ജിം കോര്‍ബറ്റിന്റെ കഥ കേട്ടാല്‍ ആരും ചോദിക്കും പുലിമുരുകനൊക്കെയെന്ത്?

കൊല്ലാന്‍ വരുന്ന പുലിമുരുകനോട് കോമഡി കാണിക്കുന്ന വരയന്‍ പുലിയെ സിനിമയില്‍ കാണാനാകില്ല. എന്നാല്‍ ജിം കോര്‍ബറ്റ് നമ്മള്‍ കണ്ട പുലിമുരുകനേയല്ല- മൃഗവേട്ടക്കാരനില്‍ നിന്ന് മൃഗസംരക്ഷകനായി മാറിയ അപൂര്‍വ മനുഷ്യന്‍. ഇനി പുലിമുരുകന് രണ്ടാം ഭാഗമൊരുക്കുകയാണെങ്കില്‍ മുരുകനൊരു ക്യാമറ വാങ്ങിക്കൊടുത്താലോ?

ജിം കോര്‍ബറ്റിന്റെ കഥ കേട്ടാല്‍ ആരും ചോദിക്കും പുലിമുരുകനൊക്കെയെന്ത്?

കൊല്ലാന്‍ വരുന്ന പുലിമുരുകനോട് കോമഡി കാണിക്കുന്ന വരയന്‍ പുലിയെ സിനിമയില്‍ കാണാനാകില്ല. എന്നാല്‍ ജിം കോര്‍ബറ്റ് നമ്മള്‍ കണ്ട പുലിമുരുകനേയല്ല- മൃഗവേട്ടക്കാരനില്‍ നിന്ന് മൃഗസംരക്ഷകനായി മാറിയ അപൂര്‍വ മനുഷ്യന്‍. ഇനി പുലിമുരുകന് രണ്ടാം ഭാഗമൊരുക്കുകയാണെങ്കില്‍ മുരുകനൊരു ക്യാമറ വാങ്ങിക്കൊടുത്താലോ?

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തപ്രകാരം എല്ലാ ജീവികളുമുണ്ടായത് ഒരു പൊതു പൂര്‍വികനില്‍ നിന്നാണ്. സിദ്ധാന്തം ശരിയായാലും തെറ്റായാലും മൃഗങ്ങളെ നിരീക്ഷിച്ചാല്‍ അവ മനുഷ്യനോട് പുലര്‍ത്തുന്ന ചില സാദൃശ്യങ്ങള്‍ കാണാനാകും. ഇണക്കിവളര്‍ത്തുന്ന മൃഗങ്ങള്‍ മനുഷ്യരുടെ കൂടെ കളിക്കുന്നതും സാധ്യമായ മാര്‍ഗങ്ങളിലൂടെ അവയുടെ സ്‌നേഹപ്രകടനം നടത്തുന്നതും കാണാം. ഇത് പറയാന്‍ കാരണം സിംഹവും കടുവയും പുലിയുമൊക്കെയടങ്ങുന്ന വന്യമൃഗങ്ങളുടെ ചില പൊതുസ്വഭാവങ്ങള്‍ സൂചിപ്പിക്കാനാണ്. അവ മനുഷ്യനില്‍ നിന്ന് വ്യത്യസ്തമായി ഭക്ഷണത്തിനായ് മാത്രമേ കൊലപാതകം നടത്താറുള്ളു.


ഇനി ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ന് ഉത്തരാഖണ്ഡിലുള്ള കുമയൂണ്‍ എന്ന സ്ഥലത്ത് നടന്ന ഒരു സംഭവത്തിലേക്ക്്. ടെമ്പിള്‍ ടൈഗേഴ്‌സ് എന്ന പേരില്‍ നരഭോജികളായ കടുവകള്‍ അവിടെ വാണിരുന്നു. കുമയൂണിലെ പ്രസിദ്ധമായ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നവരെ ആക്രമിച്ചുകൊല്ലുകയായിരുന്നു ഇവ ചെയ്തിരുന്നത്. ക്ഷേത്രത്തില്‍ പോകുന്നവരെ ആക്രമിച്ചുകൊല്ലുന്നതുകൊണ്ടാണ് കടുവകള്‍ക്ക് ടെമ്പിള്‍ ടൈഗേഴ്‌സ് എന്ന പേര് ലഭിച്ചത്. കടുവകളുടെ ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് ജീവഹാനിയുണ്ടാകുകയും ക്ഷേത്രത്തിലെ ആരാധനാക്രമങ്ങള്‍ തടസപ്പെടുകയും ചെയ്തതോടെയാണ് ജിം കോര്‍ബറ്റ് എന്ന ബ്രിട്ടീഷുകാരനായ വേട്ടക്കാരന്റെ രാജകീയ എന്‍ട്രിയുണ്ടായത്. പിന്നെ നടന്നത് ചരിത്രം. ആക്രമകാരികളായ കടുവകളെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ജിം കോര്‍ബറ്റ് വേട്ടയാടി കൊന്നു. ഈ അനുഭവങ്ങളൊക്കെ അദ്ദേഹം പിന്നീട് 'മാന്‍ ഈറ്റേഴ്‌സ് ഓഫ് കുമയൂണ്‍' എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

താന്‍ വേട്ടക്കാരനാണെന്ന് മനസിലാക്കിയ കടുവകള്‍ തന്ത്രപരമായി ഒഴിഞ്ഞുമാറുന്നതും കബളിപ്പിക്കുന്നതുമൊക്കെ അദ്ദേഹം പുസ്തകങ്ങളില്‍ രസകരമായി വിവരിച്ചിട്ടുണ്ട്. കുരങ്ങുകള്‍ക്ക് മാത്രം ഉണ്ടായിരുന്നുവെന്ന് താന്‍ കരുതിയ നര്‍മബോധം കടുവകളിലും കണ്ടതായി അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ കടുവകളുടെ തന്ത്രമൊന്നും കോര്‍ബറ്റിന്റെയടുത്ത് വിലപ്പോയില്ല. ഒരു ഡസനോളം നരഭോജിക്കടുവകളെ അദ്ദേഹം വകവരുത്തി പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചു. വേട്ടയാടലിന്റെ അനുഭവങ്ങളുള്‍പ്പെടുത്തി ദി മാന്‍ ഈറ്റിംഗ് ലെപ്പാഡ് ഓഫ് രുദ്രപ്രയാഗ്, ദി ടെമ്പിള്‍ ടൈഗര്‍, മോര്‍ മാന്‍ ഈറ്റേഴ്‌സ് ഓഫ് കുമയൂണ്‍ എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്്. ടെമ്പിള്‍ ടൈഗേഴ്‌സ് കൂടാതെ ചമ്പാവത്, രുദ്രപ്രയാഗ് എന്നിവിടങ്ങളിലെ നരഭോജിക്കടുവകളേയും കോര്‍ബറ്റ് കൊന്നു. കുട്ടികളേയും സ്ത്രീകളേയുമടക്കം 1,200ലധികം പേരെ ഈ കടുവകള്‍ കൊന്നതായി പുസ്തകങ്ങളില്‍ പറയുന്നു. തങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നതായി ജനങ്ങള്‍ പരാതിപ്പെടുന്ന ഘട്ടങ്ങളില്‍ മാത്രമേ കോര്‍ബറ്റ് കടുവകളെ വേട്ടയാടിയിരുന്നുള്ളു.

എന്നാല്‍ വേട്ടക്കാരനായി മുന്നോട്ടുപോകാനായിരുന്നില്ല കോര്‍ബറ്റിന്റെ തീരുമാനം. അപകടകാരികളായ കടുവകളെ കൊല്ലേണ്ടിവന്നുവെങ്കിലും വംശനാശ ഭീഷണി നേരിടുന്ന ബംഗാള്‍ കടുവകളുടെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയത് കോര്‍ബറ്റാണെന്നത് ചരിത്രം. സുഹൃത്ത് ഫ്രെഡറിക് വാള്‍ട്ടര്‍ ചാമ്പ്യനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരു ക്യാമറ വാങ്ങിയതോടെയാണ് കോര്‍ബറ്റ് കടുവകളെയടക്കമുള്ള വന്യമൃഗങ്ങളെ കൂടുതലായി നിരീക്ഷിച്ച് തുടങ്ങിയത്. ഇതാണ് അദ്ദേഹത്തെ മൃഗവേട്ടക്കാരന്‍ എന്നതില്‍ നിന്ന് മൃഗസംരക്ഷകന്‍ എന്നതിലേക്കുള്ള പരിവര്‍ത്തനം ചെയ്തതെന്ന് പറയാം. ക്യാമറ കണ്ടാല്‍ മൃഗങ്ങള്‍ പൊതുവില്‍ മുഖം തിരിക്കുന്നതുകൊണ്ട് അവയുടെ ചിത്രങ്ങളെടുക്കുന്നത് വേട്ടയാടുന്നതുപോലെ തന്നെ ശ്രമകരമായിരുന്നുവെന്ന് അദ്ദേഹം പുസ്തകങ്ങളില്‍ പറയുന്നു.

corbet

വനവും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസുകളെടുത്തിരുന്നു. കുമയൂണ്‍ മലനിരകളില്‍ ഇന്ത്യയിലെ ആദ്യത്തെ നാഷണല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് മുന്നിട്ടിറങ്ങിയത് കോര്‍ബറ്റാണ്. വംശനാശഭീഷണി നേരിടുന്ന ബംഗാള്‍ കടുവകളെ സംരക്ഷിക്കുക എന്നതായിരുന്നു ഇതിന് പിന്നിലെ പ്രധാന ലക്ഷ്യം. ഇന്ന് ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലുള്ള കുമയൂണില്‍ 1961ല്‍ സ്ഥാപിച്ച പാര്‍ക്ക് പിന്നീട് കോര്‍ബറ്റിനോടുള്ള ആദരസൂചകമായി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്തു.

തന്റെ ചുറ്റുവട്ടം ജീവിച്ചിരുന്ന പാവപ്പെട്ടവരോട് എന്നും അനുകമ്പ പുലര്‍ത്തിയിരുന്ന കോര്‍ബറ്റ് നിരവധിപ്പേര്‍ക്ക് ജോലി വാങ്ങിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. സഹോദരി മാഗി കോര്‍ബറ്റിനോടൊപ്പം താമസിച്ചിരുന്ന വീട് വിറ്റ് കോര്‍ബറ്റ് 1947ല്‍ കെനിയയിലേക്ക് പോയി. പിന്നീട് ഈ വീട് ജിം കോര്‍ബറ്റ് മ്യൂസിയം എന്ന പേരില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് മ്യൂസിയമാക്കി മാറ്റി. കെനിയയില്‍ വംശനാശഭീഷണി നേരിടുന്ന വന്യമൃങ്ങളെക്കുറിച്ച് അദ്ദേഹം കെനിയന്‍ ഗവണ്‍മെന്റിന് മുന്നറിയിപ്പുകള്‍ നല്‍കിയും പുസ്തകമെഴുതിയും വനം വന്യജീവി സംരക്ഷണത്തിന് നല്‍കിവന്ന സംഭാവനകള്‍ തുടര്‍ന്നു. 1955ല്‍ തന്റെ ആറാമത്തെ പുസ്തകത്തിന്റെ രചന പൂര്‍ത്തിയാക്കി ആറ് ദിവസത്തിനുശേഷം കോര്‍ബറ്റ് ലോകത്തോട് വിടപറഞ്ഞു. മൃഗവേട്ടക്കാരനില്‍ നിന്നും മൃഗസംരക്ഷകനായി മാറിയ ഈ മഹാപുരുഷന്റെ പേരില്‍ ഇന്നും രാജ്യത്തെ ഏറ്റവുമാദ്യത്തെ നാഷണല്‍ പാര്‍ക്ക് വന്യമൃഗസംരക്ഷണത്തിനായി നിലകൊള്ളുന്നു.

പിതാവിനെ കൊന്നതിന്റെ സെന്റിമെന്റ്‌സില്‍ കടുവകളെ കൊന്നൊടുക്കുന്ന മുരുകനില്‍ നിന്ന് ജിം കോര്‍ബറ്റെന്ന മൃഗസ്‌നേഹിയിലേക്ക് വലിയ ദൂരമുണ്ടാകില്ല...