എടോ മലയാളി മലരാ മുണ്ട് താഴ്‌ത്തെടോ :(

ഒറ്റയ്ക്ക് രാത്രിയാത്രയ്ക്കെത്തിയ രാജനന്ദിനിയെന്ന കലാകാരിയ്ക്കു നേരെ കൊച്ചിയില്‍ ലൈംഗികാതിക്രമത്തിനു ശ്രമിച്ച മലയാളി പുരുഷനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു- ഇന്ത്യയെമ്പാടും രാപ്പകലില്ലാതെ യാത്ര ചെയ്യുന്ന ലെസ്ലി അഗസ്റ്റിന്‍ സഞ്ചാര വഴികളില്‍ കണ്ട പലതരം പുരുഷന്മാരെ കുറിച്ച് എഴുതുന്നു.

എടോ മലയാളി മലരാ മുണ്ട് താഴ്‌ത്തെടോ :(

അനുഭവം/ ലെസ്ലി അഗസ്റ്റിന്‍

(ട്രെയിന്‍ കയറാന്‍ രാത്രി 11ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ സഞ്ചാരിയും ചിത്രകാരിയും എഴുത്തുകാരിയുമായ രാജനന്ദിനിയോട് 'ഒരു രാത്രി ഒരുമിച്ചു കഴിയാന്‍ കൂടെ വരുന്നോ' എന്നു ചോദിച്ച മലയാളി പുരുഷന് വിജ്രിംഭിതനായി വീട്ടിലെത്താനായില്ല. രാജനന്ദിനി ആളെ ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളോട് ലൈംഗികച്ചുവയോടെ പെരുമാറുന്ന മലയാളി പുരുഷന്മാരെപ്പറ്റി ലെസ്ലി അഗസ്റ്റിന്‍ പറയുന്നതു കേള്‍ക്കൂ. ഇന്ത്യയിലെമ്പാടും പകലിരുള്‍ ഭേദമില്ലാതെ ബൈക്കില്‍ ചുറ്റുന്ന മലയാളിപ്പെണ്ണാണ് ലെസ്ലി.)raja nandini

അലമാരയിലിരിക്കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം നോക്കിയാണ് മലയാളിയുടെ പ്രബുദ്ധതയെപ്പറ്റി ഊറ്റം കൊള്ളുന്നതെങ്കില്‍ പേരെഴുതാന്‍ പഠിച്ചവരൊക്കെയും സാക്ഷരകേരളത്തിന്റെ ശില്‍പികളായെങ്കില്‍ എന്തേ ഇത്രയധികം സ്ത്രീവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടും മാനസീകവൈകൃതത്തിന്റെ ഇരകളായ പുരുഷന്‍മാരെക്കൊണ്ട് കേരളം നിറയുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മടി?

കേരളത്തിലെ പുരുഷന്‍മാര്‍ എന്ന് പ്രത്യേകം പറയേണ്ടതുണ്ട്? കാരണം, പ്രബുദ്ധനാണെന്ന് ഭാവിക്കുന്ന പകല്‍ മാന്യന്‍മാര്‍ ഏറെയുണ്ടിപ്പോള്‍. കൂടാതെ കേരളത്തിന് അകത്തും പുറത്തും യാത്ര ചെയ്യുന്ന സ്ത്രീകളുടെ സാക്ഷ്യപ്പെടുത്തലുകളും. അതുപോലൊന്നാണ് ഇക്കഴിഞ്ഞ ദിവസം എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നടന്നത്. അവര്‍ക്കു നേരിടേണ്ടി വന്നതുപോലെയുള്ള അനുഭവങ്ങള്‍ ധാരാളമുള്ളവരാണ് നമ്മള്‍ സ്ത്രീകള്‍. ഒറ്റയ്‌ക്കൊന്നു നടന്നാല്‍, എവിടെയെങ്കിലുമൊന്ന് ഇരുന്നാല്‍, ഏതെങ്കിലും തിയറ്ററില്‍ കയറിയാല്‍, ഒറ്റയ്‌ക്കൊരു ബസ്സില്‍ യാത്ര ചെയ്താല്‍... തീരുന്നില്ല പൊതുവിടങ്ങളിലെല്ലാം അവര്‍ നേരിടേണ്ടി വരുന്നത് കടുത്ത അരക്ഷിതാവസ്ഥയാണ്.

[caption id="attachment_49244" align="alignright" width="300"]Leslie Sahaja Augustin ലെസ്ലി അഗസ്റ്റിന്‍[/caption]

ഇത്രയും കാലം കുറ്റപ്പെടുത്തിയിരുന്നത് സ്ത്രീകള്‍ പ്രതികരിക്കുന്നില്ല എന്നായിരുന്നു. പ്രതികരിച്ചപ്പോഴുള്ള അവസ്ഥയോ? കള്ളു കുടിച്ചവനെന്തുമാകാമെന്ന മട്ടില്‍ മറുപടി.

രാത്രി യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. തൃശൂരിന്റെ മുക്കും മൂലയുമെല്ലാം ഞാന്‍ പകല്‍ വെളച്ചത്തിലും രാത്രിവെട്ടത്തിലും കണ്ടിട്ടുണ്ട്. ആദ്യം പ്രശ്‌നങ്ങള്‍ നേരിടുക പോലീസില്‍ നിന്നു തന്നെയാണ്. പ്രശ്‌നമുണ്ടാക്കാന്‍ വേണ്ടി സ്ത്രീകള്‍ ഒരുങ്ങിയിറങ്ങുകയാണെന്ന മട്ട്. സ്ത്രീകള്‍ക്കു മാത്രം അസമയമാണത്. ഒരിക്കല്‍ ഒരു പോലീസ്‌കാരനോട് 'ഇതെനിക്കും കൂടി അവകാശപ്പെട്ടസമയമാണ് സാറേ' എന്ന് പറയേണ്ടി വന്നു. അപ്പോള്‍ വരും അഭ്യുദയകാംഷികളില്‍ നിന്നും ചോദ്യം - ഒരു പ്രശ്‌നം വരാതെ നോക്കുകയല്ലേ വേണ്ടത്? ഇതെന്തു ന്യായമാണ്? പ്രശ്‌നമുണ്ടാക്കുന്നവരോടല്ലേ ഇത് പറയേണ്ടത്. സ്ത്രീകളോട് മോശമായി പെരുമാറിയാല്‍ പ്രശ്‌നമാകുമെന്ന് കണ്ട് മാന്യമായി നടക്കേണ്ടത് അവരല്ലേ? ഒറ്റയ്ക്ക് സഞ്ചരിക്കാനും രാത്രി ഇഷ്ടമുള്ളപ്പോള്‍ പുറത്തിറങ്ങാനുമുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം തീരുമാനിക്കേണ്ടത് മാനസീക വൈകൃതമുള്ള ചില കൂട്ടരാണോ?

ഒരിക്കല്‍ റോഡിലൂടെ നടന്നു പോകുമ്പോള്‍ കൂടെ നടന്ന് ഒരു രാത്രിക്ക് വിലപേശിയ വിദ്വാന്‍മാര്‍ വരെയുണ്ട്. രണ്ടു ദിവസം കഴിഞ്ഞ് ജാമ്യമെടുത്ത് അയാള്‍ പുറത്തിറങ്ങി എന്ന് കേട്ട നിമിഷം മുതല്‍ എനിക്ക് മുന്നറിയിപ്പുകളായിരുന്നു എവിടെയും. പിന്നെ കുറേ ദിവസത്തേക്ക് ജോലിയില്‍ നിന്നും നേരത്തേ ഇറങ്ങിക്കോളാന്‍ അനുവാദം വരെ തന്നു. അവിടേയും കുറ്റം നമുക്ക് തന്നെ.

രാത്രി എട്ടു മണിക്കു ശേഷം തനിച്ച് റോഡിലൂടെ ഒന്ന് നടക്കാന്‍ തോന്നുന്ന സ്ത്രീകള്‍ അവരെ സ്‌നേഹിക്കുന്നവരുടെ എണ്ണം കണ്ട് ഞെട്ടിപ്പോകും. ഓട്ടോറക്ഷകള്‍ വട്ടമിട്ട് പറക്കും എന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാം. ബൈക്കില്‍ പോകുന്ന 'എക്‌സിക്യൂട്ടീവ് മാന്യന്‍മാര്‍' (അനുഭവത്തില്‍ നിന്നാണ്) നമ്മള്‍ നടക്കുന്നതിനൊപ്പം ബൈക്ക് നിര്‍ത്തിയും സ്ലോ റേയ്‌സ് നടത്തിയും കൂടെയുണ്ടാകും. ഒരിക്കല്‍ തൃശ്ശൂര്‍ കൊക്കാലയിലൂടെ നടക്കുമ്പോള്‍ ഇതുപോലെ കൂട്ട് വന്ന യുവാവിന്റെ വണ്ടിയുടെ താക്കോല്‍ കൈക്കലാക്കി ഞാന്‍ അവന്റെ പ്രശ്‌നത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞത് - 'പോയാലൊരു വാക്ക് കിട്ടിയാലൊരു ചരക്ക്' എന്നാണ്. അന്ന് പേരും സ്ഥലവും ചോദിച്ച് ഐഡന്റിറ്റി കാര്‍ഡ് ഫോട്ടോയുമെടുത്ത് വിരട്ടി വിട്ടു. പക്ഷേ, പിന്നീട് ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ജിഷയുടെ കൊലപാതകത്തില്‍ ഉറഞ്ഞു തുള്ളുന്ന സഹോദരദൗത്യം തുളുമ്പുന്ന വരികള്‍ വായിച്ചപ്പോഴാണ് ഞാന്‍ ശരിക്കും പകച്ചുപോയത്.

[caption id="attachment_49245" align="alignleft" width="437"]Jaisalmer ലെസ്ലി ജെയ് സാല്‍മർ യാത്രക്കിടയില്‍[/caption]

കുറേ നാളുകള്‍ സ്ത്രീകളുടെ വസ്ത്രധാരണമാണ് എല്ലാത്തിനും കാരണം എന്നായിരുന്നു. ചര്‍ച്ചകളൊക്കെയും അവളെ എങ്ങനെ തുണിയുടുപ്പിക്കാം എന്ന്. സാമാന്യ ബോധമുള്ള ഒരാളും ഇതിനെ പിന്തുളയ്ക്കില്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് നാഗാലാന്റ് എന്ന കൊച്ചു സംസ്ഥാനം. ഔദ്യോഗിക ഭാഷ ഇംഗ്ലീഷും പാശ്ചാത്യരീതിയിലുള്ള വസ്ത്രധാരണവുമാണ് അധികവും. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇത്രയധികം ആത്മവിശ്വാസത്തോടെ തലയുയര്‍ത്തി നടന്നു പോകുന്ന പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടില്ല. നൃത്തവും പാട്ടുമായി അവര്‍ ജീവിതത്തെ എത്ര ആഘോഷത്തോടെയാണ് വരവേല്‍ക്കുന്നത്. രാത്രികള്‍ അവരുടെ ആനന്ദനിമിഷങ്ങളാണ്. അവിടെ സ്ത്രീപീഡനങ്ങളോ, ശല്യപ്പെടുത്തലുകളോ കെട്ടുകേള്‍വി പോലുമില്ല. അത്ര അകലേക്ക് പോകണ്ട, തൊട്ടടുത്തു കിടക്കുന്ന തമിഴ്‌നാട് എന്ന വലിയൊരു സംസ്ഥാനത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി. സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങളില്ല എന്ന് പറയുന്നില്ല. പക്ഷേ, അവിടെ സ്ത്രീകളൊരിക്കലും പൊതു ഇടങ്ങളില്‍ പരസ്യമായി അപമാനിക്കപ്പെടാറില്ല. അവളുടെ വ്യക്തിത്വത്തെ അവഹേളിക്കാന്‍ ആരും ധൈര്യപ്പെടാറില്ല.കേരളത്തിനു പുറത്തും മലയാളികള്‍ വെറുതേ വിടാറില്ല. രാജസ്ഥാന്‍ യാത്രയ്ക്കിടെയായിരുന്നു സംഭവം. ജോധ്പൂരില്‍ വച്ച് പരിചയപ്പെട്ട ചെറുപ്പക്കാരന്‍. ജെയ്‌സാല്‍മറില്‍ ചെന്ന് ഒരു റൂമെടുക്കാം എന്ന നിര്‍ദ്ദേശം വച്ചു. യാത്രക്കാര്‍ക്കിടയില്‍ അത് സാധാരണമാണ്. പരമാവധി ചെലവ് കുറയ്ക്കാന്‍ മൂന്നോ നാലോ പേര്‍ ചേര്‍ന്ന് മുറിയെടുക്കുകയും യാത്ര ഒരുമിച്ച് നടത്തുകയും ഒക്കെ പതിവാണ്. തവാങ്ങില്‍ താമസിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ശിവ്, ഹരിയാനയില്‍ നിന്നുള്ള മേഘറും എനിക്ക് പിന്നീട് നല്ല സൗഹൃദമായി മാറിയതിന്റെ അനുഭവവും മറിച്ചൊന്നും ചിന്തിക്കാന്‍ തോന്നിപ്പിച്ചില്ല. പക്ഷേ, റൂമെടുത്തു കഴിഞ്ഞാണ് മലയാളി സുഹൃത്തിന്റെ നിറം മാറിയത്. 'ഒറ്റയ്‌ക്കൊരു പെണ്ണ്, ഇത്ര ദൂരേയ്ക്ക് വരുന്നുണ്ടെങ്കില്‍, അവള്‍ ഒരു ആണിനൊപ്പം മുറിയെടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ അവള്‍ മോശക്കാരിയായിരിക്കും' എന്ന സാമാന്യ മലയാളി മനസ്സില്‍ നിന്നും അയാള്‍ക്ക് ഉയരാന്‍ കഴിയില്ല എന്നറിഞ്ഞതോടെ റൂമ് ഒഴിവാക്കി ഇറങ്ങിപ്പോരേണ്ടി വന്നു- കേരളത്തിന്റെ പ്രത്യേക കടല്‍ക്കാറ്റേറ്റിട്ടല്ല ഇമ്മാതിരി സ്വഭാവം എന്ന് സാരം.

ഏട്ടന്‍മാരുടെ നിക്കറും ഷര്‍ട്ടുമിട്ടു നടന്ന കുഞ്ഞുപ്രായം കഴിഞ്ഞ് പാവാട പ്രായമായതു മുതല്‍ കണ്ടുതുടങ്ങിയതാണ് പുരുഷവൈകൃതങ്ങളുടെ പലഭാവങ്ങള്‍. മുണ്ട് പൊക്കിയും തരംകിട്ടുമ്പോഴൊക്കെ ചേര്‍ത്തുപിടിച്ചും അവര്‍ കാണിച്ച വൈകൃതങ്ങള്‍ക്ക് ഇരയാകാത്ത പെണ്‍ബാല്യങ്ങള്‍ ചുരുക്കമാകും. സന്മാര്‍ഗ്ഗ ക്ലാസ്സെടുക്കുമ്പോള്‍ പെണ്‍കുട്ടികളെ മാത്രം കേന്ദ്രീകരിക്കാതെ ആണ്‍കുട്ടികളേയും ചേര്‍ത്തിരുത്തുന്നത് ഒരു പരിധിവരെ സഹായിച്ചേക്കാം- മാനസീകവൈകല്യങ്ങള്‍ക്ക് നല്ല ചികിത്സയും വേണ്ടിവരും.