യൂണിയന്‍ പ്രവര്‍ത്തനം; സൂര്യാ ടി വി ജീവനക്കാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

മാനേജ്‌മെന്റിനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നാല് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.

യൂണിയന്‍ പ്രവര്‍ത്തനം; സൂര്യാ ടി വി ജീവനക്കാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

കൊച്ചി: യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ സൂര്യാ ടിവി മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മാനേജ്‌മെന്റിനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നാലു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.

ജോലി സമയത്ത് ഓഫീസ് പരിസരത്ത് ഒത്തുകൂടി എന്നാണ് നോട്ടീസിലെ മറ്റൊരു ആരോപണം. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ എടുത്ത സമയത്തിന് പകരം ഡ്യൂട്ടി സമയം കഴിഞ്ഞും ജോലിയെടുത്താണ് മാതൃക കാട്ടിയതെന്ന് ജീവനക്കാര്‍ പറയുന്നു. ചാനലിന്റെ പ്രവര്‍ത്തനത്തെ യൂണിയന്‍ പ്രവര്‍ത്തനം ബാധിച്ചിട്ടില്ലെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.


ദീപാവലി സമയത്ത് കിട്ടേണ്ടിയിരുന്ന ബോണസ് സൂര്യാ ടിവിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും തടഞ്ഞുവെച്ചിരിക്കുകയാണെന്നും ജീവനക്കാര്‍ പറയുന്നു. സണ്‍ നെറ്റ് വര്‍ക്കിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം ബോണസ് നല്‍കിയിരുന്നു. മലയാളികളായ ഒരു വിഭാഗം ഉയര്‍ന്ന ജീവനക്കാരാണ് തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ മാനേജ്‌മെന്റിന്റെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജീവനക്കാര്‍ കൊച്ചിയിലെ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരം തുടരാനാണ് ജീവനക്കാരുടെ തീരുമാനം.

Read More >>