ടാറ്റാ ചെയർമാൻ സ്ഥാനത്തു നിന്ന് സൈറസ് മിസ്ട്രി പുറത്ത്, വിനയായത് ആത്മവിശ്വാസവും പുതിയ ആശയങ്ങളും

ആറ്റിക്കുറുക്കി ഇങ്ങനെ പറയാം, വലിയ ലക്ഷ്യങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ച ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനെ, ചെറിയ തിരിച്ചടികളുടെ പേരിൽ സ്ഥാപനം പുറത്താക്കി. പക്ഷേ, ആ തീരുമാനം നിക്ഷേപർക്ക് ബോധിച്ചില്ല. അതിന്റെ തെളിവാണ് ഓഹരിമൂല്യത്തിൽ പ്രതിഫലിക്കുന്ന ചാഞ്ചാട്ടം.

ടാറ്റാ ചെയർമാൻ സ്ഥാനത്തു നിന്ന് സൈറസ് മിസ്ട്രി പുറത്ത്, വിനയായത് ആത്മവിശ്വാസവും പുതിയ ആശയങ്ങളും

ദില്ലി ബ്യൂറോ

"കഴിഞ്ഞ പതിനഞ്ചു ദശാബ്ദമായി പരിപാലിക്കപ്പെട്ടുവന്ന ശക്തമത്തായ ഒരടിത്തറ നമുക്കുണ്ട് എന്നതിനെക്കുറിച്ച് ഞാൻ ബോധവാനാണ്, അടുത്ത നൂറ്റമ്പതു വർഷത്തെ ഉയർച്ചയ്ക്കു വേണ്ടത് നാമിനി പടുത്തുയർത്തണം".

ടാറ്റാ ഗ്രൂപ്പ് ചെയർമാൻ സൈറസ് മിസ്ത്രി ഒരു മാസം മുമ്പ് നൽകിയ ഒരഭിമുഖത്തിലെ വാക്കുകളാണിത്. ആ  ആത്മവിശ്വാസവും ലക്ഷ്യങ്ങളും പക്ഷേ, ടാറ്റാ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡിനു ദഹിച്ചില്ല. ഫലം, സൈറസ് മിസ്ട്രിയെന്ന നാൽപ്പത്തെട്ടുകാരന് ഇന്ത്യയിലെ ഏറ്റവും പഴക്കമുളള വ്യവസായഗ്രൂപ്പിന്റെ ചെയർമാൻ പദവി നഷ്ടമായി.

ടാറ്റാ സ്റ്റീലും ടാറ്റാ മോട്ടോർസും പുതിയ മേധാവിയുടെ കീഴിൽ തളർന്നുപോവുകയാണെന്ന ന്യായം പറഞ്ഞ് ചെറുപ്പക്കാരനായ ചെയർമാനെ പടിയിറക്കി അവർ പഴയ പടക്കുതിരയായ രത്തൻ ടാറ്റയെ തിരികെ വിളിക്കുന്നു. നാലു മാസത്തേയ്ക്ക് ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ നിയോഗിക്കപ്പെട്ടു.

രത്തൻ ടാറ്റ സ്ഥാനമൊഴിഞ്ഞ കസേരയിലേയ്ക്ക് ചെറുപ്പക്കാരനായ സൈറസ് മിസ്ട്രി നിയോഗിക്കപ്പെട്ടത് ബിസിനസ് ലോകത്തെ അത്ഭുതപ്പെടുത്തിയ തീരുമാനമായിരുന്നു. ഇപ്പോൾ മിസ്ട്രിയുടെ പടിയിറക്കം അവരെ ഞെട്ടിച്ചിരിക്കുകയാണ്. തീരുമാനം പുറത്തുവന്നതോടെ ടാറ്റാ ഓഹരികൾ താഴേയ്ക്കു പതിക്കുകയാണ്. രത്തൻ ടാറ്റ, വേണു ശ്രീനിവാസൻ, അമിത് ചന്ദ്ര, റോണെൻ സെൻ, കുമാർ ഭട്ടാചാര്യ എന്നിവരടങ്ങിയ ഡയറക്ടർ ബോർഡാണ് സൈറസ് മിസ്ട്രിയെ പുറത്താക്കി രത്തൻ ടാറ്റയെ ചുമതലയേൽപ്പിക്കാൻ തീരുമാനിച്ചത്.

നാടകീയമാണ് തീരുമാനം. മിന്നുന്ന ട്രാക്ക് റെക്കോഡിന്റെ കുഴൽവിളിയോടെയായിരുന്നു രത്തൻടാറ്റയുടെ പിൻഗാമിയായി സൈറസ് മിസ്ത്രി ടാറ്റാ ഗ്രൂപ്പിന്റെ പടി കയറിയത്. ഷപൂർജി പല്ലോൺജിയെന്ന കൺസ്ട്രക്ഷൻ കമ്പനിയെ ബില്യൺ ഡോളർ വലിപ്പത്തിലേയ്ക്കു വളർത്തിയ നേതൃപാടവത്തിന്റെ അഭിമാനക്കരുത്തായിരുന്നു മിസ്ത്രിയുടെ പിൻബലം. 1990ൽ ലണ്ടനിലെ ഇംപീരിയൽ കോളജിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദമെടുത്തു പുറത്തിറങ്ങിയ മിസ്ത്രിയുടെ നേതൃത്വത്തിലാണ് ഷപൂർജിയെന്ന നിർമ്മാണക്കമ്പനി വളർച്ചയുടെ പടവുകൾ കെട്ടിപ്പൊക്കിയത്.

പക്ഷേ, ടാറ്റയിലെത്തിയപ്പോൾ മിസ്ത്രിയുടെ ചുവടു പിഴച്ചുവെന്നു വേണം പറയാൻ. പുതുതലമുറ മാനേജ്മെന്റ് തന്ത്രങ്ങളും രക്തത്തിളപ്പുളള ലക്ഷ്യങ്ങളുമായി എത്തിയ പുതിയ ചെയർമാനു ചേർന്ന കോർപറേറ്റു ഭരണമല്ല ടാറ്റാ സംവിധാനം. രത്തൻ ടാറ്റയിൽ നിന്ന് തീർത്തും വ്യത്യസ്തമായ രീതികളും ശൈലികളുമായിരുന്നു സൈറസിന്റേത്. തീർച്ചായായും കമ്പോളത്തിൽ ടാറ്റയുടെ ഓഹരികൾക്ക് രത്തൻ ടാറ്റയുടെ കാലത്തേക്കാൾ നിലയും വിലയുമുണ്ടായത് പുതിയ ചെയർമാന്റെ കീഴിലാണ്.

കടുത്ത തീരുമാനങ്ങളെടുക്കാൻ തയ്യാറാകേണ്ടി വരും എന്ന് സൈറസ് ഈയടുത്തു നൽകിയ പല അഭിമുഖങ്ങളിലും വെട്ടിത്തുറന്നു പറഞ്ഞിരുന്നു. ടാറ്റയുടെ ശാഖകൾ വെട്ടിയൊതുക്കാനും അദ്ദേഹത്തിനു പദ്ധതിയുണ്ടായിരുന്നു. പക്ഷേ, ഇതൊന്നും നൂറ്റമ്പതു വർഷത്തെ പാരമ്പര്യത്തിനൊപ്പം ചിന്തകളിൽ അതിനൊത്ത പഴക്കവും പേറുന്ന ഒരു സംവിധാനത്തിന് സഹിക്കാൻ പറ്റുന്നതായിരുന്നില്ല.

ആറ്റിക്കുറുക്കി ഇങ്ങനെ പറയാം, വലിയ ലക്ഷ്യങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ച ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനെ, ചെറിയ തിരിച്ചടികളുടെ പേരിൽ സ്ഥാപനം പുറത്താക്കി. പക്ഷേ, ആ തീരുമാനം നിക്ഷേപർക്ക് ബോധിച്ചില്ല. അതിന്റെ തെളിവാണ് ഓഹരിമൂല്യത്തിൽ പ്രതിഫലിക്കുന്ന ചാഞ്ചാട്ടം. രത്തൻ ടാറ്റ വീണ്ടും കസേരയേൽക്കുമ്പോൾ ടാറ്റയെ കാത്തിരിക്കുന്നതും പുതിയ വെല്ലുവിളികളാണ്.

Read More >>