രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം,മരുന്നില്ലാതെ..

ആധുനിക മനുഷ്യരില്‍ വര്‍ദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കമാണ് ജീവിതശൈലീ രോഗമായ രക്തസമ്മര്‍ദ്ദത്തിനും കാരണം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം,മരുന്നില്ലാതെ..

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സര്‍വ്വസാധാരണമായ ഒരു ജീവിതശൈലീരോഗമായി മാറിയിരിക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ രക്തസമ്മര്‍ദ്ദത്തിന് ആനുപാതികമായി ഉയരുന്നത് കൊണ്ട് ഈ രോഗാവസ്ഥയെ നിസ്സാരമായി കണക്കാക്കരുത്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുവാന്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്.

ശരീരഭാരം നിയന്ത്രിക്കുക

ശരീരഭാരം വര്‍ദ്ധിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നു. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശരീരഭാരവും കുറയ്ക്കേണ്ടത് അത്യന്താപേക്ഷികമാണ്. പ്രത്യേകിച്ചു അര ഭാഗത്ത് വണ്ണം കൂടാതെ ശ്രദ്ധിക്കണം.


സമീകൃതഭക്ഷണ ശൈലി ശീലമാക്കുക

ബി. പി. നിയന്ത്രിക്കുവാന്‍ ശാസ്ത്രീയമായി സംവിധാനം ചെയ്തിട്ടുള്ള ഭക്ഷണരീതിയാണ് ഡാഷ് ഡയറ്റ് (Dietry Approach to Stop Hypertension). പയര്‍വര്‍ഗങ്ങളും, പഴങ്ങളും പച്ചക്കറിയും ആഹാരത്തിന്‍റെ ഭാഗമാക്കണം. കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതിനാല്‍ ഇവ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം 


കടല്‍ മത്സ്യങ്ങളായ മത്തി, അയല ചൂര, കോര തുടങ്ങിയവ സ്ഥിരമായി കറിവെച്ച് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുവാന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. ഈ മീനുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നത് കൂടാതെ ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍, മീന്‍ വിഭവങ്ങള്‍ വറുത്ത് ഉപയോഗിച്ചാല്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയില്ല.

വ്യായാമം മുടക്കരുത്:

ഒരു ദിവസം കുറഞ്ഞത്‌ അരമണിക്കൂര്‍ എങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കണം. പൊടുന്നവേ വ്യായാമം അവസാനിപ്പിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷമായിരിക്കും ചെയ്യുക. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം ഉള്ള ആളുകള്‍ക്ക് സൈക്കിളിംഗ്, നടത്തം, നീന്തല്‍ എന്നീ വ്യായാമങ്ങള്‍ ആയിരിക്കും അനുയോജ്യം

ആഹാരത്തില്‍ സോഡിയത്തിന്‍റെ അളവ് നിയന്ത്രിക്കുക


സോഡിയത്തിന്റെ അളവ് വര്‍ദ്ധിക്കുന്തോറും രക്തസമ്മര്‍ദ്ദം ഉയരാനുള്ള സാധ്യതകളും കൂടുതലാണ്. പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നീ ധാതുക്കള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്

കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ വര്‍ജ്ജിക്കുക

പതിവായി കാപ്പി കുടിക്കുന്നവരില്‍ ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതായി കാണുന്നില്ലെങ്കിലും, വല്ലപ്പോഴും മാത്രം കാപ്പിയും, കഫീന്‍ അടങ്ങിയ മറ്റു പാനീയങ്ങളും കുടിക്കുന്നവരില്‍ ഇത് രക്തസമ്മര്‍ദ്ദം കൂട്ടുന്നതിനുതകുന്നു.

ചായകുടി രക്തസമ്മര്‍ദ്ദം കൂട്ടുമെങ്കിലും ചായയിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡുകള്‍ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനാല്‍ മിതമായി കടുപ്പം കുറഞ്ഞ ചായ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

പുകവലി ഉപേക്ഷിക്കുക

ഒരു സിഗരറ്റ് വലിച്ചതിന് ശേഷം ഏറെ നേരം ശരീരത്തിന്‍റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായിരിക്കും. പുകവലി ശീലമായിരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുവാനും പ്രയാസമാണ് എന്ന് മറക്കേണ്ട.

മാനസിക പിരിമുറുക്കം അരുത്

പിരിമുറുക്കങ്ങള്‍ അകറ്റുന്ന യോഗ, ധ്യാനം, പ്രാര്‍ത്ഥന, ജീവനകല എന്നിവയില്‍ ഏതെങ്കിലും ഒന്ന് അഭ്യസിക്കുവാന്‍ വേണ്ടി മാറ്റിവെക്കേണ്ടത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുപരിയായി ഹൃദയാരോഗ്യം സംരക്ഷിച്ച് ഹൃദയാഘാതത്തെ തടയുവാന്‍ അത്യന്താപേക്ഷിതമാണ്. ധ്യാനവും യോഗയും ജീവനകലയും ശീലമാക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് സഹായിക്കും