അര്‍ബുദം ബാധിച്ച മുലയേയും വെറുതേ വിട്ടില്ല; തുറന്നടിച്ച് പാക് അധ്യാപിക

സ്തനാര്‍ബുദത്തെ പരിഹസിച്ച് അശ്ലീലസംഭാഷണം നടത്തിയ യുവാക്കള്‍ക്ക് ഏഷ്യയില്‍ ഏറ്റവുമധികം സ്തനാര്‍ബുദമുള്ള പാക്കിസ്ഥാനിലെ അധ്യാപിക നല്‍കിയത് ചുട്ട മറുപടി വൈറലാകുന്നു

അര്‍ബുദം ബാധിച്ച മുലയേയും വെറുതേ വിട്ടില്ല; തുറന്നടിച്ച് പാക് അധ്യാപിക

ഇസ്ലാമാബാദ്: സ്ത്രീകളെ വ്യക്തികളായി കാണാതെ ശരീരങ്ങളായി മാത്രം കാണുന്ന ഒരുപാടുപേരുണ്ട്. അവര്‍ക്ക് ഏത് അവസരത്തിലും സ്ത്രീ ശരീരഭാഗങ്ങള്‍ ലൈംഗിക അവയവങ്ങള്‍ മാത്രമാണ്. ഇത്തരത്തില്‍ സ്താനാര്‍ബുദത്തെ പരാമര്‍ശിച്ച് ലൈംഗികമായി അധിക്ഷേപം നടത്തിയ യുവാക്കള്‍ക്ക് പാക്കിസ്താന്‍ വനിത കൊടുത്ത മറുപടി ശ്രദ്ധേയമാകുന്നു. ഫാമ ഹസനെന്ന അധ്യാപികയാണ് മൂന്ന് ചെറുപ്പക്കാര്‍ നടത്തിയ ലൈംഗിക അധിക്ഷേപം കേള്‍ക്കേണ്ടി വന്ന അനുഭവം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.


സംഭാഷണം:
ഒന്നാമന്‍: ശ്രദ്ധിക്കൂ, അവരെന്താണ് സംസാരിക്കുന്നത്
രണ്ടാമന്‍: എനിക്കറിയില്ല, സ്തനാര്‍ബുദത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് തോന്നുന്നു
മൂന്നാമന്‍ അശ്ലീലഭാവത്തില്‍ ചിരിക്കുന്ന
തുടര്‍ന്ന് നാലുപേരും ഉച്ചത്തില്‍ പരിഹാസച്ചിരി ചിരിക്കുന്നു.ക്ലാസ് കഴിഞ്ഞ് കാറിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് ഏഴോ എട്ടോ സെമസ്റ്റര്‍ വിദ്യാര്‍ഥികളെന്ന് തോന്നുന്ന നാലു പേര്‍ സ്തനാര്‍ബുദത്തെ പരാമര്‍ശിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നത് കേട്ടതെന്ന് ഇവര്‍ പറയുന്നു. സാധാരണ ശാരീരിക അവയവങ്ങളെ രോഗാവസ്ഥയില്‍പ്പോലും പരിഹസിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പാക്കിസ്താനില്‍ മാത്രം ഓരോ വര്‍ഷവും 40,000 സ്ത്രീകള്‍ സ്തനാര്‍ബുദത്തെത്തുടര്‍ന്ന് മരിക്കുന്ന വിവരം അവര്‍ക്കറിയില്ല. ഏഷ്യയില്‍ ഏറ്റവുമധികം സ്തനാര്‍ബുദ രോഗികളുള്ള രാജ്യം പാക്കിസ്താനാണെന്ന വിവരം അവര്‍ക്കറിയില്ല. സാമൂഹ്യ സ്ഥിതിയുടെ ഇരകളായി ഇവിടെ പല സ്ത്രീകളും ചികിത്സ തേടാതിരിക്കുകയും വൈകി ചികിത്സ തേടി മരണത്തിനിരയാകുകയും ചെയ്യുന്ന കാര്യം അവര്‍ക്കറിയില്ല-വിദ്യാര്‍ഥികളെ പരാമര്‍ശിച്ച് പോസ്റ്റ് പറയുന്നു. എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ഇത്തരക്കാര്‍ക്ക് അവബോധം നല്‍കുകയാണ് ചെയ്യേണ്ടതെന്നും ഫാമ പറയുന്നു.

സ്വന്തമായി അവബോധം നേടുകയും ചുറ്റുമുള്ളവര്‍ക്ക് അവബോധം നല്‍കുകയും ചെയ്യുക. സ്ത്രീ ശരീരങ്ങള്‍ കേവലം വസ്തുക്കളല്ല. നമ്മള്‍ രോഗങ്ങളൊക്കെയുള്ള മനുഷ്യരാണ്. നിങ്ങളുടെ അശ്ലീല സിനിമയോടുള്ള അടിമത്വം നിങ്ങളെ മറ്റ് തരത്തിലാണ് ചിന്തിപ്പിച്ചതെന്ന് ഞാന്‍ കരുതുന്നു-ഫാമ പറയുന്നു.