ഒരു പിതാവും രണ്ട് മാതാവുമുള്ള ആദ്യത്തെ കുട്ടിയുടെ കഥ

കുട്ടിയുടെ മാതാവിനുള്ള ലെയ് സിന്‍ഡ്രോം ഗര്‍ഭസ്ഥശിശുവിന്റെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗമായി മാറുമെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനാലാണ് ഇതൊഴിവാക്കാനായി രണ്ടാമതൊരു സ്ത്രീയില്‍ നിന്ന് 0.001 ശതമാനം അണ്ഡം സ്വീകരിച്ചത്.

ഒരു പിതാവും രണ്ട് മാതാവുമുള്ള ആദ്യത്തെ കുട്ടിയുടെ കഥ

പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും ചേരുമ്പോഴാണ് മനുഷ്യജീവന്‍ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ സ്വാഭാവിക ലൈംഗിക പ്രക്രിയ സാധ്യമല്ലാത്തവര്‍ക്കും സ്വാഭാവിക ലൈംഗിക പ്രക്രിയ കൊണ്ട് ഗര്‍ഭധാരണം നടക്കാത്തവര്‍ക്കുമായുള്ള വിപ്ലവകരമായ കണ്ടുപിടുത്തമാണ് ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്). പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും ലബോറട്ടറിയില്‍ വെച്ചാണ് കൂട്ടിയോജിപ്പിക്കുന്നത്. പിന്നീടിത് സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് ഗര്‍ഭധാരണം സാധ്യമാക്കുകയാണ് ചെയ്യുന്നത്.


ബീജത്തിന്റെ എണ്ണത്തിലോ ഗുണത്തിലോ ഉള്ള കുറവ്, ഓവുലേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, അണ്ഡവാഹിനിക്കുഴലിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് സാധാരണ ഐവിഎഫ് അനിവാര്യമാക്കുന്നത്. ഒരു പുരുഷന്റെയും ഒരു സ്ത്രീയുടേയും ബീജവും അണ്ഡവുമാണ് സാധാരണയായി ഐവിഎഫ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഒരു പുരുഷന്റെ ബീജവും രണ്ട് സ്ത്രീകളുടെ അണ്ഡവും ഉപയോഗിച്ച് ഐവിഎഫ് ചെയ്ത ആദ്യ കുട്ടി അമേരിക്കയില്‍ അഞ്ച് മാസം മുമ്പ് ജനിച്ചു.

ന്യൂയോര്‍ക്കിലെ ന്യൂ ഹോപ് ഫെര്‍ട്ടിലിറ്റി സെന്ററിലെ വന്ധ്യതാ വിദഗ്ധന്‍ ഡോ. ജോണ്‍ സാംഗിന്റെ നേതൃത്വത്തിലാണ് ചരിത്രപരമായ ഈ നേട്ടം കുറിച്ചത്. 6,500ല്‍ ഒരു കുട്ടിയെ ജനനത്തോടെ ബാധിക്കുന്ന രോഗം ഒഴിവാക്കാനാണ് ജോര്‍ദാനിയന്‍ ദമ്പതികള്‍ ഐവിഎഫ് തിരഞ്ഞെടുത്തത്. ദമ്പതികളുടെ ഡിഎന്‍എ ഘടകങ്ങള്‍ കൂടാതെ മറ്റൊരു സ്ത്രീയുടെ അണ്ഡവും കൂടി സ്വീകരിച്ചാണ് ആദ്യത്തെ മൂന്ന് മാതാപിതാക്കളുള്ള കുട്ടിയ്ക്കായുള്ള ഐവിഎഫ് ചെയ്തത്. കുട്ടിയുടെ മാതാവിനുള്ള ലെയ് സിന്‍ഡ്രോം ഗര്‍ഭസ്ഥശിശുവിന്റെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗമായി മാറുമെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനാലാണ് ഇതൊഴിവാക്കാനായി രണ്ടാമതൊരു സ്ത്രീയില്‍ നിന്ന് 0.001 ശതമാനം അണ്ഡം സ്വീകരിച്ചത്. അഞ്ച് മാസം പ്രായമുള്ള കുട്ടി സുഖമായിരിക്കുന്നു.