'ഇടത്താവളത്തിന്റെ' പേരിൽ അയ്യപ്പസേവാസംഘം പിളർന്നു; ഭക്തർക്ക് സഹായവുമായി സിപിഐഎം

ബക്കളം നെല്ലിയോട്ട് ക്ഷേത്ര പരിസരത്ത് നടന്നു വരുന്ന ഇടത്താവളത്തിന്റെ പേരിലാണ് അയ്യപ്പസേവാസംഘം തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി പിളർന്നത്

കണ്ണൂർ: അയ്യപ്പ ഭക്തർക്ക് വിശ്രമവും ഭക്ഷണവും പ്രദാനം ചെയ്യുന്ന 'ഇടത്താവളത്തിന്റെ' പേരിൽ അയ്യപ്പസേവാ സംഘത്തിൽ തമ്മിലടി. ഭിന്നിത രൂക്ഷമായതിനെത്തുടർന്ന് ഇരുവിഭാഗങ്ങളും പരസ്പരം പുറത്താക്കുകയും വ്യത്യസ്ത വ്യക്തികളെക്കൊണ്ട് ഈ മണ്ഡലകാലത്തെ ഇടത്താവളത്തിന്റെ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

തളിപ്പറമ്പ് ബക്കളം നെല്ലിയോട്ട് ക്ഷേത്ര പരിസരത്ത് നടന്നു വരുന്ന ഇടത്താവളത്തിന്റെ പേരിലാണ് അയ്യപ്പസേവാസംഘം തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി പിളർന്നത്. ഇതിനെത്തുടർന്ന് ഒരു വിഭാഗത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ് നേതാവും മലബാർ ദേവസ്വം ബോർഡ് കാസർഗോഡ് ഡിവിഷൻ ചെയർമാനുമായ കൊയ്യാം ജനാർദ്ദനൻ മറുപക്ഷത്തെ കെവി മണികണ്ഠൻ നായരെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കിയതായി പ്രഖ്യാപിച്ചു. കൊയ്യം ജനാർദ്ദനൻ വിഭാഗം നവംബർ 17 മുതൽ ജനുവരി 17 വരെ 60 ദിവസക്കാലം പ്രത്യേകം ഇടത്താവളം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.


എന്നാൽ മണികണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള വിഭാഗം ക്ഷേത്ര പരിസരത്തുതന്നെ നവംബർ 15 മുതൽ ഇടത്താവളം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അഖില ഭാരത അയ്യപ്പ സേവാസംഘം സംസ്ഥാന പ്രസിഡന്റ് സി ഹരിദാസിനെ ഉദ്ഘാടകനായി എത്തിക്കാനാണ് ശ്രമം. ഇതിനായി മണികണ്ഠൻ നായരുടെ നേതൃത്വത്തിൽ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
ഇരുവിഭാഗവും തമ്മിലുള്ള പോര് മൂർച്ഛിച്ചതോടെ ഇടത്താവളത്തിന്റെ പ്രവർത്തവും ആശങ്കയിലായി. എന്നാൽ മുൻ വർഷത്തേതുപോലെ സിപിഐഎം നേതൃത്വത്തിലുള്ള ഐആർപിസി അയ്യപ്പന്മാർക്കായി സമീപത്ത് തന്നെ ഹെൽപ് ഡെസ്ക് ഒരുക്കും. വൈദ്യസഹായത്തിനും വിശ്രമത്തിനും ഉൾപ്പെടെ മികച്ച സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞ വർഷം തന്നെ ഐആർപിസി വാർത്തകളിൽ ഇടം നേടിയിരുന്നു. ഇത്തവണ വിപുലമായ സൗകര്യങ്ങൾ ഒരുക്കാനാണ് ഐആർപിസിയുടെ നീക്കം.

Read More >>