സെമിനാരി വിദ്യാര്‍ഥിയെ കത്തിമുനയില്‍ നിര്‍ത്തി വൈദികന്‍ പീഡിപ്പിച്ചു; കണ്ണൂരിലെ സെമിനാരിയില്‍ പീഡനത്തിനിരയായത് 31 വിദ്യാര്‍ഥികള്‍

സമൂഹത്തെ ഞെട്ടിപ്പിക്കുന്ന പീഡനം. ഒരു വര്‍ഷത്തിനിടെ നൂറുകണക്കിന് പീഡനം നടത്തിയ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. വൈദികന്റെ ലൈംഗിക അതിക്രമങ്ങള്‍ അറിവുണ്ടായിട്ടും സഭ പീഡകനെ സംരക്ഷിച്ച് നിലനിര്‍ത്തി.

സെമിനാരി വിദ്യാര്‍ഥിയെ കത്തിമുനയില്‍ നിര്‍ത്തി വൈദികന്‍ പീഡിപ്പിച്ചു; കണ്ണൂരിലെ സെമിനാരിയില്‍ പീഡനത്തിനിരയായത് 31 വിദ്യാര്‍ഥികള്‍

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു പീഡനകഥയാണ് കണ്ണൂര്‍ ജില്ലയിലെ ഒരു സെമിനാരിയില്‍ നിന്ന് വരുന്നത്. സെമിനാരിയുടെ റെക്ടറായിരുന്ന ഫാദർ ജെയിംസ് തെക്കേമുറിയാണ് സംഭവത്തിലെ പ്രതി. സെമിനാരി വിദ്യാര്‍ത്ഥികളെ നിരന്തരമായി പീഡിപ്പിച്ചുവന്ന ഇയാള്‍ ഒരു വിദ്യാര്‍ത്ഥിയുടെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

വിശ്വാസി സമൂഹം കേട്ടാല്‍ വൈദികന്റെ മുഖത്ത് കാറിത്തുപ്പുന്ന ചെയ്തികളാണ് ഇയാള്‍ വിശുദ്ധ വസ്ത്രം ധരിച്ച് ചെയ്തുകൂട്ടിയതെന്നാണ് പോലീസ് പറയുന്ന കേസ് സ്‌റ്റോറിയില്‍ നിന്ന് പുറത്തു വരുന്നത്. കണ്ണൂര്‍ ജില്ലയിലെ ഒരു കുടിയേറ്റ മേഖലയില്‍ നിന്നുള്ള വൈദിക വിദ്യാര്‍ഥിയുടെ പരാതിയെത്തുടര്‍ന്നാണ് വൈദികന്റെ ചെയ്തികള്‍ പുറത്തറിഞ്ഞത്.


വൈദികനാകണമെന്ന അദമ്യമായ ആഗ്രഹത്തെത്തുടര്‍ന്നാണ് 16 വയസുള്ളപ്പോള്‍ 2012ല്‍ ബാലന്‍ സെമിനാരിയില്‍ ചേര്‍ന്നത്. ആദ്യത്തെ മൂന്നു വര്‍ഷം സാധാരണ രീതിയില്‍ പഠനങ്ങളും പ്രാര്‍ഥനകളുമൊക്കെയായി പോയി. മൂന്നു വര്‍ഷത്തിനു ശേഷം ഒരു ദിവസം റെക്ടറച്ചന്‍ ബാലനോട് സ്വകാര്യമായി 'നീ ഭാഗ്യവാനാണ്' എന്ന് പറയുന്നിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിന്റെ അര്‍ഥമെന്താണെന്ന് ചോദിച്ചപ്പോള്‍ അത് പീന്നീട് പറയാമെന്ന് പറഞ്ഞ് ഫാദർ ജയിംസ് തെക്കേമുറി നടന്നുപോയി.

കുറച്ചുദിവസങ്ങള്‍ക്കുശേഷം അടുക്കളയില്‍ നില്‍ക്കുകയായിരുന്ന ബാലന്റെ പിന്നിലൂടെ വന്ന് ഇയാള്‍ ചന്തിക്ക് പിടിച്ചമര്‍ത്തി. ആകെ തകര്‍ന്നുപോയ ബാലന്‍ കരഞ്ഞുകൊണ്ട് 'ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലേ' എന്ന് ഇയാളോടു ചോദിച്ചു. ഇതിന് മറുപടിയായി തന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്ന ബാലനെ ശകാരവാക്കുകള്‍ കൊണ്ടു മൂടുകയായിരുന്നു വൈദികന്‍ ചെയ്തത്.

അപ്രതീക്ഷിതമായ അപമാനവും പീഡനവുമുണ്ടായെങ്കിലും വീട്ടിലേക്ക് തിരികെ പോകാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല ബാലന്റേത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ബാലന്റെ പഠനച്ചെലവുകള്‍ സഭ വഹിച്ചിരുന്നതുകൊണ്ടാണിത്. ഇംഗിതത്തിന് വഴങ്ങാതിരുന്ന ബാലനോട് വ്യക്തമായ വിരോധം പ്രകടിപ്പിച്ച് പ്രതികാരം ചെയ്യുകയാണ് ജയിംസ് പിന്നീട് ചെയ്തത്. പഠനത്തേയും ജീവിതത്തേയും ഇത് ബാധിച്ചതോടെ ഒരു ശവമെന്നപോലെ വൈദികന്റെ വൈകൃതങ്ങള്‍ക്ക് ബാലന് വഴങ്ങേണ്ടിവന്നു.

സെമിനാരിയുടെ റെക്ടറായിരുന്ന ഫാദർ ജയിംസ് തെക്കേമുറി സാമ്പത്തിക ക്രമക്കേട് നടത്തിയതായും നേരത്തെ പരാതിയുയര്‍ന്നിരുന്നു. രണ്ട് കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയതായി ഇയാള്‍ക്കെതിരെ സഭാ കോടതിയില്‍ പരാതി ലഭിച്ചിട്ടുണ്ട്.

സെമിനാരിയിലെ ഓരോ വൈദികവിദ്യാര്‍ഥികള്‍ക്കും സ്വന്തമായി മുറികള്‍ ഉണ്ടായിരുന്നു. ഇതിനായി ഫാ. ജയിംസ് തെക്കേമുറിയുടെ നേതൃത്വത്തില്‍ വന്‍ സെമിനാരി കെട്ടിടമാണ് ഉണ്ടാക്കിയത്.

ഇയാള്‍ക്കെതിരെ മറ്റ് 30 സെമിനാരി വിദ്യാര്‍ഥികളും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വൈദികന്റെ പീഡനത്തിനിരയായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു വൈദികവിദ്യാര്‍ഥിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഉടന്‍ പരാതി കൊടുക്കാനിരിക്കുന്ന ഒരു ബാലനെ ഇയാള്‍ 60ഓളം തവണ പീഡിപ്പിച്ചതായി പറയുന്നു.

പല ദിവസങ്ങളിലും വൈദികവിദ്യാര്‍ഥികള്‍ കിടക്കാനായി മുറിയിലെത്തുമ്പോള്‍ വൈദികനെ അവിടെ കാത്തിരിക്കുന്ന നിലയില്‍ കാണാറുണ്ടായിരുന്നെന്ന് പരാതിയുണ്ട്. ഓരോ വിദ്യാര്‍ഥിക്കും വെവ്വേറെ മുറി അനുവദിച്ചത് പീഡിപ്പിക്കാന്‍ ലക്ഷ്യം വച്ചാണെന്നതാണ് മറ്റൊരാരോപണം. ഇതിനിടെ പഠനത്തിന്റെ അടുത്ത ഘട്ടത്തിനായി ബാലന് റാഞ്ചിയിലെ മേജര്‍ സെമിനാരിയിലേക്ക് പോകേണ്ടിവന്നു. ഈ യാത്രയില്‍ ബാലനെ അനുഗമിച്ച വൈദികന്‍ ട്രെയിനില്‍ വച്ചുപോലും പീഡനം നടത്തി.

റാഞ്ചിയിലെ ബാലന്റെ പഠനകാലത്ത് വൈദികന്‍ ഫോണിലൂടെയും ലൈംഗികാധിക്ഷേപങ്ങള്‍ തുടര്‍ന്നു. ഇതിനിടെ 2015ലെ ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് വന്ന ബാലന്‍ സെമിനാരി നിയമങ്ങള്‍ അനുസരിച്ച് നേരെ സെമിനാരിയിലേക്കാണ് പോയത്. ഈ സമയത്തും വൈദികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ബാലന്‍ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് മറ്റു ചിലരുടെ സഹായത്തോടെ വൈദികനെതിരെ സഭാ കോടതിയില്‍ പരാതി കൊടുത്തു. പരാതിയോടൊപ്പം നല്‍കിയ ഫോണ്‍ സംഭാഷണങ്ങളടക്കമുള്ള തെളിവുകള്‍ പരിശോധിച്ച് വൈദികന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സഭാകോടതി ഇയാളെ റെക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി.

ഈ സംഭവത്തോടെ പുരോഹിത സ്ഥാനത്ത് നിന്നും സഭ ജയിംസിനെ നീക്കിയേക്കാമെന്ന സാഹചര്യമുണ്ടായി. ഇത് ജയിംസിന് ബാലനോടുള്ള വൈരാഗ്യം വര്‍ധിക്കുന്നതിന് കാരണമായി. തന്റെ വൈദിക പട്ടം നഷ്ടമായാല്‍ ബാലനേയും കുടുംബത്തേയും ലോകത്തുനിന്നും ഇല്ലാതാക്കുമെന്ന് ഇയാള്‍ ഭീഷണി മുഴക്കി. ഈ സമയം ക്രിസ്മസ് അവധി കഴിഞ്ഞ് ബാലന്‍ റാഞ്ചിയിലേക്ക് തിരിച്ചുപോയിരുന്നു. പിന്നീട് പല മോഹനവാഗ്ദാനങ്ങളും നല്‍കി ബാലനെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാനായി ജയിംസിന്റെ ശ്രമം. തന്റെ അസിസ്റ്റന്റ് ചെയ്ത സാമ്പത്തിക ക്രമക്കേടുകള്‍ താന്‍ കണ്ടെത്തി ചോദ്യം ചെയ്തതിന് പ്രതികാരം തീര്‍ക്കാന്‍ വിദ്യാര്‍ഥികളെ കൂട്ടി തനിക്കെതിരെ കള്ളപ്പരാതി കൊടുത്തതാണെന്ന് ഇയാള്‍ പ്രചരിപ്പിച്ചു.

തുടര്‍ന്ന് എല്ലാ പഠന ചെലവുകളും ഏറ്റെടുക്കാമെന്ന ജയിംസിന്റെ പ്രലോഭനത്തില്‍ വീണ ബാലന്‍ ഇയാള്‍ പറഞ്ഞതനുസരിച്ച് താന്‍ പരാതി കൊടുത്തത് ജയിംസിന്റെ അസിസ്റ്റന്റിന്റെ ഗൂഢാലോചനയുടെ ഫലമാണെന്ന് തിരുത്തിയെഴുതി. ഇതേ സമയത്ത് വൈദികനെതിരെ പരാതി കൊടുത്തതിനാല്‍ ബാലന് പഠനം തുടരാന്‍ സാധിക്കില്ലെന്ന് ജയിംസിന്റെ സഹോദരങ്ങള്‍ ബാലന്റെ വീട്ടിലെത്തി മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു. വൈദികന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തേക്ക് ചെന്ന് മറ്റൊരു സെമിനാരിയില്‍ ചേരണമെന്നും ഇല്ലെങ്കില്‍ സെമിനാരി അസിസ്റ്റന്റ് പരാതി കൊടുത്തതിന്റെ പ്രതികാരമായി കുട്ടിയെ അപായപ്പെടുത്തുമെന്നും ജയിംസ് കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞു.

ഇത് വിശ്വസിച്ച് വൈദികന്‍ താമസിച്ചിരുന്ന ബംഗളുരുവിലുള്ള ആശ്രമത്തിലേക്ക് ബാലനെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് പറഞ്ഞയച്ചു. അവിടെയെത്തിയ ബാലനെ ബലമായി തന്റെ ഇംഗിതത്തിന് വിധേയനാക്കാനായിരുന്നു വൈദികന്റെ ശ്രമം. ഇത് ചെറുത്ത ബാലന്‍ പിറ്റേദിവസം നാട്ടിലേക്ക് വണ്ടികയറി. ഏതാനും ദിവസത്തിന് ശേഷം റാഞ്ചിയിലുള്ള പഠനസ്ഥലത്തേക്ക് ബാലന്‍ തിരിച്ചുപോയി. എന്നാല്‍ 'ബംഗളുരുവിലേക്ക് വരുന്നോ, ഇത്തിരി ആഗ്രഹമുണ്ട്' എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ഇയാള്‍ തുടര്‍ച്ചയായി അയച്ചുകൊണ്ടിരുന്നു.

തന്റെ റെക്ടര്‍ സ്ഥാനം തെറിച്ചിട്ടും ഫാദർ ജെയിംസിന് യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ബാലന്‍ തെക്കേമുറിയുടെ അസിസ്റ്റന്റിനെതിരെ കൊടുത്ത പരാതിയില്‍ മനംനൊന്ത് എല്ലാ വിവരങ്ങളും മെത്രാനെ ധരിപ്പിച്ചു. തുടര്‍ന്ന് മെത്രാന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം സഭാട്രിബ്യുണലില്‍ കാര്യങ്ങളെല്ലാം കാണിച്ച് പരാതി നല്‍കി. എന്നാല്‍ ഇക്കാര്യങ്ങളറിഞ്ഞ ഫാദർ ജെയിംസ് തെക്കേമുറി ബാലനെ നേരിട്ടു ഫോണ്‍ വിളിക്കുന്നത് അവസാനിപ്പിച്ചു. പകരം ബാലന്‍ ജ്യേഷ്ഠതുല്യനായി കാണുന്ന മറ്റൊരു വൈദികവിദ്യാര്‍ത്ഥിയുടെ സഹായത്തോടെ തന്റെ ഭീഷണികളും നിലപാടുകളും അറിയിച്ചുകൊണ്ടിരുന്നു.

ഈ വൈദികവിദ്യാര്‍ത്ഥി വൈദികന്റെ കോളുകള്‍ കുട്ടിക്ക് ചോര്‍ത്തിക്കൊടുത്ത് അവനു തന്നിലുള്ള വിശ്വാസം വര്‍ധിപ്പിച്ചു. തന്റെയും വീട്ടുകാരുടെയും ജീവന് ഭീഷണിയുണ്ടായിട്ടും പരാതി പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്ന ബാലനെ ഈ വൈദിക വിദ്യാര്‍ത്ഥി വിമാനത്താവളത്തില്‍ വരുന്ന മറ്റൊരു വൈദികനെ സ്വീകരിക്കാന്‍ കൂടെ വരണമെന്ന വ്യാജേന സെമിനാരിയില്‍ നിന്ന് പുറത്തിറക്കി. യാത്രാമധ്യേ ഒരു സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് കൊണ്ടുപോയി.

ഹോട്ടല്‍ റൂമിലേക്ക് കയറാന്‍ തുടങ്ങവേ ബാലന് അപരിചിതനായ ഒരാള്‍ വന്ന് കൂടെയുള്ള വൈദികവിദ്യാര്‍ത്ഥിയെ സ്വീകരിച്ചിരുത്തി സംഭാഷണം തുടര്‍ന്നു. ഇതിനിടയില്‍ വൈദികവിദ്യാര്‍ത്ഥി 'ഇദ്ദേഹം മറ്റൊരു കോണ്‍ഗ്രിഗേഷനിലെ വൊക്കേഷന്‍ പ്രൊമോട്ടര്‍ ആണെന്നും, അദ്ദേഹത്തോട് ഞാന്‍ നിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും അതിനാല്‍ ഇവര്‍ നിന്നെ സ്വീകരിക്കാന്‍ തയാറാണെന്നും, ഇതിനായി നിന്നോട് സംസാരിക്കാനുമാണ് ഇവിടേക്ക് കൊണ്ടുവന്നതെന്നും' പറഞ്ഞു. അപ്പോള്‍ അപരിചിതന്‍ വൈദികവിദ്യാര്‍ത്ഥിയോട് റൂമില്‍ നിന്ന് പുറത്തു പോകണമെന്നും ബാലനോട് തനിച്ചു സംസാരിക്കണമെന്നും പറഞ്ഞു.

വൈദികവിദ്യാര്‍ത്ഥി പുറത്തുപോയി ഏതാനും നിമിഷങ്ങള്‍ക്കകം, സംസാരിച്ചുകൊണ്ടിരുന്ന കുട്ടിയെ കുളിമുറിയില്‍ ഒളിച്ചിരുന്ന ജെയിംസ് തെക്കേമുറി പുറകിലൂടെ അപ്രതീക്ഷിതമായെത്തി ചെകിട്ടത്തടിക്കുകയും കഠാര കഴുത്തില്‍വച്ച് കൂടെയുള്ളയാളെക്കൊണ്ട് വായില്‍ തുണിതിരുകി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഫാ. ജെയിംസ് തെക്കേമുറി കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചു പറിച്ചു അവനെ പൂര്‍ണ്ണനഗ്‌നനാക്കി ക്യാമറയില്‍ പകര്‍ത്തുകയും അപരിചിതനുമായി കുട്ടിയെ രതിവൈകൃതങ്ങള്‍ക്കു പ്രേരിപ്പിക്കുകയും സമ്മതിക്കാതെ വന്നപ്പോള്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിലടക്കം ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

കഴുത്തിന്റെ ഇരുവശത്തും കഠാരവച്ച്, കുട്ടിയുടെ ഇമെയില്‍ അക്കൗണ്ടുകളുടെ പാസ്സ്വേര്‍ഡുകള്‍ ഭീഷണിപ്പെടുത്തി വാങ്ങുകയും ക്യാമറയില്‍ പകര്‍ത്തിയതൊക്കെ ഫേസ്ബുക്കിലും യൂട്യൂബിലും അപ്ലോഡ് ചെയ്യുമെന്നും, അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ തങ്ങള്‍ പറയുന്നതുപോലെ എഴുതിത്തരണമെന്നും ഭീഷണിപ്പെടുത്തി. ഭയന്ന് വിറച്ചുപോയ ബാലന്‍ ജയിംസ് ആവശ്യപ്പെട്ടതുപോലെ എഴുതിക്കൊടുത്തു. ഫാദർ ജെയിംസ് തെക്കേമുറിയുടെ അസിസ്റ്റന്റിനും ജെയിംസിന് വിരോധമുള്ള മറ്റൊരു പുരോഹിതനുമെതിരെ ബലപ്രയോഗത്തിലൂടെ എഴുതി വാങ്ങിയ പരാതിയില്‍ കുട്ടി ചെയ്തുവെന്ന നിലയിലുള്ള കുറ്റസമ്മതങ്ങളുമുണ്ടായിരുന്നു.

ഒടുവില്‍ ചില മലയാളികളുടെ ഇടപെടലിലൂടെ പീഡനപര്‍വത്തിനിരയായ ബാലനെ റാഞ്ചിയില്‍ നിന്ന് കേരളത്തിലെത്തിച്ചു. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി പിണറായിക്ക് പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് ആഭ്യന്തര വകുപ്പ് വിവരമറിയിക്കുകയും പരാതിയില്‍ വൈദികനെതിരെ കേസെടുക്കുകയും ചെയ്തു. ഒരു സബ് ഇന്‍സ്‌പെക്ടറുടേയും രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള സംഘം ബംഗളുരുവിലെത്തി ഫാദർ ജയിംസിനെ അറസ്റ്റുചെയ്തു. ഇയാളിപ്പോള്‍ കണ്ണൂരിലെ ഒരു ജയിലിലാണ്.

ഇതിനിടെ വൈദികന് ബന്ധമുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി ഇയാള്‍ നിരപരാധിയെന്ന തരത്തിലുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സ്വഭാവ ദൂഷ്യം കാരണം മൂന്ന് സെമിനാരികളിലായിട്ടാണ് ഫാദർ ജയിംസ് തെക്കേമുറി വൈദികപഠനം നടത്തിയതെന്നും വിവരമുണ്ട്.
ലോകത്തെ ആദ്യത്തെ തെമ്മാടി ആദ്യത്തെ വിഡ്ഢിയെ കണ്ടുമുട്ടിയിടത്താണ് മതമുണ്ടായത് -

വോള്‍ട്ടയര്‍


മതമുണ്ടായതിനെക്കുറിച്ച് പ്രസിദ്ധ ചിന്തകന്‍ വോള്‍ട്ടയറുടെ നിരീക്ഷണമാണിത്. എന്നാല്‍ മനുഷ്യജീവിതത്തിന്റെ സമഗ്രമേഖലകളെയും ബാധിക്കുന്ന മതത്തിലെ ചില പുഴുക്കുത്തുകള്‍ എല്ലാക്കാലത്തും ഒരു യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാര്‍പ്പാപ്പ, കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടേയും വൈദികരുടേയും ലൈംഗികപീഡനത്തിന് പതിവായി മാപ്പുപറയുന്നു. ഇതിനര്‍ഥം വൈദികരെല്ലാം തെറ്റുകാരാണെന്നല്ല. ഒരു ന്യൂനപക്ഷമാകാം തെറ്റുകാര്‍. എന്നാല്‍ അവര്‍ നിയമത്തിന്റെ വല തുരന്ന് പുറത്തുപോകാന്‍ പാടില്ല.

സെമിനാരികളിലും മറ്റ് സഭാ ഇടങ്ങളിലും ലൈംഗികപീഡനം നടക്കുന്നതായി കാലാകാലങ്ങളായി ആരോപണങ്ങളുണ്ട്. ചിലപ്പോഴൊക്കെ ഇതുസംബന്ധിച്ച് പരാതികളും പോലീസ് നടപടികളുമുണ്ടായിട്ടുണ്ട്. എന്നാല്‍ ചില ബാഹ്യ ഇടപെടലുകള്‍ കൊണ്ട് കുറ്റവാളികളായ ചില വൈദികരെങ്കിലും രക്ഷപെട്ടതായും ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതായും പരാതികളുയര്‍ന്നിട്ടുണ്ട്. മേലെ പറഞ്ഞ സംഭവത്തിൽ അതുണ്ടാവാതെയിരിക്കാനുള്ള ജാഗ്രതയാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്.

Read More >>