സൗമ്യ വധക്കേസ്; സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മറുപടി ഇന്ന്

നേരത്തെ, ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിനുളള തെളിവ് ചോദിച്ച കോടതി, കീഴ്ക്കോടതി വിചാരണയില്‍ പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

സൗമ്യ വധക്കേസ്;  സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മറുപടി ഇന്ന്

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കും. കേസുമായി ബന്ധപ്പെട്ടു കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍  പ്രോസിക്യൂഷന് നല്‍കിയ സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ്  സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ഒരുങ്ങുന്നത്.  ഇതോടൊപ്പം സൗമ്യയുടെ അമ്മ സുമതി നല്‍കിയ പുനപരിശോധനാഹര്‍ജിയും കോടതി പരിഗണിക്കും

ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗൊയ്, യു.യു.ലളിത്, പി.സി.പാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന് മുന്നിലാണ് പ്രോസിക്യൂഷന്‍ മറുപടി നല്‍കുന്നത്. നേരത്തെ, ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിനുളള തെളിവ് ചോദിച്ച കോടതി, കീഴ്ക്കോടതി വിചാരണയില്‍ പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.


ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിന് തെളിവില്ലെന്ന നിലപാടില്‍ സുപ്രീം കോടതി തുടരുന്ന അവസരത്തില്‍ ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റവും വധശിക്ഷയും പുനസ്ഥാപിച്ചു കിട്ടാന്‍ പ്രോസിക്യൂഷന് കഴിഞ്ഞേക്കില്ല. നൂറ്റൊന്ന് ശതമാനം ഉറപ്പുളള തെളിവുകള്‍ ഹാജരാക്കിയാല്‍ നിലപാട് മാറ്റാമെന്ന് കോടതി ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍  പ്രോസിക്യൂഷന് അത് സാധ്യമായേക്കില്ല.

ഓടുന്ന ട്രെയിനില്‍ നിന്ന് സൗമ്യ ചാടിയതാണോ, ഗോവിന്ദച്ചാമി തളളിയിട്ടതാണോയെന്ന കാര്യത്തിലാണ് പ്രോസിക്യൂഷന്‍ വ്യക്തത വരുത്തേണ്ടത്. പ്രോസിക്യൂഷന്റെ തന്നെ രണ്ടു സാക്ഷികള്‍ സൗമ്യ ചാടി രക്ഷപ്പെട്ടുവെന്ന വാദം ഉറപ്പിക്കുന്നു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിപ്രകാരം സൗമ്യയെ ഗോവിന്ദച്ചാമി തളളിയിട്ടുവെന്ന് സ്ഥാപിക്കുന്നതാണ്.

പ്രോസിക്യൂഷന്‍ സാക്ഷികളെ വിശ്വസിക്കണോ, ഡോക്ടറുടെ അഭിപ്രായത്തെ മാനിക്കണോയെന്ന് സുപ്രീംകോടതി കഴിഞ്ഞതവണ പ്രോസിക്യൂഷനോട് ആരാഞ്ഞിരുന്നു. മരണകാരണമായ പരുക്ക് ഏല്‍പ്പിച്ചത് ഗോവിന്ദച്ചാമിയാണെന്നും പ്രോസിക്യൂഷന്‍ തെളിയിക്കണം.

Read More >>