്ത് അലീഖാന്‍ അമേരിക്കയുടെ കണ്ണിലെ കരടായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Read More >>