കേരളത്തിൽ സ്വാശ്രയ ചന്തയിൽ ഒഴുകുന്നത് കള്ളപ്പണം; പ്രതിവർഷം 2000 കോടി രൂപ

തലവരിയെക്കുറിച്ചുളള കമ്പോള വിവരം ഇങ്ങനെയാണ്. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ കാര്യം ആദ്യം പറയാം. എ ഗ്രേഡ് കോളജുകളിൽ ഒരു കോടിയ്ക്കു മീതേയാണ് തലവരി. ബി ഗ്രേഡുകളിൽ നീറ്റ് പരീക്ഷയിൽ 35000 - 60000 റേഞ്ചിൽ റാങ്കുളളവർക്ക് 50 മുതൽ 75 ലക്ഷം വരെ കാപ്പിറ്റേഷൻ ഫീസുണ്ട്. ജാതിയും മതവുമൊക്കെ നോക്കി ഈ തുകയിൽ മാറ്റം വരാം.

കേരളത്തിൽ സ്വാശ്രയ ചന്തയിൽ ഒഴുകുന്നത് കള്ളപ്പണം; പ്രതിവർഷം 2000 കോടി രൂപ

കേരളത്തിലെ സെൽഫ് ഫിനാൻസ് വിദ്യാഭ്യാസ മേഖലയിൽ ഒരു വർഷം നടക്കുന്നത് രണ്ടായിരം കോടിയുടെ ബിസിനസെന്ന് എക്കണോമിക് ഇൻറലിജൻസ് വൃത്തങ്ങൾ. തലവരി പിരിക്കുന്ന കോളജുകളുടെ തലമൊട്ടയടിക്കുമെന്ന ഭീഷണിയൊന്നും ഫലിച്ച മട്ടില്ല. മിക്കവാറും സ്വാശ്രയ കോളജുകളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ തലവരി നൽകിയേ തീരൂ. അതിന്റെ പേരിൽ കേരളത്തിലേയ്ക്കൊഴുകുന്ന കോടികളാണ് സ്വാശ്രയ വിദ്യാഭ്യാസം ഏറ്റവും ലാഭകരമായ കച്ചവടമാകുന്നത്. ഓരോ വർഷവും പുതിയ പുതിയ സ്വാശ്രയ കോളജുകൾ പ്രവർത്തനം തുടങ്ങുന്നതിന്റെ കാരണവും ഇതുതന്നെയാണ്.


സ്വാശ്രയ പ്രവേശനം തുടങ്ങുന്ന സമയത്ത് വൻതുകകളാണ് ബാങ്കുകളിലേക്ക് ഒഴുകുന്നത് എന്നാണ് എക്കണോമിക് ഇൻറലിജൻസ് വൃത്തങ്ങൾ പുറത്തുവിടുന്ന വിവരം. എൻആർഐ അക്കൗണ്ടുകളിൽ നിന്നാണ് പണമൊഴുക്ക്. സർക്കാർ അംഗീകൃത ഫീസു മാത്രം ബാങ്കു വഴി ബന്ധപ്പെട്ട കോളജ് അക്കൗണ്ടുകളിലേയ്ക്ക് കൈമാറുകയും ബാക്കി തുക പണമായി പിൻവലിക്കുകയുമാണ് ചെയ്യുന്നത്.
മിക്കവാറും സ്വാശ്രയ കോളജുകളുടെ ഡയറക്ടർ ബോർഡിലും എൻആർഐ പദവിയുളള ആരെങ്കിലുമുണ്ടാകും. ഇതും ഒരു മാർഗമാണ്. എൻആർഐ പദവിയുളള ആൾക്ക് ഉറവിടം കാണിക്കാതെ ഇന്ത്യയിൽ പണം കൈമാറാം. അഞ്ചോ ആറോ ലക്ഷം രൂപയുണ്ടെങ്കിൽ ദുബായ് പോലുളള രാജ്യങ്ങളിൽ എൻആർഐ പദവി കരസ്ഥമാക്കാം. ഹവാല വഴിയും പണം കേരളത്തിലെത്തുന്നുണ്ട്.

കളളപ്പണം വെളുപ്പിക്കാൻ മാനേജുമെന്റുകൾ കണ്ടെത്തുന്ന ഏറ്റവും എളുപ്പവഴിയാണ് അടിസ്ഥാന സൗകര്യ വികസനം. മിക്ക സ്വാശ്രയ കോളജും കേന്ദ്രീകരിച്ച് ഒരിക്കലും അവസാനിക്കാത്ത നിർമാണ പ്രവർത്തനങ്ങളുണ്ടാകും. നിർമ്മാണവും സാമഗ്രികൾ വാങ്ങലുമൊക്കെയാണ് പണം വെളുപ്പിക്കാൻ പ്രയോഗിക്കുന്ന സാധാരണ തന്ത്രങ്ങൾ.

തലയെണ്ണി തലവരി.. പണം കൊടുക്കാൻ ആളും റെഡി

പത്തൊമ്പത് സ്വാശ്രയ മെഡിക്കൽ കോളജുകളും 121 സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളുമാണ് കേരളത്തിലുളളത്. പതിനാലു ജില്ലകളിലുമായി അയ്യായിരത്തോളം സെൽഫ് ഫിനാൻസ് നഴ്സിംഗ് സീറ്റുകൾ വേറെ. ബി ഫാം, ആയുർവേദ കോളജുകൾ വേറെ.

തലവരിയെക്കുറിച്ചുളള കമ്പോള വിവരം ഇങ്ങനെയാണ്. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ കാര്യം ആദ്യം പറയാം. എ ഗ്രേഡ് കോളജുകളിൽ ഒരു കോടിയ്ക്കു മീതേയാണ് തലവരി. ബി ഗ്രേഡുകളിൽ നീറ്റ് പരീക്ഷയിൽ 35000 - 60000 റേഞ്ചിൽ റാങ്കുളളവർക്ക് 50 മുതൽ 75 ലക്ഷം വരെ കാപ്പിറ്റേഷൻ ഫീസുണ്ട്. ജാതിയും മതവുമൊക്കെ നോക്കി ഈ തുകയിൽ മാറ്റം വരാം.

എഞ്ചിനീയറിംഗിന് എ ഗ്രേഡ് സ്വാശ്രയ കോളജുകളിൽ സൗകര്യം പോലെ അഞ്ചു മുതൽ പത്തു ലക്ഷം വരെ തലവരിയുണ്ട്. ബിഎസ് സി നഴ്സിംഗിന് രണ്ടു ലക്ഷം രൂപ മുതൽ. ബിഡിഎസിനും അമ്പതിനായിരം രൂപ ശരാശരി. ഈ നിലയിലാണ് തലവരിയുടെ പോക്ക്. ബി ഗ്രേഡ് കോളജുകളിൽ ഭൂരിപക്ഷവും തലവരി വിദ്യാഭ്യാസം ഏജന്റുമാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വലവീശി കച്ചവടം ഉറപ്പിച്ച് കോളജിലെത്തിച്ചാൽ മതി.

നേരത്തെ പലരും മെഡിക്കൽ വിദ്യാഭ്യാസം ലക്ഷ്യമിട്ട് ചൈനയിലും റഷ്യയിലുമൊക്കെ പോയിരുന്നു. 40 ലക്ഷം രൂപ വരെയാണ് ഈ രാജ്യങ്ങളിൽ പോയി എംബിബിഎസ് നേടുന്നതിനുളള ചെലവ്. എന്നാൽ തിരികെ ഇന്ത്യയിലെത്തുമ്പോൾ മെഡിക്കൽ കൗൺസിൽ നടത്തുന്ന പരീക്ഷയെന്ന കടമ്പ കടക്കണം.

കഠിനപരീക്ഷയാണത്. അഞ്ചോ പത്തോ ശതമാനം മാത്രം ജയിക്കുന്ന പരീക്ഷ. അതിൽ തോറ്റാൽ പിന്നെ ജീവിതമില്ല. ഇപ്പോൾ പണമുളളവരൊന്നും അങ്ങനെയൊരു റിസ്കെടുക്കുന്നില്ല. അവർ സ്വാശ്രയ കോളജിൽ പ്രവേശനം നേടുന്നു.

എഴുനൂറിനും എണ്ണൂറിനും ഇടയ്ക്കു കോടിയാണ് ഓരോ വർഷവും സ്വാശ്രയ മേഖലയിലേയ്ക്ക് കേരളത്തിലെ ബാങ്കുകളിലെത്തുന്നത്. എൻആർഐ മറയിലാണ് പണം കൈമാറ്റം. വകയിലേതെങ്കിലും എൻആർഐ ബന്ധു ഉണ്ടെങ്കിൽ സ്വാശ്രയ കോളജിൽ എൻആർഐ സീറ്റു നേടാം. ഫീസായാലും കാപ്പിറ്റേഷൻ ആയാലും ഈ സീറ്റിന് വൻതുകയാണ് ഈടാക്കുന്നത്. മിക്ക സ്വാശ്രയ കോളജുകളിലും എൻആർഐയുളള ആരെങ്കിലും ഡയറക്ടർ ബോർഡിലുണ്ടാവും. ഇവർ വഴിയാണ് പണം കൈമാറ്റം.

ഇത്രയ്ക്കു പണം മുടക്കുന്നതിന്റെ നേട്ടം വല്ലതുമുണ്ടോ

മെഡിക്കൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം വഴി വിദേശത്തു ലഭിക്കുന്ന ജോലിയെയും ശമ്പളത്തെയും കുറച്ചുളള ഊതിവീർപ്പിക്കപ്പെട്ട പ്രതീക്ഷകളാണ് നാട്ടിലുളളത്. ഒരു വശത്ത് അത്തരം സ്വപ്നങ്ങളാണെങ്കിൽ മറുവശത്ത് മുടക്കുമുതൽ വിവാഹക്കമ്പോളത്തിൽനിന്ന് തിരിച്ചു പിടിക്കാമെന്ന ലക്ഷ്യമാണ്. പഠിക്കുന്നവരുടെ മോഹം എന്തായാലും സ്വാശ്രയവിദ്യാഭ്യാസം വിൽക്കുന്നവർക്ക് ലോട്ടറിയാണ്. വീടും വസ്തുവും പണയം വെച്ച് കടക്കെണിയിലായാലും കുട്ടിയെ സ്വാശ്രയ കോളജിലെങ്കിലും പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിപ്പിച്ചേ തീരൂ എന്ന രക്ഷിതാക്കളുടെ ശാഠ്യവും മേൽപ്പറഞ്ഞ ഊതിവീർപ്പിക്കപ്പെട്ട പ്രതീക്ഷയുടെ സൃഷ്ടിയാണ്. ഡോക്ടർമാർക്ക് ഇപ്പോഴും വിവാഹ കമ്പോളത്തിൽ നല്ല മാർക്കറ്റാണ്. കനപ്പെട്ട സ്ത്രീധനത്തുകയുടെ രൂപത്തിൽ സ്വാശ്രയ കോളജു പഠനത്തിന്റെ ചെലവ് മടക്കിക്കിട്ടുമെന്ന് ധരിക്കുന്നവരും കുറവല്ല.

വിദേശ ജോലി ലക്ഷ്യമിട്ടു സ്വാശ്രയ വിദ്യാഭ്യാസത്തിൽ മുതൽമുടക്കുന്ന പലർക്കും അടിസ്ഥാനപരമായ കാര്യങ്ങൾ പോലും അറിയില്ല. നമ്മുടെ നാട്ടിലെ മെഡിക്കൽ ഡിഗ്രിയുമായി അമേരിക്കയിലോ യൂറോപ്പിലോ ഒന്നും ആ പ്രൊഫഷൻ സ്വീകരിച്ച് ജോലി ചെയ്യാനാവില്ല. അതാണ് പ്രാഥമികമായ പാഠം. ആ രാജ്യങ്ങളിലെ കോഴ്സ് പഠിച്ച് പരീക്ഷയെഴുതി ജയിക്കുന്നവർക്കു മാത്രമേ അവിടെ ചികിത്സാ ജോലി ചെയ്യാൻ പറ്റൂ.

കാനഡിയിലെ കാര്യം പത്രപ്രവർത്തകയായ സുനിതാ ദേവദാസ് ഫേസ് ബുക്കിലെഴുതിയ കുറിപ്പിൽ ഇങ്ങനെ തുറന്നു പറഞ്ഞിരുന്നു.

''എത്ര ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതക്കും വില നാം എയര്‍പോര്‍ട്ടില്‍ ഫൈ്ളറ്റ് ഇറങ്ങുന്നതു വരെയാണ്. ഇവിടെ എത്തിക്കഴിഞ്ഞാല്‍ കാനഡ നമ്മുടെ വിദ്യാഭ്യാസ യോഗ്യതയെ അംഗീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ ജോലി പരിചയമോ യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റോ അവര്‍ വിശ്വസിക്കുന്നുമില്ല. അവര്‍ അത് അംഗീകരിക്കണമെങ്കില്‍ കനേഡിയന്‍ എക്സ്പീരിയന്‍സ് വേണം... എങ്ങനെ കിട്ടാന്‍?

അതേ സമയം ഇവിടെ വന്ന് എന്തെങ്കിലും കോഴ്സ് ചെയ്താല്‍ ഒരുപരിധി വരെ രക്ഷപ്പെടാം. ഇവിടെചെയ്യുന്ന ഏതു ചെറിയ കോഴ്സിനും വിലയുണ്ട്.
ഇവിടെ പാതി കാര്യമായും പാതി തമാശയായും പറഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമുണ്ട്.. റോഡില്‍ വച്ച് അറ്റാക്ക് വന്നാല്‍ ഇവിടെ ആരും മരിക്കില്ലെന്ന്. കാരണം നാലു ടാക്സി കടന്നു പോവുമ്പോള്‍ അതിലൊന്നിന്‍െറ ഡ്രൈവര്‍ ഇന്ത്യന്‍ ഡോക്ടറായിരിക്കുമെന്ന്''


ഡോക്ടര്‍മാരെ സംബന്ധിച്ച് 100 ശതമാനം സത്യമാണിത്. വൈദ്യവിദ്യാഭ്യാസം കാനഡ അംഗീകരിക്കുന്നേയില്ല. ഇവിടെ വന്നും ഡോക്ടറായി തന്നെ തുടരണമെങ്കില്‍ ഇവിടെ പഠിക്കണം.. ഇവരുടെ ടെസ്റ്റുകള്‍ പാസ്സാവണം. എത്ര കഷ്ടപ്പെട്ടിട്ടാണ് ഒരാള്‍ എം ബി ബി എസ് എടുക്കുന്നത്... വീണ്ടും അത്രയും പഠനം പൂര്‍ത്തിയാക്കാനുള്ള മനസാന്നിന്ധ്യം പലര്‍ക്കും കാണില്ല. എഴുതിയിരുന്നു.

പഠിച്ചത് മെഡിക്കൽ കോളജിൽ, ജോലി ടാക്സി കാറിൽ
സത്യമാണത്. യുഎസിലും കാനഡയിലുമൊക്കെ ടാക്സിയോടിച്ചു ജീവിക്കുന്ന എംബിബിഎസ് ബിരുദമുളളവരുണ്ട്. ടാക്സിയോടിച്ചു ജീവിക്കുന്ന മെഡിക്കൽ ബിരുദമുളളവരുടെ വിദേശികളുടെ എണ്ണം 200 ആണെന്നാണ് കാനഡ 2012ൽ നടത്തിയ ഒരു പഠനത്തിൽ വെളിപ്പെട്ടത്. അഞ്ചു വർഷം മെഡിക്കൽ കോളജിൽ നല്ല ഫീസും നൽകി പഠിച്ച് വിസയുമെടുത്തു അന്യനാട്ടിൽ ചെല്ലുമ്പോഴാണ് ആ സർട്ടിഫിക്കറ്റിനൊന്നും ആ നാട്ടിലൊരു വിലയുമില്ല എന്നു മനസിലാകുന്നത്. മോഹിച്ച പ്രൊഫഷൻ കിട്ടണമെങ്കിൽ അതേ വിഷയം പിന്നെയും കഷ്ടപ്പെട്ടു പഠിക്കണമെന്ന അവസ്ഥ. ആർക്കും അതിനുളള മനസാന്നിധ്യമുണ്ടാവില്ല.

പിന്നെയുളളത് ടാക്സിയോടിപ്പാണ്. ഇപ്പോൾ യൂബറും വന്നു. അമേരിക്കയിൽ യൂബർ ടാക്സി ഓടിച്ചാൽ പ്രതിമാസം 2500 ഡോളറോളം സമ്പാദിക്കാം. സ്വന്തം കാർ ടാക്സിയായി ഓടിച്ചാൽ മതി. ഈ മാർഗം സ്വീകരിക്കുന്ന അനേകം പേരുണ്ട്.

ഒരു വശത്ത് സ്വാശ്രയ മുതലാളിമാരുടെ കൈവശം കളളപ്പണമായും വെളളപ്പണമായും കോടികൾ പെരുകുമ്പോൾ, ഈ കോളജുകളിൽ പഠിക്കാനെത്തുന്ന ഭൂരിപക്ഷവും പാപ്പരായി മാറുകയാണ്. പഠിതാക്കളിൽ നല്ല ജോലിയും ശമ്പളവും ലഭിക്കുന്നത് നന്നേ തുച്ഛമായ ഒരു ശതമാനത്തിനു മാത്രമാണ്. അവരാകട്ടെ, തുടർച്ചയായ അക്കാദമിക് മികവുളളവരുമായിരിക്കും. മറ്റുളളവരൊക്കെ സ്വാശ്രയ വിളക്കിലേയ്ക്കു പറന്നു ചാടി കരിഞ്ഞു വീഴുന്ന ഈയാമ്പാറ്റകളാണ്.

Read More >>