സോളാര്‍ ശിക്ഷ: ഉമ്മന്‍ചാണ്ടി രാജിവെയ്ക്കേണ്ടി വരും

ഇപിയുടെ മാതൃക പിന്തുടരാതെ സ്ഥാനത്ത് കടിച്ചു തൂങ്ങുന്നത് വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമാകുമെന്ന വാദം സുധീരനും സംഘവും ഉയര്‍ത്താതിരിക്കില്ല. ആരോപണത്തിന്റെ നിഴലടിച്ചാല്‍ രാജിവച്ച് മാതൃകയാകുന്ന ഏ കെ ആന്റണിയുടെ പിന്തുണയും ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നവര്‍ക്ക് ഹൈക്കമാന്റില്‍ നിന്നുണ്ടാകും.

സോളാര്‍ ശിക്ഷ: ഉമ്മന്‍ചാണ്ടി രാജിവെയ്ക്കേണ്ടി വരും

ബംഗളുരു: സോളാര്‍ കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടി വരും. സോളാറുമായി ബന്ധപ്പെട്ട ഓരോ ആരോപണങ്ങള്‍ വരുമ്പോഴും തെളിവില്ലെന്നു പറഞ്ഞ് കരണം മറിഞ്ഞ ഉമ്മന്‍ചാണ്ടിക്ക് കോടതി വിധി വന്‍ തിരിച്ചടിയാകും. കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി ഭരണം അഴിമതി നിറഞ്ഞതാണെന്നു തെളിയിച്ച് പാര്‍ട്ടിയുടെ പൂര്‍ണ്ണ കടിഞ്ഞാണ്‍ പിടിച്ചെടുക്കാന്‍ കടുത്ത നീക്കങ്ങളും ഹൈക്കമാന്റിലേയ്ക്കുള്ള തകൃതിയായ പരാതിയെഴുത്തുകളും നടക്കുന്നതിനിടയിലാണ് ഈ വിധി. പ്രതിഭാഗം ഹാജരാകാഞ്ഞതിനാല്‍ എക്‌സ്-പാര്‍ട്ടിയായാണ് വിധി.


മേല്‍ക്കോടതികളെ സമീപിച്ച് കുറ്റത്തില്‍ നിന്നൂരാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിക്കുമെങ്കിലും എംഎല്‍എ സ്ഥാനം രാജിവെയ്ക്കുക എന്ന ധാര്‍മ്മിക മര്യാദ കാണിക്കേണ്ടി വരും. ഇ പി ജയരാജന്റെ രാജിയുടെ അലയൊലി അവസാനിച്ചിട്ടില്ലാത്തതിനാല്‍ ഭരണപക്ഷവും ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടും. ഇപിയുടെ മാതൃക പിന്തുടരാതെ സ്ഥാനത്ത് കടിച്ചു തൂങ്ങുന്നത് വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമാകുമെന്ന വാദം സുധീരനും സംഘവും ഉയര്‍ത്താതിരിക്കില്ല. ആരോപണത്തിന്റെ നിഴലടിച്ചാല്‍ രാജിവച്ച് മാതൃകയാകുന്ന ഏ കെ ആന്റണിയുടെ പിന്തുണയും ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നവര്‍ക്ക് ഹൈക്കമാന്റില്‍ നിന്നുണ്ടാകും.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ആദ്യ ശിക്ഷാ വിധി ബംഗളൂരു കോടതിയാണ് വിധിച്ചത്. ഉമ്മന്‍ചാണ്ടിയടക്കം നാല് പേര്‍ 1.61 കോടി രൂപ വ്യവസായി എംകെ കുരുവിളയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ബംഗളുരു ജില്ലാ സെഷൻസ് കോടതി വിധി. എം കെ കുരുവിള നല്‍കിയ ഹര്‍ജിയിലാണ് വിധി. 2015 മാര്‍ച്ച് 23 നാണ് ഹര്‍ജി നല്‍കിയത്. രണ്ട് മാസത്തിനകം തുകയും 12 ശതമാനം പലിശയും കെട്ടി വെക്കണം.

ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും ചേര്‍ന്ന് ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലേക്ക് സോളാര്‍ ടെക്‌നോളജി ഇറക്കുമതി ചെയ്യുന്നതിലുളള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി, സബിസിഡി എന്നിവ ലഭ്യമാക്കി തരാമെന്ന് പറഞ്ഞ് എംകെ കുരുവിളയില്‍ നിന്ന് ഒരു കോടി മുപ്പത്തി അയ്യായിരം രൂപ പലപ്പോഴായി വാങ്ങി എന്നതാണ് കേസ്. എറണാകുളം ആസ്ഥാനമായുളള സോസ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ്, സോസ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ്, സോസ കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ വഴി സോളാര്‍ സാങ്കേതിക വിദ്യ ഉറക്കുമതി ചെയ്യാനായിരുന്നു പദ്ധതി.

ഉമ്മന്‍ചാണ്ടി അഞ്ചാം പ്രതിയാണ്. നാലായിരം കോടി രൂപയുടെ വലിയ സംരഭമായിരുന്നു ഇതെന്നും യുകെ കണ്‍സോര്‍ഷ്യമാണ് ഇതിന് പണം മുടക്കുന്നതെന്നും എംകെ കുരുവിള പറഞ്ഞു.
ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ 1000 മെഗാവാട്ടിന്റെ പവര്‍ പ്രൊജക്ട് എനിക്ക് കിട്ടിയതാണ്. കേരളം മുഴുവനും 365 ദിവസവും ഒരു മിനുട്ടു പോലും പവര്‍കട്ടില്ലാതെ വൈദ്യുതി കൊടുക്കാനാകുമായിരുന്ന പ്രൊജക്ട് ആയിരുന്നു ഇത്. ഇതിലാണ് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ബന്ധുവും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് കാശ് മേടിച്ച് എന്നെ പറ്റിച്ചത്

എംകെ കുരുവിള പറഞ്ഞു.


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍. ഈ കമ്പനികള്‍ക്കു വേണ്ടി നേരിട്ടും ഫോണിലൂടെയും ഉമ്മന്‍ചാണ്ടി തനിക്ക് ഉറപ്പു നല്‍കിയെന്നും 2012 ഒക്ടോബര്‍ 11ന് ക്ലിഫ് ഹൗസില്‍ വെച്ച് താനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ നാല്‍പ്പത് മിനുട്ട് കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി ഉറപ്പുകള്‍ ആവര്‍ത്തിച്ചുവെന്നും കുരുവിള പരാതിയില്‍ പറയുന്നു.

സോളാറില്‍ തെളിവില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നതെന്നും തെളിവുകള്‍ കൊടുത്തിട്ടുള്ള വിധിയാണിതെന്നും എം കെ കുരുവിള പ്രതികരിച്ചു. ദക്ഷിണ കൊറിയയുടെ സോളാര്‍ ടെക്നോളജി  ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സും സബ്സിഡി മേടിക്കുന്നതിനും, കെഎസ്ഇബിയുടെ അനുമതി മേടിക്കുന്നതിനുമൊക്കെയാണ് ഈ പണം മേടിച്ചതെന്നും എംക കുരുവിള പറഞ്ഞു.

സരിതാ നായരുമായി തനിക്ക് ബന്ധമില്ല. കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. ഇത് വേറെ കേസാണ്. എംകെ കുരുവിള പറഞ്ഞു.

സരിതയുമായി ബന്ധപ്പെട്ട കേസല്ല ഇതെന്ന വിധം കൈകഴുകാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചേക്കാം. സരിത ഉള്‍പ്പെടാത്ത സോളാര്‍ കേസുകളിലും ഉമ്മന്‍ചാണ്ടിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി പറഞ്ഞതെല്ലാം നുണയായി ജനം വിലയിരുത്തും. വിശ്വാസം നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടി രാജിയല്ലാതെ മറ്റെന്ത് തീരുമാനം എടുത്താലും കേരളത്തിലത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകും.

(കടപ്പാട്: വാര്‍ത്തയോടൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രം കാര്‍ട്ടൂണ്‍ വര്‍ക്‌സ് എന്ന ബ്ലോഗില്‍ ജയരാജ് വരച്ചത്.)വായിക്കുക


സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ആദ്യ ശിക്ഷ; രാഷ്ട്രീയ ഭാവി തുലാസിലായിRead More >>