സംസാരിക്കാം എസ്എഫ്‌ഐക്കാരുടെ പ്രിവിലേജിനെക്കുറിച്ച്

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്റെ അദ്ധ്യക്ഷനായി ആദ്യമായി ഒരു ദളിത് വിദ്യാര്‍ത്ഥി വരുന്നതും ഒരു വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതും എസ്എഫ്ഐയുടെ പാനലില്‍ നിന്നായിരുന്നു. ലൈംഗിക ന്യൂനപക്ഷത്തില്‍ പെട്ട വിദ്യാര്‍ത്ഥി നേതാവ് യൂണിയന്റെ നേതൃത്വത്തിലേക്ക് ആദ്യമായി മത്സരിച്ചതും ഇതേ സംഘടനയില്‍ നിന്നുമാണ്. ഇനിയും സംശയം തീരാത്തവര്‍ക്ക് പോണ്ടിച്ചേരി, ഇഫ്‌ലു സര്‍വകലാശാലകളുടെയൊക്കെ വിദ്യാര്‍ത്ഥി നേതൃത്വത്തില്‍ ആരൊക്കെയാണുള്ളതെന്നും പരിശോധിക്കാവുന്നതാണ്.

സംസാരിക്കാം എസ്എഫ്‌ഐക്കാരുടെ പ്രിവിലേജിനെക്കുറിച്ച്

നിതീഷ് നാരായണന്‍

വ്യത്യസ്തമായ ചര്‍ച്ചകളാണ് അടുത്തകാലത്ത് നടന്ന വിവിധ സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് നടന്നതും തുടരുന്നതും. ജെഎന്‍യുവും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയെയും കേന്ദ്രീകരിച്ചാണ് മുഖ്യമായും ഇത്തരം സംവാദങ്ങള്‍ ഉയര്‍ന്നത്. സംവാദങ്ങളില്‍ സംഘപരിവാറിന് പങ്കില്ലാത്തതു കൊണ്ട് അവര്‍ ഉള്‍പ്പെട്ടതും ഇടപെട്ടതുമായ സംസാരങ്ങളെക്കുറിച്ചല്ല ഈ എഴുത്ത്. ഇത് മറ്റൊരു ആരോപണത്തിന്റെ അടിസ്ഥാനരാഹിത്യത്തെ നേരിടാനാണ്.


ഇടതു  സംഘടനകളുടെയും അംബേദ്കറൈറ്റ് സംഘടനകളുള്‍പ്പടെയുള്ള പുരോഗമന കക്ഷികളുടെയും യോജിപ്പിനും ഒന്നിച്ചുള്ള സമരങ്ങള്‍ക്കുമെല്ലാം വിശാലമായ സാധ്യത നിലനില്‍ക്കുന്ന കാലമാണിത്. അത്തരം  മുന്നേറ്റങ്ങള്‍ക്ക് അടുത്ത നാളുകളില്‍ നാം സാക്ഷ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രസ്തുത സാധ്യതകളെ ഒരു കാരണവശാലും അംഗീകരിച്ചു കൊടുക്കില്ല എന്ന പിടിവാശിയുമായി മറ്റൊരു കൂട്ടര്‍ സജീവമായിട്ടുമുണ്ട്. യോജിപ്പിന്റെ രാഷ്ട്രീയത്തെ ആകെ  അസാധുവാക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍. ഇവർ ഉന്നയിക്കുന്ന  ഒരാരോപണത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ ഇടതു വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ എസ്എഫ്ഐയുടെ പക്ഷത്തു നിന്ന് മറുപടി പറയാനാണ് ശ്രമം.

ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ സവര്‍ണ സംഘടനകളാണെന്നും പ്രിവിലേജ്ഡ് ആയ വിദ്യാര്‍ത്ഥികളുടെ കൂട്ടമാണെന്നും അതിനാല്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിനുള്ള സത്യസന്ധമായ ഇടപെടലിന് അവര്‍ അശക്തരാണെന്നും  വ്യാപക പ്രചരണം അഴിച്ചു വിട്ടിട്ടുണ്ട്. വ്യത്യസ്തമായ സാമൂഹ്യ വിഭാഗങ്ങളുടെ, വിശിഷ്യാ ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ടവരുടെയും അകറ്റി നിര്‍ത്തപ്പെട്ടവരുടെയും പങ്കാളിത്തം നേതൃത്വത്തില്‍ ഉള്‍പ്പടെ സംഘടനയില്‍ ഉറപ്പു വരുത്തേണ്ടത്  കടമയാണ്. വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരായ സമരങ്ങള്‍ തീവ്രമായി തുടരുന്നതോടൊപ്പം തന്നെ ഇതിനെല്ലാം ഇരയാകേണ്ടി വരുന്നവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരിക എന്നുള്ളതും പരമ പ്രധാനമാണ്. ഒന്ന് മറ്റൊന്നില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതുമല്ല. വര്‍ഗവും ജാതിയും സെക്ഷ്വാലിറ്റിയും വംശവും പുരുഷാധിപത്യവുമെല്ലാം ക്രൂരമായ അരികുവല്‍കരണത്തിനും അധിനിവേശത്തിനും ആയുധങ്ങളായിട്ടുണ്ട്. ഇവയെല്ലാം പരസ്പരം സ്വാധീനിക്കുനതും കണ്ണിചേരുന്നതും ഇന്ത്യന്‍ സമൂഹത്തിന്റെ കൂടി പ്രത്യേകതയാണ്.

വ്യത്യസ്തമായ സ്വത്വങ്ങളുടെ അനുഭവങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ വിവേചനപരമായ വ്യവസ്ഥിതിക്കെതിരായ സമരത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെയാകെ ഒന്നിച്ചുള്ള മുന്നേറ്റങ്ങള്‍ സാധ്യമാകേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് വര്‍ഗരഹിത സമൂഹത്തിന്റെ മുന്നുപാധിയായി ജാതി നിര്‍മൂലനം നിലനില്‍ക്കുന്നത്. അത്തരം ഒരു രാഷ്ട്രീയ പരിപാടിക്ക് വ്യത്യസ്തമായ മാര്‍ഗങ്ങള്‍ തേടുന്നവരുണ്ട്. അത് വിവിധ തരത്തില്‍ നടക്കേണ്ട പ്രക്രിയയുമാണ്. വര്‍ഗബോധത്തിലേക്ക് ചൂഷിതര്‍ ഉയരും മുന്‍പ് ജാതി അടിച്ചേല്‍പ്പിച്ച പ്രതിലോമപരമായ ബോധങ്ങള്‍ ഒഴിയേണ്ടത് അനിവാര്യതയാണ്. അത് ഓരോ വ്യക്തിയെയും കേന്ദ്രീകരിച്ച് മാത്രം നടക്കേണ്ടതും ഒറ്റപ്പെട്ടതുമായ പ്രക്രിയയല്ല. അതുകൊണ്ടാണ് വര്‍ഗസമരങ്ങളെ ജാതിമേല്‍ക്കോയ്മയ്ക്കും ജാതിയുടെ അയുക്തികള്‍ക്കുമെതിരായ സമരങ്ങളോടുകൂടി ചേര്‍ത്ത് വെക്കേണ്ടത്.

വിദ്യാഭ്യാസം, സാമൂഹിക മൂലധനത്തിന്റെ ലഭ്യത, സ്വതന്ത്രമായ ചിന്താ പരിസരങ്ങളില്‍ ഇടപെടാനുള്ള സാഹചര്യം, സാമൂഹിക മാറ്റത്തിനു വേണ്ടിയുള്ള സംഘടനയില്‍ പ്രവര്‍ത്തിക്കുവാനുള്ള തിരഞ്ഞെടുപ്പിന് കുറച്ചെങ്കിലും അനുകൂലമായ സാമൂഹികമായ സാഹചര്യം എന്നിവയൊക്കെ 'ജാതിബാധ'യില്‍ നിന്നും മോചിതമാകുവാനുള്ള ഘടകങ്ങളില്‍ പ്രധാനമാണ്. ഇപ്പറഞ്ഞവയെല്ലാം സ്വാഭാവികമായും മുഴുനീള രാഷ്ട്രീയപ്രവര്‍ത്തനം തിരഞ്ഞെടുക്കുന്നവരെയും ബാധിക്കുന്നവയാണ്. അത് എത്ര റാഡിക്കല്‍ സ്വഭാവമുള്ള സംഘടനയാണെങ്കിലും. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞവയെ മുന്‍ നിര്‍ത്തിക്കൊണ്ടുള്ള സമരങ്ങള്‍ ഈ വ്യവസ്ഥിതിയില്‍ നിന്നും മനുഷ്യവര്‍ഗത്തിന് മോചിതമാകാനുള്ള പൊളിറ്റിക്കല്‍ പ്രൊജക്ടിന്റെ ഭാഗമാണ്.

മനുഷ്യന്റെ ആ മുന്നേറ്റം വിപ്ലവ സംഘടനകളില്‍, പ്രത്യേകിച്ച് നേതൃത്വത്തില്‍ വ്യതസ്ത സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ള പങ്കാളിത്തത്തിലും പ്രതിഫലിക്കും. അതിനാവശ്യമായ രാഷ്ട്രീയത്തെ കരുത്തോടെ നിലനിര്‍ത്തുക എന്നതാണ് പ്രധാനം. എന്നാല്‍ പ്രാതിനിധ്യത്തിന്റെ പങ്കിനെ തള്ളിക്കളയുകയല്ല. അവ അനിവാര്യമാണ്. ഏറ്റവും പുരോഗമനപരമായ സമൂഹത്തില്‍ ഏറ്റവും സ്വാഭാവികമായി അവ സംഭവിക്കും. അല്ലാത്തിടത്ത്, സമൂഹം മാറുന്നതുവരെ കാത്തിരിക്കുന്നതിനു പകരം ബോധപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടാവുകയാണ് വേണ്ടത്. ഏതായാലും പ്രാതിനിധ്യത്തിന്റെ ലെന്‍സിലൂടെ മാത്രം ഒരു സംഘടനയുടെ സാമൂഹ്യ വിമോചനത്തിന്റെ ശേഷിയെ അളന്നാല്‍ ഉത്തരമില്ലായ്മയുടെ ഭാരത്തില്‍ എസ്എഫ്ഐയുടെ ശിരസ്സ് കുനിഞ്ഞു പോകുമെന്ന് ധരിച്ചവര്‍ക്ക് അത് തിരുത്തേണ്ടിവരും.

43 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ അംഗങ്ങളായിട്ടുള്ള സംഘടനയാണ് എസ്എഫ്ഐ. ഇന്ത്യയിലെ ഇരുപത്തിയൊന്നു സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ ശേഷിയില്‍ അതിനു സംഘടനാ സംവിധാനങ്ങളുണ്ട്. സ്‌കൂളുകളും കോളേജുകളും സര്‍വകലാശാലകളുമെല്ലാം ഉള്‍പ്പടെ പതിനഞ്ചായിരത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിറ്റുകള്‍ ഉണ്ട്. അഞ്ഞൂറിലധികം കോളേജുകളിലും നിരവധി യൂണിവേഴ്‌സിറ്റികളിലും ജെഎന്‍യുവും ഹൈദരബാദും പോണ്ടിച്ചേരിയും ഇഫ്‌ലുവും ഉള്‍പ്പടെയുള്ള കേന്ദ്രസര്‍വകലാശാലകളിലും വിദ്യാര്‍ത്ഥിയൂണിയന്റെ നേതൃത്വത്തില്‍ എസ് എഫ് ഐ ഉണ്ട്.

ഇത്രയും വിപുലമായ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെയാകെ സവര്‍ണമെന്ന് അധിക്ഷേപിക്കാനും പ്രിവിലേജ്ഡ് എന്നു വിലയിരുത്താനും തുനിയുന്ന എസ്ഐഒയും ജെഎന്‍യുവിലെ ബാപ്‌സയും ഉള്‍പ്പടെയുള്ള സംഘടനകള്‍ അങ്ങേയറ്റം തെറ്റായ പ്രചരണങ്ങള്‍ക്കാണ് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്നത്. ദളിതരും, ആദിവാസികളും, പിന്നോക്ക വിഭാഗക്കാരും, സ്ത്രീകളും, മതന്യൂനപക്ഷങ്ങളും, ലൈംഗിക ന്യൂനപക്ഷങ്ങളും ഉള്‍പ്പെടുന്ന അടിച്ചമര്‍ത്തപ്പെട്ടവരുടെ നേതൃത്വത്തെക്കുറിച്ചും ചെറുത്തു നില്‍പ്പുകളെക്കുറിച്ചും പറയുന്നവര്‍ അവരുടെ രാഷ്ട്രീയ തിരഞ്ഞെടുപ്പിനുള്ള അവകാശത്തെയെങ്കിലും മാനിക്കണ്ടേ. ഇനി പ്രാതിനിധ്യത്തിന്റെ തന്നെ ചില കണക്കുകള്‍.

എസ്എഫ്ഐയുടെ നിലവിലെ അഖിലേന്ത്യാ സെക്രട്ടറി വിക്രം സിങ് ദളിതനാണ്. ഇന്ത്യയില്‍ ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ ദളിതര്‍ ഉള്ള രണ്ടാമത്തെ സംസ്ഥനമായ ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് അദ്ദേഹം. എസ് എഫ് ഐ യുടെ അഖിലേന്ത്യാ പ്രസിഡന്റ് മലയാളി കൂടിയായ വി പി സാനു മുസ്ലീമാണ്. ആറുപേരാണ് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിമാര്‍. അതില്‍ മൂന്ന് പേര്‍ പിന്നോക്ക വിഭാഗങ്ങളില്‍ പെടുന്നവരാണ്. അഞ്ച് വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ ദളിത്, രണ്ടുപേര്‍ മുസ്ലീം-കൃസ്ത്യന്‍ വിഭാഗങ്ങളില്‍ പെടുന്നവര്‍, രണ്ടുപേര്‍ വനിതാസഖാക്കള്‍. ഇതാണ് ബ്രാഹ്മണിക്കലെന്നും, എലൈറ്റിസ്റ്റെന്നും, പ്രിവിലേജ്ഡ് ഗ്രൂപ്പെന്നും അധിക്ഷേപിക്കപ്പെടുന്ന എസ് എഫ് ഐയുടെ പരമോന്നത നേതൃത്വത്തിന്റെ സാമൂഹിക മൂലധനത്തിന്റെ  കണക്ക്.

വര്‍ഷങ്ങള്‍ നീണ്ട സമരതീവ്രമായ സംഘടനാപ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ നേതൃത്വത്തില്‍ എത്തിയവരാണിവര്‍. ഇവരുടെയെല്ലാം പേരുകള്‍ എസ് എഫ് ഐ കേന്ദ്ര കമ്മറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ് (ബന്ധപ്പെടാനുള്ള നമ്പര്‍ ഉള്‍പ്പടെ). ഇവര്‍ നയിക്കുന്ന സംഘടനയെയാണ് ദളിതര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും അവഗണന മാത്രം നേരിടേണ്ടി വരുന്ന സംഘടനയെന്ന് മൗദൂദിവാദികള്‍ വായ്ക്കുരവ ഇട്ടുകൊണ്ടിരിക്കുന്നത്.

എസ് എഫ് ഐയുടെ പ്രസിഡന്റായ ആദ്യ ദളിത് വിദ്യാര്‍ഥി പി കെ ബിജു ഇന്ന് ആലത്തൂരിനെ തുടര്‍ച്ചയായി രണ്ടാം തവണയും പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ ഉണ്ട്. പിന്നോക്ക ജീവിതസാഹചര്യങ്ങളോട് പടപൊരുതി പോസ്റ്റ് ഡോക്ടറേറ്റ് വരെ പൂര്‍ത്തിയാക്കിയ, കര്‍ഷക തൊഴിലാളിയുടെ മകന്‍ എസ്എഫ്ഐയുടെ കഴിഞ്ഞ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ വി ശിവദാസന്‍ നിലവില്‍ കെഎസ്ഇബി ഡയറക്ടര്‍മാരില്‍ ഒരാളാണ്. ഭിന്നശേഷിക്കാരനായ പി ബിജു എസ്എഫ്ഐയുടെ കേരള സംസ്ഥാന സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍ യുവജന കമ്മീഷന്റെ ചെയര്‍മ്മാന്‍ ആണ്. ഇവരോടൊക്കെ കുറച്ചു നേരം സംസാരിച്ചാല്‍ തന്നെ മനസ്സിലാകും കണ്ണീരും പ്രതിസന്ധികളും നിറഞ്ഞ ജീവിതത്തില്‍ ഒരു സംഘടന ഇവര്‍ക്കെങ്ങനെയാണ് അതിജീവിക്കാനും നിവര്‍ന്നുനില്‍ക്കാനുമുള്ള കരുത്തായതെന്ന്, അതിന്റെ രാഷ്ട്രീയമെങ്ങനെയാണ് ചെറുത്തുനില്‍പ്പിനുള്ള ആയുധമായതെന്ന്.
ഇനി എസ്എഫ്ഐയുടെ ഏറ്റവും ശക്തമായ സംഘടനാ സംവിധാനം നിലനില്‍ക്കുന്ന കേരളത്തിന്റെ ചിത്രമെടുക്കാം. സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരാണ്. സഹഭാരവാഹികളിലും ഭൂരിപക്ഷം മുസ്ലീം, ദളിത്, ഒബിസി, വനിതാ പ്രാതിനിധ്യം. എസ് എഫ് ഐയുടെ കഴിഞ്ഞ സംസ്ഥാനസെക്രട്ടറി മത്സ്യത്തൊഴിലാളിയുടെ മകന്‍ ആയിരുന്നു. പ്രസിഡന്റ് മുസ്ലീമും. അത്തവണ സംസ്ഥാന സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചവര്‍ മുഴുവന്‍ ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളില്‍ നിന്ന് തന്നെ. അവരെല്ലാം ഇന്ന് യുവജന പ്രസ്ഥാനത്തിന്റ്വെ്യത്യസ്തമായ നേതൃസ്ഥാനങ്ങളില്‍ ഉണ്ട്.
കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടി ഇനി എസ് എഫ് ഐയുടെ ഏറ്റവും ശക്തമായ ജില്ലാ കമ്മറ്റിയുടെ കാര്യം പരിശോധിക്കാം. കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ രണ്ടു  ഭാരവാഹികളും മുസ്ലീം വിഭാഗത്തില്‍ നിന്നാണ്. കണ്ണൂരില്‍ നിന്നും സംസ്ഥാന കമ്മറ്റിയില്‍ ഉള്ള ഏഴുപേരില്‍ മൂന്നു പേര്‍ മുസ്ലീം സമുദായത്തിൽ നിന്നുള്ളവരും രണ്ടുപേര്‍ ദളിതരുമാണ്. ഇവരില്‍ മൂന്നു വനിതാ നേതാക്കളും ഉള്‍പ്പെടുന്നു. എസ്എഫ് ഐയുടെ ബഹുഭൂരിപക്ഷം സംസ്ഥാന കമ്മറ്റികളുടെയും നേതൃത്വത്തില്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥി നേതാക്കള്‍ തന്നെയാണ്.

തമിഴ്‌നാട്ടിലെ സംസ്ഥാന സെക്രട്ടറി, കര്‍ണാടകയിലെ പ്രസിഡന്റ്, മധ്യപ്രദേശിലെ സെക്രട്ടറി എന്നിവര്‍ ദളിതരാണ്. ആന്ധ്രയിലെയും തെലങ്കാനയിലെയും മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും ഹരിയാനയിലെയും പഞ്ചാബിലെയും ഭാരവാഹികള്‍ പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്നവരാണ്. ഒഡീഷയിലെയും ബംഗാളിലെയും മുഖ്യ നേതൃത്വത്തില്‍ വനിതാ പ്രവര്‍ത്തകരാണ്. ഇതാണ് എസ്എഫ്ഐയുടെ സംഘടനാ നേതൃത്വത്തിന്റെ 'സോഷ്യല്‍ പ്രിവിലേജിന്റെ' യഥാര്‍ത്ഥ ചിത്രം.
ഇനി കേന്ദ്ര സര്‍വകലാശാലകളിലെ എസ്എഫ്ഐ  വിദ്യാര്‍ത്ഥി പ്രതിനിധികളുടെ സാമൂഹിക പശ്ചാത്തലം പരിശോധിക്കാം. ജെഎന്‍യുവില്‍ ഇത്തവണ എട്ടു എസ്എഫ്ഐ പ്രവർത്തകരാണ്  യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എട്ടുപേരും ജയിച്ചു. അവരില്‍ രണ്ടു മുസ്ലീം വിഭാഗത്തിൽ പെടുന്നവരും  രണ്ടു ദളിത് വിഭാഗത്തിൽ പെടുന്നവരും  ഒരാൾ ഒബിസി വിഭാഗത്തിൽ നിന്നുള്ളതും മൂന്നു വനിതകളും ഉള്‍പ്പെടുന്നു. അതായത് മത്സരിച്ച എട്ടുപേരും ചരിത്രപരമായ അടിച്ചമര്‍ത്തലിന്റെ ഭാരം പേറുന്നവര്‍. പഠിക്കുവാനും ജീവിക്കുവാനുമെല്ലാം നിരന്തരം സമരം ചെയ്യേണ്ടിവരുന്നവര്‍. ചോദ്യം ചെയ്യപ്പെടാത്ത പ്രിവിലേജുകളുടെ ആനുകൂല്യമൊന്നും ഇല്ലാത്തവര്‍.

ഹൈദരാബാദ് സര്‍വകലാശാലയില്‍ ഇത്തവണ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് സിഖ് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട പിന്നോക്കക്കാരന്‍. ജോയിന്റ് സെക്രട്ടറി ഒരു ദളിത് വിദ്യാര്‍ത്ഥി. കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ത്ഥി യൂണിയന്റെ അദ്ധ്യക്ഷന്‍ ഒരു മുസ്ലീം വിദ്യാര്‍ഥി. എല്ലാവരും എസ് എഫ് ഐക്കാര്‍. ''എന്റെ ജന്മം തന്നെയാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്'' എന്ന് ക്രൂര വിവേചനങ്ങളുടെ വ്യവസ്ഥയെ പരിഹസിച്ചെഴുതിയ രോഹിത്ത് വെമുലയുടെ സമരങ്ങളെ ഇവരൊക്കെയല്ലെങ്കില്‍ പിന്നെയാരാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത്?

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്റെ അദ്ധ്യക്ഷനായി ആദ്യമായി ഒരു ദളിത് വിദ്യാര്‍ത്ഥി വരുന്നതും ഒരു വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതും എസ്എഫ്ഐയുടെ പാനലില്‍ നിന്നായിരുന്നു. ലൈംഗിക ന്യൂനപക്ഷത്തില്‍ പെട്ട വിദ്യാര്‍ത്ഥി നേതാവ് യൂണിയന്റെ  നേതൃത്വത്തിലേക്ക് ആദ്യമായി മത്സരിച്ചതും  ഇതേ സംഘടനയില്‍ നിന്നുമാണ്. ഇനിയും സംശയം തീരാത്തവര്‍ക്ക് പോണ്ടിച്ചേരി, ഇഫ്‌ലു സര്‍വകലാശാലകളുടെയൊക്കെ വിദ്യാര്‍ത്ഥി നേതൃത്വത്തില്‍ ആരൊക്കെയാണുള്ളതെന്നും പരിശോധിക്കാവുന്നതാണ്.

ജാതി-മതി-ലിംഗ വ്യത്യാസങ്ങള്‍ക്കു പുറമെമുതലാളിത്തം അരക്ഷിതരും അശരണരുമാക്കിയവരാണ് രാജ്യത്തെ തൊഴിലാളികള്‍. മുതലാളിത്തം മേൽപറഞ്ഞവയെയെല്ലാം സമര്‍ത്ഥമായി ഉപയോഗിച്ചു കൊണ്ടു കൂടിയാണ് ചൂഷണം കലശമാക്കുന്നത്. നവ-ഉദാരവത്കരണകാലത്തെ വിദ്യാര്‍ത്ഥികളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇതിനു പുറമെയാണ് സാമൂഹ്യപശ്ചാത്തലത്തിന്റെ കൂടി മാറാപ്പ് പലര്‍ക്കും പേറേണ്ടിവരുന്നത്.
പിന്നോക്കവിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ഥികള്‍ എസ് എഫ് ഐ മെമ്പര്‍ഷിപ്പ് എടുക്കുന്ന നിമിഷം അവരുടെ അടിച്ചമര്‍ത്തപ്പെട്ടതിന്റെ അനുഭവങ്ങളാകെ റദ്ദ് ചെയ്യപ്പെടുന്നുവെന്ന മൗദൂദിയന്‍ സിദ്ധാന്തത്തിന്റെ ഉള്ളിലിരിപ്പ് അശ്ലീലമാണ്. അത് ഒരേസമയം ജനാധിപത്യവിരുദ്ധവും മുസ്ലീം. ദളിത്,പിന്നോക്ക വിഭാഗങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രമായ രാഷ്ട്രീയ തിരഞ്ഞെടുപ്പിനുള്ള ശേഷിയെ പരിഹസിക്കലുമാണ്. പുരോഗമനപരമായ ആവശ്യത്തിനുവേണ്ടി വ്യത്യസ്ഥ ജാതികളെ പരസ്പരം ഒത്തുചേരാന്‍ അനുവദിക്കാത്ത ജാതിവ്യവസ്ഥയെ കുറിച്ച് അംബേദ്കര്‍ 'ജാതിയുടെ നിര്‍മൂലന'ത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ജാതി ബോധത്തിനപ്പുറത്തേക്ക് അടിച്ചമര്‍ത്തലിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അരികുവത്കരിക്കപ്പെട്ടവരുടെയാകെ ഒരുമിച്ചുള്ള സമരമുഖങ്ങള്‍ അത്യന്തം അനിവാര്യമാകുന്നത്.

ബ്രാഹ്മണ്യത്തിനും മുതലാളിത്തത്തിനും വംശീയതയ്ക്കും പുരുഷാധിപത്യത്തിനുമെല്ലാം പരസ്പരം താങ്ങും തണലുമായി, തൊഴുതും തലോടിയും ആധിപത്യത്തിന്റെ മേഖലകളെ ഊട്ടിയുറപ്പിക്കാമെങ്കില്‍ വ്യത്യസ്തമായ അനുഭവങ്ങള്‍ പേറുന്ന, സമാനമായ വിവേചനങ്ങള്‍ക്ക് ഇരയാകുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കെന്തുകൊണ്ട് അവരെയെല്ലാം വേട്ടയാടുന്ന വ്യവസ്ഥിതിക്കെതിരെ ഒന്നിച്ച് അണിനിരന്നുകൂടാ?

ഇതെഴുതുമ്പോള്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ കറുത്ത വസന്തം എന്ന് പേരിട്ട ഒരു സമരം നടക്കുകയാണ്. ഏകാധിപതിയായ മറ്റൊരു വൈസ് ചാന്‍സലറെ ചോദ്യം ചെയ്തതിന്റെ പേരില്‍ ആറു എസ്എഫ്ഐ പ്രവര്‍ത്തകരെ കാമ്പസില്‍ നിന്നും പുറത്താകിയ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നടപടിക്കെതിരെയാണ് സമരം. നടപടിക്ക് വിധേയരായ ആറില്‍ നാലുപേരും ദളിത്, ആദിവാസി, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍. വേട്ടയാടപ്പെട്ടവര്‍ എസ്എഫ്ഐകാരാണ് എന്നതു കൊണ്ടു മാത്രം ഈ സമരത്തെക്കുറിച്ചും ഇതു പോലുള്ള അനേകം സമരങ്ങളെക്കുറിച്ചും മൗനം പാലിക്കുന്നവര്‍ ഇനിയും നുണകളുടെ പ്രളയം തീര്‍ക്കുക തന്നെ ചെയ്യും എന്നു ഞങ്ങള്‍ക്കറിയാം.

ബ്രാഹ്മണ്യത്തിന്റെയും സംഘിബോധത്തിന്റെയും വിഴുപ്പ് ഞങ്ങളില്‍ ആരോപിക്കാന്‍ സൗകര്യപ്രദമായ അത്തരം നിശബ്ദതകള്‍ തന്നെയാണ് അവര്‍ക്ക് ആവശ്യവും. അവര്‍ക്കുവേണ്ടിയല്ല, തെറ്റിദ്ധരിക്കപ്പെട്ടുപോയേക്കാവുന്ന ചെറുതെങ്കിലുമായ ഒരാള്‍ക്കൂട്ടത്തിനോട്, ഞങ്ങളാരും ചില്ലുമേടകളില്‍ ഇരുന്ന് സിദ്ധാന്തക്കൂട്ടുകള്‍ ദാനം ചെയ്യുന്നവരല്ല. മണ്ണില്‍ തന്നെ ചവിട്ടി നിന്ന് മാളികകളിലേക്ക് മുഷ്ടി ചുരുട്ടുന്നവരാണ്.

Read More >>