കൊലപാതക രാഷ്ട്രീയത്തെ കടന്നാക്രമിച്ച് പത്താം ക്ലാസുകാരി; വീഡിയോ വൈറൽ

പോസ്റ്റ് ചെയ്ത് 18 മണിക്കൂര്‍ പിന്നിടുമ്പോള്‍ ആറുലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.

കൊലപാതക രാഷ്ട്രീയത്തെ കടന്നാക്രമിച്ച് പത്താം ക്ലാസുകാരി; വീഡിയോ വൈറൽ

കൊച്ചി: കൊലപാതക രാഷ്ട്രീയത്തേയും ഹർത്താലുകളേയും പരിഹസിച്ച് പത്താംക്ലാസുകാരിയുടെ ഫെയ്സ് ബുക്ക് വീഡിയോ . കുന്നങ്കുളം കോട്ടപ്പടി സ്വദേശി സ്‌നേഹ ബഷീര്‍ എന്ന പെണ്‍കുട്ടിയുടെ പ്രതികരണ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.  പോസ്റ്റ് ചെയ്ത് 18 മണിക്കൂര്‍ പിന്നിടുമ്പോള്‍ ആറുലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. കേരളത്തിലെ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളെയും അക്രമത്തെയും വിമര്‍ശിക്കുന്ന സ്‌നേഹ കത്തികൊണ്ടും കഠാരകൊണ്ടുള്ള രാഷ്ട്രീയത്തോട് ഗുഡ്‌ബൈ പറയണമെന്ന് ആവശ്യപ്പെടുന്നു.
കുന്നങ്കുളം ഹോളിക്രോസ് വിദ്യാലയത്തിലെ പത്താംക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ് സ്‌നേഹ.  സമീപകാലത്തെ അക്രമ രാഷ്ട്രീയ സംഭവങ്ങളില്‍ നിന്നുണ്ടായ ധാര്‍മിക രോഷമാണ് ഇത്തരമൊരു വീഡിയോ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് സ്നേഹയുടെ പിതാവ് ബഷീർ പറഞ്ഞു. പാര്‍ട്ടി ഏതുമാകട്ടെ കൊലപാതക രാഷട്രീയം വെടിയണമെന്ന ഉദ്ദേശത്തിലാണ് വീഡിയോ അപ് ലോഡ് ചെയ്തത്. വീഡിയോക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബഷീര്‍ പറഞ്ഞു. 95 ശതമാനം പേരും വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളോട് യോജിപ്പുള്ളവരാണ്. കലയോടും രാഷ്ട്രീയത്തോടും ഒരു പോലെ താത്പര്യമുള്ള സ്നേഹ നേരത്തെ സൗമ്യ വധത്തെക്കുറിച്ചും  വീഡിയോയിലൂടെ പ്രതികരിച്ചിരുന്നു. ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലറായ ബഷീര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.