സൗമ്യ വധക്കേസ്‌; വിശദമായ വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ 17ലേക്ക് മാറ്റി

സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ റിവിഷൻ പെറ്റീഷനിൽ വിശദമായ വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ 17ലേക്ക് മാറ്റി. വധശിക്ഷ ഒഴിവാക്കിയത് സാക്ഷിമൊഴി കണക്കിലെടുത്തതാണെന്ന് സുപ്രീംകോടതി. ഒരാള്‍ക്ക് വധശിക്ഷ വിധിക്കണമെങ്കില്‍ നൂറ്റിയൊന്ന് ശതമാനം തെളിവ് വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സൗമ്യ വധക്കേസ്‌; വിശദമായ വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ 17ലേക്ക് മാറ്റി

ന്യൂഡല്‍ഹി: സുപ്രീം കോടതി വളപ്പിലെ ആറാം നമ്പർ കോടതി മുറി കേരള ഹൈക്കോടതി പോലെ തോന്നിച്ചു. പ്രമാദമായ സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ മേലുള്ള ചാർജ്ജ് മയപ്പെടുത്തിയതിനെതിരെ കേരള സർക്കാർ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയായിരുന്നു, കോടതിയുടെ പരിഗണനയിൽ. ഇരിപ്പിടങ്ങളിൽ നിറയെ മലയാളികളായ അഭിഭാഷകർ. സൗമ്യയുടെ അമ്മയ്ക്കുവേണ്ടി ഹാജരാകുന്നത് അഡ്വ. ഹുസേഫാ അഹ്മദി. സൗമ്യ ട്രെയിനിൽ നിന്നു ചാടിയതാണെന്ന ഉത്തരത്തിലേക്ക് എത്തുംപടിയാണ് ക്രോസ് എക്സാമിനേഷനിൽ പ്രോസിക്യൂഷന്റെ ചോദ്യങ്ങൾ എന്ന് ജസ്റ്റിസ് ലളിത് നിരീക്ഷിച്ചു. "പ്രോസിക്യൂഷൻ തന്നെ അങ്ങനെ പറയുമ്പോൾ ഞങ്ങൾക്കെങ്ങനെ അത് അവിശ്വസിക്കാനാകും?" അദ്ദേഹം ചോദിച്ചു. പുനഃപരിശോധനാ ഹർജിയിൽ വിശദമായ വാദം കേൾക്കാമെന്നു സമ്മതിച്ച സുപ്രീം കോടതി, കേസ് 17-ാം തീയതിയിലേക്ക് അവധിക്കുവച്ചു.


വധശിക്ഷ ഒഴിവാക്കിയത് സാക്ഷിമൊഴി കണക്കിലെടുത്താണെന്ന് സുപ്രീംകോടതി പറഞ്ഞു. ഒരാള്‍ക്ക് വധശിക്ഷ വിധിക്കണമെങ്കില്‍ നൂറ്റിയൊന്ന് ശതമാനം തെളിവ് വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സൗമ്യ ട്രെയിനില്‍നിന്ന് ചാടിയതാണോ അതോ തള്ളിയിട്ടതാണോയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.  പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷിമൊഴികളിലെ പാളിച്ചകളാണ് ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കുന്നതിലേക്ക് നയിച്ചതെന്ന് വെള്ളിയാഴ്ച കേസ് പരിഗണിച്ചു കൊണ്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നാലാമത്തെയും നാല്‍പതാമത്തെയും സാക്ഷികള്‍ സൗമ്യ ചാടി രക്ഷപെടുന്നത് കണ്ടുവെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. സംശത്തിന്റെ ആനുകൂല്യമുണ്ടെങ്കില്‍ ഒരാള്‍ക്ക് വധശിക്ഷ വിധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ പറയുന്നത് സൗമ്യയെ ട്രെയിനില്‍ നിന്ന് എടുത്തെറിഞ്ഞു എന്നാണ്. എവിഡന്‍സ് നിയമം പ്രകാരം ഡോക്ടര്‍മാരുടെ നിഗമനം മാത്രമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിനേക്കാള്‍ സാക്ഷിമൊഴിക്കാണ് പ്രാധാന്യം. സൗമ്യയുടെ മരണത്തിന് കാരണമായെന്ന് പറയുന്ന മുറിവ് ഗോവിന്ദചാമിയുണ്ടാക്കിയതാണോ അതോ അത് വീഴ്ചയിലുണ്ടായതാണോ എന്ന കാര്യത്തിലും പ്രോസിക്യൂഷന് വ്യക്തതയില്ല.

കേസ് പഠിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് കേസ് മാറ്റിവച്ചത്. സൗമ്യക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗമ്യയുടെ അമ്മ സുമതി പറഞ്ഞു.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സൗമ്യ കൊല്ലപ്പെടാനിടയായ സംഭവം നടന്നത്. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു.

Read More >>