വികാരിയെ അകാരണമായി സ്ഥലം മാറ്റിയതിനെതിരെ കൊയ്യാമരക്കോട് പള്ളിയിൽ ഇടവകാംഗങ്ങൾ സമരം ശക്തമാക്കുന്നു

വികാരിയെ സ്ഥലം മാറ്റിയതിനെതിരെ ഒരു വർഷം മുൻപ് വിശ്വാസികൾ സമരം നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ നിരാഹാര സമരമായിരുന്നു നടത്തിയിരുന്നത്. സമാധാനപരമായി മുന്നേറിയ സമരം ആറുമാസം മുൻപ് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സമരക്കാർക്കു നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു

വികാരിയെ അകാരണമായി സ്ഥലം മാറ്റിയതിനെതിരെ കൊയ്യാമരക്കോട് പള്ളിയിൽ ഇടവകാംഗങ്ങൾ സമരം ശക്തമാക്കുന്നു

പാലക്കാട്: പള്ളി വികാരിയെ അകാരണമായി സ്ഥലം മാറ്റിയതിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി ഇടവകാംഗങ്ങൾ. സുല്‍ത്താന്‍ പേട്ട രൂപതയ്ക്ക് കീഴിലെ കഞ്ചിക്കോട് കൊയ്യാമരക്കോട് ഹോളി ഫാമിലി ലത്തീൻ കത്തോലിക്കാ പള്ളിയിലെ വിശ്വാസികളാണ് ബിഷപ്പിനെതിരെ വീണ്ടും സമരത്തിന്  ഒരുങ്ങുന്നത്. പള്ളിയിലെ വികാരിയായിരുന്ന ഫാദർ എഫ്രേമിനെതിരെ ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് സ്ഥലം മാറ്റിയതെന്നു പ്രതിഷേധക്കാർ പറഞ്ഞു.

വികാരിയെ സ്ഥലം മാറ്റിയതിനെതിരെ  ഒരു വർഷം മുൻപ് വിശ്വാസികൾ സമരം നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ നിരാഹാര സമരമായിരുന്നു നടത്തിയിരുന്നത്.  സമാധാനപരമായി മുന്നേറിയ സമരം ആറുമാസം മുൻപ് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സമരക്കാർക്കു നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. പരിക്കേറ്റ പലരും ഇപ്പോഴും ചികിത്സയിലാണ്. സമരത്തിൽ പങ്കെടുത്ത അൻപതോളം പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.


church-2

വികാരിയെ മാറ്റിയതിൽ പ്രതിഷേധിച്ച്  വിശ്വാസികൾ പ്രാർത്ഥനയ്ക്കെത്താതിരുന്നതിനാൽ പള്ളി പൂട്ടിക്കിടക്കുകയായിരുന്നു. എന്നാൽ പോലീസ് ലാത്തിച്ചാർജ് നടത്തിയ ദിവസം മുതൽ പള്ളി വീണ്ടും തുറന്നു. എന്നാൽ ബിഷപ്പിനെ അനുകൂലിക്കുന്ന ഇരുപതോളം കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ പള്ളിയിലെത്തുന്നത്.

ഈ പള്ളിയോട് ചേര്‍ന്നുള്ള പുതൂര്‍, പയറ്റുക്കാട് പള്ളികളും  അടഞ്ഞു കിടക്കുകയാണ്.  ഒരു വർഷമായിട്ടും നടപടി ഇല്ലാത്തതിനെ തുടർന്നാണ് ഇടവകയംഗങ്ങൾ വീണ്ടും സമരത്തിന് ഒരുങ്ങുന്നത് .

പ്രശ്നങ്ങളുടെ തുടക്കം വികാരിയുടെ അകാരണമായ സ്ഥലം മാറ്റം

2014 മെയ് മാസത്തിലാണ് ഫാദര്‍. എഫ്രേമിനെ വികാരിയായി സുല്‍ത്താന്‍ പേട്ട ബിഷപ്പ് പീറ്റര്‍ അബിന്‍ നിയമിക്കുന്നത്.  ചുരുങ്ങിയ സമയം കൊണ്ടു തന്നെ  പള്ളിയെ അടിമുടി മാറ്റിയ പ്രവർത്തനങ്ങളാണ് വികാരി നടത്തിയത്.  പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ പാരീഷ് ഹാള്‍ നിര്‍മ്മിച്ചു. സെമിത്തേരി നവീകരിച്ചു. ഇതര മതത്തിൽ പെട്ട കുട്ടികൾക്കുൾപ്പെടെ  ഒന്നാം ക്ലാസ് മുതല്‍ 12 ാം ക്ലാസ് വരെ സൗജന്യ ട്യൂഷന്‍  ഏർപ്പെടുത്തി. കുര്‍ബാനക്കും മറ്റും കിട്ടുന്ന പണം എണ്ണി തിട്ടപ്പെടുത്താതെ മുഴുവനായി ബിഷപ്പിന് നല്‍കുന്ന പതിവ് നിര്‍ത്തലാക്കി. പകരം ആ തുകക്ക് കൃത്യമായ കണക്ക് സൂക്ഷിക്കുകയും  ബിഷപ്പിനു നല്‍കുന്നതു കൂടാതെ പള്ളിക്കാര്യങ്ങള്‍ക്ക് കൂടി ആ തുക ചെലവഴിക്കാനും തുടങ്ങി.

church

ഇതിനിടയിലാണ് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഫാദര്‍ എഫ്രേമിനെ സ്ഥലം മാറ്റുന്നത്. ഇതിനെതിരെ പള്ളിയിലെ ഭൂരിഭാഗം വിശ്വാസികളും രംഗത്ത് വന്നു. മൂന്നുവര്‍ഷത്തെ കരാറിലാണ് ഫാദർ എഫ്രേമിനെ നിയമിച്ചത്. കരാർ തീരും മുൻപ് സ്ഥലം മാറ്റിയത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഇടവകാംഗങ്ങളുടെ നിലപാട്.

വികാരിക്ക് കിട്ടിയത് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍; പിന്നെ ഡിസ്മസലും

ശിക്ഷാ നടപടിയുടെ ഭാഗമായാണ് വികാരിയെ സ്ഥലം മാറ്റിയതെന്ന് ഇടവകാംഗങ്ങൾ പിന്നീടാണ് അറിഞ്ഞത്. ദിണ്ഡുക്കലില്‍ ഉള്ള ധ്യാനകേന്ദ്രത്തിലേയ്ക്കായിരുന്നു സ്ഥലംമാറ്റം.  അച്ചടക്ക നടപടി നേരിടുന്നവരെ സ്ഥലം മാറ്റുന്ന ഇടമാണ് ദിണ്ഡുക്കലിലെ ധ്യാനകേന്ദ്രം.  വൈദ്യുതി, നല്ല ഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യം പോലും ഇല്ലാത്തി ഇടമാണ് ധ്യാനകേന്ദ്രം.

ധ്യാനകേന്ദ്രത്തിലേക്ക് ഫാദർ എഫ്രേമിനെ സ്ഥലം മാറ്റിയതിന്റെ കാരണം വിശദീകരിക്കണമെന്നും  വികാരിയെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.

സമരം നടത്തിയത് ഇങ്ങനെ

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 19 ന് പള്ളിയങ്കണത്തില്‍ നിരാഹാര സമരം നടത്തിയാണ് വിശ്വാസികള്‍ പ്രതിഷേധം തുടങ്ങിയത്. ബാനറുകള്‍ കെട്ടി പ്രാര്‍ത്ഥനയോടും മറ്റുമാണ് സമരം നടത്തിയത്. പള്ളിയങ്കണത്തില്‍ തുടങ്ങിയ സമരം തൊട്ടടുത്ത ദിനം ബിഷപ്പ് ഹൗസിലേക്ക് നീണ്ടു. ബിഷപ്പ് ഹൗസില്‍ മുന്നില്‍ വിശ്വാസികള്‍ ഉപവാസ സമരം നടത്തി. തുടര്‍ന്ന് കലക്ട്രേറ്റ് മാര്‍ച്ചും  നടത്തി.  പ്രധാനമന്ത്രിക്ക് ഉൾപ്പെടെ  ഇവര്‍ പരാതി നല്‍കി. പലതവണ ജില്ലാ കലക്ടറുടെ സാന്നിദ്ധ്യത്തില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടന്നെങ്കിലും  ബിഷപ്പ് ഇതിനോട് സഹകരിച്ചില്ല.

വിശ്വാസികള്‍ പള്ളി ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതോടെ കഴിഞ്ഞ വര്‍ഷം പള്ളി അടച്ചു. വിശ്വാസികളുടെ പരാതി റോം വരെ എത്തിയതോടെ പള്ളി തുറക്കാൻ ബിഷപ്പിനു മേല്‍ സമ്മര്‍ദ്ദമുണ്ടായി. പ്രശ്‌നം പരിഹരിച്ച ശേഷമേ പള്ളി തുറക്കാവു എന്ന നിലപാട് വിശ്വാസികളും എടുത്തതോടെ ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചു. പള്ളി തുറക്കാനുള്ള പോലീസ് സഹായം ചോദിച്ചു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.  പള്ളി തുറക്കണമെന്ന ആവശ്യം ഉന്നയിച്ചു വീണ്ടും കോടതിയെ സമീപിച്ചു. തുടർന്ന് കോടതി അനുമതി നൽകി.  കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഈ ഉത്തരവ് സമ്പാദിച്ചതെന്ന് വിശ്വാസികള്‍ക്ക് വേണ്ടി സമരരംഗത്ത് നില്‍ക്കുന്ന ലെയോന ജോണ്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

പള്ളി അങ്കണത്തില്‍ ലാത്തിച്ചാര്‍ജ്ജും സംഘര്‍ഷവും

പൂട്ടി കിടക്കുന്ന പള്ളി തുറക്കാന്‍ പോലീസ് സഹായത്തോടെ ബിഷപ്പിന്റെ ആളുകള്‍ വന്നതോടെയാണ് പള്ളി വളപ്പില്‍ ലാത്തിച്ചാര്‍ജും സംഘര്‍ഷവും ഉണ്ടായത്. നിലവില്‍ പള്ളി വികാരിയായി ബിഷപ്പ് നിയമിച്ച ഫാദര്‍ സ്റ്റീഫന്‍ പള്ളിയുടെ ഗേറ്റ് തുറക്കാന്‍ ശ്രമിച്ചത് അകത്ത് നിന്ന് വിശ്വാസികള്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് ഗേറ്റ് ചവിട്ടി തുറന്നാണ് അകത്തു കയറിയത്. ഏകദേശം 70 ഓളം പോലീസുകാര്‍ കുട്ടികളുൾപ്പെടുന്ന പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശി.  ലാത്തിച്ചാർജ്ജിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള സർക്കാർ ആശുപത്രിയിൽചികിത്സ തേടാൻ പോലും പോലീസ് അനുവദിച്ചില്ലെന്ന് സമരസമിതി അംഗങ്ങൾ പറഞ്ഞു.

church-1

ഒരിടവേളയ്ക്ക് ശേഷം പള്ളി മുറ്റം വീണ്ടും സമരച്ചൂടിലേക്ക്


ഫാദർ എഫ്രേമിനെ  തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ടായിരുന്നു സമരം തുടങ്ങിയതെങ്കിലും ഇപ്പോള്‍ സമരത്തിന്റെ ഗതി മാറി. പള്ളിക്ക് തങ്ങളെ ആവശ്യമില്ലെങ്കില്‍ പാരിഷ് ഹാള്‍ നിര്‍മ്മാണത്തിനും മറ്റുമായി വിശ്വാസികള്‍ പിരിച്ചെടുത്ത് നല്‍കിയ 10 ലക്ഷം രൂപ അവര്‍ക്ക് മടക്കി നല്‍കുക, തങ്ങള്‍ക്കെതിരേയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ലാത്തിച്ചാര്‍ജിനെ കുറിച്ച്  അന്വേഷിക്കുക എന്നിവയായി ആവശ്യങ്ങള്‍ മാറിയിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത ദിവസങ്ങളില്‍ പള്ളിയിൽ പ്രവേശിച്ച് സമരം നടത്താനാണ് വിശ്വാസികളുടെ തീരുമാനം. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ അത് വിണ്ടും സംഘര്‍ഷത്തിന് വഴിവെക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇതൊഴിവാക്കാന്‍ ഒരു ചര്‍ച്ച നടത്താന്‍ പോലും ആരും തയ്യാറായിട്ടില്ല.

പള്ളിക്കെതിരെ നടക്കുന്ന കുപ്രചരണമെന്ന് ബിഷപ്പ്

പള്ളിയില്‍ പ്രശ്‌നങ്ങളുണ്ടെന്നത്  ചിലരുടെ പ്രചരണം മാത്രമാണെന്ന് ബിഷപ്പ് പീറ്റർ അബിൻ പറഞ്ഞു.  നേരത്തെയുണ്ടായിരുന്ന ഫാദര്‍ എഫ്രേം ഓര്‍ഡര്‍ വാങ്ങി പോയതാണ്. ആരും സ്ഥലം മാറ്റിയതോ ശിക്ഷിച്ചതോ അല്ല. ചില പ്രശ്‌നങ്ങള്‍ മൂലം  പള്ളിയില്‍ കുര്‍ബ്ബാന കുറച്ചുനാള്‍ മുടങ്ങിയിരുന്നു. അതല്ലാതെ  മറ്റൊരു പ്രശ്‌നവും അവിടെ ഉണ്ടായിട്ടില്ലെന്നും ബിഷപ്പ് പീറ്റര്‍ അബിൻ നാരദാ ന്യൂസിനോട് പറഞ്ഞു.

ബിഷപ്പിന്റെ വാദങ്ങള്‍ തെറ്റ്

ഫാദർ എഫ്രേമിനെ ശിക്ഷാ നടപടികളുടെ ഭാഗമായി തന്നെയാണ് ദിണ്ഡുക്കലിലെ ധ്യാന കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന്  നാരദ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ മനസിലായി. ധ്യാന കേന്ദ്രത്തിന് പുറത്തു പോകാനോ ആരേയും കാണാനോ അനുവാദമില്ല. മാത്രമല്ല കൊയ്യാമരക്കോട് പള്ളി സന്ദർശിക്കുന്നതിനും വികാരിക്ക് വിലക്കുണ്ട്.

Story by
Read More >>