ഷൗക്കത്തലി സാറിന്റെ തിരക്കഥ വായിച്ചവർ ഒന്നടങ്കം പറയുന്നു: അടിപൊളി സാറേ, അടിപൊളി...

ജനിച്ചപ്പോഴേ സദാജാഗരൂഗനായിരുന്ന ഷൗക്കത്തലി സാർ സ്റ്റേറ്റ് പോലീസ് വിട്ട് എൻഐഎ ആയതും തങ്ങളുടെ പിറകേയുള്ളതും പാവം തീവ്രന്മാർ അറിഞ്ഞതേയില്ല.

ഷൗക്കത്തലി സാറിന്റെ തിരക്കഥ വായിച്ചവർ ഒന്നടങ്കം പറയുന്നു: അടിപൊളി സാറേ, അടിപൊളി...

"ഗുരു നിത്യചൈതന്യയതിയുടെ ആശ്രമമായ കനക മലയിൽ നിരവധി തീർഥാടകർ നിത്യേന സന്ദർശിക്കുന്ന സമയമാണിത്‌".

ജനയുഗം പ്രസിദ്ധീകരിച്ച എൻഐഎ കഥയിലെ ഒരു വാചകമാണിത്. അനേകം തീർത്ഥാടകരെത്തുന്ന ഈ സമയത്ത് എന്തിനാണ് ഐസിസ് ഭീകരർ കനകമലയിലെത്തിയതെന്ന് നാരദനു സംശയം. കാര്യം കാര്യമായി അറിയണമെങ്കിൽ വായിക്കേണ്ടത് മനോരമ തന്നെ. പരേതനായ തിലകൻ ചേട്ടനെ മനസിൽ ധ്യാനിച്ച് ഒക്ടോബർ നാലിലെ മനോരമ നിവർത്തി.

ഒന്നാം പേജിൽ അക്കഥ വിവരിച്ചിട്ടുണ്ട്. നാളും പക്കവും സഹിതവുമാണ് സ്ക്രീൻപ്ലേ. ആഴ്ചകൾക്ക് മുമ്പേ കൊച്ചിയിൽ ജമായത്തെ ഇസ്ലാമിയുടെ ഒരു യോഗം നടന്നു. ആ യോഗത്തിലേയ്ക്ക് ലോറിയോടിച്ചു കയറ്റി ആക്രമിക്കുക എന്നതായിരുന്നത്രേ കനകമലയിലെത്തിയ തീവ്രവാദിപ്പയ്യൻസ് ഗൂഢാലോചനയിലൂടെ രൂപം കൊടുത്ത മാസ്റ്റർ പ്ലാൻ.


ഉറിയിലെയും പത്താൻകോട്ടിലെയും സൈനിക കേന്ദ്രങ്ങളിലേയ്ക്കും യാതൊരു ഗൂഢാലോചനയും മുന്നൊരുക്കവുമില്ലാതെയാണ് ഭീകരർ ആക്രമിക്കാനെത്തിയത്. ഗൂഢാലോചനയെങ്ങാനും നടത്തിയിരുന്നെങ്കിൽ അപ്പോഴേ നമ്മുടെ രഹസ്യാന്വേഷണ വിഭാഗം വിവരം ചോർത്തിയിട്ടുണ്ടാകും എന്ന കാര്യത്തിൽ നാരദനു സംശയമില്ല. എന്തുകൊണ്ടാണെന്നോ?

കൊച്ചിയിലെ ജമായത്തെ ഇസ്ലാമി യോഗത്തിലേയ്ക്ക് ലോറിയോടിച്ചു കയറ്റാൻ ഗൂഢാലോചന നടത്തിയതുകൊണ്ട് അവർ പിടിക്കപ്പെട്ടു. യോഗവേദി മാറ്റണമെന്ന് പോലീസിന് മുൻകൂട്ടി ആവശ്യപ്പെടാൻ പറ്റി. ഉറിയിലും പത്താൻകോട്ടും ഒരു ഗൂഢാലോചനയും നടത്താതെ ആക്രമിക്കാൻ വന്നത് ഭീകരരുടെ തെറ്റ്.

കൊച്ചിയിൽ പോലീസ് തക്കസമയത്ത് ഇടപെട്ട് യോഗം മാറ്റിയ വാർത്ത സെപ്തംബർ ഒമ്പതിന്റെ ഒട്ടുമിക്ക പത്രങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഹൈക്കോടതിയ്ക്കു പരിസരത്തായിരുന്നു ആദ്യ യോഗം നിശ്ചയിച്ചിരുന്നത്. തീവ്രവാദികളുടെ പ്ലാൻ ചോർത്തിയ പോലീസ്, യോഗം സ്ക്കൂളിലേയ്ക്കു മാറ്റി.

സ്ക്കൂളിലേയ്ക്കാവുമ്പോ ലോറി കയറുമോ സാർ? ഒരിക്കലും കയറില്ല. ഹൈക്കോടതിയ്ക്കടുത്താണെങ്കിൽ വളയ്ക്കാതെയും തിരിക്കാതെയും ശകടം സ്ട്രെയിറ്റായിട്ട് ഓടിക്കാം. വഴിനീളെ കാഫിറുകൾ ടയറിനു കീഴെ ചതഞ്ഞരയും. ഇതായിരുന്നു മാസ്റ്റർ പ്ലാൻ.

ജിഹാദികളുടെ ഗ്രൂപ്പിൽ നുഴഞ്ഞു കയറിയ ടീം ഷൗക്കത്തലി സംഭവം മണത്തറിഞ്ഞതോടെ ഹൈക്കോടതി പരിസരത്തേയ്ക്ക് ലോറി ഓടിച്ചു കയറ്റാൻ ഗിയർ മാറ്റിയ ഡ്രൈവർ വാ പൊളിച്ചുപോയി.

അതീവ രഹസ്യമായി ടെലിഗ്രാം മെസഞ്ചറിൽ രൂപം കൊടുത്ത പദ്ധതിയെങ്ങനെ ലീക്കായി എന്നായിരുന്നു തീവ്രവാദികളുടെ അടുത്ത ആലോചന. ചാരൻ മൂക്കിനു താഴെയുണ്ടെന്ന് തീവ്രന്മാർക്കുറപ്പായി. അവനെ കണ്ടുപിടിച്ചേ തീരൂ. അതിനു വേണ്ടി ടെലിഗ്രാം ഗ്രൂപ്പു മരവിപ്പിച്ചു. അതീവ രഹസ്യസ്വഭാവമുളള ഗൂഢാലോചനകൾ നടത്താൻ ഫേസ് ബുക്ക് മെസഞ്ചറാണ് ബെസ്റ്റ്. അങ്ങനെ ഫേസ് ബുക്ക് മെസഞ്ചറിലൂടെ ഒറ്റുകാരനെ കണ്ടെത്തണമെങ്കിൽ ഒരു പ്രധാന കടമ്പ കടക്കണം. ഗ്രൂപ്പിലെ അംഗങ്ങൾ പരസ്പരം കണ്ട് മുഖദാവിൽ ആശയവിനിമയം നടത്തണം.

കണ്ണൂരുകാരൻ മൻസിൽ, മലപ്പുറത്തെ സഫ്‌വാൻ, തൃശ്ശൂരു ഗഡി സാലിക്‌ മുഹമ്മദ്‌, കുറ്റ്യാടിക്കാരായ റംഷാദ്‌, എൻ കെ ജാസിം എന്നിവർ അതീവരഹസ്യമായി ഗൂഢാലോചന നടത്താനും ഗ്രൂപ്പിലെ ഒറ്റുകാരനെ കണ്ടെത്തുന്നതിനുളള തന്ത്രങ്ങൾക്കു രൂപം നൽകാനും തെരഞ്ഞെടുത്ത സ്ഥലമാണ് കനകമല. ജനയുഗം പരിചയപ്പെടുത്തിയ അതേ കനകമല...? അനേകം തീർത്ഥാടകർ നിത്യേനെ സന്ദർശിക്കുന്ന കനകമല. പാനൂർ മേക്കുന്നിലെ കനകമല. മയ്യഴിപ്പുഴയുടെ ഓരത്ത് കുന്നിന്റെ താഴ്‌വാരത്ത് കനകാംബിക ദേവീക്ഷേത്രവും വർഷത്തിലൊരിക്കലും വറ്റാത്ത ആകർഷകമായ നീരുറവയും (കേരളകൗമുദി) ഉള്ള കനകമല.

അങ്ങനെയാണു കൂട്ടരേ തീവ്രന്മാർ കനകമലയിലെത്തിയത്. ജനിച്ചപ്പോഴേ സദാജാഗരൂഗനായിരുന്ന ഷൗക്കത്തലി സാർ സ്റ്റേറ്റ് പോലീസ് വിട്ട് എൻഐഎ ആയതും തങ്ങളുടെ പിറകേയുള്ളതും പാവം തീവ്രന്മാർ അറിഞ്ഞതേയില്ല.

ഒടുക്കം സംഭവിച്ചത് മനോരമ ഒന്നാംപേജിൽ ഞെരിപ്പായിട്ടു വായിക്കിൻ...

ഓപ്പറേഷൻ ഐഎസ്...

Read More >>