കഅ്ബ കഴുകാത്ത തങ്ങളെപ്പറ്റി നുണവാർത്തയെഴുതിച്ചത് കെഎംസിസി ; ലീഗ് സംഘടനയുടെ 'അമിതാവേശം' തുറന്നുകാട്ടി ഇകെ സുന്നി ദിനപ്പത്രം

കഅ്ബ കഴുകല്‍ നടക്കാതെ വരികയും സംഭവം വിവാദമാകുകയും ചെയ്ത സാഹചര്യത്തിലാണ് സുപ്രഭാതത്തില്‍ വന്ന വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മാനേജിംഗ് എഡിറ്ററുടെ വിശദീകരണം

കഅ്ബ കഴുകാത്ത തങ്ങളെപ്പറ്റി നുണവാർത്തയെഴുതിച്ചത് കെഎംസിസി ; ലീഗ് സംഘടനയുടെ

കോഴിക്കോട്: സൗദി രാജാവിന്റെ ക്ഷണമുണ്ടെന്ന അവകാശവാദവുമായി മക്കയില്‍ കഅ്ബ കഴുകല്‍ ചടങ്ങിന് പോയി പ്രവേശനം ലഭിക്കാതെ വന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോട് ക്ഷമ ചോദിച്ച് സുപ്രഭാതം ദിനപത്രം. കെഎംസിസി ഭാരവാഹികളുടെ അമിതാവേശമാണ് തെറ്റായ വാർത്തയ്ക്ക് ഇടവരുത്തിയതെന്ന് സുപ്രഭാതം മാനേജിങ്ങ് എഡിറ്റർ പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ, പേര് വെച്ചെഴുതിയ വിശദീകരണക്കത്തിൽ വ്യക്തമാക്കി.


കഅ്ബ കഴുകല്‍ ചടങ്ങിന് സൗദി രാജാവിന്റെ ക്ഷണമുണ്ടായതിനേത്തുടര്‍ന്ന് ശിഹാബ് തങ്ങള്‍ യാത്ര തിരിച്ചെന്ന് ഇകെ വിഭാഗം സുന്നികളുടെ ഉടമസ്ഥതയിലുള്ള സുപ്രഭാതം പത്രം വാര്‍ത്ത നല്‍കിയിരുന്നു. കഅ്ബ കഴുകല്‍ നടക്കാതെ വരികയും സംഭവം വിവാദമാകുകയും ചെയ്ത സാഹചര്യത്തിലാണ് സുപ്രഭാതത്തില്‍ വന്ന വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട്  മാനേജിംഗ് എഡിറ്ററുടെ വിശദീകരണം. ശിഹാബ് തങ്ങള്‍ കഅ്ബ കഴുകാന്‍ മക്കയിലെത്തിയതായുള്ള ഫേസ്ബുക്ക് പോസ്റ്റും വോയിസ് മെസേജും നവാസ് പൂനൂര്‍ സുപ്രഭാതം ഓണ്‍ലൈനിലെ കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.


കഅ്ബ കഴുകാന്‍ സൗദിയിലെത്തിയ ശിഹാബ് തങ്ങള്‍ക്ക് രാജകൊട്ടാരത്തില്‍ സ്വീകരണം നല്‍കിയെന്ന സന്ദേശം അയച്ചതും കെഎംസിസി നേതാവാണെന്ന് നവാസ് പൂനൂർ വ്യക്തമാക്കുന്നു. 14ന് പാണക്കാട് തങ്ങള്‍ ഒരുക്കിയ സ്നേഹസംഗമം മാറ്റിവെച്ചതായും, പാണക്കാട് തങ്ങള്‍ സൗദി സര്‍ക്കാറിന്റെ അതിഥിയായതിനാൽ മറ്റ് പരിപാടികള്‍ പാടില്ലെന്നും കെഎംസിസി ഹജ്ജ് സെല്ലിന്റെ അറിയിപ്പും കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന്റെ വോയിസ് മെസേജും വന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ ലേഖകന്‍ ശിഹാബ് തങ്ങള്‍ കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതായി വാര്‍ത്ത നല്‍കിയതെന്നും നവാസ് പൂനൂര്‍  കുറിപ്പില്‍ വിശദീകരിച്ചു.


ശിഹാബ് തങ്ങള്‍ക്ക് കഅ്ബ കഴുകാന്‍ കഴിയാതെ വന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് നവാസ് പൂനൂരിന്റെ ഖേദപ്രകടനം. കഅ്ബ കഴുകാന്‍ മക്കയിലെത്തിയ ശിഹാബ് തങ്ങള്‍ക്ക് പുണ്യനഗരിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട സംഭവം നാരദ ന്യൂസ് ആണ് പുറത്തുവിട്ടത്.


നവാസ് പൂനൂര്‍ സുപ്രഭാതത്തിലെഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം:


സ്നേഹമുള്ളവരേ, അസ്സലാമു അലൈക്കും


ബഹുമാന്യനായ ഹൈദരലി ശിഹാബ് തങ്ങളുടെ സൗദി യാത്രയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ നടക്കുന്നത് ഖേദകരമാണ്. 'തങ്ങള്‍ ഉംറയ്ക്ക്' എന്നാണ് സുപ്രഭാതം ആദ്യ ദിവസം വാര്‍ത്ത കൊടുത്തത്. ഉംറയ്ക്ക് പോകുന്നത് വാര്‍ത്തയല്ലെങ്കിലും തങ്ങള്‍ നാട്ടിലില്ല എന്ന് സമൂഹത്തെ അറിയിക്കേണ്ട ബാധ്യത ഉണ്ടല്ലോ. ആയിരക്കണക്കിന് ആളുകളാണല്ലോ ദിനംപ്രതി തങ്ങളെ കാണാനെത്തുന്നത്. അവരുടെ പ്രയാസം മനസിലാക്കിയാണ് തങ്ങളുടെ അറിവോടെ ഈ വാര്‍ത്ത കൊടുത്തത്. കഅ്ബ കഴുകാന്‍ സൗദിയിലെത്തിയ തങ്ങള്‍ക്ക് രാജകൊട്ടാരത്തില്‍ സ്വീകരണം നല്‍കിയെന്ന ഒരു സന്ദേശം കെഎംസിസി നേതാവിന്റേതായി വന്നു.


14ന് തങ്ങള്‍ ഒരുക്കിയ സ്നേഹസംഗമം മാറ്റിവെച്ചതായും തങ്ങള്‍ സര്‍ക്കാറിന്റെ അതിഥിയതിനാല്‍, മറ്റ് പരിപാടികള്‍ പാടില്ലെന്നും കെഎംസിസി ഹജ്ജ് സെല്ലിന്റെ അറിയിപ്പും വന്നു. ഇതോടൊപ്പം കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന്റെ വോയ്സ് മെസേജും വന്നു. സര്‍ക്കാര്‍ അതിഥിയായി തങ്ങള്‍ എത്തിയിട്ടുണ്ടെന്നും കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതാണെന്നുമുള്ള അഭിമാനകരമായ, സന്തോഷകരമായ അറിയിപ്പ്.


ഈ സാഹചര്യത്തിലാണ് ഞങ്ങളുടെ ലേഖകന്‍, തങ്ങള്‍ കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതായി വാര്‍ത്ത നല്‍കിയത്. കെഎംസിസി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായ ഈ അമിതാവേശമാണ് വാര്‍ത്ത വരാന്‍ കാരണം. തങ്ങളെ സ്നേഹിക്കുന്ന നമുക്കൊക്കെ ഇത് പ്രയാസമായി.


ഇങ്ങനെ പ്രയാസമുണ്ടായതില്‍ ഖേദമുണ്ട്. തങ്ങളുടെ പരിപാടി നിയന്ത്രിക്കുന്ന കെഎംസിസിയുടെ ആധികാരികത പരിഗണിച്ചാണ് വാര്‍ത്ത കൊടുത്തത്. ജനറല്‍ സെക്രട്ടറി കാണിച്ച അമിതാവേശത്തെ കുറ്റപ്പെടുത്തിയും ഖേദപ്രകടനം നടത്തിയും അന്നത്തെ പ്രസിഡന്റ് പിന്നീട് പ്രസ്താവന ഇറക്കിയതും ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ.


നവാസ് പൂനൂർ
മാനേജിങ് എഡിറ്റര്‍
സുപ്രഭാതം

Read More >>