സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി കോടതിയില്‍ പ്രവേശിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്ന് സെബാസ്റ്റ്യന്‍ പോൾ

''അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങള്‍ക്ക് കടിഞ്ഞാണിട്ടിരുന്നു. അതിനേക്കാള്‍ ഭീകരമാണ് ഇപ്പോഴത്തെ അവസ്ഥ. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ജുഡീഷ്യല്‍ എമര്‍ജന്‍സിക്ക് ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുകയാണ്'' സെബാസ്റ്റ്യൻ പോൾ പറഞ്ഞു

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി കോടതിയില്‍ പ്രവേശിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്ന് സെബാസ്റ്റ്യന്‍ പോൾ

കോഴിക്കോട്: ജനാധിപത്യ സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ട് അഭിഭാഷകര്‍ നടത്തുന്ന രാജ്യചരിത്രത്തിലില്ലാത്ത മാധ്യമവിലക്കിന് ജഡ്ജിമാരും കൂട്ടുനില്‍ക്കുകയാണെന്ന് സെബാസ്റ്റ്യന്‍പോള്‍. കോടതി വിലക്കിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തണം. നിബന്ധനകളുടെ അടിസ്ഥാനത്തിലുള്ള പ്രതിരോധമല്ല ഇനി മാധ്യമപ്രവര്‍ത്തകര്‍ നടത്തേണ്ടത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുകയേ വഴിയുള്ളുവെന്നും  സെബാസ്റ്റ്യൻ പോൾ പറഞ്ഞു.  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഒരു അഭിഭാഷകന്‍ സ്ത്രീയെ നടു റോഡില്‍ വച്ചു കയറിപ്പിടിച്ചത് വാര്‍ത്തയാക്കിയതിന് മാധ്യമങ്ങളെ തടയുകയാണിവര്‍ ചെയ്യുന്നത്. അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് പെലീസിനെതിരെ അഭിഭാഷക അസോസിയേഷന്‍ പ്രമേയം ഇറക്കാനൊരുങ്ങി. എന്നാല്‍, യോഗത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ഈ അഭിപ്രായ വ്യത്യാസം ഡെക്കാന്‍ ക്രോണിക്കിള്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ സംഘടിതമായി തടയാന്‍ അഭിഭാഷകര്‍ തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ ആരോപിച്ചു. ജസ്റ്റിസ് കെ ടി ശങ്കരനും കമാല്‍പാഷയും മാധ്യമവിലക്കിന് അനുകൂലമായി നിന്നതിന് ന്യായീകരണമില്ലെന്നും അദേഹം പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങള്‍ക്ക് കടിഞ്ഞാണിട്ടിരുന്നു. അതിനേക്കാള്‍ ഭീകരമാണ് ഇപ്പോഴത്തെ അവസ്ഥ. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ജുഡീഷ്യല്‍ എമര്‍ജന്‍സിക്ക് ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുകയാണ്. മാധ്യമവിലക്ക് കൊണ്ട് ആര്‍ക്കാണ് ലാഭം? മാധ്യമപ്രവര്‍ത്തകരുടെ ശമ്പളം കുറയുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. ഒരൊറ്റ പത്രത്തിന്റെയും കോപ്പി കുറയുകയോ ചാനലിന്റെയും റേറ്റിങ്ങ് ഇടിയുകയോ ചെയ്തിട്ടില്ല. എന്നാല്‍ നഷ്ടം മുഴുവന്‍ ജനങ്ങള്‍ക്കാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

മാധ്യമങ്ങളില്ലാത്തതിനാല്‍ കോടതിമുറികളില്‍ നിശബ്ദമായ ഒത്തുകളികള്‍ അരങ്ങേറുകയാണെന്ന് അദേഹം ആരോപിച്ചു. ഏത് ഒത്തു കളിക്കും കൂട്ടുനില്‍ക്കുന്ന ജഡ്ജിമാര്‍ക്കിടവിടെ യാതൊരു പഞ്ഞവുമില്ല. സമൂഹത്തിന്റെ നിരീക്ഷണം ഭയന്നാണ് അവര്‍ പലപ്പോഴും മാറിനിന്നത്. നിരീക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഇല്ലാത്ത സ്ഥിതിക്ക് കോടതികളില്‍ ഇനി അവിഹിതവുമാകാമെന്ന നിലപാടാണുള്ളത്. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ മാധ്യമപ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തയ്യാറാവുകയേ വഴിയുയുള്ളുവെന്നും സെബാസ്റ്റ്യന്‍പോള്‍ കൂട്ടിച്ചേര്‍ത്തു.

Read More >>