മധുരമനോജ്ഞ തായ്‌ലൻഡ്

പബ്ബുകളിൽ പുരുഷനൊടൊപ്പം ഇരുന്ന് മദ്യപിക്കുന്ന സ്ത്രീകൾ, മദ്യം ഒഴിച്ച് കൊടുക്കുന്ന ബാർ ജീവനക്കാരികൾ, തൊട്ട് തലോടി രാത്രിക്കുളള വില പറയുന്നവർ, കച്ചവടം ഉറപ്പിക്കുന്ന ഏജന്റുമാർ ഇതൊക്കെ സാധാരണ കാഴ്ചകളാണ്. ദാഹിക്കുമ്പോൾ വെളളം കുടിക്കുന്ന ലാഘവത്തോടെ മദ്യത്തെയും തൊഴിലായി സെക്‌സിനെയും അവർ കാണുന്നു. സിന്ധു രാമചന്ദ്രൻ എഴുതുന്നു.

മധുരമനോജ്ഞ തായ്‌ലൻഡ്

സിന്ധു രാമചന്ദ്രൻ

കുടുംബത്തോടൊപ്പം സന്ദർശിക്കാൻ കൊള്ളാത്ത സ്ഥലമാണ് തായ്ലൻഡ് എന്നതാണ് നമ്മുടെ ആളുകളുടെ തോന്നൽ. എന്നാൽ ഈ പൊതുബോധത്തെ അപ്രസക്തമാക്കികൊണ്ട് ലോകമെങ്ങും ഉള്ള വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാവുകയാണ് തെക്കു കിഴക്കേ ഏഷ്യയിലെ ഈ രാജ്യം. പേരിന്റെ അർത്ഥം പോലെ സ്വാതന്ത്ര്യത്തിന് ഏറെ വില കൽപ്പിക്കുന്ന രാജ്യം എന്നത് പോസറ്റീവായോ നെഗറ്റീവായോ സ്വീകരിക്കപ്പെടാം എന്നതൊഴിച്ചാൽ മനോഹരമായ ഒരു നാടാണ് തായ്ലൻഡ്. ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസയിൽ പോകാൻ കഴിയുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്ന്. ഭൂപ്രകൃതി, കാലാവസ്ഥ, കൃഷി രീതി എന്നിവ കൊണ്ട് ഇന്ത്യയോട് ഏറെ സാദൃശ്യമുണ്ട് ഈ രാജ്യത്തിന്.


തായ്ലാൻഡിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബാങ്കോക്കിലാണ് ഞങ്ങൾ ആദ്യം എത്തിച്ചേർന്നത്. ബൗദ്ധ സംസ്‌കാരം വ്യക്തമാക്കുന്ന വാസ്തു ശില്പ കലാ വൈദഗ്ദ്യവും പെയിന്റിങ്ങുകളും കൊണ്ട് മനോഹരമാക്കപ്പെട്ട അന്തരാഷ്ട്ര വിമാനത്താവളമായ സുവർണ്ണഭൂമി എയർപോർട്ടിൽ നിന്ന് കർശനമായ നിയമങ്ങളൊന്നുമില്ലാതെ വളരെ എളുപ്പത്തിൽ വിസ ലഭിച്ച് പുറത്ത് കടന്നു. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ പ്രധാന പങ്ക് വഹിക്കുന്ന ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതു കൊണ്ട് വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന ടൂറിസ്റ്റുകളെ ധാരാളം കാണാമായിരുന്നു. എയർപോർട്ടിൽ നിന്ന് ഹോട്ടലിലേക്കുളള യാത്രയിൽ നിരവധി ബോർഡുകളിൽ ബുദ്ധന്റെ ശിരസ്സ് ടാറ്റൂ ആയോ അലങ്കാരത്തിനോ ഉപയോഗിക്കുന്നത് നിയമപരമായി കുറ്റകരമാണ് എന്ന ബോർഡുകൾ കാണാമായിരുന്നു.

thailand_5ഭൂരിപക്ഷ ബുദ്ധമത വിശ്വാസികളുളള നാട്ടിൽ ഈ നിയമം പോലും ലംഘിക്കപ്പെടുന്നുണ്ടെന്ന് പിന്നീട് മനസിലാക്കാൻ സാധിച്ചു. നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്യത്തെ ഇഷ്ടപ്പെടുന്ന വേഷവിധാനങ്ങളിൽ യൂറോപ്യൻ രീതി പിൻതുടരാൻ ആഗ്രഹിക്കുന്നവരാണ് ഇവിടത്തെ ജനങ്ങൾ. മസാജ് പാർലറുകളും പബ്ബുകളും ഷോപ്പിങ് സെന്ററുകളും നിറഞ്ഞ വീഥികളാണ് ബാങ്കോക്കിന്റെ പ്രത്യേകത. വീതിയുളള വ്യത്തിയുളള റോഡുകൾ, മെട്രോ റെയിൽവേകൾ, ദേശീയ സർവീസുകൾ നടത്തുന്ന നിരവധി വിമാനത്താവളങ്ങൾ എന്നിവയൊക്കെ തായ്‌ലൻഡിനെ മറ്റ് വികസ്വര രാഷ്ട്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്. ടാക്‌സികളും ടുക് ടുക് എന്നറിയപ്പെടുന്ന ഓട്ടോറിക്ഷകളും ഈടാക്കുന്ന അമിത ചാർജുകളാണ് ഇവിടെ എത്തുന്ന ടൂറിസ്റ്റുകൾ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്.

ആദ്യത്തെ ദിവസം ബാങ്കോക്ക് ചുറ്റാനിറങ്ങിയപ്പോൾ അവിടത്തെ ഓരോ കാഴ്ചയും ഞങ്ങളിലുണ്ടാക്കിയ അത്ഭുതം ചെറുതല്ല. വസ്ത്രധാരണത്തിലും സംസ്‌കാരത്തിലും കേരളീയ രീതി പിൻതുടരുന്ന ഒരു ശരാശരി മലയാളിക്ക് ഇവരുടെ ജീവിത രീതികളും സംസ്‌കാരവും അമ്പരിപ്പിക്കുന്നതാവുന്നത് സ്വാഭാവികം മാത്രമാണ്. വലിയ കടകൾ മാത്രമുളള നഗരത്തിൽ സന്ധ്യയാകുന്നതോടെ വഴിയോര കച്ചവടക്കാർ താൽക്കാലിക കടകൾ വച്ചുകെട്ടി കച്ചവടമാരംഭിക്കുന്നു. അവരുടെ ദിവസങ്ങൾക്ക് ഉണർവ് വരുന്നത് രാത്രികളിലാണെന്ന് തോന്നും. വളയും മാലയും മുതൽ സെക്‌സിനായി ഉപയോഗിക്കുന്ന ജെല്ലികളും ഗുളികകളും ഡിൽഡോകൾ വരെ അവരുടെ കച്ചവടവസ്തുക്കളാണ്.പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും ട്രാൻസ് ജെൻഡേഴ്‌സും കച്ചവടക്കാരായിട്ടുണ്ട്.

thailand_1ധാരാളമായി കാണുന്ന പബ്ബുകളും രാത്രിയും പകലുമെന്നില്ലാതെ സജീവമാണ്. രാത്രിയാവുമ്പോൾ തിരക്ക് കൂടുമെന്ന വ്യത്യാസം മാത്രം. പരിഹാസമോ കുത്തുവാക്കുകളോ ഇല്ലാതെ ജീവിക്കാൻ കഴിയുന്നതു കൊണ്ടാകാം ട്രാൻസ്‌ജെൻഡേഴ്‌സിനെ സന്തോഷമുളള മുഖത്തോടെ ഇവിടെ കാണാൻ സാധിച്ചു. പബ്ബുകളിൽ പുരുഷനൊടൊപ്പം ഇരുന്ന് മദ്യപിക്കുന്ന സ്ത്രീകൾ, മദ്യം ഒഴിച്ച് കൊടുക്കുന്ന ബാർ ജീവനക്കാരികൾ, തൊട്ട് തലോടി രാത്രിക്കുളള വില പറയുന്നവർ, കച്ചവടം ഉറപ്പിക്കുന്ന ഏജന്റുമാർ ഇതൊക്കെ സാധാരണ കാഴ്ചകളാണ്. ദാഹിക്കുമ്പോൾ വെളളം കുടിക്കുന്ന ലാഘവത്തോടെ മദ്യത്തെയും തൊഴിലായി സെക്‌സിനെയും അവർ കാണുന്നു. വില കൊടുത്ത് വാങ്ങാൻ കഴിയുന്ന ഒന്നായി പോകുന്നു കാമവും. വിയോജിപ്പോടെ വേദനയോടെ ഈ ജീവിതരീതി നോക്കി കാണുമ്പോഴും ഒരു കാര്യം പറയാതെ വയ്യ. ഇവിടെ ഏത് സ്ത്രീക്കും ഏത് പാതിരാത്രിയും ഇറങ്ങി നടക്കാം. അനുവാദമില്ലാതെ ആരും നമ്മുടെ ശരീരത്തെ സ്പർശിക്കില്ല. തട്ടലോ മുട്ടലോ എന്തിന് ഒരു തുറിച്ച് നോട്ടം പോലും നേരിടേണ്ടി വരില്ല. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനവിഭാഗം ഇവിടത്തെ സാഹചര്യത്തിൽ ഉണ്ടാകുന്നില്ല.

മദ്യപിക്കുന്നവർ തമ്മിലുളള വഴക്കുകളോ ഉച്ചത്തിലുളള സംസാരമോ ഇല്ല. മദ്യം വിൽക്കുന്ന തട്ടുകടകളും പബ്ബുകളും ധാരാളമുണ്ടെങ്കിലും രാത്രി മുഴുവൻ മദ്യപിച്ചിരിക്കുന്ന സ്ത്രീ പുരുഷന്മാരുണ്ടെങ്കിലും റോഡിൽ മദ്യപിച്ച് കിടക്കുന്നവരെ കാണുന്നില്ല. ന്യൂനപക്ഷ മുസ്‌ളീം വിശ്വാസികളുളള തായ്ലാൻഡിൽ മുസ്‌ളീം വസ്ത്രധാരണം ചെയ്ത സ്ത്രീ പുരുഷന്മാരെ കാണാം. ഏത് വസ്ത്രം ധരിച്ചാലും ആരും നമ്മളെ തുറിച്ച് നോക്കാൻ വരുന്നില്ല. ഇരുചക്രവാഹനങ്ങളും ടാക്‌സികളായി കാണാം. പാതിരാത്രിയിലും അതിൽ ധൈര്യമായി പോകുന്ന സ്ത്രീകളെ കാണാം.

thailand_3തായ് മസാജ് ഏറെ പ്രശസ്തമാണ്. 90 ശതമാനം മസാജ് പാർലറുകളും ക്രോസ് മസാജിങ്ങ് എന്ന പേരിൽ നടത്തുന്നത് സെക്‌സിന്റെ വിൽപ്പന തന്നെയാണ്. വിദേശീയരെ മസാജ് പാർലറുകളിലെക്ക് ആകർഷിക്കാൻ ഒരുങ്ങി നിൽക്കുന്ന തായ് സ്ത്രീകളെ കാണാം. ഇവരിൽ കൗമാരക്കാർ മുതൽ വാർദ്ധക്യത്തിലെത്തിയവർ വരെയുണ്ട്. പുരുഷന്മാരെക്കാൾ എല്ലാ മേഖലയിലും സജീവമായി സ്ത്രീകളുണ്ട്. ടൂറിസ്റ്റ് സ്ഥലങ്ങൾ തെരഞ്ഞെടുക്കാനായി ഹോട്ടലുകാരും ടാക്‌സിക്കാരും നമുക്ക് തരുന്ന ആൽബത്തിൽ ബുദ്ധക്ഷേത്രങ്ങൾക്കും ബീച്ചുകൾക്കും പാർക്കുകൾക്കും ഒപ്പം തന്നെ കാബേറെകളുടെയും സെക്‌സ് ഷോകളുടെയും വിവരങ്ങളുമുണ്ട്. ഇത്രയൊക്കെ മതിയല്ലോ ഒരു രാജ്യത്തിന് കുപ്രസിദ്ധി നേടികൊടുക്കാൻ. പ്രണയത്തിനോ കാമത്തിനോ വില പറയുന്ന ജീവിതരീതിയോടും മദ്യപാദനത്തോടും ഒക്കെയുളള എതിർപ്പുകൾ നിലനിർത്തി കൊണ്ട് തന്നെ പറയാൻ കഴിയും സുരക്ഷിതമായി കുടുംബമായി പോകാൻ കഴിയുന്ന മനോഹരമായ രാജ്യമാണ് തായ്‌ലന്റ് എന്ന്.

ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിലേക്കായിരുന്നു ഞങ്ങളുടെ ആദ്യ യാത്ര. കൃഷിയിടങ്ങൾ കൂടുതലുളള തായ്‌ലൻഡിലെ ഈ നഗരത്തിൽ കൂടുതലും ബീച്ചുകളാണ്. പാരാഗ്ലൈഡിങ്ങിന്റെയും അണ്ടർ വാട്ടർ കടൽയാത്രയുടെയും നവ്യാനുഭവം കൗതുകകരവും രസകരവുമായും ഞങ്ങൾക്ക് അനുഭവപ്പെട്ടു. കടലിലൂടെയുളള റൈഡുകൾക്ക് പ്രത്യേക ചാർജുകൾ ഈടാക്കുന്നുണ്ടെങ്കിലും വിനോദ സഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ടതാണ് ഈ കടൽയാത്ര.

thailand_6ബാങ്കോക്കിലെ മറ്റൊരു ആകർഷണം ഫ്‌ളോട്ടിങ്ങ് മാർക്കറ്റുകളാണ്. തോടിന്റെ ഇരുവശവുമുളള വലുതും ചെറുതുമായ കടകളിലേക്ക് വഞ്ചിയിലൂടെ ഒരു യാത്ര നടത്താനും ഒപ്പം ഇഷ്ടപ്പെട്ട സാധനങ്ങൾ തിരഞ്ഞെടുത്ത് വാങ്ങാനും സാധിക്കും. കടകളിൽ മാത്രമല്ല വഞ്ചിയിലും ചെറിയ സാധനങ്ങൾ കൊണ്ട് വെളളത്തിൽ സഞ്ചരിച്ച് കച്ചവടം നടത്തുന്ന സ്ത്രീ പുരുഷ കച്ചവടക്കാരുണ്ട്. കനാലുകൾ കുറഞ്ഞപ്പോൾ ഇത്തരം മാർക്കറ്റുകൾക്ക് എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ഉളള കനാലുകൾ ഉപയോഗിച്ച് ടൂറിസത്തിന്റെ സാധ്യത സമർത്ഥമായി ഉപയോഗിക്കുന്നുണ്ട് ഈ ജനത. മാംഗോ സ്റ്റിക്ക് റൈസ്, കോക്കനട്ട് ഐസ്‌ക്രീം എന്നിവയിൽ തുടങ്ങി കരകൗശല വസ്തുക്കളും പെയിന്റുങ്ങുകളും വസ്ത്രങ്ങളും വരെ ഇവിടെ ലഭ്യമാണ്. കടകൾ മാത്രമല്ല വീടുകളും ബുദ്ധക്ഷേത്രങ്ങളും വെളളത്തിലൂടെയുളള ഈ യാത്രയിൽ കാണാൻ കഴിയും.മങ്കി ഷോ, ക്രൊക്കോടെയിൽ ഷോ, എലിഫന്റ സഫാരി എന്നിവയും ഫ്‌ളോട്ടിങ്ങ് മാർക്കറ്റിനോടനുബന്ധിച്ചു നടത്തുന്നു.

നമ്മുടെ നാട്ടിലെ അമ്പലങ്ങളിൽ കാണുന്ന പോലെ കൃത്രിമ ചടങ്ങുകളോ ആചാരങ്ങളോ കൊണ്ടുളള ബുദ്ധിമുട്ടിക്കലൊന്നുമില്ല എന്നതാണ് ഇവിടത്തെ ബുദ്ധ ക്ഷേത്രങ്ങളുടെ പ്രത്യേകതയായി തോന്നി. പശുക്കളോടുളള ആരാധന ഇവിടെയുമുണ്ട്. പൂവും ചന്ദന തിരിയുമാണ് ഇവർ പൂജക്കായി ഉപയോഗിക്കുന്നത്. സ്വർണ പേപ്പറുകൾ വിശ്വാസികൾ ബുദ്ധ പ്രതിമയിൽ ഒട്ടിച്ച് വക്കുന്നു. ഇങ്ങനെ ചെയ്യുന്നത് സമ്പത്തും അഭിവൃദ്ധിയും ഉണ്ടാക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഗോക്കളെ പരിപാലിച്ച് കൊണ്ട് ആരാധിക്കുന്നത് ചില ബുദ്ധക്ഷേത്രങ്ങളിൽ കാണാം. വഴിയോരത്തെ ആരാധാനാലയങ്ങളിൽ പൂജക്കായി നെസ് കഫേയും ഫേന്റയും സ്‌ട്രോ ഇട്ട് ബിംബങ്ങൾക്ക് മുമ്പിൽ വച്ച് കൊടുത്തിട്ടുള്ളത് രസകരമായി തോന്നി. തായ് ഭക്ഷണവും സംഗീതവും നൃത്തവും ആസ്വദിച്ചുളള തായ് ലൻഡിലെ ക്രൂയ്‌സ് ഡിന്നറും മറക്കാനാവാത്ത അനുഭവമായിരുന്നു.

thailand_4തായ്ലാൻഡിലെ വലിയ ദ്വീപായ ഫുക്കറ്റിലെക്കായിരുന്നു പിന്നീട് ഞങ്ങൾ പോയത്. ബാങ്കോക്കിലെ ഡോൺ മുയാങ്ങ് എയർപോർട്ടിൽ നിന്ന് തായ് എയർലൈൻസിൽ ഒന്നര മണിക്കൂർ യാത്ര ചെയ്താണ് ഞങ്ങളവിടെ എത്തിയത്. പർവതങ്ങളും മഴക്കാടുകളും കൊണ്ട് ചുറ്റപ്പെട്ട ആൻഡമാൻ കടലിലെ ദ്വീപാണ് ഫുക്കറ്റ്. അവിടെ ഞങ്ങൾ സന്ദർശിച്ച പ്രധാനപ്പെട്ട സ്ഥലം ജെയിംസ് ബോണ്ട് ഐലൻണ്ടായിരുന്നു . ഫുക്കറ്റിലെ മനോഹരമായ ദ്വീപുകളിൽ ഒന്നാണിത്. ഖാവോ പിങ് ഖാൻ എന്ന ഈ ദ്വീപ് ജെയിംസ് ബോണ്ട് മൂവിയുടെ ഭാഗമായ ശേഷമാണ് ഈ പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ദ്വീപുകളുടെ ബന്ധിപ്പിച്ച സ്വഭാവം പ്രതിഫലിപ്പിക്കാൻ പരസ്പരം ചാരി കൊണ്ടിരിക്കുന്ന കുന്നുകൾ എന്നർത്ഥം വരുന്ന ഈ പേര് മതി. മൂന്ന് ചെറു ദ്വീപുകൾ ചുറ്റിയാണ് ജെയിംസ് ബോണ്ട് ഐലൻഡിലേക്ക് പോയത്. മഴയത്ത് ബോട്ടിലൂടെയുളള യാത്രയും ഗുഹകളിലൂടെയുളള കയാക്കിംഗും ഭംഗിയുളള ബീച്ചുകളും മറക്കാനാവാത്ത അനുഭവങ്ങളായി. സന്ദർശകരുടെ തിരക്ക് ഇവിടെ ഏറെ അനുഭവപ്പെട്ടു. സീ ഫുഡുകൾ വിളമ്പുന്ന വഴിയോരത്തുളള ഭക്ഷണശാലകൾ, നിശാ ക്‌ളബുകൾ, ബിയർ പാർലറുകൾ, ഡിസ്‌ക്കോകൾ എന്നിവ കൊണ്ട് സജീവമാണ് പുക്കറ്റിലെ തെരുവുകൾ.

No one knows what changes, big or small, lie ahead. One thing is certain, our journey's not over.... തായ്‌ലൻഡ് നൽകിയ മനോഹരമായ ഓർമകൾ ചേർത്തു പിടിച്ച് കൊണ്ട് വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിക്കുന്ന മറ്റൊരു യാത്രയെക്കുറിച്ചുളള പ്രതീക്ഷകളുമായിട്ടാണ് ഞങ്ങളവിടെ നിന്ന് യാത്രയായത്