മിസ്ത്രി നടപ്പാക്കിയത് കമ്പനിയുടെ പാരമ്പര്യത്തിന് എതിരായ നയങ്ങളെന്ന് ടാറ്റ

ടാറ്റ തന്നെ കഴിവുകെട്ടവനായാണ് പരിഗണിക്കുന്നതെന്ന് സൈറസ് മിസ്ത്രി ആരോപിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ടാറ്റയുടെ ഭാഗത്തുനിന്നും വിശദീകരണം ഉണ്ടായിരിക്കുന്നത്.

മിസ്ത്രി നടപ്പാക്കിയത് കമ്പനിയുടെ പാരമ്പര്യത്തിന് എതിരായ നയങ്ങളെന്ന് ടാറ്റ

ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും സൈറസ് മിസ്ത്രിയെ നീക്കം ചെയ്ത നടപടിയെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി ടാറ്റ ഗ്രൂപ്പ്. ടാറ്റയുടെ പാരമ്പര്യത്തിനെതിരായി  തന്നിഷ്ടപ്രകാരമുള്ള നയങ്ങളാണ് മിസ്ത്രി നടപ്പാക്കിയത്. ഇതാണ്  പുറത്താക്കലിലേക്ക് വഴിതെളിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം.

ടാറ്റ തന്നെ കഴിവുകെട്ടവനായാണ് പരിഗണിക്കുന്നതെന്ന് സൈറസ് മിസ്ത്രി ആരോപിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ടാറ്റയുടെ ഭാഗത്തുനിന്നും വിശദീകരണം ഉണ്ടായിരിക്കുന്നത്.


2006 മുതല്‍ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടർമാരില്‍ ഒരാളാണ് മിസ്ത്രി. 2011ല്‍ ടാറ്റയുടെ ഡപ്യൂട്ടി ചെയര്‍മാനായി നിയമിക്കപ്പെട്ടു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ടാറ്റയുടെ ചെയര്‍മാനായി മിസ്ത്രി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആയതിനാല്‍ കമ്പനിയുടെ നിയമം,രീതി,സംസ്‌ക്കാരം, കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളില്‍ മിസ്ത്രിക്ക് ഉത്തമ ബോധ്യം ഉണ്ടാവേണ്ടതാണെന്നാണ് കൂടാതെ മിസ്ത്രി കമ്പനിയില്‍ നടപ്പാക്കിയത് മിസ്ത്രിയുടെ നയങ്ങളാണെന്നാണ് ടാറ്റ വ്യക്തമാക്കുന്നത്.

ടാറ്റ ചെയര്‍മാന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അധികാരം കമ്പനി എക്കാലത്തും നല്‍കുന്നുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയ മിസ്ത്രി കമ്പനിയുടെ പാരമ്പര്യത്തിനും സംസ്‌ക്കാരത്തിനും എതിരായാണ് പ്രവര്‍ത്തിച്ചതെന്നാണ് ടാറ്റ ഗ്രൂപ്പ് പറയുന്നത്.

എന്നാല്‍ മിസ്ത്രിയെ പുറത്താക്കിയ നടപടിക്ക് തൊട്ടുപിന്നാലെ രത്തന്‍ ടാറ്റ കമ്പനിയുടെ താത്കാലിക ചെയര്‍മാന്‍സ്ഥാനം ഏറ്റെടുത്തു. കൂടാതെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള കമ്മിറ്റിക്കും രൂപം നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ കമ്പനിയുടെ ഓഹരിയുടെ പ്രധാന ഭാഗം കൈയ്യാളുന്നത് രത്തന്‍ ടാറ്റയും 18 ശതമാനം ഓഹരി മിസ്ത്രിയുടെ പല്ലോൺജി ഗ്രൂപ്പിന്റെ കൈവശവുമാണുള്ളത്. മിസ്ത്രിയുടെ ഓഹരി തിരികെ നല്‍കുന്നതിന് ടാറ്റ ശ്രമം തുടങ്ങിയെന്നാണ്  പുതിയ വിവരം.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഡയറക്ടര്‍ ബോര്‍ഡ് പല തവണകളായി ഇടപെടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ കമ്പനി പ്രധാനമായും നേരിടുന്ന പ്രശ്‌നങ്ങളെ മിസ്ത്രി മുഖവിലയ്‌ക്കെടുക്കാതിരുന്നതാണ് മിസ്ത്രിയെ പുറത്താക്കുന്നതിലേക്ക് ടാറ്റയെ നയിച്ചത്. ടാറ്റ സണ്‍സ് ബോര്‍ഡിന്റെ തീരുമാനത്തെതുടര്‍ന്നാണ് മിസ്ത്രിയെ പുറത്താക്കിയതെന്നാണ് ടാറ്റ നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്.

ടാറ്റയുടെ അഞ്ച് ബിസിനസുകള്‍ നഷ്ടത്തിലാണെന്ന് മിസ്ത്രി കമ്പനി ബോര്‍ഡിന് ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. അഞ്ചെണ്ണത്തിലുമായി 1.18 ട്രില്ല്യണ്‍ രൂപ നഷ്ടമുണ്ടെന്നാണ് മിസ്ത്രി ഇ-മെയില്‍ സന്ദേശത്തില്‍ സൂചിപ്പിച്ചരുന്നത്. ടാറ്റയുടെ സിവില്‍ ഏവിയേഷനിലേക്കുള്ള കടന്നുവരവ്, നാനോ കാര്‍ ഉല്‍പാദനം, തുടങ്ങിയവയില്‍ നേരിടേണ്ടിവരുന്ന നഷ്ടങ്ങളെക്കുറിച്ചാണ് അതില്‍ പ്രധാനമായും പരാമര്‍ശിച്ചിരുന്നത്.

എന്നാല്‍ കമ്പനിയുടെ തീരുമാനങ്ങളും നടപടികളും തെറ്റായ രീതിയിലാണ് മുന്‍ ചെയര്‍മാന്‍ വ്യാഖ്യാനിച്ചതെന്നാണ് ടാറ്റയുടെ വിശദീകരണം.

Read More >>