മിസ്റ്റര്‍ മുരുകന്‍ പുലിയെ കൊല്ലും മുന്‍പ് ഈ സിംഹത്തെ കണ്ടു നോക്കൂ

കാട്ടില്‍ നിന്ന് ക്രിസ്റ്റ്യന്‍ ഇറങ്ങിവന്നത് പ്രിയപ്പെട്ടവരെ വാരിപ്പുണരാന്‍; സിംഹത്തിന്റെ അപൂര്‍വ സ്‌നേഹത്തിന്റെ കഥ പുലിമുരുകനെ വാരിപ്പുണരുന്ന പ്രേക്ഷക ലോകം കാണേണ്ടതു തന്നെ

മിസ്റ്റര്‍ മുരുകന്‍ പുലിയെ കൊല്ലും മുന്‍പ് ഈ സിംഹത്തെ കണ്ടു നോക്കൂ

സ്നേഹമുള്ള സിംഹം എന്നത് ഒരു മലയാള സിനിമയുടെ പേരാണ്. ക്രിസ്റ്റീന എന്ന സിംഹത്തിന്റെ കഥയ്ക്കിടാവുന്ന പേരുമാണത്. കോടിക്കണക്കിനാളുകള്‍ ആ സ്നേഹത്തെ ഷെയര്‍ ചെയ്ത് വൈറലാക്കുന്നു- കണ്ണുനിറഞ്ഞല്ലാതെ കണ്ടിരിക്കാനാവില്ല ആ ദൃശ്യങ്ങള്‍. മീശ പിരിച്ച പുലിമുരുകനായാലും പുലി വേട്ടയ്ക്കു വന്ന മൃഗയയിലെ വാറുണ്ണിയായാലും ശരി- ആ സ്നേഹത്തിനു മുന്നില്‍ കണ്ണുനിറഞ്ഞു പോകും.
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധം മനുഷ്യകുലത്തിന്റെ ആരംഭം മുതലുണ്ട്. മനുഷ്യര്‍ക്ക് വന്യമൃഗങ്ങളുമായുള്ള അപൂര്‍വ സ്‌നേഹബന്ധത്തിന്റെ കഥകളും പുറത്തുവന്നിട്ടുണ്ട്.


1
മലയാളത്തില്‍ കഴിഞ്ഞ ദിവസമിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. നാട്ടിലിറങ്ങുന്ന വരയന്‍ പുലുകളെ മാത്രമെ താന്‍ കൊല്ലുന്നുള്ളുവെന്ന് മുരുകന്‍ സിനിമയില്‍ പലവട്ടം പറയുന്നു. സിനിമയില്‍ മോഹന്‍ലാലും കടുവയും ഏറ്റുമുട്ടുന്ന നിരവധി രംഗങ്ങളുണ്ട്. തന്റെ പിതാവിനെ കടുവ കൊന്നതിന് പ്രതികാരമായാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മുരുകന്‍ എന്ന കഥാപാത്രം കടുവകളെ കൊന്നൊടുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ മമ്മൂട്ടി ചിത്രം മൃഗയയിലും നായകകഥാപാത്രം പുലിയുമായി ഏറ്റുമുട്ടുന്ന രംഗങ്ങളുണ്ടായിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം കൊണ്ടും നായകകഥാപാത്രങ്ങള്‍ ഇവയോട് ഏറ്റുമുട്ടുന്ന രംഗങ്ങള്‍ ഉള്ളതുകൊണ്ടും ഇത്തരം സിനിമകള്‍ എല്ലാക്കാലത്തും പ്രേക്ഷകരെ അമ്പരപ്പിച്ചും രസിപ്പിച്ചിട്ടുമുണ്ട്- മൃഗത്തെ വില്ലനാക്കുന്ന സിനിമകളില്‍ നായക വിജയം വേട്ടയിലൂടെയുള്ള കീഴടക്കല്‍ തന്നെയകുമല്ലോ.

4

എന്നാല്‍ യഥാര്‍ഥത്തില്‍ വന്യമൃഗങ്ങളെ ഇത്രയേറെ ഭയക്കാനുണ്ടോ? ലോകത്തിന്റെ പല ഭാഗത്തും വന്യമൃഗങ്ങള്‍ മനുഷ്യരോട് ചങ്ങാത്തം കൂടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു കഥയാണ് ക്രിസ്റ്റ്യന്‍ എന്ന സിംഹത്തിന്റേത്. ഓസ്‌ട്രേലിയക്കാരായ ജോണ്‍ റെന്‍ഡല്‍, അന്തോണി ബെര്‍ഗ് എന്നിവര്‍ 1969ല്‍ ലണ്ടനിലെ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോറില്‍ നിന്നുമാണ് ഇന്നേതാണ്ട് മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന തുകയ്ക്ക് സിംഹക്കുട്ടിയെ വാങ്ങിയത്. ഒറ്റക്കൊരു കൂട്ടില്‍ ഞെങ്ങിഞെരുങ്ങിക്കിടക്കുന്ന സിംഹക്കുട്ടിയോട് തോന്നിയ വാത്സല്യവും അനുകമ്പയുമാണ് ഇരുവരെയും ഇതിന് പ്രേരിപ്പിച്ചത്. സമീപത്തെ ഒരു പള്ളിവികാരി പള്ളിസ്ഥലത്ത് സിംഹക്കുട്ടിയെ വളര്‍ത്താന്‍ അനുവാദം നല്‍കി. ക്രിസ്റ്റ്യന്‍ എന്ന പേര് നല്‍കിയ അവന്‍ എല്ലാവരുടേയും അരുമയായി മാറിയത് വളരെപ്പെട്ടെന്നായിരുന്നു.
ക്രിസ്റ്റ്യന്‍ എന്ന് സിംഹക്കുട്ടിക്ക് പേരിട്ടതിനെക്കുറിച്ചും അന്ന് വിമര്‍ശനങ്ങളുണ്ടായി. എന്നാല്‍ അതിന് മതപരമായ യാതൊരു കാരണവുമില്ലെന്നും ഒരു പേര് മാത്രമാണെന്നും ഇരുവരും വ്യക്തമാക്കി.ഇരുവരോടുമൊപ്പം ഫുട്‌ബോള്‍ കളിക്കാനും കെട്ടിമറിയാനുമൊക്കെ തുടങ്ങിയ ക്രിസ്റ്റിയന്റെ വളര്‍ച്ചയും അതിവേഗത്തിലായിരുന്നു. എപ്പോഴും ക്രിസ്റ്റിയന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. കാറിലും ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം. ക്രിസ്റ്റിയന് താനാ രണ്ടു മനുഷ്യരില്‍ ഒരാളാണെന്നാകും തോന്നിയിരിക്കുക. പക്ഷെ രണ്ടു വയസായതോടെ ക്രിസറ്റിയന്‍ വലിയൊരു സിംഹമായി മാറി. അവനെ പരിപാലിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലെത്തി.

2

മനസില്ലാമനസോടെ ക്രിസ്റ്റ്യനെ പിരിയാന്‍ തീരുമാനിച്ച ഇരുവരും ഇതിനായി കെനിയയിലുള്ള ജോര്‍ജ് ആഡംസനെന്ന വനസംരക്ഷകനെ കണ്ടെത്തി. എന്നാല്‍ അതിനുമുമ്പ് ഇത്തരത്തിലൊരു വന്യമൃഗത്തെ വിമാനത്തില്‍ കയറ്റി യാത്ര ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്നത് ആദ്യം പ്രതിസന്ധി സൃഷ്ടിച്ചു. എന്നാല്‍ പിന്നീട് തടസങ്ങള്‍ നീങ്ങി ഇരുവരും 1970ല്‍ വിമാനത്തില്‍ ക്രിസ്റ്റ്യനുമായി കെനിയിലേക്ക് പോയി. കെനിയയില്‍ വിമാനമിറങ്ങിയ ശേഷം ജോര്‍ജ് ആഡംസിന്റെ സഹായത്തോടെ കോറ വനത്തിനരികിലെത്തിച്ചു. നാട്ടില്‍ വളര്‍ന്ന സിംഹത്തെ കാട്ടിലേക്ക് വിടുക എന്നത് ശ്രമകരമായിരുന്നു. മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം ലഭിച്ച ആഡംസ് മുതിര്‍ന്ന ഒരു സിംഹത്തെ പരിചയപ്പെടുത്തി ക്രിസ്റ്റ്യനെ കാട്ടിലേക്കയക്കുകയായിരുന്നു. ക്രിസ്റ്റ്യന്‍ കാട്ടിലേക്ക് പോയ്മറയുന്നത് ദുഖത്തോടെ നോക്കിനിന്ന ഇരുവരും ഇംഗ്ലണ്ടിലേക്ക് മടങ്ങി. എന്നാല്‍ അരുമയായിരുന്ന സിംഹം തങ്ങളെ പിന്നീട് തിരിച്ചറിയുമോ എന്നായി ഇവരുടെ സംശയം. ഇക്കാര്യം പരീക്ഷിക്കാനായി ഒരുവര്‍ഷത്തിന് ശേഷം വീണ്ടും ഇരുവരും കെനിയയിലെത്തി. അതിനിടെ ക്രിസ്റ്റ്യന്‍ കാട്ടിലെത്തി ഇണകളും മറ്റ് സിംഹങ്ങളുമൊക്കെയായി മറ്റൊരു ജീവിതം തുടങ്ങിയിരുന്നു.

3
ആഡംസിന്റെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷമാണ് ക്രിസ്റ്റ്യനെ ഇരുവരും കണ്ടെത്തിയത്. ദൂരെ നിന്നും നടന്നുവന്ന ക്രിസ്റ്റ്യന്‍ ഏതാണ്ട് 20 മീറ്റര്‍ അടുത്തെത്തിയപ്പോള്‍ 'സ്വന്തക്കാരെ' തിരിച്ചറിഞ്ഞു. പിന്നെ ഒരൊറ്റക്കുതിപ്പായിരുന്നു. ഇരുവരുടേയും ചുമലിലേക്ക് ചാടിക്കയറി കൈകള്‍ കഴുത്തിലിട്ട് ആലിംഗനം ചെയ്ത് ചുംബിച്ചു. മനുഷ്യര്‍ തോല്‍ക്കുന്ന സ്‌നേഹപ്രകടനമാണ് ക്രിസ്റ്റിയന്‍ നടത്തിയത്. വേര്‍പാടിന്റെ സങ്കടം കൊണ്ട് അവനിരുവരേയും ഉമ്മവെച്ചും നക്കിയുമെല്ലാം സ്നേഹത്തിന്റെ ഭാഷ സംസാരിച്ചു. ഇതിനിടെ ക്രിസ്റ്റിയന്റെ രണ്ട് ഇണകളും സമീപത്തെത്തി.

https://www.youtube.com/watch?v=aOLqVshIM4w

തങ്ങളുടെ ഇണയ്ക്ക് വേണ്ടപ്പെട്ട ആരോ ആകാമെന്ന് മനസിലാക്കിയിട്ടാവാം കാട്ടില്‍ മാത്രം ജീവിച്ചിട്ടുള്ള അവയും ഇരുവരോടും പറ്റിച്ചേര്‍ന്നുനിന്നു. കോടിക്കണക്കിനാളുകളാണ് ക്രിസ്റ്റ്യനും മുന്‍ ഉടമകളുമായുളള പുനഃസമാഗമത്തിന്റെ ദൃശ്യങ്ങള്‍ യൂ ട്യൂബില്‍ ഇതുവരെ കണ്ടിട്ടുള്ളത്; പുലിമുരുകനും മൃഗയയുമെല്ലാം കണ്ട് വന്യമൃഗങ്ങളെയോര്‍ത്ത് ഭീതിതോന്നുവര്‍ തീര്‍ച്ചയായും ഈ വീഡിയോ കണ്ടാല്‍ ലൈക്കടിക്കാതിരിക്കില്ല.