ഐറ്റം ഡാന്‍സ് കളിച്ചതിന് ശില്‍പ ഷെട്ടിക്കും ഗോവിന്ദക്കുമെതിരേ സമന്‍സ്

ബിഹാറിനെ അപമാനിച്ചെന്നും നഗ്നതാപ്രദര്‍ശനം നടത്തിയെന്നുമാരോപിച്ച് അഭിഭാഷകനായ എംഎം തിവാരി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നേരത്തെ താരങ്ങള്‍ക്കെതിരേ കേസെടുത്തത്.

ഐറ്റം ഡാന്‍സ് കളിച്ചതിന് ശില്‍പ ഷെട്ടിക്കും ഗോവിന്ദക്കുമെതിരേ സമന്‍സ്

സിനിമയില്‍ ഐറ്റം ഡാന്‍സ് കളിച്ചതിന് ബോളിവുഡ് താരങ്ങളായ ശില്‍പ ഷെട്ടിക്കും ഗോവിന്ദക്കുമടക്കം എട്ട് പേര്‍ക്കെതിരെ കോടതി സമന്‍സയച്ചു. 1997ല്‍ പുറത്തിറങ്ങിയ ചോട്ടേ സര്‍ക്കാര്‍ എന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സ് കളിച്ചതിനാണ് ഇവര്‍ക്കെതിരെ പാക്കൂര്‍ കോടതി സമന്‍സയച്ചത്. ബിഹാറിനെ അപമാനിച്ചെന്നും നഗ്നതാപ്രദര്‍ശനം നടത്തിയെന്നുമാരോപിച്ച് അഭിഭാഷകനായ എംഎം തിവാരി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നേരത്തെ താരങ്ങള്‍ക്കെതിരേ കേസെടുത്തത്. നവംബര്‍ 18ന് കേസിലുള്‍പ്പെട്ടവരെ കോടതിയില്‍ ഹാജരാക്കാന്‍ മുംബൈ പോലീസിനോട് കോടതി ആവശ്യപ്പെട്ടു.

ഇവരെക്കൂടാതെ സംവിധായകന്‍ വിമല്‍കുമാര്‍, ഗായകരായ ഉദിത് നാരായണ്‍, അല്‍ക്ക യാഗ്നിക്, ഗാനരചയിതാവ് ആനന്ദ് മിലിന്ദ് സംഗീതസംവിധായിക റാണി മാലിക് എന്നിവര്‍ക്കെതിരെ 2001 മെയ് അഞ്ചിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കേസില്‍ കോടതിയില്‍ ഹാജരാകാന്‍ മുംബൈ പോലീസ് കമ്മീഷണര്‍ താരങ്ങളോട് നിരവധിത്തവണ ആവശ്യപ്പെട്ടിരുന്നങ്കിലും അതുണ്ടായില്ല. കഴിഞ്ഞ ജൂലൈ 20നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.