താമരശ്ശേരിച്ചുരം കയറിയും ഭൂമാഫിയ; ലക്കിടിമുതൽ ചുണ്ടേൽ വരെ അംബരചുംബികളുടെ അനധികൃതനിർമ്മാണം

പശ്ചിമഘട്ടത്തിലെ അതീവ പാരിസ്ഥിതിക മേഖലകളിൽ സംവിധാനങ്ങളെ പണമെറിഞ്ഞു മറിച്ച് ഭൂമാഫിയ നേടുന്ന വിജയങ്ങളെപ്പറ്റി. വൈത്തിരി പഞ്ചായത്തിന്റെ ഉദാഹരണം.

താമരശ്ശേരിച്ചുരം കയറിയും ഭൂമാഫിയ; ലക്കിടിമുതൽ ചുണ്ടേൽ വരെ അംബരചുംബികളുടെ അനധികൃതനിർമ്മാണം

കല്‍പറ്റ: താമരശ്ശേരി ചുരത്തിന് മുകളില്‍ വൈത്തിരി പഞ്ചായത്തില്‍ ഉയരുന്ന അംബരചുംബി കെട്ടിടങ്ങളിൽ മിക്കതും പണിയുന്നത് ഹൈക്കോടതി ഉത്തരവ് മറികടന്നാണ്. വലിയ കെട്ടിടങ്ങൾ പണിയുന്നതിന് കടുത്ത നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളിൽ നിയമ-ഭരണ സംവിധാനങ്ങളെ വിലക്കെടുത്താണ് ഭൂമാഫിയയുടെ കയ്യിലൂടെ പത്തും പതിനെട്ടും നിലകളുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം. പശ്ചിമഘട്ടത്തിലെ അതീവ പാരിസ്ഥിതികമേഖലയിലാണിതെല്ലാം.

കുന്നത്തിടവക വില്ലേജിലെ ലക്കിടി, പഴയ വൈത്തിരി, പുതിയ വൈത്തിരി, ചുണ്ടേല്‍ ഭാഗങ്ങളിൽ അനിയന്ത്രിതമായാണിത്തരം കെട്ടിടങ്ങളുയരുന്നത്. കോഴിക്കോട്-ബാംഗ്ലൂര്‍ ദേശീയ പാതയില്‍ ചുരം കയറിയാല്‍ ഏകദേശം ചുണ്ടേല്‍ എത്തുന്നതുവരെ റോഡരികില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങളിൽ നല്ലൊരു പങ്കും അനധികൃതമാണെന്ന് ചുരുക്കം. തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തിയും പുല്‍മേടുകള്‍ തകര്‍ത്തും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വൈത്തിരി പഞ്ചായത്തും റവന്യുവകുപ്പിലെ ഉന്നതരും നൽകുന്ന ഒത്താശ അങ്ങാടിപ്പാട്ടാണ്.


കളക്ടറുടെ ഉത്തരവിനെ ഹൈക്കോടതി വഴി മറികടന്നു

നിർമ്മാണങ്ങൾക്ക് ഒരു നിയന്ത്രണവുമില്ലാതെ വന്നപ്പോഴാണ് വൈത്തിരി മേഖലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വയനാട് ജില്ലാഭരണകൂടം കര്‍ശനനിയന്ത്രണം കൊണ്ടുവരുന്നത്. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മുന്‍ ജില്ലാ കളക്ടര്‍ വി.കേശവേന്ദ്രകുമാര്‍ ഇടപെട്ട് 2015 ജൂണില്‍ ജില്ലയില്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.

dist collectors order

[caption id="attachment_47491" align="aligncenter" width="594"]dist collector order കളക്ടറുടെടെ ഉത്തരവ്[/caption]

പരിസ്ഥിതിദുര്‍ബല പ്രദേശമായ കുന്നത്തിടവക വില്ലേജു പോലുള്ള ഇടങ്ങളിൽ വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് വന്‍ ദുരന്തത്തിന് വഴിവെയ്ക്കുമെന്ന സെസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ നടപടി. മൂന്ന് നിലയ്ക്ക് മുകളില്‍ ലക്കിടി മേഖലയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കരുത്. വയല്‍ നികത്തിയും കുന്നിടിച്ചും കെട്ടിട നിര്‍മ്മിച്ചാല്‍ കര്‍ശന നടപടി. ഇതൊക്കെ കളക്ടറുടെ ഉത്തരവിലുണ്ടായിരുന്നു.

ഉത്തരവിനെ ചോദ്യംചെയ്ത്‌ കെട്ടിട നിര്‍മ്മാതാക്കളായ ഗസല്‍ ബില്‍ഡേഴ്‌സ്, നാഥ് കണ്‍സ്ട്രക്ഷന്‍സ്, മിറാജ് ഡവലപ്പേഴ്‌സ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു. നിലവില്‍ നിര്‍മ്മാണാനുമതി ലഭിച്ച 38 കെട്ടിടങ്ങള്‍ നിര്‍മ്മിക്കാമെന്നും പുതിയവയ്ക്ക് അനുമതി കൊടുക്കരുതെന്നും ഹൈക്കോടതിയിലെ മുഷ്താഖ് അഹമ്മദിന്റെ ബഞ്ച് ഉത്തരവിട്ടു. സര്‍ക്കാര്‍ കോടതിയില്‍ കെട്ടിട ഉടമകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇങ്ങനെയൊരു ഉത്തരവ്.

[caption id="attachment_47493" align="alignleft" width="391"]court order കോടതിയുടെ ഉത്തരവ്[/caption]

തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മുന്‍ ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് 2016 ആഗസ്തില്‍ ഹൈക്കോടതി വിധിയുണ്ടായി. എന്നാൽ കെട്ടിട നിര്‍മ്മാണങ്ങൾ തടയാൻ ഒരു നടപടിയുമുണ്ടായില്ല.

ഇതിനിടെ ജില്ലാ കളക്ടര്‍ക്ക് സ്ഥലംമാറ്റമായി. അതോടെ ഭൂമാഫിയ വീണ്ടും സജീവവുമായി.

ഉത്തരവ് പിന്മടക്കുമെന്ന് മന്ത്രിതന്നെ! ഭരണം മാറിയിട്ടും മാഫിയാഭരണം

കെട്ടിട ഉടമകള്‍ക്ക് ഒത്താശ ചെയ്ത യുഡിഎഫ് സര്‍ക്കാറിന്റെ നയം അതേപടി പിന്തുടരുന്നുവെന്നതാണ് പുതിയ സർക്കാർ വന്നതിൽപ്പിന്നെയുള്ള ചിത്രം. അതിനപ്പുറം ഇടതുസര്‍ക്കാറിനിക്കാര്യത്തില്‍ ഒന്നും ചെയ്യാനാവുന്നില്ല.

ജില്ലയിലെ വന്‍കിട കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് കര്‍ശനം നിയന്ത്രണമേര്‍പ്പെടുത്തിയപ്പോൾ, മുന്‍ജില്ലാ കളക്ടര്‍ വി കേശവേന്ദ്രകുമാറില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി ഉത്തരവ് പിന്‍വലിപ്പിക്കാന്‍ ഭരണതലങ്ങളില്‍ സമ്മർദ്ദമുണ്ടായി. നടപടിയില്‍ ഉറച്ചുനിന്ന കളക്ടറെ ജനപ്രതിനിധികള്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍വരെ ഭീഷണിപ്പെടുത്തുന്നതിലേക്കെത്തി പിന്നെ കാര്യങ്ങള്‍. കളക്ടറുടെ ഉത്തരവ് വന്നതിനുപിന്നാലെ കല്‍പറ്റയിലെ ഒരു പൊതുപരിപാടിയില്‍വച്ച് മുന്‍ നഗരവികസനമന്ത്രി മഞ്ഞളാംകുഴി അലി കെട്ടിടനിര്‍മ്മാണനിയന്ത്രണം എടുത്തുകളയുമെന്നുവരെ പ്രഖ്യാപിച്ചുകളഞ്ഞു!

ഇടതു-വലതു മുന്നണികളിലെ പലര്‍ക്കും വൈത്തിരിയിലെ വന്‍കിട കെട്ടിടങ്ങളില്‍ ഓഹരി പങ്കാളിത്തം ഉള്ളതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വര്‍ഷങ്ങളായി വൈത്തിരി പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫ് ഭരണസമിതിയാണ് കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കിയതെന്ന വിചിത്ര യാഥാർത്ഥ്വവുമുണ്ട്.

പഞ്ചായത്തിൽ നിന്നല്ല, തിരുവനന്തപുരത്ത് നിന്നും ടൗണ്‍ പ്ലാനറില്‍ നിന്നാണ് കൂടുതലും അനുമതി സമ്പാദിച്ചതെന്നാണ് പഞ്ചായത്തധികൃതരുടെ ന്യായം. വന്‍കിട കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ കര്‍ശനനിയന്ത്രണലമേര്‍പ്പെടുത്തിക്കൊണ്ട് പ്രമേയം പാസാക്കിയ വൈത്തിരി പഞ്ചായത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഒരൊറ്റ കെട്ടിടത്തിനെതിരെപോലും നടപടിയെടുത്തില്ലെന്നതാണ് വാസ്തവം.

ഫലത്തില്‍ ഇരുമുന്നണികളുടെയും ഭൂമാഫിയ ബന്ധം മറനീക്കി പുറത്തുവന്നതിന്റെ നേര്‍ചിത്രമാണ് കുന്നുകളേക്കാള്‍ ഉയരത്തില്‍ പൊങ്ങിക്കാണുന്ന കെട്ടിടങ്ങള്‍.

എസ്റ്റേറ്റുകൾ മുറിച്ചു വാങ്ങിച്ച് ഭൂനിയമങ്ങളുടെ ലംഘനം

വയലുകള്‍ മണ്ണിട്ട് നികത്തിയാണ് അധികം കെട്ടിടങ്ങളും ഇവിടെ ഉയര്‍ന്നിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാകും. അതല്ലെങ്കില്‍ എസ്റ്റേറ്റുഭൂമിയിലോ കുന്നുകളിടിച്ചോ നിര്‍മ്മാണം നടക്കുന്നു.

വീടാവശ്യത്തിന് അഞ്ച് സെന്റ് സ്ഥലം മണ്ണിട്ട് നികത്താനുള്ള അനുമതിക്കുപോലും നിരവധി നിബന്ധനകളുള്ള നാട്ടിലാണ് തണ്ണീര്‍ത്തടങ്ങളുള്‍പ്പെടെ മണ്ണിട്ട് നികത്തി കൂറ്റന്‍കെട്ടിടങ്ങള്‍ക്ക് അടിത്തറ പാകിയത്. ലക്കിടി, വൈത്തിരി മേഖലകളില്‍ ഇപ്പോള്‍ ഉയര്‍ന്നതും നിര്‍മ്മാണം നടക്കുന്നതുമായ വന്‍കിട കെട്ടിടങ്ങളില്‍ 90 ശതമാനവും ഇങ്ങനെ വയല്‍ നികത്തിയോ കുന്നിടിച്ചോ കെട്ടിപ്പൊക്കിയതാണ്. പഞ്ചായത്തില്‍ നിന്ന് ഇത്തരം കെട്ടിടങ്ങള്‍ക്ക് യാതൊരു അനുമതിയും കിട്ടിയിട്ടുമില്ല.

മൂന്നാര്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച പുല്‍മേടുകളുള്ളത് വയനാട്ടിലെ ലക്കിടി, കുറിച്യര്‍മല മേഖലയിലാണ്. ഇതിന്റെ അരിക് തകര്‍ത്താണ് മിക്ക കെട്ടിടങ്ങളും ഉയർന്നിരിക്കുന്നത്. ഭൂപരിഷ്‌കരണനിയമവും ഭൂവിനിയോഗ നിയമവും ലംഘിച്ചാണ് എസ്‌റ്റേറ്റുകള്‍ മുറിച്ചുവാങ്ങിച്ച് ഇവിടെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്.

കുന്നത്തിടവക വില്ലേജിലെ പഴയരേഖകളിലെല്ലാം തന്നെ ഇപ്പോള്‍ കെട്ടിടങ്ങള്‍ നില്‍ക്കുന്ന ഭാഗങ്ങള്‍ വയല്‍ (wetland) എന്നുതന്നെയാണ്. ചുരത്തിന് മുകളിലെ പരിസ്ഥിതി ദുര്‍ബലപ്രദേശമായ ഇവിടെ 15നും 20നും ഇടയില്‍ നിലകളുള്ള അമ്പതോളം കെട്ടിടങ്ങളാണ് ഉയരാനിക്കുന്നതെന്ന് നാരദ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇത്തരം സംരക്ഷിത മേഖലയില്‍ കമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കണമെങ്കില്‍ പരിസ്ഥിതി ആഘാതപഠനവും ജിയോളജി വകുപ്പിന്റെ അനുമതിയും നിര്‍ബന്ധമാണെന്നിരിക്കെ അതെല്ലാം കാറ്റില്‍ പറത്തുന്നവര്‍ക്ക് റവന്യുവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഒത്താശ ചെയ്യുന്നത്.

വയനാടിന്റ ഹൃദയം പിളരുമ്പോള്‍

കബനിയുടെ ഉത്ഭവകേന്ദ്രമായ പൂക്കോട്, ലക്കിടി പ്രദേശങ്ങളിലെ വയലുകള്‍ ജലസമൃദ്ധമാണ്. പൂക്കോട് തടാകം ഉള്‍പ്പെടെ വരുന്ന പ്രദേശം. മഴക്കാടുകളാല്‍ സമ്പന്നമാണിവിടം. ഒരു കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന പ്രദേശം. നൂല്‍മഴയും മഞ്ഞും കോടയും കുളിരും ആരെയും ആകര്‍ഷിച്ചിരുന്ന പ്രദേശം. പശ്ചിമഘട്ട മലനിരകളിലെ ഏറെ ജൈവസമ്പന്നമായ അര്‍ധ നിത്യഹരിത വനങ്ങളുമായി അതിരിടുന്ന പ്രദേശം.

അങ്ങനെയൊറു പ്രദേശത്തോട് ആര്‍ക്കും ഇഷ്ടംതോന്നുക സ്വാഭാവികം. ചുരത്തിന് മുകളില്‍ ലക്കിടി കവാടത്തിലെത്തുമ്പോള്‍തന്നെ പ്രത്യേക അനുഭൂതിയായിരിക്കും. പ്രകൃതിയെ എങ്ങനെ ചൂഷണം ചെയ്യാമെന്ന് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല ഭൂമാഫിയക്ക്. ടൂറിസത്തിന്റെ സാധ്യത മനസ്സിലാക്കി ഇവിടെ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയത് കേരളത്തിലെ വന്‍കിട സമ്പന്നരാണ്. അധികാരത്തിന്റെ ഇടനാഴികളില്‍ പണമെറിഞ്ഞ് സര്‍വീസ്ഡ് വില്ലകളും റിസോര്‍ട്ടുകളും കെട്ടിപ്പൊക്കുന്നതിന്റെ കഥയാണ് പിന്നെ പുറംലോകമറിഞ്ഞത്.

പതിനഞ്ച് മുതല്‍ ഇരുപതുവരെ നിലകളുള്ള സര്‍വീസ്ഡ് വില്ലകളില്‍ അമ്പതിനും എണ്‍പതിനും ഇടയില്‍ ഫ്‌ളാറ്റുകളുണ്ടാകും. നാല്‍പ്പത് ലക്ഷത്തിനുമുകളില്‍ വില്‍പ്പന നടത്തുന്ന ഇത്തരം ഫ്‌ളാറ്റുകളിലെ മാലിന്യംകൂടി ഏറ്റുവാങ്ങേണ്ട ഗതികേടിലാണ് ഈ പ്രദേശങ്ങള്‍. ഇപ്പോള്‍ത്തന്നെ വിഷലിപ്തമായ അരുവികള്‍ കാലക്രമേണ മാലിന്യത്തോടുകളാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും.

വയനാടിന് പുറത്തുള്ള വന്‍കിടക്കാരാണ് പൊന്നുംവിലക്ക് ഭൂമി വാങ്ങിക്കൂട്ടി വയനാടിന്റെ ഹൃദയം പിളര്‍ക്കുന്നത്. പൊതുവെ ദുര്‍ബലമായ താമരശ്ശേരി ചുരം കെട്ടിടങ്ങളുടെ ഭാരം താങ്ങാനാവാതെ കൂപ്പുകുത്താതിരിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകതന്നെ വേണം. വലിയൊരു ദുരന്തത്തിലേക്കാണ് വയനാട് നടന്നടുക്കുന്നതെന്ന ആശങ്ക അസ്ഥാനത്തല്ല.

Edited By: E Rajesh

Read More >>