സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും; രണ്ടാം ദിനവും മുൻപിൽ എറണാകുളം തന്നെ

74 ഫൈനൽ മത്സരങ്ങൾ കഴിഞ്ഞപ്പോൾ 303 പോയിന്റുമായി എറണാകുളം ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. 20 സ്വർണവും 12 വെള്ളിയും 15 വെങ്കലവുമാണ് ആതിഥേയരുടെ ഇന്നലത്തെ നേട്ടം.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും; രണ്ടാം ദിനവും മുൻപിൽ എറണാകുളം തന്നെ

കൊച്ചി: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിലും എറണാകുളത്തിന്റെ മുന്നേറ്റം. 74 ഫൈനൽ മത്സരങ്ങൾ കഴിഞ്ഞപ്പോൾ 303 പോയിന്റുമായി എറണാകുളം ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. 20 സ്വർണവും 12 വെള്ളിയും 15 വെങ്കലവുമാണ് ആതിഥേയരുടെ ഇന്നലത്തെ നേട്ടം.

263 പോയിന്റുമായി പാലക്കാടാണ് തൊട്ടുപിന്നിൽ. 15 സ്വർണം, എട്ട് വെള്ളി, 11 വെങ്കലം എന്നിങ്ങനെയാണ് നിലവിലെ ചാമ്പ്യൻമാർ കൂടിയായ പാലക്കാടിന്റെ നേട്ടം. 255 പോയിന്റുമായി കോട്ടയവും 224 പോയിന്റുമായി തിരുവനന്തപുരവും മൂന്നും നാലും സ്ഥാനങ്ങളിലെത്തി. ആദ്യദിനം മൂന്നാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം നാലാം സ്ഥാനത്തേക്കും നാലാം സ്ഥനത്തുണ്ടായിരുന്ന തൃശൂർ അഞ്ചാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.


രണ്ടാം ദിനം 13 റെക്കോഡുകളാണ് പിറന്നത്. 16 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ കോഴിക്കോടിന്റെ അപർണ്ണ റോയ് (14.57 സെക്കൻഡ്), ഷോട്ട്പുട്ടിൽ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി (12.01 മീറ്റർ), മെഡ്‌ലി റിലേയിൽ കോഴിക്കോട് ടീം (02:19.98 മിനിറ്റ്), 18വയസിൽ താഴെയുള്ള പെൺകുട്ടികളുടെ 2000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ കോട്ടയത്തിന്റെ നിബിയ ജോസഫ് (7:45.95 മിനിറ്റ്), പോൾവാൾട്ടിൽ പാലക്കാടിന്റെ എ.സി. നിവ്യ ആന്റണി (3.40 മീറ്റർ), ഷോട്ട്പുട്ടിൽ തിരുവനന്തപുരത്തിന്റെ മേഘ മറിയം മാത്യു (13.16മീറ്റർ), 16 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ പാലക്കാടിന്റെ ഡി.കെ. നിശാന്ത് (23:35.80), മെഡ്‌ലി റിലേയിൽ കോഴിക്കോട് (2:2.05 മിനിറ്റ്), 18 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ 2000 മീറ്റർ സ്റ്റീപ്പിൾ തിരുവനന്തപുരത്തിന്റെ അശ്വിൻ ആന്റണി (6:4.6 മിനിറ്റ്), ലോംഗ് ജംപിൽ പാലക്കാടിന്റെ എം. ശ്രീശങ്കർ (7.62 മീറ്റർ), മെഡ്‌ലി റിലേയിൽ കൊല്ലം ടീം (2:0.02 മിനിറ്റ്), 20 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ 10000 മീറ്റർ നടത്തത്തിൽ എറണാകുളത്തിന്റെ തോമസ് എബ്രഹാം (46:59.70 മിനിറ്റ്), ഡിസ്‌കസ് ത്രോയിൽ എറണാകുളത്തിന്റെ അമൽ പി. രാഘവ് (48:41 മിനിറ്റ്) എന്നിവരാണ് റെക്കോഡ് തിരുത്തി കുറിച്ചത്. മീറ്റ് ഇന്ന് സമാപിക്കും.