ഹിന്ദുത്വവും ദേശീയതയും സുപ്രീം കോടതിയുടെ കണ്ണില്‍

ഹിന്ദുവും ഹിന്ദുത്വവും ഒരു മതമായി ഗണിക്കാന്‍ കഴിയില്ലെന്ന സുപ്രീം കോടതി വിധി സംഘപരിവാര്‍ വ്യാപകമായി ഉപയോഗിച്ചു. മതഭ്രാന്തില്‍ അധിഷ്ഠിതമായ ഫാഷിസ്റ്റ്‌, വര്‍ഗ്ഗീയ പ്രചരണങ്ങള്‍ക്ക് ആക്കം കൂടി. ഇന്ത്യയിന്ന് അഭിമുഖീകരിക്കുന്ന രൂക്ഷമായ അസഹിഷ്ണുതയും വര്‍ഗ്ഗീയ ചേരി തിരിവും ന്യൂനപക്ഷങ്ങളുടെ വേട്ടയാടപ്പെടലും ഇതിന്‍റെ ഫലമാണെന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല.

ഹിന്ദുത്വവും ദേശീയതയും സുപ്രീം കോടതിയുടെ കണ്ണില്‍

നവാസ് ജാനെ

ഹൈന്ദവതയും ഹിന്ദുവും ഹിന്ദുത്വവും ഒരു മതമായി ഗണിക്കാന്‍ കഴിയില്ലെന്ന 1995 ലെ സുപ്രീംകോടതി വിധിയുടെ അനന്തരഫലം പരിശോധിക്കാന്‍ സാമൂഹിക പ്രവര്‍ത്തകയായ ടീസ്റ്റ സെതൽവാദ് കൊടുത്ത അപേക്ഷയാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച്‌ കഴിഞ്ഞ ചൊവാഴ്ച  തള്ളിയത്.
1995 ല്‍ ജസ്റ്റിസ് ജെ എസ് വര്‍മ്മയുടെ നേത്രുത്വത്തില്‍ ഹിന്ദുത്വം/ഹിന്ദുമതം എന്നാല്‍ ഒരു ജീവിതരീതിയാണ്, ഹിന്ദുത്വത്തിനോ ഹിന്ദു മതത്തിനോ മത മൗലികവാദമോ മതഭ്രാന്തോ ആയി യാതൊരു ബന്ധവുമില്ല എന്നായിരുന്നു സുപ്രീം കോടതി വിധിച്ചത്.  ഈ നിര്‍വ്വചനത്തില്‍ മത ന്യൂനപക്ഷങ്ങള്‍ ഉൾപ്പെടുമോ എന്ന് സുപ്രീം കോടതി പറയാന്‍ തയ്യാറായതുമില്ല.


വിധിയുടെ പശ്ചാത്തലം ഇങ്ങനെയാണ്. 1990 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേനയുടെ മനോഹര്‍ ജോഷി കോൺഗ്രസിന്റെ ഭൗറാഓ പാട്ടീലിനെ മഹാരാഷ്ട്രയില്‍ തോല്‍പ്പിച്ചു. പാട്ടീല്‍ ഇത് ജനപ്രതിനിധീകരണ നിയമത്തിന്‍റെ (Representation of People Act (RPA)) ലംഘനമാണെന്ന് വാദിച്ച് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കേസ് കൊടുത്തു. മത ജാതീയ വര്‍ഗ്ഗീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വെറുപ്പും സംഘര്‍ഷവും ഉണ്ടാക്കി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനെതിരെയാണ് ഈ നിയമം.

അതുപോലെ മഹാരാഷ്ട്രയില്‍ അസ്സംബ്ലി സീറ്റില്‍ മത്സരിച്ച ശിവസേനയുടെ രമേശ്‌ യശ്വന്ത് പ്രഭുവിന് വേണ്ടി ബാല്‍ താക്കറെ വര്‍ഗ്ഗീയ പ്രചരണം നടത്തിയതിനെതിരെയും കോടതിയെ സമീപിച്ചിരുന്നു. ആ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുടനീളം മുസ്ലിം വോട്ടുകള്‍ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും ഹിന്ദു മതത്തിനെ സംരക്ഷിക്കാനാണ് തങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും രാജ്യം ഹിന്ദുക്കളുടെയാണെന്നും ഹിന്ദുക്കള്‍ക്ക് എതിരെ നില്‍ക്കുന്നവരെ ചെരിപ്പ് കൊണ്ട് "ആരാധിക്കണമെന്നും" ബാല്‍ താക്കറെ പ്രസംഗിച്ചു.

രണ്ടു കേസുകളും പരിഗണിച്ച് ബോംബെ ഹൈക്കോടതി മനോഹര്‍ ജോഷിയടക്കമുള്ള ചിലരുടെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി. ഈ വിധിക്കെതിരെ ബിജെപിയും ശിവസേനയും സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് സുപ്രധാനവും ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കിയതുമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്.
വിധിന്യായത്തില്‍ സുപ്രീം കോടതി പറഞ്ഞത് മതത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതികള്‍ വോട്ടു പിടിച്ചിട്ടില്ലെന്നും, ഹിന്ദു, ഹിന്ദുത്വം തുടങ്ങിയ വാക്കുകള്‍ കൂടുതല്‍ വിശാലമായ ഹൈന്ദവ സംസ്കാരത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും, കേവലം മതത്തിന്‍റെ നിര്‍വ്വചനത്തില്‍ ഒതുക്കാന്‍ പറ്റിയതല്ലെന്നുമായിരുന്നു. ഹിന്ദുത്വം, ഹൈന്ദവത എന്നീ പരാമര്‍ശങ്ങള്‍ ഒരു പ്രസംഗത്തില്‍ ഉപയോഗിക്കുന്നത് മറ്റു മതങ്ങളെ ഹിന്ദു മതത്തിനെതിരായി പ്രതിഷ്ടിക്കുന്നതാണെന്ന് കരുതുന്നത് ഒരബദ്ധ(fallacy)മാണെന്നും നിയമത്തിന്‍റെ തെറ്റായ വ്യാഖ്യാനമാണെന്നും (error of law) വിധി ഉപസംഹരിച്ചു കൊണ്ട് സുപ്രീം കോടതി പ്രസ്താവിച്ചു.

ഈ വിധിയെ വ്യാപകമായി സംഘപരിവാര്‍ ഉപയോഗിച്ചു. മതഭ്രാന്തില്‍ അധിഷ്ഠിതമായ ഫാഷിസ്റ്റ്‌ വര്‍ഗ്ഗീയ പ്രചരണങ്ങള്‍ക്ക് ആക്കം കൂടി. ഇന്ത്യ ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന രൂക്ഷമായ അസഹിഷ്ണുതയും വര്‍ഗ്ഗീയ ചേരി തിരിവും ന്യൂനപക്ഷങ്ങളുടെ വേട്ടയാടപ്പെടലും ഇതിന്‍റെ ഫലമാണെന്ന് പറഞ്ഞാല്‍ അത്  തെറ്റാവില്ല. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള കൊലവിളികളും സംഘര്‍ഷങ്ങളും കലാപാഹ്വാനങ്ങളുമെല്ലാം ജീവിത രീതി മെച്ചപ്പെടുത്തുന്നതിനുള്ള സാംസ്കാരിക പ്രവര്‍ത്തനവും, ജീവിതരീതിയായി മാറിയ ഹിന്ദുത്വം ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനമായും, ഈ നിര്‍വ്വചനത്തിന് പുറത്തുള്ള ക്രൈസ്തവരും മുസ്ലിംകളും ദേശീയതക്ക് പുറത്തുള്ളവരായും ഗണിക്കപ്പെട്ടു. ഹിന്ദു മതവിശ്വാസി, ഫാഷിസ്റ്റ്‌ തീവ്രദേശീയ ഹിന്ദുത്വം, ഹിന്ദുമതം തുടങ്ങിയവക്കിടയിലുള്ള അതിരുകള്‍ ഇല്ലാതായത് കൊണ്ട് എല്ലാം സൗകര്യത്തിന് വേണ്ടി പരസ്പരം ഉപയോഗിക്കപ്പെട്ടു.

തങ്ങളുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നിയമത്തിന്‍റെ പരിരക്ഷയുണ്ടെന്ന രീതിയിലാണ് സംഘപരിവാരം പിന്നീട് പെരുമാറിയത്. ഹിന്ദുത്വം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച സംഘ പരിവാര്‍ സൈദ്ധാന്തികനായ സവര്‍ക്കര്‍ക്ക് പോലും ഹൈന്ദവതയും ഹിന്ദുത്വവും ഹിന്ദുവും വേറെ വേറെ ആയിരുന്നു. രാജ്യത്തിന്‍റെ ഹൈന്ദവ സംസ്കൃതിയില്‍ അഭിമാനിക്കുന്ന, തങ്ങളുടെ പൂര്‍വ്വ പിതാക്കള്‍ ഇന്ത്യക്കാരാണെന്ന് കരുതുന്ന, ഇന്ത്യയില്‍ ഉത്ഭവിച്ച സംസ്കാരങ്ങള്‍ മാത്രം മഹത്തരമായി കരുതുന്നവരുടെ ഒരു ഗുണവും വിശേഷണവുമായിരുന്നു സവര്‍ക്കര്‍ക്ക് ഹിന്ദുത്വം. ഈ നിര്‍വ്വചനമനുസരിച്ച് തൊട്ടടുത്ത ഗ്രാമത്തിലെയോ ജാതിയിലെയോ ഗോത്രത്തിലെയോ ആചാരങ്ങളെയും സംസ്കാരങ്ങളെയും മഹത്തരമായി കാണാത്ത ഭൂരിപക്ഷം ഹിന്ദുക്കളും, മുസ്ലിംകളും, ക്രിസ്ത്യാനികളും, കമ്മ്യൂണിസ്റ്റ്കാരും, സോഷ്യലിസ്റ്റുകളും, നിരീശ്വര വാദികളും ഇന്ത്യക്കാരാവാന്‍ അര്‍ഹതയില്ലാത്തവരാണ്.

1995 ലെ ഈ വിധിയുടെ അനന്തരഫലം പരിശോധിച്ച് വിധി ദുര്‍ബലമാക്കാന്‍ വേണ്ടി സാമൂഹിക പ്രവര്‍ത്തകയായ ടീസ്റ്റ സെറ്റ്ലവാദ് കൊടുത്ത അപേക്ഷയാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച്‌ കഴിഞ്ഞ ചൊവാഴ്ച (ഇന്നലെ) തള്ളിയത്. 1995 ലെ വിധിയിലെ നിര്‍വ്വചനപ്രകാരം ഹിന്ദുത്വം ദേശീയതയുടെയും പൗരത്വത്തിന്‍റെയും മാനദണ്ഡമായി മാറിയിരിക്കുന്നു എന്നായിരുന്നു ടീസ്റ്റയും എഴുത്തുകാരന്‍ ശംസുല്‍ ഇസ്ലാമും, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ദിലീപ് മണ്ഡലും ചേര്‍ന്നു കൊടുത്ത ഹരജിയില്‍ പരാമര്‍ശിച്ചത്. എന്നാല്‍ തങ്ങള്‍ The Representation of the People Act നിയമം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് മാത്രമേ പരിശോധിക്കുകയുള്ളൂ, ഹിന്ദുത്വം എന്നാല്‍ ഹിന്ദുമതമാണോ എന്ന് പരിശോധിക്കുകയില്ലെന്നും സുപ്രീം കോടതി ഹർജി തള്ളിക്കൊണ്ട് പറഞ്ഞു.

ഇന്ത്യയിലങ്ങോളമിങ്ങോളം സംഘപരിവാര്‍ നേതാക്കള്‍ നടത്തുന്ന കൊലവിളികള്‍ക്കും  വിദ്വേഷ പ്രസംഗങ്ങളും അവസാനിക്കാന്‍ പോവുന്നില്ല എന്ന നിരാശാജനകമായ വസ്തുതയാണ് നാം അഭിമുഖീകരിക്കേണ്ടത്. ഇവയൊന്നും മതവര്‍ഗ്ഗീയതയായി പരമോന്നത കോടതി കാണുന്നില്ല എന്നിടത്താണ് പ്രശ്നത്തിന്‍റെ കാതല്‍. ഹിന്ദുത്വം മതമല്ലാത്തത് കൊണ്ട് തന്നെ ഹിന്ദുത്വത്തിന്‍റെ കൊലവിളികള്‍ മതവര്‍ഗ്ഗീയത ആവുന്നില്ല . എന്നു  മാത്രമല്ല അവ ദേശീയത പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളായി മാറുകയും ചെയ്യുന്നു. ശശികലയും, ഗോപാലകൃഷ്ണനും തൊഗാഡിയയും രാജ് താക്കറെയും അഹൂജയും സാധ്വി പ്രാചിയും തുടങ്ങി മറ്റനേകം സംഘപരിവാര്‍ നേതാക്കള്‍ തങ്ങള്‍ക്ക് ശിക്ഷ ലഭിക്കാന്‍ പോവുന്നില്ല എന്ന ധൈര്യത്തില്‍  കലാപങ്ങള്‍ക്കും വിഭാഗീയതക്കും ഇന്ധനം പകരുന്നത് ഈ ധൈര്യത്തിലായിരിക്കണം.