മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ തുടരന്വേഷണം: രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടിക്കെതിരെ ഐഎംഎ

മെഡിസിന്‍ വിഭാഗം മേധാവി ജില്‍സ് ജോര്‍ജ്, ഒന്നാംവര്‍ഷ പിജി മെഡിസിന്‍ വിദ്യാര്‍ത്ഥി ഡോ: ബിനോ ജോസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ തുടരന്വേഷണം: രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടിക്കെതിരെ ഐഎംഎ

കൊച്ചി: ചികിത്സാ പിഴവിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളെജില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചെന്ന ആരോപണത്തില്‍ ആരോഗ്യവകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ടു. ജൂലൈ 18 ന് കടുത്ത പനിയുമായെത്തിയ ഷംന കുത്തിവെപ്പിനെ തുടര്‍ന്ന് ഉണ്ടായ ശാരീരികാസ്വാസ്ഥ്യം മൂലമാണ് മരിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് കളമശേരി മെഡിക്കല്‍ കോളെജിലെ രണ്ടു ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.  മെഡിസിന്‍ വിഭാഗം മേധാവി ജില്‍സ് ജോര്‍ജ്, ഒന്നാംവര്‍ഷ പിജി മെഡിസിന്‍ വിദ്യാര്‍ത്ഥി ഡോ: ബിനോ ജോസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ: ശ്രീകുമാരിയമ്മ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷംനയെ പരിശോധിച്ച ഡോ: ജില്‍സിനെയും വാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന  ഡോ: ബിനോയെയും സസ്‌പെന്‍ഡ് ചെയ്തത്.


അതേസമയം, തന്നോട് വിശദീകരണം ചോദിക്കാതെയാണ് സസ്‌പെന്‍ഡ് ചെയ്തതതെന്ന് ഡോ:ജില്‍സ് ജോര്‍ജ് നാരദാ ന്യൂസിനോട് പ്രതികരിച്ചു. തന്റെ ചുമതലയുളള മെഡിക്കല്‍ വാര്‍ഡില്‍ നിന്ന് പേവാര്‍ഡിലേക്കു രോഗിയെ മാറ്റിയത് തന്റെ അനുവാദം വാങ്ങിയിട്ടല്ലെന്നും അവിടെ നടന്ന സംഭവത്തിന് താന്‍ ഉത്തരവാദിയല്ലെന്നും ആരോപിച്ച ഡോ: ജില്‍സ് ജോര്‍ജ് തന്നെ മറയാക്കി ആശുപത്രിയിലെ സൗകര്യങ്ങളുടെ അപര്യാപ്തത മറച്ചു വെക്കുകയാണ് അധികൃതരുടെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

സസ്പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് ഐഎംഎ രംഗത്തെത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ മെഡിക്കല്‍ കോളേജ് നടത്തുന്നതു കൊണ്ടുള്ള ദുരന്തമാണിതെന്ന് ഐഎംഎ വിശദീകരിച്ചു.

പനിക്കുള്ള ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ ഷംനയ്ക്ക് സെട്രിയാക്‌സോണ്‍ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചത്  ഡോ: ജില്‍സ് ജോര്‍ജാണ്. ഡ്യൂട്ടി സമയം കഴിഞ്ഞ് പോകുമ്പോള്‍ ഇത്തരത്തിലുളള ഒരു രോഗിയെ ക്കുറിച്ച് അടുത്ത ഷിഫ്റ്റിലുളള ഡോക്ടറെ അറിയിക്കാത്തത് ഗുരുതര പിഴവാണെന്നും വ്യക്തമായ പരിശോധനയോ രോഗനിര്‍ണയമോ കൂടാതെയാണ് ഡോക്ടര്‍ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചതെന്നും ആരോപണമുണ്ടായിരുന്നു. സംഭവ സമയം ഷംനയെ രക്ഷിക്കാന്‍ ഡോക്ടര്‍മാരോ ജീവന്‍രക്ഷാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഷംനയുടെ പിതാവ് സമര്‍പ്പിച്ച പരാതിയില്‍ ആരോപിച്ചിരുന്നു. ഐസിയുവിലേയ്ക്ക് മാറ്റാന്‍ സ്ട്രെച്ചർ പോലും ഉണ്ടായിരുന്നില്ല. ഷംനയ്ക്ക് വൈറസ് ബാധയുണ്ടായിരുന്നു. രോഗനിര്‍ണയത്തിന് ആവശ്യമായ ടെസ്റ്റുകള്‍ നടത്താതെ ആന്റിബയോട്ടിക് കുത്തിവെപ്പ് എടുത്തത് പ്രൊഫസറുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്ന് പരാതിയില്‍ പറയുന്നു.

മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥയാണ് ഷംനയുടെ ജീവനെടുത്തതെന്നും അതു കൊണ്ട് തന്നെയാണ് അന്വേഷണം കൃത്യമായി നടക്കാത്തതെന്നും ഷംനയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ ജൂലൈ 17ന് വൈകുന്നേരമാണ് പനിയെത്തുടര്‍ന്ന് ഷംനയെ കോളേജ് ഹോസ്റ്റലിലെ സുഹൃത്തുക്കള്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജന്‍ പരിശോധിച്ച് മരുന്നു നല്‍കി മടക്കിയയച്ച ഷംനയെ പനി മൂര്‍ച്ഛിച്ചതോടെ പിറ്റേ ദിവസം ഉച്ചയ്ക്ക്  വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നു  കുത്തിവെപ്പ് എടുത്തയുടന്‍ കുഴഞ്ഞു വീഴുകയായിരുന്നു.

Story by
Read More >>