ഗര്‍ഭിണിയായ കാമുകിയെ കൊലപ്പെടുത്തി പാറമടയില്‍ തള്ളിയ കേസില്‍ ആര്‍എസ്എസ് മുഖ്യശിക്ഷക് പിടിയിലായി

തലപ്പാറയില്‍നിന്ന് കഴിഞ്ഞ 12ന് വാടകയ്‌ക്കെടുത്ത സാന്‍ട്രോ കാറില്‍ സൂരജ് രാത്രിയോടെ യുവതിയെ പാറമടയ്ക്ക് സമീപമുള്ള റബര്‍ തോട്ടത്തില്‍ എത്തിച്ചശേഷം പ്രതി പ്‌ളാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഗര്‍ഭിണിയായ കാമുകിയെ കൊലപ്പെടുത്തി പാറമടയില്‍ തള്ളിയ കേസില്‍ ആര്‍എസ്എസ് മുഖ്യശിക്ഷക് പിടിയിലായി

തലയോലപ്പറമ്പില്‍ ഗര്‍ഭിണിയായ കാമുകിയെ കൊലപ്പെടുത്തി പാറമടയില്‍ തള്ളിയ കേസില്‍ ആര്‍എസ്എസ് മുഖ്യശിക്ഷക് പൊലീസ് പിടിയിലായി. തലയോലപ്പറമ്പ് പൊതി സൂരജ്ഭവനില്‍ എസ് വി സൂരജ്(27)ആണ് പിടിയിലായത്. പൊതി മേഴ്‌സി ആശുപത്രിയിലെ റിസപ്ഷനിസ്റ്റും വൈക്കം വടയാര്‍ പട്ടുമ്മേല്‍ സുകുമാരന്റെ മകളുമായ സുകന്യ(22) യാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാറമടയില്‍ തള്ളിയതായി ഇയാള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.


മേഴ്‌സി ആശുപത്രിയിലെ ജീവനക്കാരനായിരുന്നു സൂരജ്. ഇതേ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന മറ്റൊരു യുവതിയെയാണ് സൂരജ് വിവാഹം ചെയ്തിരുന്നത്. തുടര്‍ന്ന് സുകന്യയുമായി പ്രണയത്തിലാകുകയായിരുന്നു. ഈ മാസം പന്ത്രണ്ടിന് ഡ്യൂട്ടിക്കായി പോയ സുകന്യ പിറ്റേന്ന് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ ഭാഗമായി പോലീസ് നിരവധിപേരെ ചോദ്യം ചെയ്‌തെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.

ഇതിനിടെയാണ് സൂരജിന്റെ സുകന്യയുമായുള്ള ബന്ധം പുറത്തു വരുന്നത്. തുടര്‍ന്ന് പൊലീസ് ആ വഴിക്ക് അന്വേഷണം നടത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

തലപ്പാറയില്‍നിന്ന് കഴിഞ്ഞ 12ന് വാടകയ്‌ക്കെടുത്ത സാന്‍ട്രോ കാറില്‍ സൂരജ് രാത്രിയോടെ യുവതിയെ പാറമടയ്ക്ക് സമീപമുള്ള റബര്‍ തോട്ടത്തില്‍ എത്തിച്ചശേഷം പ്രതി പ്‌ളാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ഇരുകൈകളും പിന്നിലേക്ക് കരിങ്കല്ലില്‍ ചേര്‍ത്ത് കെട്ടി അമ്പത് അടിയിലധികം താഴ്ചയുള്ള പാറമടയില്‍ തള്ളുകയായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി.

മുമ്പ് കിഴൂര്‍ ദേവസ്വം ബോര്‍ഡ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പെട്ടതിനെത്തുടര്‍ന്നു സൂരജിനെ ആശുപത്രിയിലെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഈ കേസില്‍ ഇയാള്‍ 14 ദിവസത്തേക്ക് റിമാന്‍ഡിലായിരുന്നു. വൈക്കത്തും തലയോലപ്പറമ്പിലുമായി നടന്ന നിരവധി ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിക്ക് പങ്കുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.

Read More >>