മുസ്ലിം സമുദായം വേട്ടയാടലുകള്‍ക്കും കൊളുത്തി വലികള്‍ക്കും മദ്ധ്യേ

ഒരു കുറ്റവാളിയും മുസ്ലിമായതിന്റെ പേരില്‍ രക്ഷപ്പെടണമെന്നും ആരും വാദിക്കുന്നില്ല. മറിച്ച് ഒരു നിരപരാധി പോലും മുസ്ലിം ആയിപ്പോയതിന്റെ പേരില്‍ ശിക്ഷിക്കപ്പെടരുതെന്നും മുസ്ലിം അല്ല എന്നത് കൊണ്ട് ഒരു അപരാധി പോലും രക്ഷപ്പെടരുത് എന്നുമാണ് ആഗ്രഹിക്കുന്നത്. അതാണ് നീതി. ആ നീതി ഉറപ്പു നല്‍കാന്‍ കഴിയാത്ത ഭരണ കൂടങ്ങള്‍ ഈ രാജ്യത്തെ നശിപ്പിക്കുകയാണ്.

മുസ്ലിം സമുദായം വേട്ടയാടലുകള്‍ക്കും കൊളുത്തി വലികള്‍ക്കും മദ്ധ്യേ

-നസറുദ്ദീന്‍ മണ്ണാര്‍ക്കാട്

ഒരാഴ്ച മുന്‍പാണ് ഷാഹുല്‍ എന്ന മുസ്ലിം യുവാവിന്റെ പേരില്‍ ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിക്കുന്നതായ ഫോട്ടോഷോപ്പ് പ്രചരിച്ചത്. പാക്കിസ്ഥാനില്‍ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തി എന്ന് സൈന്യം വെളിപ്പെടുത്തുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് ഷാഹുല്‍ തന്റെ ഫേസ്ബുക്ക് പേജിലിട്ട ഒരു പോസ്റ്റ് ഫോട്ടോഷോപ്പ് ചെയ്താണ് പിറ്റേന്ന് സംഘപരിവാര്‍ ഈ യുവാവിനെ പാക്കിസ്ഥാന്‍ അനുകൂലിയാക്കി പ്രചരിപ്പിച്ചത്. വ്യാജ പോസ്റ്റിലെ സമയം എഡിറ്റ് ചെയ്യാന്‍ മറന്നതും സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വിവരം പുറത്തു വന്ന സമയവുമായി ഒത്തു പോകാത്തതും രക്ഷയായി. എന്നിട്ടും യുഎപിഎ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകളോളം യുവാവിനെ പോലസ് കസ്റ്റഡിയില്‍ വെയ്ക്കുകയുണ്ടായി. അതേ സമയം സംഭവം നടന്ന അന്ന് തന്നെ കുറ്റവാളികളെ കണ്ടെത്തണം എന്നാവശ്യപ്പെട്ടു യുവാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ അന്നും ഇന്നും നടപടി ഒന്നും ഉണ്ടായിട്ടുമില്ല.


ഷാഹുല്‍ രാജ്യത്തെ മുസ്ലിം സമുദായത്തിലെ ഇന്നത്തെ യുവതയുടെ പരിച്ഛേദമാണ്. ഏത് നിമിഷവും ഒരു ഫോട്ടോഷോപ്പ് പോലും ജീവിതം കൊത്തിയെടുത്തു കൊണ്ടു പോകുമെന്ന് ഭയന്നുജീവിക്കേണ്ടവരുടെ പ്രതിനിധി. കെണിയൊരുക്കാന്‍ സംഘപരിവാറും കരിനിയമം ചുമത്താന്‍ പോലീസും കഥകളെഴുതാന്‍ മാധ്യമങ്ങളും തയ്യാറായി നില്‍ക്കുമ്പോള്‍ ഏതൊരു മുസ്ലിമിനും ഈ ദുര്‍വിധി ഏത് നിമിഷവും പ്രതീക്ഷിക്കാമെന്നുള്ളതാണ് ഇതിലെ അപകടകരമായ വസ്തുത.

ഈ സഹാചര്യത്തില്‍ ദളിതുകള്‍ക്കും മുസ്ലിംകള്‍ക്കുമായി സംവരണം ചെയ്യപ്പട്ടതാണ് ഈ കരിനിയമങ്ങള്‍ എന്നുവരെ തോന്നി പോവുന്നു. തൊഗാഡിയ മുതല്‍ ശശികല വരെ, പ്രാച്ചി മുതല്‍ തോക്ക് സ്വാമി വരെ വിഷം വമിക്കുന്ന പ്രസ്താവനകള്‍ ദിനം പ്രതി പുറത്തുവിട്ടിട്ടും ഒരു പെറ്റി കേസ് പോലും അവര്‍ക്കെതിരെ ചുമത്തുന്നില്ല. അപ്പോഴാണ് കെട്ടിച്ചമച്ച കേസുകളുടെ പേരില്‍ പോലും യാതൊരു പ്രാഥമിക അന്വേഷണങ്ങളുമില്ലാതെ മുസ്ലിം യുവാക്കളെ യുഎപിഎ ഉപയോഗിച്ച് നേരിടുന്നത്. ഒരു വശത്ത് കടുത്ത അനീതിയും മറുവശത്ത് കണ്ടില്ലെന്നു നടിക്കലും നമ്മുടെ സന്തുലിതമായ സമൂഹത്തിലുണ്ടാക്കുന്ന വിള്ളലുകള്‍ ചെറുതല്ല.

ഭരണമേതായാലും കാര്യങ്ങള്‍ സംഘപരിവാര്‍ തീരുമാനിക്കുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്ത് നില നില്‍ക്കുന്നത്. അന്യായമായ ഒരു പിന്തുണയും മുസ്ലിം സമുദായം ആഗ്രഹിക്കുന്നില്ല. ഒരു കുറ്റവാളിയും മുസ്ലിമായതിന്റെ പേരില്‍ രക്ഷപ്പെടണമെന്നും ആരും വാദിക്കുന്നില്ല. മറിച്ച് ഒരു നിരപരാധി പോലും മുസ്ലിം ആയിപ്പോയതിന്റെ പേരില്‍ ശിക്ഷിക്കപ്പെടരുതെന്നും മുസ്ലിം അല്ല എന്നത് കൊണ്ട് ഒരു അപരാധി പോലും രക്ഷപ്പെടരുത് എന്നുമാണ് ആഗ്രഹിക്കുന്നത്. അതാണ് നീതി. ആ നീതി ഉറപ്പു നല്‍കാന്‍ കഴിയാത്ത ഭരണ കൂടങ്ങള്‍ ഈ രാജ്യത്തെ നശിപ്പിക്കുകയാണ്.

ഐസിസ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത യുവാക്കള്‍ കുറ്റവാളികള്‍ ആണെങ്കില്‍ രാജ്യത്തെ നിയമം അനുശാസിക്കുന്ന നിയമ നടപടി നേരിടുക തന്നെ വേണം. പക്ഷെ അതിന്റെ പേരില്‍ നിരപരാധികളായ മുസ്ലിം യുവത വേട്ടയാടപ്പെടരുത്. എന്‍ഐഎ യുടെ ഭൂതകാലം അത്ര തെളിമയുള്ളതല്ലാത്തതിനാലാണ് സമൂഹത്തിനു ഇങ്ങനെ ആശങ്കപ്പെടേണ്ട വരുന്നത്.

ബംഗളൂരു സ്‌ഫോടനം, മാലേഗാവ്, ഹൈദരാബാദ്, സൂറത്ത് തുടങ്ങി ഒട്ടനവധി കേസുകളില്‍ പ്രതികളാക്കപ്പെട്ടവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധികളാണെന്നു കോടതികള്‍ കണ്ടെത്തി വെറുതെ വിട്ടത് നാം കണ്ടതും അറിഞ്ഞതുമാണ്. കള്ളക്കേസുകളില്‍ കുരുങ്ങി കുറെ പേര്‍ ഇപ്പോഴും അകത്ത് കിടക്കുന്നുമുണ്ട്. എട്ടും പത്തും വര്‍ഷങ്ങള്‍ക്ക് ശേഷം അഭ്യസ്തവിദ്യാരായ ഈ ചെറുപ്പക്കാര്‍ക്ക് ഒരു ഓട്ടോറിക്ഷ നല്‍കി പുറത്തു വിട്ടാല്‍ നികത്താന്‍ കഴിയുന്നതല്ല അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉണ്ടാകുന്ന നഷ്ടങ്ങള്‍.

ദേശ സുരക്ഷ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നത് തന്നെയാണ്. എന്നാല്‍ അതിനൊരുക്കിയ സംവിധാനങ്ങള്‍ നിരപരാധികളെ കുരുക്കുന്നുണ്ട് എങ്കില്‍ ബോധ പൂര്‍വ്വമായ ദുരുപയോഗം നടക്കുന്നുണ്ട് എന്നത് തീര്‍ച്ചയാണ്. കോടതികളിലെത്തുന്ന കൃത്രിമ തെളിവുകളും കള്ള സാക്ഷികളും അങ്ങനെയൊരു ചിന്തയുടെ സാധ്യതകൂടി തുറന്നിടുന്നുണ്ട്. കോടതികളിലെത്തുന്ന കള്ളത്തെളിവുകള്‍ നിരപരാധികളെ കുരുക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് എന്നുള്ളതാണ് ചിന്തിക്കേണ്ടത്.

മുസ്ലിം സമുദായവും ജാഗരൂകരാവേണ്ട സമയമാണിത്. ഇന്നത്തെ യുവത ബാബരി മസ്ജിദിന്റെ ദുരനുഭവവും തുടര്‍ന്നുള്ള അരക്ഷിതാവസ്ഥയും കണ്ടു വളര്‍ന്നവരാണ്. അവരുടെ ചിന്തകളെ സ്വാധീനിക്കുന്ന ആശയങ്ങളുമായി സൈബറിടങ്ങളില്‍ പല ദുരൂഹ ഐഡികളും കാത്തിരിക്കുന്നുണ്ട്. ദുര്‍വ്യാഖ്യാനങ്ങളും അധിക വായനകളും വളച്ചൊടിക്കലുകളും ഇത്തരം ദുരൂഹ സംഘങ്ങളുടെ രീതികളാണ്. പരമ്പരാഗതമായി മുസ്ലിംകള്‍ സ്വീകരിച്ചു പോരുന്ന നയനിലപാടുകളില്‍ നിന്നുള്ള വ്യതിചലനം ആവശ്യപ്പെടുന്ന കടുത്ത നീക്കങ്ങള്‍ ഒറ്റപ്പെട്ടവയാണ് എന്നുമാത്രമല്ല മുസ്ലിം സമൂഹത്തില്‍ അത്തരം ചിന്തകള്‍ വേരോടിയിട്ടില്ല എന്നും ഉറപ്പാണ്. അത് കൊണ്ടാണ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്ന് വരെ നൂറുകണക്കിന് പേര്‍ സിറിയയിലേക്ക് പ്രവഹിച്ചിട്ടും ഇന്ത്യയില്‍ നിന്ന് പത്തില്‍ താഴെ പേര്‍ മാത്രമായി പോയത്. എന്നിരുന്നാലും ഇക്കാര്യങ്ങില്‍ ഒരു ജാഗ്രത സമുദായ സംഘടനകള്‍ പുലര്‍ത്തുന്നത് നന്നായിരിക്കും.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി സാമ്പത്തികമായും രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും ശാക്തീകരിക്കപ്പെട്ട കേരളീയ മുസ്ലിം സമുദായത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ചരടു വലികളും ചൂണ്ടകളും. അതിന്റെ പിന്നില്‍ ആര് തന്നെ ആയിരുന്നാലും അവരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ നമുക്ക് ചേര്‍ന്നതല്ല എന്ന ബോധവത്കരണം ആവശ്യമാണ്. ഇല്ലെങ്കില്‍ സംഭവിക്കാനിരിക്കുന്നത് വലിയ നാശമാണ്. ഭാവി തലമുറയെ കരുതി കരുതലോടെ നീങ്ങിയില്ലെങ്കില്‍ പതിറ്റാണ്ടുകളായി സമൂഹം കെട്ടിപ്പൊക്കിയുണ്ടാക്കിയ ഈ അഭിവൃദ്ധിയും സാംസ്‌കാരിക അസ്തിത്വങ്ങളും തകര്‍ന്നു പോകും. മതനിരപേക്ഷതയുടെ സുരക്ഷിതയിടമായ ഇവിടെ മുന്നോട്ടുവെയ്ക്കുന്ന ഓരോ കാലടികളും അതുകൊണ്ടുതന്നെ ശ്രദ്ധാപൂര്‍വ്വമായിരിക്കേണ്ടതുണ്ട്.