മലമ്പുഴ ഡാമിലെ റിസർവോയർ മണ്ണിട്ടു നികത്തുന്നത് നിർത്തി വെക്കാൻ തഹസിൽദാരുടെ ഉത്തരവ്

കരഭൂമിയോട് ചേർന്നുള്ള ഡാമിന്റെ റിസർവോയർ നികത്തി കരഭൂമിയാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥർ കണ്ടെത്തി. നികത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മലമ്പുഴ ഡാമിലെ റിസർവോയർ മണ്ണിട്ടു നികത്തുന്നത് നിർത്തി വെക്കാൻ തഹസിൽദാരുടെ ഉത്തരവ്

മലമ്പുഴ ഡാമിൽ വെള്ളം സംരക്ഷിച്ചു നിർത്താനുള്ള  റിസര്‍വോയർ മണ്ണിട്ട് നികത്തുന്നത് നിർത്തിവെക്കാൻ  തഹസിൽദാരുടെ ഉത്തരവ് . അനധികൃത റിസോര്‍ട്ട് , ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി റിസർവോയർ മണ്ണിട്ട് നികത്തുന്നത് നാരദ ന്യൂസ് കഴിഞ്ഞ ദിവസം  റിപ്പോർട്ട്  ചെയ്തിരുന്നു. തുടർന്ന് വെള്ളിയാഴ്ച്ച മലമ്പുഴ ഹെഡ് ക്വാർട്ടേഴ്സ് തഹസിൽദാർ പി ചന്ദ്രബാബു, ഡപ്യൂട്ടി തഹസിൽദാരായ കേശവനൊപ്പം സ്ഥലം സന്ദർശിച്ച് റിസർവോയർ നികത്തുന്നത് നിർത്തി വെക്കാൻ ഉത്തരവിടുകയായിരുന്നു .


കരഭൂമിയോട് ചേർന്നുള്ള ഡാമിന്റെ റിസർവോയർ  നികത്തി കരഭൂമിയാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥർ കണ്ടെത്തി. നികത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ നിർമ്മാണം നടത്തുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട് .

അതേ സമയം നാരദാ ന്യൂസ് റിപ്പോർട്ട്  ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്  പരിസ്ഥിതി സംഘടനാ പ്രതിനിധികൾ  സ്ഥലം സന്ദർശിച്ചു . ഒമ്പതു പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ  പരിസ്ഥിതി ഐക്യവേദി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത സ്ഥലം സന്ദർശിച്ച് നികത്തലിനെതിരെ അധികൃതർക്ക് പരാതി നൽകി. ഡാം സേഫ്റ്റി അതോറിറ്റി, റവന്യു, ഇറിഗേഷൻ മന്ത്രിമാർ, ജില്ലാ കളക്ടർ എന്നിവർക്കാണ് ബോബൻ മാട്ടുമന്ത പരാതി നൽകിയത് .

ഡാം അതോറിറ്റി മുതല്‍ സ്ഥലമുള്‍പ്പെട്ട പഞ്ചായത്തിലെ സെക്രട്ടറി വരെ അറിയാതെയാണ് ഏതാനും ആഴ്ചകളായി റിസര്‍വോയര്‍ നികത്തല്‍ മുന്നോട്ടു പോയത്. മലമ്പുഴ ഉദ്യാനത്തില്‍നിന്ന് പതിനെട്ടു കിലോമീറ്റര്‍ മാറിയുള്ള കൊച്ചിതോട് ആദിവാസി കോളനിക്കു സമീപമാണ് കയ്യേറ്റം. വന്‍ സന്നാഹങ്ങളോടെയായിരുന്നു പണി നടന്നിരുന്നത്.

ഈ റോഡില്‍ ഇരുഭാഗത്തുമായി മൂന്നു സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് ഭൂമി വാങ്ങിയതോടെയാണ് ഭൂമിയോട് ചേര്‍ന്നുകിടക്കുന്ന റിസര്‍വോയര്‍ ഭാഗം നികത്താന്‍ തുടങ്ങിയത്. റോഡിന്റെ ഒരു ഭാഗം ഉയര്‍ന്ന ഇടമാണ്. ഈ ഭാഗത്തെ മണ്ണ് ജെ.സി ബി ഉപയോഗിച്ച് നിരപ്പാക്കുകയായിരുന്നു ആദ്യം കയ്യേറ്റക്കാര്‍ ചെയ്തത് . പിന്നെ എതിര്‍വശത്ത് താഴ്ന്ന നിരപ്പില്‍ കിടന്നിരുന്ന ഭൂമി റോഡിനൊപ്പമാക്കി ഉയര്‍ത്തി.

അത് പൂര്‍ത്തിയായതോടെയാണ് ഈ സ്ഥലത്തോട് ചേര്‍ന്നുള്ള റിസര്‍വോയര്‍ നികത്താന്‍ തുടങ്ങിയത്. നിരത്തിയ ഏക്കര്‍ കണക്കിന് റിസര്‍വോയര്‍ പ്രദേശം ഇവരുടെ ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. റിസര്‍വോയറാണ് നികത്തുന്നതെന്ന് ആര്‍ക്കും ഒറ്റ നോട്ടത്തില്‍ത്തന്നെ മനസ്സിലാകും. മുപ്പതേക്കര്‍ ഭൂമിയോളം ഇവിടെ  നികത്തിക്കഴിഞ്ഞു.

Story by
Read More >>