ഭരണം മാറിയപ്പോള്‍ തട്ടകവും മാറ്റി സരിത; സരിതയുടെ സോളാര്‍ ബിസിനസ് ഇനി തമിഴ്‌നാട്ടില്‍: കേസുകള്‍ വാദിക്കാന്‍ ആളൂരും

കേരളത്തില്‍ സോളാര്‍ മാര്‍ക്കറ്റിങ് ജോലിയില്‍ നില്‍ക്കുമ്പോഴാണ് കേസില്‍ പെട്ടുപോയതെന്നും അതുകൊണ്ടു തന്നെ പുതിയ കമ്പനിയില്‍ ടെക്‌നിക്കല്‍ മേഖല മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും സരിത പറഞ്ഞു.

ഭരണം മാറിയപ്പോള്‍ തട്ടകവും മാറ്റി സരിത; സരിതയുടെ സോളാര്‍ ബിസിനസ് ഇനി തമിഴ്‌നാട്ടില്‍: കേസുകള്‍ വാദിക്കാന്‍ ആളൂരും

സംസ്ഥാന ഭരണം മാറിയപ്പോള്‍ തന്റെ തട്ടകവും അയല്‍ സംസ്ഥാനത്തേക്ക് പറിച്ചുനട്ട് സോളാര്‍ വിവാദ നായിക സരിത എസ് നായര്‍. മധുരയിലെ ന്യൂ ഇറ എന്ന സോളാര്‍ കമ്പനിയുടെ പ്രൊജക്ട് ഹെഡായാണ് സരിത ചുമതലയേറ്റത്. കേരളത്തില്‍ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുകള്‍ നടക്കുന്നതിനിടയിലാണ് പുതിയ കമ്പനിയില്‍ സരിത ജോലിക്കു കയറിയത്.

കേരളത്തില്‍ സോളാര്‍ മാര്‍ക്കറ്റിങ് ജോലിയില്‍ നില്‍ക്കുമ്പോഴാണ് കേസില്‍ പെട്ടുപോയതെന്നും അതുകൊണ്ടു തന്നെ പുതിയ കമ്പനിയില്‍ ടെക്‌നിക്കല്‍ മേഖല മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും സരിത പറഞ്ഞു. രണ്ടു മെഗാവാട്ടിന്റെ ഗ്രിഡ് ഇന്ററാക്ടീവ് സോളാര്‍ പവര്‍ പദ്ധതിക്കാണ് സരിത മേല്‍നോട്ടം വഹിക്കുന്നത്. തമിഴ്നാട്ടില്‍ സോളാര്‍ പദ്ധതികള്‍ക്ക് ഏകജാലക സംവിധാനമാകയാല്‍ കേരളത്തില്‍ വ്യവസായം നടത്തിയതിലും എളുപ്പമാണ് അവിടെയെന്ന് സരിത സൂചിപ്പിച്ചു.


ഇതേസമയം തന്റെ പേരിലുള്ള കേസുകള്‍ വിവാദ വക്കീല്‍ അഡ്വ.ബി ആളൂരിനെയാണ് സരിത ഏല്‍പ്പിച്ചിരിക്കുന്നത്. തന്റെ ഭാഗത്തുനിന്നുളള ന്യായം അവതരിപ്പിക്കാനുളള അനുയോജ്യനായ വ്യക്തി എന്ന നിലയിലാണ് ആളൂരിനെ താന്‍ സമീപിച്ചതെന്ന് സരിത 'മാതൃഭൂമി'യോട് പറഞ്ഞു. താന്‍ കൂടി ഉള്‍പ്പെട്ട പെരുമ്പാവൂര്‍ കേസ് അവസാന ഘട്ടത്തിലാണെന്നും അതിന്റെ ഭാഗമായി അടിയന്തരമായി എടുക്കേണ്ട ചില നടപടികളും ആളൂരിനെ അറിയിച്ചിട്ടുണ്ടെന്നും സരിതസൂചിപ്പിച്ചു.

വന്‍ വാര്‍ത്താപ്രാധാന്യം നേടിയ സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് വാദിച്ചത് അഡ്വ. ആളൂരാണ്. പെരുമ്പാവൂര്‍ ജിഷാ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനു വേണ്ടിയും കേസ് വാദിക്കുന്നത് ആളൂരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read More >>