സ്വാശ്രയ ചര്‍ച്ച പരാജയം; ഫീസിളവ് നല്‍കാനാകില്ലെന്ന് മാനേജ്‌മെന്റുകള്‍; വി ടി ബല്‍റാമും റോജി എം ജോണും നിരാഹാരം തുടങ്ങി

ഫീസിളവും സ്‌കാളര്‍ഷിപ്പും അനുവദിക്കാനാകില്ലെന്ന നിലപാടില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉറച്ചുനിന്നു. ഇതനുവദിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതോടെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് നല്‍കി സ്വാശ്രയപ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ ഇല്ലാതായി.

സ്വാശ്രയ ചര്‍ച്ച പരാജയം; ഫീസിളവ് നല്‍കാനാകില്ലെന്ന് മാനേജ്‌മെന്റുകള്‍; വി ടി ബല്‍റാമും റോജി എം ജോണും നിരാഹാരം തുടങ്ങി

തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ കോളജുകളിലേക്കുള്ള ഫീസ് സംബന്ധിച്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഫീസിളവും സ്‌കാളര്‍ഷിപ്പും അനുവദിക്കാനാകില്ലെന്ന നിലപാടില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉറച്ചുനിന്നു. ഇതനുവദിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതോടെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് നല്‍കി സ്വാശ്രയപ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ ഇല്ലാതായി.


പ്രശ്‌നപരിഹാരത്തിന് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കാനുണ്ടോയെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റ് പ്രതിനിധികളോട് ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു മറുപടി. ഫീസിളവുമായി ബന്ധപ്പെട്ട ഒരു കാര്യവും ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു മാനേജ്‌മെന്റ് പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞത്. അടുത്ത വര്‍ഷത്തെ പ്രവേശന നടപടികള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധി പി കൃഷ്ണദാസ് പറഞ്ഞു. ഫീസിളവും സ്‌കോളര്‍ഷിപ്പും അടഞ്ഞ അധ്യായമാണെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്.

പ്രശ്‌നപരിഹാരമുണ്ടാകാത്തതിനാല്‍ നിയമസഭയിലെ നിരാഹാര സമരം തുടരാനാണ് യുഡിഎഫ് തീരുമാനം. നിരാഹാരമിരുന്ന യുഡിഎഫ് എംഎല്‍എമാരെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെതുടര്‍ന്നാണ് ഹൈബി ഈഡനേയും ഷാഫി പറമ്പിലിനേയും ആശുപത്രിയിലേക്ക് മാറ്റിയത്. ഇവര്‍ക്കു പകരം വി ടി ബല്‍റാമും റോജി എം ജോണും സമരം ഏറ്റെടുത്തു. ലീഗ് എം എല്‍ എമാരായ പി ഉബൈദുള്ളയും ടി വി ഇബ്രാഹിമും അനുഭാവ സത്യാഗ്രഹമിരിക്കും.

സ്വാശ്രയവിഷയത്തില്‍ മുഖ്യമന്ത്രി കടുംപിടുത്തമാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചര്‍ച്ച പരാജയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നാണ് ചെന്നിത്തലയുടെ ആരോപിച്ചു. സ്വാശ്രയപ്രശ്‌നത്തിലെ സമരം പ്രതിപക്ഷം അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ദുരഭിമാനം വെടിഞ്ഞ് യാഥാര്‍ത്ഥ്യബോധത്തോടെ പ്രതിപക്ഷം പ്രശ്‌നത്തിലിടപെടണമെന്നും കോടിയേരി പറഞ്ഞു.

Read More >>