കണ്ണൂർ സ്വാശ്രയ മെഡിക്കൽ കോളജിനുവേണ്ടി 300 ഏക്കർ കറുവാത്തോട്ടം വെളുപ്പിച്ചത് സുധീർ നമ്പ്യാർ; മുൻമന്ത്രി പി കെ ശ്രീമതിയുടെ മകൻ അധികാര കേന്ദ്രങ്ങളിലെ ഇടനിലക്കാരൻ; നാരദ എക്സ്പോസ്

ഭൂരേഖകളിൽ കൃത്രിമം കാണിച്ച് 300 ഏക്കർ തട്ടിയെടുക്കാൻ കണ്ണൂർ മെഡിക്കൽ കോളജ് ഉടമകൾക്ക് കൂട്ടുനിന്നത് സുധീർ നമ്പ്യാർ; കോളജ് സ്ഥാപിച്ചിരിക്കുന്നത് സർക്കാരിനു ലഭിക്കേണ്ട മിച്ചഭൂമിയിൽ; യുഡിഎഫ് ഭരണകാലത്ത് കോളജുടമകൾക്ക് തണലും താങ്ങുമായത് പി കെ ശ്രീമതി എംപിയുടെ മകൻ

കണ്ണൂർ സ്വാശ്രയ മെഡിക്കൽ കോളജിനുവേണ്ടി 300 ഏക്കർ കറുവാത്തോട്ടം വെളുപ്പിച്ചത് സുധീർ നമ്പ്യാർ; മുൻമന്ത്രി പി കെ ശ്രീമതിയുടെ മകൻ അധികാര കേന്ദ്രങ്ങളിലെ ഇടനിലക്കാരൻ; നാരദ എക്സ്പോസ്

മുന്നൂറ് ഏക്കർ വിസ്തൃതിയുണ്ടായിരുന്നതും ഏഷ്യയിലെ ഏറ്റവും വലുതുമായിരുന്ന അഞ്ചരക്കണ്ടിയിലെ കറുവാത്തോട്ടം ഭൂരേഖകളിൽ കൃത്രിമം കാണിച്ചു കൈക്കലാക്കാൻ കണ്ണൂർ മെഡിക്കൽ കോളജ് ഉടമകളെ സഹായിച്ചത് പി കെ ശ്രീമതി എം പിയുടെ മകനും വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഉറ്റബന്ധുവുമായ സുധീർ നമ്പ്യാർ. പയ്യന്നൂർ കോറോം സ്വദേശിയായ സബ് രജിസ്ട്രാർ ഓഫീസർ കെ വി പ്രഭാകരനെ ആറുമാസത്തേയ്ക്ക് അഞ്ചരക്കണ്ടി ഓഫീസിലേയ്ക്കു സ്ഥലം മാറ്റി കൊണ്ടുവന്നാണ് 2003ൽ കൃത്രിമം നടത്തിയ ആധാരം രജിസ്റ്റർ ചെയ്തത്. പയ്യന്നൂർ കോറോം കണിച്ചി വീട്ടിൽ ചിണ്ടൻ നമ്പ്യാരുടെ മകനാണ് കെ വി പ്രഭാകരൻ. ആധാരം രജിസ്റ്റർ ചെയ്തതിനു ശേഷം ഇയാൾ ഈ ഓഫീസിൽ നിന്ന് സ്ഥലം മാറി പോവുകയും ചെയ്തു.


അഞ്ചരക്കണ്ടിയിൽ കണ്ണൂർ മെഡിക്കൽ കോളജു സ്ഥാപിക്കാൻ വേണ്ടി കൺസൾട്ടൻസി ജോലി ചെയ്തത് പി കെ സുധീർ നമ്പ്യാരാണെന്നാണ് വിവരം.  ഇ പി ജയരാജൻ ഭരിക്കുന്ന വ്യവസായ വകുപ്പ് ഇദ്ദേഹത്തെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസിന്റെ എംഡിയായി നിയമിക്കാൻ പോകുന്നുവെന്നും വാർത്തകളുണ്ട്.

കൃത്രിമങ്ങളുടെ നാൾവഴി

ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തേതുമായ കറുവാത്തോട്ടമായിരുന്നു അഞ്ചരക്കണ്ടിയിലേത്. 1767ൽ മർഡോക്ക് ബ്രൌൺ ആണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കു വേണ്ടി ഈ തോട്ടം സ്ഥാപിച്ചത്. കറുവ, ഏലം, കരിയാമ്പൂ, കുരുമുളക്, ജാതിക്കായ് എന്നിവയ്ക്ക് പേരുകേട്ട തോട്ടമായിരുന്നു ഇത്. പലരിലൂടെ കൈമറിഞ്ഞ് ഒടുവിൽ സുരേഷ് മൈക്കിൾ, നിർമ്മലാ മൈക്കിൾ എന്നിവരുടെ പേരിലെത്തി. ഇവരിൽ നിന്നാണ് 1686/2000 നമ്പർ വിലയാധാരപ്രകാരം എ പി അബൂബേക്കർ മുസിലിയാരുടെ മർക്കസ് ഈ സ്ഥലം വാങ്ങിയത്. ഈ രേഖകളിലും തോട്ടം എന്നാണ് ഭൂമിയുടെ ഇനം രേഖപ്പെടുത്തിയിരുന്നത്.

kannur-medical-college-land-alteration

2003 ജൂൺ 23ന് എ പി അബൂബേക്കർ മുസ്ലിയാർ പഴയങ്ങാടി സ്വദേശി അബ്ദുൽ ജബ്ബാറിനു നൽകിയ പവർ ഓഫ് അറ്റോർണിയിലും ഭൂമി തോട്ടമായിരുന്നു. അതേവർഷം അബ്ദുൽ ജബ്ബാർ ഈ വസ്തു 19 വയസുള്ള തന്റെ മകന്റെ പേരിൽ എഴുതിക്കൊടുത്തുകൊണ്ട് നാല് ആധാരങ്ങൾ രജിസ്റ്റർ ചെയ്തു. ഈ ആധാരങ്ങളിലാണ് വസ്തു കൃഷി ഭൂമിയല്ലെന്നും കാർഷികാവശ്യങ്ങൾക്കോ അനുബന്ധ പ്രവർത്തനങ്ങൾക്കോ ഉപയോഗിച്ചിട്ടേയില്ലെന്നും തിരുത്തിയത്. അതേവരെ തോട്ടം എന്ന് ഇനം രേഖപ്പെടുത്തിയ ഭൂമിയായിരുന്നു ഇത്.വായിക്കുക


ഉരുണ്ടു കളിച്ച് ഇ പി ജയരാജൻ; സുധീർ നമ്പ്യാരെ നിയമിച്ചത് മാനദണ്ഡങ്ങൾ അട്ടിമറിച്ചുതന്നെഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഈ ഭൂമി, തോട്ടമല്ലാതായി മാറുന്നതോടെ മിച്ചഭൂമിയാവുകയും സർക്കാർ ഏറ്റെടുക്കുകയും വേണം. 2003ലെ രജിസ്ട്രേഷനോടെ തോട്ടം എന്ന പദവി നഷ്ടപ്പെട്ട ഈ ഭൂമി ലാൻഡ് ബോർഡ് ഏറ്റെടുക്കേണ്ടതായിരുന്നുവെന്നാണ് വിജിലൻസ് ദ്രുത പരിശോധനയിൽ കണ്ടെത്തിയത്.

സുധീർ നമ്പ്യാർ ഇടനില നിൽക്കുമ്പോൾ കണ്ണൂരിലെ ഓഫീസ് മേധാവികളുടെ നട്ടെല്ലു വളയും

ഭൂരേഖയിലെ ഈ കൃത്രിമം എങ്ങനെ ഒരു സബ് രജിസ്ട്രാർക്ക് കണ്ടില്ലെന്നു നടിക്കാമെന്നാണ് ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ടിലെ പത്താം പേജിൽ വിജിലൻസ് അമ്പരക്കുന്നത്. അതിന്റെ ഉത്തരമാണ് സുധീർ നമ്പ്യാരുടെ ബന്ധം.

സബ് രജിസ്ട്രാർ ഓഫീസിൽ ഒരു ബുദ്ധിമുട്ടുമില്ലാതെ ആധാരം നടന്നു. അഞ്ചരക്കണ്ടി വില്ലേജ് ഓഫീസിൽ പോക്കുവരവിനും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. കാപ്പാട് പെരിങ്ങാലയിൽ അനന്തഭവനത്തിൽ കെ പി എം ഫൽഗുനനായിരുന്നു അക്കാലത്ത് വില്ലേജ് ഓഫീസർ. ഫൽഗുനന്റെ പിതാവ് അനന്തൻ നമ്പ്യാർ.

പോക്കുവരവിന് ഒരാൾ സമീപിച്ചാൽ ആ ഭൂമി ഭൂപരിഷ്കരണ നിയമത്തിലെ പരിധിയ്ക്കു മുകളിലല്ലെന്ന് ഉറപ്പുവരുത്തേണ്ടത് വില്ലേജ് ഓഫീസറുടെ ചുമതലയാണ്. പഴയ തണ്ടപ്പേരിലെ ഭൂമിയുടെ ഇനവും പുതിയ ആധാരത്തിലെ ഭൂമിയുടെ ഇനവുമൊക്കെ ഒത്തുനോക്കേണ്ടതും വില്ലേജ് ഓഫീസറാണ്. ഒന്നും സംഭവിച്ചില്ല. വസ്തുവിന്റെ പോക്കുവരവു നടന്നു. കരവും അടച്ചു. സമാനമായ പരിഗണന അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലും ലഭിച്ചു. ഒരു രേഖയും പരിശോധിക്കാതെ പഞ്ചായത്തു സെക്രട്ടറി കെട്ടിടനികുതി ഈടാക്കി. കെട്ടിടത്തിനു നമ്പരും നൽകി.

മെഡിക്കൽ കോളജ് സ്ഥാപിക്കാനുളള ചുമതലയേറ്റ് കൺസൾട്ടൻസി ജോലിയ്ക്കിറങ്ങിയത്  സാക്ഷാൽ സുധീർ നമ്പ്യാരാണ്. കണ്ണൂരിലെ സർക്കാർ ജീവനക്കാർ അദ്ദേഹം പറയുന്നിടത്ത് ഒപ്പുവെയ്ക്കും. ഓഫീസ് മേധാവികളായി കോറോം, പെരിങ്ങാല ഭാഗത്തുളള നമ്പ്യാർ കുടുംബങ്ങളിലെ അംഗങ്ങൾക്കു ചുമതല കൂടി കിട്ടിയപ്പോൾ കാര്യങ്ങൾ പിന്നെയും എളുപ്പമായി എന്നു മാത്രം.

തകർത്തുതരിപ്പണമാക്കിയത് ചരിത്രത്തിലെ അമൂല്യമായ നിധിശേഖരം

കൃഷി ഭൂമിയും തോട്ടവുമല്ലെന്നു തെളിയിക്കാൻ ഭൂരേഖകളിൽ കൃത്രിമം കാണിക്കുക മാത്രമല്ല, കണ്ണൂർ മെഡിക്കൽ കോളജ് ഉടമകൾ ചെയ്തത്. അമൂല്യമായ കെട്ടിടങ്ങൾ അവർ ഇടിച്ചു നിരത്തി. തോട്ടഭൂമിയിലെ കറുവാ മരങ്ങളെല്ലാം മുറിച്ചു കടത്തി.

gundert

1860ൽ പണി കഴിപ്പിച്ച് ഡോ. ഹെർമ്മൻ ഗുണ്ടർട്ട് അടക്കം താമസിച്ച കെട്ടിടങ്ങളും ഇടിച്ചു നിരത്തിയവയിൽ ഉൾപ്പെടുന്നു. കേസിലെ നാലാം പ്രതിയായ എ പി അബൂബേക്കർ മുസിലിയാർ പവർ ഓഫ് അറ്റോർണി ഉടമയെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുകയായിരുന്നുവെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ ആരോപിക്കുന്നത്.

സബ് രജിസ്ട്രാർ, റവന്യൂ ഉദ്യോഗസ്ഥർ, ആധാരമെഴുത്തുകാരൻ, പവർ ഓഫ് അറ്റോർണി ഏജൻറ് എന്നിവർക്കെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്കു കേസെടുക്കണമെന്നാണ് വിജിലൻസ് നിർദ്ദേശിച്ചിരിക്കുന്നത്. കേസ് എങ്ങോട്ടു പോകുമെന്ന് കണ്ണു തുറന്നു കാണാം.

vigilance-report

Read More >>