ശാസ്ത്രമേളയുടെ പേരിൽ കുട്ടികളെ ഉപയോഗിച്ച് സ്കൂൾ പിടിഎ നിർബന്ധിത പിരിവു നടത്തുന്നതായി ആക്ഷേപം

20 രൂപ വിലയുള്ള 20 സമ്മാനക്കൂപ്പണുകളാണ് ഓരോ കുട്ടിയും നിർബന്ധമായും വിറ്റു തീർക്കേണ്ടത്. മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും ഇത്തരത്തിൽ 12 ലക്ഷം രൂപ പിരിച്ചെടുക്കാനാണ് സ്കൂൾ പിടിഎ പദ്ധതിയിട്ടിരിക്കുന്നത്.

ശാസ്ത്രമേളയുടെ പേരിൽ കുട്ടികളെ ഉപയോഗിച്ച് സ്കൂൾ പിടിഎ നിർബന്ധിത പിരിവു നടത്തുന്നതായി ആക്ഷേപം

കണ്ണൂർ: സബ് ജില്ലാ ശാസ്ത്രമേളയുടെ പേരിൽ സ്‌കൂൾ അധികൃതർ കുട്ടികളെ ഉപയോഗിച്ച് നിർബന്ധിത പിരിവു നടത്തുന്നുവെന്ന് ആക്ഷേപം. മട്ടന്നൂർ സബ് ജില്ലാ ശാസ്ത്രമേള നടക്കുന്ന കെപിസി ഹയർ സെക്കണ്ടറി സ്‌കൂൾ അധികൃതരാണ് കുട്ടികളെ ഉപയോഗിച്ച് പണം പിരിക്കുന്നതെന്നാണ് ആക്ഷേപം. 20 രൂപ വിലയുള്ള 20 സമ്മാനക്കൂപ്പണുകളാണ് ഓരോ കുട്ടിയും നിർബന്ധമായും വിറ്റു തീർക്കേണ്ടത്. മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും ഇത്തരത്തിൽ 12 ലക്ഷം രൂപ പിരിച്ചെടുക്കാനാണ് സ്കൂൾ പിടിഎ പദ്ധതിയിട്ടിരിക്കുന്നത്.

സ്‌കൂൾ അധികൃതർ മുഴുവൻ സമ്മാനക്കൂപ്പണുകളും വിറ്റു തീർക്കാൻ കുട്ടികളെ നിർബന്ധിക്കുകയാണെന്നും കുട്ടി വീട്ടിൽ വാശിപിടിച്ചതിനാൽ മുഴുവൻ തുകയും സ്വന്തം കയ്യിൽ നിന്ന് നൽകുകയാണ് ഉണ്ടായതെന്നും ഇരിക്കൂർ സ്വദേശിയായ രക്ഷിതാവ് നാരദാ ന്യൂസിനോട് പറഞ്ഞു. പ്രാദേശിക സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലും വിഷയം വിവാദമായിട്ടുണ്ട്. നാട്ടുകാരിൽ ചിലർ ഇത് സംബന്ധിച്ച് പരാതിനൽകാനും ഒരുങ്ങുന്നുണ്ട്.

ശാസ്ത്രമേള നടത്താൻ പരമാവധി 2 ലക്ഷം രൂപ മാത്രമേ ചെലവ് വരൂ. ഇതിൽ ഒരു ലക്ഷം രൂപ വിദ്യാഭ്യാസവകുപ്പ് തന്നെയാണ് നൽകുന്നത്. മത്സരാർത്ഥികൾക്കുള്ള ഭക്ഷണം ഒരുക്കാൻ സന്നദ്ധ സംഘടനകളുടെയും മറ്റും സഹായം ലഭിക്കുന്നതിനാൽ ചെലവ് തീരെ കുറവായിരിക്കുമെന്നും അഭിപ്രായമുണ്ട്.
ജില്ലയിലെ മറ്റൊരു പ്രമുഖ വിദ്യാലയത്തിൽ നേരത്തെ ഇത്തരത്തിൽ വൻ പിരിവു നടത്തിയിരുന്നത്രെ. അതിന്റെ ചുവടുപിടിച്ചാണ് കെപി ഹയർസെക്കന്ററി സ്‌കൂളിലും ഇപ്പോൾ പിരിവു നടത്തുന്നത്. പിരിവിനെ ചോദ്യം ചെയ്തവരോട് മേള നടത്താൻ മുഴുവൻ ഫണ്ടും സ്‌കൂൾ കണ്ടത്തേണ്ടിയിരിക്കുന്നുവെന്നും അതിനാലാണ് ഇത്തരം ഒരു സംരംഭത്തിന് ഇറങ്ങിയതെന്നുമാണ് പിടിഎയിലെ ചിലർ നൽകിയ വിശദീകരണം

Read More >>