വിത്തിറക്കുന്ന ചിറ്റപ്പൻമാർ; അരിവാളുമേന്തി അണികളും അനുയായികളും; സുധീറിന്റെ നിയമനം നമ്മെ ചിലതു പഠിപ്പിക്കുന്നുണ്ട്

പൊതുമുതൽ വിശ്വസിച്ച് ഏൽപ്പിക്കാവുന്ന ഒരാളല്ല താനെന്ന് ഇ പി ജയരാജൻ തെളിയിച്ചിരിക്കുന്നു. കടുത്ത സ്വജനപക്ഷപാതത്തിന്റെ തെളിവാണ് ഈ നിയമനങ്ങൾ. എത്രയും വേഗം അദ്ദേഹം രാജി വെയ്ക്കണം. അല്ലെങ്കിൽ ജയരാജനെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യാൻ പിണറായി വിജയൻ തയ്യാറാകണം.

വിത്തിറക്കുന്ന ചിറ്റപ്പൻമാർ; അരിവാളുമേന്തി അണികളും അനുയായികളും; സുധീറിന്റെ നിയമനം നമ്മെ ചിലതു പഠിപ്പിക്കുന്നുണ്ട്

അജയ് ഗോപൻ

ഒറ്റദിവസം കൊണ്ടാണ് സോഷ്യൽ മീഡിയയിലെ സിപിഐഎം അനുകൂലികൾ ഇ പി ജയരാജനെ മുട്ടുകുത്തിച്ചത്. പരിഹാസമായിരുന്നു അവരുടെ ആയുധം. വാക്കുകളും പ്രയോഗങ്ങളും കൂരമ്പുകളായി. ചാക്കു രാധാകൃഷ്ണന്റെ പ്ലീനപ്പരസ്യത്തിനു നേരെ ഉയർന്ന വിമർശനത്തെ ധാർഷ്ട്യത്തിന്റെ ദുർഗന്ധം ചൊരിഞ്ഞു നേരിട്ട ജയരാജൻ നമ്മുടെ ഓർമ്മയിലുണ്ട്. ആ നമ്പർ അദ്ദേഹം പ്രയോഗിച്ചു നോക്കാതിരുന്നില്ല. തന്റെ ബന്ധുക്കൾ അങ്ങനെ പലേടത്തും കാണുമെന്നായിരുന്നു ആദ്യപ്രതികരണം. വിമർശിക്കുന്നവർക്ക് പോയി പണി നോക്കാം എന്നു പച്ചമലയാളം. വൈകുന്നേരത്തോടെ സീൻ കോൺട്ര ആയി. ചിറ്റപ്പന്റെ ചീട്ട് പെരിയപ്പൻ കീറി. മുൻകാല പ്രാബല്യത്തോടെ ഉറ്റബന്ധുവിന്റെ നിയമനോത്തരവ് ജയരാജന് റദ്ദാക്കേണ്ടി വന്നു.


സോഷ്യൽ മീഡിയയിലൂടെ പൊതുമണ്ഡലത്തിലേയ്ക്കു പടർന്ന ജനരോഷത്തിനു മുന്നിൽ സിപിഐഎമ്മെന്ന - ഒറ്റക്കല്ലിൽത്തീർത്തതെന്ന് മറ്റുള്ളവർ വിശ്വസിക്കണമെന്ന ശാഠ്യമുള്ള - പാർടിയ്ക്കു കീഴടങ്ങേണ്ടി വന്നു. ജനങ്ങളുടെ പൊതുമൂല്യബോധത്തിന് ഏതു രാഷ്ട്രീയപാർടിയും വഴങ്ങുന്നത് ജനാധിപത്യ പ്രക്രിയയിലുള്ള വിശ്വാസം വർദ്ധിപ്പിക്കും. അതൊക്കെ നല്ലതു തന്നെ.

പക്ഷേ, വിഷയം ഗുരുതരമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡിമാരെ നിശ്ചയിക്കാൻ സർക്കാർ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച ഒരു മാനദണ്ഡവും പാലിക്കപ്പെട്ടിട്ടില്ല എന്നാണ് നിയമനങ്ങളുടെ വിവാദപ്പട്ടിക തെളിയിക്കുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും പതിനഞ്ചു വർഷത്തെ പരിചയസമ്പത്തും വലിയ സ്ഥാപനങ്ങളിലെ വലിയ വിഭാഗങ്ങളുടെ സ്വതന്ത്രച്ചുമതലയുമൊക്കെ യോഗ്യതയായിരിക്കുമെന്നും പ്രായപരിധി 45നും 55നും ഇടയ്ക്കായിരിക്കുമെന്നൊക്കെ വീമ്പിളക്കിയവർ, നിയമന ഉത്തരവു നൽകിയിരിക്കുന്നത് ഇപ്പറഞ്ഞ യോഗ്യതകളിൽ ഒന്നുപോലും ഇല്ലാത്തവരെയാണ്.

സംഭവം കവിതയാക്കിയാൽ താഴെ പറയുന്ന പ്രകാരം വരി മുറിക്കാം
"വിദ്യാഭ്യാസ യോഗ്യതണ്ടോ..'?"
"ഇല്ല".
"പ്രവൃത്തി പരിചയമുണ്ടോ...?"
"ഒട്ടുമില്ല".
"പ്രായപരിധിയുടെ നിബന്ധന ബാധകമാണോ.. ?"
"അല്ല... "
"പിന്നെന്താ യോഗ്യത.. ?"
"ഫയലിൽ അവസാന ഒപ്പു ചാർത്താൻ സ്വന്തമായി ഒരു ചിറ്റപ്പനുണ്ട്..."

ഇപ്പോൾ നാം കാണുന്നത് പുതിയ അസുഖമാണ്. അതിനെ വേറെ തന്നെ മനസിലാക്കണം. പാർടിയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സമുന്നതനായ ഒരു നേതാവിന്റെ കുടുംബത്തെ ആവുംവിധം സംരക്ഷിക്കാനാണെങ്കിൽ നാട്ടിലെത്രയോ മാർഗങ്ങളുണ്ട്. ഇവിടെ അതൊന്നുമല്ല. മാനം മര്യാദയായി കുടുംബം പോറ്റാൻ ഒരു ജോലി വേണമെന്നല്ല, നിയമനം മോഹിക്കുന്നവരുടെയും കൊടുക്കുന്നവരുടെയും ലക്ഷ്യം.

ഭരിക്കാൻ ഒരു സ്ഥാപനം അപ്പാടെ വേണം. ലക്ഷത്തിനപ്പുറം ശമ്പളം വേണം, താഴേയ്ക്കിടയിലിട്ടു ഭരിച്ചു മെതിക്കാൻ കീഴ് ജീവനക്കാരെമ്പാടുമുണ്ടാകണം. സ്റ്റേറ്റ് ബോർഡു വച്ച ആഡംബര കാറു വേണം. അതിലൊരു ബീക്കൺ ലൈറ്റും കൂടിയുണ്ടെങ്കിൽ പരമ സന്തോഷം. കേരള ഹൗസു മുതലിങ്ങോട്ട് സർക്കാർ അതിഥി മന്ദിരങ്ങളിൽ ഒറ്റ ഫോൺ കോൾ കൊണ്ട് മുറി തരപ്പെടണം. കൈകാര്യം ചെയ്യാൻ ഗണ്യമായ ബജറ്റു വിഹിതവും കേന്ദ്ര കേരള സർക്കാരുകളുടെയും മറ്റ് ഏജൻസികളുടെയും കോടിക്കണക്കിനു രൂപയുടെ പലയിനം ഫണ്ടുകളും വേണം. അതിൽക്കുറഞ്ഞതൊന്നുകൊണ്ടും നേതാക്കളുടെ കുടുംബത്തിലെ ന്യൂജെനറഷൻ തൃപ്തരല്ല.

ആ ദുർമോഹത്തിനാണ് ചിറ്റപ്പൻമാർ കൈയൊപ്പു ചാർത്തുന്നത്. ഈ മോഹം നടത്തിത്തരാൻ വേണ്ടിയാണ് ചിറ്റപ്പനെ ജനം മന്ത്രിയാക്കിയതെന്നും മാതാശ്രീയെ എംപിയാക്കിയതെന്നും മക്കൾ ആത്മാർത്ഥമായി വിശ്വസിക്കുന്നു. ആ സമ്മർദ്ദത്തിനു വഴങ്ങുന്നതിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് നേതാക്കളും കരുതുന്നു. ഇതാണ് യഥാർത്ഥ പ്രശ്നം.

പൊതു പണം വ്യവസ്ഥകളോടെ കൈകാര്യം ചെയ്യാൻ മന്ത്രിമാർക്ക് ജനം അധികാരം നൽകിയിട്ടുണ്ട്. പക്ഷേ, ആ അധികാരം മക്കൾക്കും മരുമക്കൾക്കും ചെറുമക്കൾക്കും വകയിലെ മക്കൾക്കുമായി വീതിച്ചു നൽകാനാവില്ല. അതു കളി വേറെയാണ്. ഇ പി ജയരാജനടക്കമുള്ള സിപിഐഎം നേതാക്കളുടെ ബന്ധുക്കൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനും സോഷ്യൽ സ്റ്റാറ്റസുയർത്താനുമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനം വോട്ടവകാശം വിനിയോഗിച്ചത്. ആ ജനസമ്മതി ഇത്തരത്തിൽ വിനിയോഗിക്കാനുമാവില്ല.

മന്ത്രിയുടെ ബന്ധുക്കളാണ് എന്നതുകൊണ്ട് യോഗ്യതയുള്ളവർ മാറി നിൽക്കേണ്ടതുണ്ടോ എന്നൊക്കെ ലളിതബുദ്ധി പ്രയോഗിക്കുന്നവരുണ്ട്. എന്തു യോഗ്യതയുണ്ടെങ്കിലും മന്ത്രിബന്ധുക്കൾ പദവികളിൽനിന്നു മാറി നിൽക്കുക തന്നെ വേണം. ഒരു വ്യക്തിയിൽ ജനം അധികാരമേൽപ്പിക്കുമ്പോഴാണ് അയാൾ മന്ത്രിയാവുന്നത്. ആ അധികാരമേൽപ്പിക്കാനുള്ള ജനത്തിനുള്ള വിശ്വാസമാണ് പ്രധാനം. ആ വിശ്വാസം നിലനിൽക്കണം. അതു നിലനിൽക്കാൻ ബന്ധുവിന്റെ യോഗ്യത ബലി കഴിക്കണമെങ്കിൽ അതു ചെയ്യുക തന്നെ വേണം. യോഗ്യതയുള്ളവൻ പോലും മാറി നിൽക്കുകയോ മാറ്റി നിർത്തുകയോ ചെയ്യണമെന്നിരിക്കെ ഒരു യോഗ്യതയുമില്ലാത്തവരുടെ കാര്യം ചർച്ച പോലും ചെയ്യേണ്ടതില്ല.

പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവാദ നിയമനങ്ങൾക്ക് ഒരർത്ഥമേയുളളൂ. പൊതുമുതൽ വിശ്വസിച്ച് ഏൽപ്പിക്കാവുന്ന ഒരാളല്ല താനെന്ന് ഇ പി ജയരാജൻ തെളിയിച്ചിരിക്കുന്നു. കടുത്ത സ്വജനപക്ഷപാതത്തിന്റെ തെളിവാണ് ഈ നിയമനങ്ങൾ. എത്രയും വേഗം അദ്ദേഹം രാജി വെയ്ക്കണം. അല്ലെങ്കിൽ ജയരാജനെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യാൻ പിണറായി വിജയൻ തയ്യാറാകണം.

ഈ കറ കഴുകിക്കളയണമെങ്കിൽ അതു മാത്രമേയുള്ളൂ, എൽഡിഎഫിനു മാർഗം.