ഉറി ഭീകരാക്രമണത്തെക്കുറിച്ച് ഒരു വാക്കുപോലും ഉരിയാടിയില്ല ; ആമിര്‍ ഖാന്‍ ചിത്രം 'ദംഗല്‍' ബഹിഷ്കരിക്കാന്‍ ആഹ്വാനം

ചിത്രം ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് #LetsBoycottDangal എന്ന ഹാഷ്‌ടാഗ് ട്വിറ്ററില്‍ തരംഗം തീര്‍ക്കുകയാണ്

ഉറി ഭീകരാക്രമണത്തെക്കുറിച്ച് ഒരു വാക്കുപോലും ഉരിയാടിയില്ല ; ആമിര്‍ ഖാന്‍ ചിത്രം

ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രം 'ദംഗല്‍' വിവാദക്കുരുക്കില്‍. ചിത്രം ബഹിഷ്ക്കരിക്കാന്‍ മുറവിളി കൂട്ടുകയാണ് നവമാധ്യമങ്ങളിലൂടെ പലരും.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ചിത്രം ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് #LetsBoycottDangal എന്ന ഹാഷ്‌ടാഗ് ട്വിറ്ററില്‍ തരംഗം തീര്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം ആമിര്‍ നടത്തിയ അസഹിഷ്ണുതാ പരാമര്‍ശമാണ് ചിത്രത്തിനെതിരെയുള്ള പ്രതിഷേധത്തിന് വഴിവെച്ചത്. കൂടാതെ ഉറി ഭീകരാക്രമണത്തെക്കുറിച്ച് ഒരു വാക്ക് പോലും ഉരിയാടാത്ത ഒരു നടന്റെ ചിത്രം എന്തിന് തീയറ്ററില്‍ പോയി കാണണമെന്നും ചിലര്‍ ചോദിക്കുന്നു.


വിവാദത്തെക്കുറിച്ച് ആമിറിന്റെ പ്രതികരണം ലഭിച്ചിട്ടില്ല. മുന്‍പ്, ഷാരുഖ് ഖാന്‍ നായകനായ 'ദില്‍വാലേ' എന്ന ചിത്രത്തിനെതിരെയും സമാനമായ ഒരു പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. അവിടെയും ഷാരൂഖ്‌ നടത്തിയ അസഹിഷ്ണുതാ പരാമര്‍ശമാണ് വിവാദമായത്.