രാജകുടുംബാഗത്തിന്റെ വധശിക്ഷ നടപ്പാക്കി സൗദി ഭരണകൂടം

ജനങ്ങള്‍ക്ക്‌ സുരക്ഷയും നീതിയും ഉറപ്പാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ ഔത്സുക്യമാണ് രാജകുടുംബാഗത്തിന് നല്‍കിയ ശിക്ഷയിലൂടെ പ്രകടമാകുന്നത്

രാജകുടുംബാഗത്തിന്റെ വധശിക്ഷ നടപ്പാക്കി സൗദി ഭരണകൂടം

റിയാദ് : തന്‍റെ രാജ്യത്തെ പൗരനെ നിറയൊഴിച്ച് കൊന്ന സൗദി രാജകുമാരന്‍റെ വധശിക്ഷ നടപ്പാക്കി. സൗദിയിലെ രാജകുമാരനായ തുര്‍ക്കി ബിന്‍ സൗദ് അല്‍ കബീറിന്‍റെ വധശിക്ഷയാണ് ഭരണകൂടം നടപ്പാക്കിയത്. അദല്‍ ബിന്‍ സുലൈമാന്‍ ബിന്‍ അല്‍ മിഹൈമ്മദ് എന്നയാളെയാണ് ഇദ്ദേഹം കൊലപ്പെടുത്തിയത്.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഘര്‍ഷത്തിനിടെ അദല്‍ ബിന്നിന് നേരെ തുര്‍ക്കി ബിന്‍ സൗദ് നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ശിക്ഷ എങ്ങനെയാണ് നടപ്പാക്കിയതെന്നതിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. സാധാരണയായി വധശിക്ഷ വിധിച്ചവരെ തൂക്കിലേറ്റി കൊല്ലാറാണ് പതിവ്. ഇവിടെയും അത് തന്നെയാണ് ആവര്‍ത്തിച്ചത് എന്ന് അനുമാനിക്കപ്പെടുന്നു.


ഈ വര്‍ഷം സൗദിയില്‍ വധശിക്ഷ വിധിക്കപ്പെട്ടവരില്‍ 134നാണ് തുര്‍ക്കി ബിന്‍ സൗദ്. ജനുവരിയില്‍ തീവ്രവാദക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട 43 പേരെ തൂക്കിലേറ്റിയിരുന്നു. ഇതേ കുറ്റത്തിന് മറ്റു നാല് പേരെ നിറയൊഴിച്ച് കൊല്ലുകയും ചെയ്തു. ജനങ്ങള്‍ക്ക്‌ സുരക്ഷയും നീതിയും ഉറപ്പാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ ഔത്സുക്യമാണ് രാജകുടുംബാഗത്തിന് നല്‍കിയ ശിക്ഷയിലൂടെ പ്രകടമാകുന്നത് എന്നാണ് മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നത്. അല്ലാഹു കല്‍പ്പിച്ചിരിക്കുന്ന നിയമം അനുസരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് അധികൃതരും വ്യക്തമാക്കി. അതേസമയം, കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി വന്‍തുക നല്‍കി രാജകുമാരനെ ശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍ അധികൃതര്‍ ശ്രമിച്ചുവെന്നും കുടുംബാംഗങ്ങള്‍ ഇതിന് തയ്യാറാവാതിരുന്നതിനാല്‍ രാജകുമാരനെ ശിക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതാദ്യമായല്ല ഒരു രാജകുടുംബാഗം സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയനാകുന്നത്. 1975ല്‍ ഫൈസല്‍ ബിന്‍ മുസൈദ് അല്‍ സൗദിനെ സ്വന്തം അമ്മാവനായ ഫൈസല്‍ രാജാവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് തൂക്കിലേറ്റിയിരുന്നു.