കേരളത്തിൽ കനലെരിയുമ്പോൾ നമ്മുടെ സാമൂഹ്യശാസ്ത്രജ്ഞർ എന്തുചെയ്യുകയാണ്?

തീവ്രവാദകേസുകളിൽ ഉൾപ്പെട്ട പ്രതികളുടെ ആഴത്തിലുള്ള കേസ് സ്റ്റഡികൾ നടത്തപ്പെടണം. ഓരോ വ്യക്തിയുടെയും ജനനം മുതൽ ഇതുവരെയുള്ള ജീവിതത്തിന്റെ ഓരോ പടവുകളെയും സൂക്ഷ്മമായി പഠിക്കണം. ആ പഠനങ്ങൾ നിറവേറ്റുന്നതിൽ നമ്മുടെ സാമൂഹ്യശാസ്ത്ര ഗവേഷകർ കാണിക്കുന്ന അലംഭാവത്തെപ്പറ്റി.

കേരളത്തിൽ  കനലെരിയുമ്പോൾ നമ്മുടെ സാമൂഹ്യശാസ്ത്രജ്ഞർ എന്തുചെയ്യുകയാണ്?

എം. ഫസലുറഹ്മാൻ

ദൈനംദിനം പുറത്തുവന്നുകൊണ്ടിരിക്കുന്ന തീവ്രവാദ കേസുകളും പോലീസന്വേഷണ റിപ്പോർട്ടുകളും അനന്തരം നിറം കൂട്ടി പടച്ചുവിടുന്ന ന്യൂസ് റീലുകളും വാർത്താ കഥകളും ഓരോ മലയാളിയുടെയും മനസ്സിൽ അവൻ പോലുമറിയാതെ മുറിവേൽപ്പിക്കുമ്പോൾ ഇവിടത്തെ സാമൂഹ്യ ശാസ്ത്രജ്ഞർ എന്ത് ചെയ്യുകയാണ്?

കേരളത്തിലെ ബസ് സ്റ്റാൻഡുകളിൽ, റെയിൽവേ സ്റ്റേഷനുകളിൽ, നാൽക്കവലകളിൽ, കല്യാണ വീടുകളിൽ, രാഷ്ട്രീയ പരിപാടികളിൽ (എന്തിനേറെ മരണവീടുകളിൽ പോലും) തുടങ്ങി മലയാളികളുടെ പൊതു ഇടങ്ങളിലൊന്നാകെ ചെറുതെങ്കിലും അകാരണമായ ഒരു ഭീതി നിഴലിച്ചിരിക്കുന്നു. ഓരോ അയൽക്കാരനെയും, ഓരോ അന്യമതക്കാരനെയും, മതത്തിനുള്ളിലെ ഇതര സംഘടന/ജാതിക്കാരനെയും ഓരോ എതിർ രാഷ്ട്രീയക്കാരനെയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നു. അതിനുള്ള കാരണങ്ങൾ സ്വന്തം ഭാവനയിൽ സൃഷ്ടിക്കുന്നു. കുടുംബങ്ങളിൽ, സുമനസ്സുകളുടെ കൂടിച്ചേരലുകളിൽ, അന്തിച്ചർച്ചകളിൽ, വായനകളിൽ, കാഴ്ചകളിൽ എല്ലാം തന്റെ മുൻവിധികളെ  സമർത്ഥിക്കുന്ന വാർത്തകളിലേക്ക് മാത്രമായി ചുരുങ്ങുന്നു, വിമർശനങ്ങളെല്ലാം തന്റെ പതനത്തിനാണെന്നു സ്വയം വിശ്വസിക്കുന്നു. ആ വിശ്വാസം വളർന്നുവളർന്ന് അനിയന്ത്രിതമായ വികാരമായി പരിണമിക്കുന്നു.


മലയാളിയുടെ സാമൂഹ്യചിന്തകളിൽ കാതലായ മാറ്റം വന്നിരിക്കുന്നു. പുറത്തു പ്രതിഫലിക്കുന്ന പൊള്ളയായ സാംസ്കാരിക പൈതൃകത്തിന്റെ മരീചികക്കപ്പുറത്ത്‌, കത്തിജ്വലിക്കുന്ന തീവ്രചിന്തകൾക്കും അസഹിഷ്ണുതയുടെ കുഞ്ഞുബീജങ്ങൾക്കും ഓരോ മലയാളിയും അവൻ പോലുമറിയാതെ വെള്ളവും വളവും നൽകുന്നു. അങ്ങനെയവ തടിച്ചുകൊഴുക്കാൻ ഇടംനൽകുന്നു.

ദിനേന കേരളത്തിന്റെ വീടകത്തളങ്ങളിലേക്കും സാമൂഹ്യ ചുറ്റുപാടുകളിലേക്കും ദൃശ്യ-അച്ചടി-നവസാമൂഹ്യ  മാധ്യമങ്ങളിലൂടെ ഒരു തരത്തിലുള്ള മുൻകരുതലുകളുമില്ലാതെ  പെയ്തിറങ്ങുന്ന തീവ്രവാദകേസുകളുടെ വാർത്താനുഭവങ്ങളാണ് ഈ എഴുത്തിനാധാരം. യാഥാർഥ്യങ്ങളെ കണ്ടെത്തി പ്രതിരോധിക്കേണ്ടതിനുപകരം ഭാവനാസൃഷ്ടങ്ങളായവ ഊതിവീർപ്പിച്ചു പെരുമ്പറ കൊട്ടി ഗ്രാഫിക്സ് ഇമേജുകൾവെച്ച് ആഘോഷിക്കപ്പെടുമ്പോൾ  പിൽക്കാലത്ത് അവ സമൂഹത്തിൽ ചെലുത്തിയേക്കാവുന്ന ചെറുതല്ലാത്ത വിപരീതസ്വാധീനത്തെ നാം സൗകര്യപൂർവ്വം അവഗണിക്കുകയാണ്. വർത്തമാനകാലവാർത്തകൾ പോലും ഒരു ഭൂപ്രദേശത്തെയൊന്നാകെ 'തീവ്രവാദത്തിന്റെ നഴ്‌സറികൾ' എന്നൊക്കെ ലേബൽ ചെയ്യുമ്പോൾ അത് ഭാവിയിൽ ആ പ്രദേശത്തിനും അവിടെ ജീവിക്കുന്ന സമൂഹത്തിനും അവർ ഇടപെടേണ്ടിവരുന്ന സാമൂഹികമേഖലകൾക്കും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ ഒരു സാക്ഷരസമൂഹം നിർബന്ധമായും മനസ്സിലാക്കേണ്ടതാണ്. ഓരോ തീവ്രവാദ കേസുകളും മലീമസപ്പെടുത്തുന്നത് കേരളത്തിന്റെ പൊതു ഇടങ്ങളെ തന്നെയാണെന്ന നഗ്നസത്യമാണ് ഇതിലെല്ലാം ഇരുട്ടിലാക്കപ്പെടുന്നത്.

ഇവിടെയാണ് സാമൂഹ്യശാസ്ത്രപഠനങ്ങളുടെ പ്രസക്തി. ഇവിടെയാണ് സാമൂഹ്യശാസ്ത്രജ്ഞർ ഇടപെടേണ്ടത്. ഒരു സമൂഹം പിന്തുടർന്നുപോന്നിരുന്ന ഫ്യൂഡൽ ജാതീയ വ്യവസ്ഥിതിയിൽനിന്ന് രൂപാന്തരപ്പെട്ടു വന്ന ജനതയാണ് നാം. ജനാധിപത്യ-മതേതരത്വ-സഹിഷ്ണുതാനി രതരായി ജീവിച്ച ജനത  വീണ്ടും തീവ്രമായ ആശയചിന്താധാരയിലേക്ക് വഴിമാറി സഞ്ചരിക്കുന്നുണ്ടെങ്കിൽ അതിനു തക്കതായ സാമൂഹ്യ കാരണങ്ങൾ ഉണ്ടാവണം. അവ കണ്ടെത്തുകയും വേണം. അതാണ് സാമൂഹ്യശാസ്ത്രജ്ഞരുടെ സാമൂഹിക ഉത്തരവാദിത്തം. അതിലേക്ക് വെളിച്ചമേകുന്ന പഠനങ്ങൾ സഘടിപ്പിക്കാതെ ഊതിവീർപ്പിച്ച കെട്ടുകഥകൾക്കൊപ്പം ഗ്യാലറിയിലിരുന്നു കളികാണുകയാണോ നമ്മുടെ സാമൂഹ്യ ശാസ്ത്രജ്ഞർ? ആണെങ്കിൽ അതൊട്ടും ഭൂഷണമല്ല.

അനന്തമായ വാർത്താവിനിമയസംവിധാനങ്ങൾ ലോകത്തെ ഒന്നാകെ, വിശേഷിച്ച് കേരളസമൂഹത്തെ, ആഴത്തിൽ സ്വാധീനിച്ച നൂറ്റാണ്ടാണിത്. ആ നൂറ്റാണ്ടിന്റെ തുടക്കത്തിലെ തലമുറയെ കൃത്യമായ സാമൂഹ്യശാസ്ത്രപഠനങ്ങൾക്ക് വിധേയരാക്കേണ്ടതുണ്ട്. അത്തരം പഠനങ്ങളുടെ അടിസ്ഥാനത്തിൽവേണം തീവ്രവാദകേസുകളെയും പരിശോധിക്കാൻ. കേവലമായ പോലീസ് ഭാഷ്യങ്ങൾക്കോ, നിറം പിടിപ്പിച്ച വാർത്താകഥകൾക്കോ അപ്പുറത്തുള്ള സാമൂഹ്യ ശാസ്‌ത്രപഠനങ്ങളാണ് ഈ അപഗ്രഥനത്തിനു വേണ്ടത്.

തീവ്രവാദകേസുകളിൽ ഉൾപ്പെട്ട പ്രതികളുടെ ആഴത്തിലുള്ള കേസ് സ്റ്റഡികൾ നടത്തപ്പെടണം. ഓരോ വ്യക്തിയുടെയും ജനനം മുതൽ ഇതുവരെയുള്ള ജീവിതത്തിന്റെ ഓരോ പടവുകളെയും സൂക്ഷ്മമായി പഠിക്കണം. അവരുടെ കുട്ടിക്കാലവും കൗമാരവും യൗവ്വനവും ഔപചാരിക -അനൗപചാരിക വിദ്യാഭ്യാസവും പഠനങ്ങളും കൂടിച്ചേരലുകളും ഇടപെടലുകളും കുടുംബബന്ധങ്ങളും ജോലിയും വായനയും ചിന്തയും കാഴ്ചപ്പാടുകളും തുടങ്ങി, അവരിടപെടുന്ന സർവ്വ വ്യവഹാരമേഖലകളും ആഴത്തിൽ ഗവേഷണവിധേയമാക്കണം. അതിലൂടെമാത്രമേ ഒരു വ്യക്തിയും അയാൾ അധിവസിക്കുന്ന ആവാസവ്യവസ്ഥയും തമ്മിലുള്ള സംഘട്ടനങ്ങളെ പുറത്തു കൊണ്ടുവരാൻ 'സാധിക്കുകയുള്ളൂ. അതല്ലാതെ, രോഗമറിയാതെ മരുന്ന് നിർദ്ദേശിക്കുന്നത് വെള്ളത്തിൽ വരയ്ക്കുന്നതുപോലെയാണ്. ഇപ്പോൾ പിന്തുടരുന്ന പ്രക്രിയ ഏതാണ്ടങ്ങനെയാണ്.

തീവ്രവാദകേസുകളെ നിയമത്തിന്റെ ഊരാക്കുടുക്കുകൊണ്ട് നിയന്ത്രിച്ചുനിർത്താം എന്ന ആഗ്രഹം പൂർണ്ണമായും ശരിയായിക്കൊള്ളണമെന്നില്ല. മറിച്ച്, ഒരു തലമുറ, ഒരു സമൂഹം, ഒരു വ്യക്തി തീവ്രവാദ ആശയങ്ങളിലേക്ക് പോകുന്നത് തടയുന്നതാണ് അഭികാമ്യം. അതുകൊണ്ടുതന്നെ കേരളീയ സാഹചര്യത്തിൽ മൈക്രോസ്കോപിക് യുവാക്കളിൽ സംഭവിച്ചെന്ന് കരുതുന്ന ജീർണതയെ, സാമൂഹിക അർബുദത്തെ കരിച്ചുകളയാനാണെങ്കിൽ സാമൂഹ്യശാസ്ത്ര പഠനങ്ങൾ അത്യന്താപേക്ഷിതമാണ്‌. നാളെ ഒരു സമൂഹത്തിലൊന്നാകെ പടർന്നുപിടിച്ചേക്കാവുന്ന പകർച്ചവ്യാധിയെ നിവാരണം ചെയ്യണമെങ്കിൽ വിശേഷിച്ചും.

[caption id="attachment_49594" align="alignright" width="300"]എം. ഫസലുറഹ്മാൻ എം. ഫസലുറഹ്മാൻ (ലേഖകൻ)
[/caption]

അതുകൊണ്ടുതന്നെ കേരളത്തിന്റെ വർത്തമാനകാല സാമൂഹികസാഹചര്യത്തിൽ സാമൂഹ്യശാസ്ത്രജ്ഞരുടെ ഇടം പ്രാധാന്യമർഹിക്കുന്നതാണ്. കലാലയങ്ങളിലും രാഷ്ട്രീയ-മത സംഘടനകളിലും പൗരാവകാശ കൂട്ടായ്മകളിലും വ്യക്തികളിലും തുടങ്ങി ഒരു മനുഷ്യൻ സാമൂഹ്യമായി ഇടപെടുന്ന സർവ്വ മേഖലകളിലും സാമൂഹികധർമത്തിന്റെ ചാരുതയോടെ, ദിശ തെറ്റിപ്പോകുന്ന ചിന്തകളെയും അതിനു കാരണമാകുന്ന ചുറ്റുപാടുകളെയും ചൂണ്ടിക്കാണിക്കേണ്ട ഉത്തരവാദിത്വം ഓരോ സാമൂഹ്യശാസ്ത്രജ്ഞനുമുണ്ട്. ഓരോ സാമൂഹ്യശാസ്ത്ര ഗവേഷകനുമുണ്ട്. അതിനു അടിത്തറ പാകുകയെന്നത് സർക്കാരിന്റെയും ജനാധിപത്യ-മതേതരസമൂഹത്തിന്റെയും ബാധ്യതയാണ്.

ആ ബാധ്യത അക്കാദമിക് വൃത്തങ്ങളിൽനിന്നോ സാമൂഹ്യ ശാസ്ത്രപണ്ഡിതരിൽ നിന്നോ നിറവേറ്റപ്പെടുന്നുണ്ടോ? ഇല്ലെന്ന മറുപടിക്ക് ഒട്ടും താമസിക്കേണ്ടി വരുന്നില്ല!

പ്രിയപ്പെട്ട സാമൂഹ്യശാസ്ത്രജ്ഞരേ, കേരളത്തിൽ കനലെരിയുമ്പോൾ നിങ്ങളെന്തു ചെയ്യുകയായിരുന്നെന്ന് വരും തലമുറ നിങ്ങളോടു ചോദിക്കാതിരിക്കട്ടെ...

(മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ഗവേഷകനാണ് ലേഖകൻ)