മറ്റുള്ളവരുടെ പരിഹാസങ്ങളില്‍ തമാശ മാത്രമല്ല അട്ടപ്പാടിയിലെ ദാരിദ്ര്യവും ഞാന്‍ കാണാറുണ്ട്: സന്തോഷ് പണ്ഡിറ്റ് നാരദാ ന്യൂസിനോട് സംസാരിക്കുന്നു

സന്തോഷ് പണ്ഡിറ്റ് പ്രതികരിക്കുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ പ്രോഗ്രാം വേദിയില്‍ പണ്ഡിറ്റിന് നേരേ നടന്ന മിമിക്രി ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ പരിഹാസ ആക്രമണവും അതിനെത്തുടര്‍ന്നുണ്ടായ സോഷ്യല്‍ മീഡിയ സപ്പോര്‍ട്ടും സംബന്ധിച്ച് പണ്ഡിറ്റ് നാരദാ ന്യൂസിനോട് മനസ്സുതുറക്കുന്നു.

മറ്റുള്ളവരുടെ പരിഹാസങ്ങളില്‍ തമാശ മാത്രമല്ല അട്ടപ്പാടിയിലെ ദാരിദ്ര്യവും ഞാന്‍ കാണാറുണ്ട്: സന്തോഷ് പണ്ഡിറ്റ് നാരദാ ന്യൂസിനോട് സംസാരിക്കുന്നു

ഫ്‌ളവേഴ്‌സ് ചാനലിന്റെ പരിപാടിയില്‍ അന്ന് എന്താണ് സംഭവിച്ചത്?

ഫ്‌ളവേഴ്‌സ് ചാനലിന്റെ പരിപാടിയില്‍ എന്നെ വിളിക്കുന്നത് ഓണ പ്രോഗ്രാം എന്ന പേരിലാണ്. അതുകൊണ്ടു തന്നെയാണ് ഞാന്‍ അതിലേക്ക് പോയതും. കാരണം മിമിക്രി കലാകാരന്‍മാരുമായുള്ള പരിപാടികള്‍ ഞാന്‍ ഇപ്പോള്‍ പരമാവധി ഒഴിവാക്കുകയാണ് ചെയ്യുക. മുന്‍കാലങ്ങളില്‍ അവരുമായി പരിപാടി ചെയ്യുമ്പോള്‍ എനിക്കുണ്ടായിട്ടുള്ള വിഷമങ്ങള്‍ തന്നെയാണ് അതിനു കാരണം. മിമിക്രി കലാകാരന്‍മാരില്‍ എല്ലാവരേയും ഞാന്‍ കുറ്റം പറയുന്നില്ല. പക്ഷേ അതില്‍ എണ്ണംപറഞ്ഞ അഞ്ചാറുപേര്‍ ആണ് പ്രശ്‌നം.


ശ്രീകണ്ഠന്‍നായര്‍ ഷോയിലും അവരായിരുന്നു പ്രശ്‌നം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഭൂരിപക്ഷം വരുന്ന മിമിക്രിക്കാര്‍ ഉള്‍പ്പെടെ അന്ന് പരിപാടിക്ക് അവിടെയെത്തിയവരില്‍ പലരും എന്നോട് നല്ല രീതിയില്‍ തന്നെയാണ് പെരുമാറിയത്. പക്ഷേ എനിക്ക് അനുകൂലമായി നിന്നവരുടെ കൈയില്‍ മൈക്ക് ഉണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം. ഓണപ്പരിപാടിയെന്ന് അറിയിച്ചിരുന്നതിനാല്‍ മിമിക്രിക്കാരെപ്പറ്റി ഓര്‍ത്തില്ല. അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ ആ പരിപാടിയില്‍ പങ്കെടുക്കില്ലായിരുന്നു.


ഓണത്തിന് പ്രേക്ഷേപണം ചെയ്യുന്ന പരിപാടി പ്രതീക്ഷിച്ച് സ്റ്റുഡിയോയില്‍ എത്തിയ എനിക്ക് പിന്നീടാണ് മനസ്സിലായത് അത് ഒരു കളിയാക്കല്‍ പരിപാടിയാണെന്നുള്ളത്. അവര്‍ ലക്ഷ്യം വെച്ചതും എന്നെയായിരുന്നു. ശ്രീകണ്ഠന്‍ നായരുടെ എന്നോടുള്ള ആദ്യ ചോദ്യം തന്നെ എടുക്കുക. സന്തോഷ് പണ്ഡിറ്റ് ഇപ്പോഴും മണ്ടനാണോ എന്നുള്ളതായിരുന്നു അത്. കണ്ടിട്ട് മനസ്സിലാകാത്തവരോട് പറഞ്ഞാല്‍ മനസ്സിലാകുമോ എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. കാരണം എന്നോടൊപ്പം മലയാളി ഹൗസ് എന്ന പരിപാടയില്‍ ദിവസങ്ങളോളം ശ്രീകണ്ഠന്‍നായര്‍ താമസിച്ചിട്ടുണ്ട്. എന്നെ വിലയിരുത്താന്‍ ആ ദിവസങ്ങള്‍ തന്നെ ധാരാളമാണല്ലോ. 2015ല്‍ ഒരു പരിപാടയില്‍ പങ്കെടുത്ത ശേഷം 2016ല്‍ എന്നെ ശ്രീകണ്ഠന്‍നായര്‍ വീണ്ടും വിളിച്ചിരിക്കുന്നു. അതും പ്രൈംടൈം പരിപാടിക്കു തന്നെ. ഞാന്‍ ഒരു മണ്ടനാണെങ്കില്‍, ഒരു മണ്ടനെ ഇങ്ങനെയുള്ള പരിപാടിക്ക് വിളിച്ച താങ്കളെ ഞാന്‍ എന്ത് വിളിക്കണം എന്നും ഞാന്‍ ചോദിച്ചു. തുടക്കത്തിൽ തന്നെ എനിക്ക് ആ പരിപാടയില്‍ നേരിടേണ്ടി വരുന്ന കാര്യങ്ങള്‍ ഏറെക്കുറേ വ്യക്തമായിരുന്നു.


മിമിക്രിക്കാര്‍ ഇത്തരത്തില്‍ കൂട്ടായി താങ്കളെ ആക്രമിക്കുന്നതിന്റെ കാരണം?

ഞാന്‍ പല സദസ്സുകളിലും അവരുമായി പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഒരു പരിപാടിക്ക് മേക്കപ്പ് ഇടുമ്പോഴാണ് ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പരിപാടിക്ക് എത്തുന്ന പെണ്‍കുട്ടികള്‍, പരിപാടി അവതരിപ്പിക്കുന്നവര്‍ എന്നിവരൊക്കെ എനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നത് കണ്ട് 'എന്താണ് അവര്‍ നിങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നത്' എന്ന് അവര്‍ ചോദിച്ചു. 30 വര്‍ഷത്തോളം ഫീല്‍ഡിലുള്ള അവര്‍ക്കൊപ്പം അവര്‍ എന്ത് കൊണ്ട് ഫോട്ടോ എടുക്കുന്നില്ല എന്നുള്ളതാണ് അവര്‍ക്ക് അറിയേണ്ടത്. അതിന്റെ കാരണം നിങ്ങള്‍ പെണ്‍കുട്ടികളോട് തന്നെ ചോദിക്കണം എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. അവിടെ തുടങ്ങിയതാണ് മിമിക്രിക്കാരും സന്തോഷ് പണ്ഡിറ്റ് എന്ന ഞാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍.


Santhosh Pandit 2ഞങ്ങള്‍ സിനിമാ നടന്‍മാരേക്കാളും മുകളിലെന്നുള്ളതാണ് ഇവരുടെ വാദം. മോഹന്‍ലാൽ, മമ്മൂട്ടി, ദിലീപ്, പ്രിഥ്വിരാജ് എന്തിന് പറയുന്നു സന്തോഷ് പണ്ഡിറ്റിനെ വരെ ഞങ്ങള്‍ അനുകരിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. അതു തന്നെയാണ് നിങ്ങളും ഞാനും തമ്മിലുള്ള വ്യത്യാസമെന്ന് ഞാന്‍ മറുപടിയും നല്‍കി. 'നിങ്ങളുടെ ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട്. നിങ്ങള്‍ എന്നെ അനുകരിക്കുന്നു. പക്ഷേ ഞാന്‍ ആരേയും അനുകരിക്കുന്നില്ല. എനിക്കുള്ള കഴിവ് വെച്ചുകൊണ്ട് ഞാന്‍ കാര്യങ്ങള്‍ ചെയ്യുന്നു. ആ എന്നെ അനുകരിച്ച് നിങ്ങള്‍ നിലനില്‍ക്കുന്നു.'- ഇതാണ് ഞാന്‍ അവരോട് പറഞ്ഞത്.


മിമിക്രിക്കാര്‍ മമ്മൂട്ടിയെ അനുകരിച്ച് കൈയടികിട്ടുമ്പോള്‍ അവര്‍ കരുതും അത് അവര്‍ക്കുള്ള കൈയടിയാണെന്ന് മോഹന്‍ലാലിനെ അവതരിപ്പിക്കുമ്പോള്‍ കൈയടിച്ചാലും അവര്‍ കരുതും അത് അവര്‍ക്കുള്ളതാണെന്ന്. യഥാര്‍ത്ഥത്തില്‍ ആ കൈയടികള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമുള്ളതാണ്. എന്നെ അവതരിപ്പിക്കുമ്പോള്‍ കൈയടി കിട്ടിയാലും ഇതു തന്നെ യാഥാര്‍ത്ഥ്യം. അത് അവര്‍ക്കുള്ള കൈയടി അല്ലാത്തതിനാലാണ് പുറത്തു പോകുമ്പോള്‍ അവരെ ആരും തിരിച്ചറിയാത്തത്. അത് അവര്‍ക്ക് മനസ്സിലാകുന്നില്ല എന്നുള്ളതാണ് സത്യം.


നിങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ ഇത്രയും പെണ്‍കുട്ടികള്‍ എത്തുന്നതിന്റെ കാണം എന്താണ് എന്നാണ് ഇവരുടെ അടുത്ത സംശയം. ഞങ്ങള്‍ കേരള സംസ്ഥാനം മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും ഒരാളെ കിട്ടുന്നില്ല. പുരുഷന്‍മാരെ പെണ്‍വേഷം കെട്ടിച്ചാണ് ഞങ്ങള്‍ പരിപാടികള്‍ അതരിപ്പിക്കുന്നത്. ഇതൊക്കെയാണ് കഴിഞ്ഞ പരിപാടയില്‍ മിമിക്രിക്കാരുടെ സംശയങ്ങള്‍. അതിന് ഞാന്‍ ഒരു മറുപടിമാത്രമേ പറയുന്നുള്ളു, `സന്തോഷ് പണ്ഡിറ്റിന്റെ സ്വഭാവം നന്നായിരിക്കും. ഈ ചോദ്യങ്ങള്‍ പെണ്‍കുട്ടികളോട് ചോദിച്ചാല്‍ അവര്‍ കൃത്യമായ മറുപടി നല്‍കുമായിരിക്കും´. എന്നെക്കൊണ്ട് ഈ മറുപടിയില്‍ ഒതുക്കി നിര്‍ത്താനേ കഴിയു.


മുപ്പത് വര്‍ഷത്തെ കണക്കാണ് ഇവര്‍ പലയിടത്തും പറയുന്നത്. അതിന് ഞാന്‍ എന്ത് ചെയ്യാന്‍? ഞാന്‍ ഫീല്‍ഡിലേക്ക് വരുന്നത് 2011ലാണ്. ഞാന്‍ ഒരു ഇന്റര്‍വ്യൂവിലും പറഞ്ഞിട്ടില്ല, പെണ്‍കുട്ടികളാരും മിമിക്രിക്കാരുടെ കൂടെ പോകരുത് എന്ന്. പിന്നെ എന്തിനാ ഇവര്‍ എന്നോട് ദേഷ്യം കാണിക്കുന്നത്. ഇവര്‍ക്കെതിരെ ഞാന്‍ ഒരു പാരയും വെച്ചിട്ടില്ല. ഞാന്‍ ജനിക്കുന്നതിന് മുമ്പ് തന്നെ പല മിമിക്രിക്കാരും ഈ ഫീല്‍ഡിലേക്ക് വന്നവരാണ്. അന്നും ഇതേുപോലെയൊക്കെ തന്നെയായിരുന്നു കാര്യങ്ങള്‍. അപ്പോള്‍ ഇത് കാര്യമില്ലാത്ത പ്രതികാര മനോഭവമാണ് ഇവര്‍ മനസ്സില്‍ സൂക്ഷിക്കുന്നത്.


തങ്കളെ മണ്ടനെന്നും പരസ്യമായി വിളിക്കുന്നവര്‍ തന്നെ വീണ്ടും വീണ്ടും പരിപാടികള്‍ക്കായി താങ്കളെ ക്ഷണിക്കുമ്പോള്‍ എന്തു തോന്നും?

ചാനലുകാര്‍ എല്ലാം കൃത്യമായി മനസ്സിലാക്കുന്നവരാണ്. ഒരുപക്ഷേ കേരളത്തിലെ ജനങ്ങളെക്കാളും. അതുകൊണ്ടാണ് അവരുടെ പരിപാടികള്‍ക്ക് ഞാന്‍ ആവശ്യമായി വരുന്നത്. 2011 മുതല്‍ ഇങ്ങോട്ട് നോക്കിയാല്‍ എല്ലാ പ്രധാന ആഘോഷ പരിപാടികളിലും ചാനലുകാര്‍ എന്നെ വിളിക്കാറുണ്ട്. അത് ക്രിസ്മസോ പെരുന്നാളോ ഓണമോ എന്ത് ആയാലും എന്നെ വിളിക്കും. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് എല്ലാം കൃത്യമായി മനസ്സിലാക്കുന്നവരാണ് ചാനലുകാര്‍ എന്ന്. ഈ പരിപാടിയിലും അങ്ങനെതന്നെയാണ് ഞാന്‍ വന്നതും. പക്ഷേ എനിക്ക് പ്രത്യേകിച്ച് പ്ലാന്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ അമ്പതോളം വരുന്ന മിമിക്രിക്കാര്‍ക്കും ചാനലുകാര്‍ക്കും വ്യക്തമായ പ്ലാന്‍ ഉണ്ടായിരുന്നു. എന്നെ വളഞ്ഞിട്ട് ആക്രമിക്കുക എന്നുള്ളതായിരുന്നു ആ പ്ലാന്‍.


ഫ്‌ളവേഴ്‌സ് ചാനലിലെ പാരിപാടിയില്‍ താങ്കള്‍ ഒറ്റയ്ക്കായിരുന്നുവെങ്കിലും ഉരുളയ്ക്കുപ്പേരി പോലെ ഉത്തരം പറഞ്ഞ് പടിച്ചു നിന്നല്ലോ?

പരിപാടിക്കിടയില്‍ എന്നെ ഏറ്റവും കൂടുതല്‍ കളിയാക്കിയത് ഏലൂര്‍ ജോര്‍ജ്ജാണെന്നാണ് എന്റെ ഓര്‍മ്മ. ഞാന്‍ അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു, 216 ഓളം ടെലിവിഷന്‍ പരിപാടയില്‍ എന്നെ ചാനലുകാര്‍ വിളിച്ചു. താങ്കളെ അവര്‍ എത്ര പ്രാവശ്യം വിളിച്ചു? എന്താ വിളിക്കാത്തത്? അതിന് അദ്ദേഹത്തിന് ഉത്തരമില്ല. ഔഷധഗുണമില്ലാത്തവനാണ് ഞാന്‍ എന്ന് അദ്ദേഹം പറഞ്ഞു. അതിനും ഞാന്‍ അദ്ദേഹത്തിന് മറുപടി നല്‍കി. മലയാളി ഹൗസില്‍ പങ്കെടുത്തതിന് എനിക്ക് 24 ലക്ഷം രൂപകിട്ടി. എന്തുകൊണ്ട്  ഔഷധഗുണമുള്ള നിങ്ങളെ ആ പരിപാടിക്ക് വിളിച്ചില്ല. അതിനും അദ്ദേഹത്തിന് ഉത്തരമില്ല. എത്രയോ ഷോപ്പുകളുടെ ഉദ്ഘാടനത്തിന് ഞാന്‍ പോയിട്ടുണ്ട്. നിങ്ങള്‍ എത്ര തവണ പോയി? അതിനും ജോര്‍ജ്ജിന് ഉത്തരമില്ല

.


ഇങ്ങനെയുള്ള ഒരു വ്യക്തിക്ക് എന്നെ കളിയാക്കാന്‍ എന്ത് യോഗ്യതയാണുള്ളത്? ഇത് ചോദിച്ചത് ഞാനല്ല, ഈ പരിപാടി കാണുകയും കേള്‍ക്കുകയും ചെയ്ത പ്രേക്ഷകരാണ്.


മലയാളി ഹൗസില്‍ പങ്കെടുത്തതിന് കിട്ടിയ പ്രതിഫലത്തില്‍ നിന്നും കുറച്ച് അട്ടപ്പാടിയിലെ ദരിദ്രര്‍ക്ക് നല്‍കിയെന്നു കേട്ടല്ലോ?

നല്‍കിയിരുന്നു. മലയാളി ഹൗസില്‍ പങ്കെടുത്തതിന് എനിക്ക് കിട്ടിയത് 24 ലക്ഷം രൂപയാണ്. അതിന്റെ പകുതി, അതായത് 12 ലക്ഷം രൂപ ഞാന്‍ അട്ടപ്പാടയിലെ ദാരിദ്ര്യം അനുഭവിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്നു. അന്വേഷിച്ചാല്‍ അത് മനസ്സിലാകും. അത് വാര്‍ത്തയായിരുന്നില്ല. വാര്‍ത്തയാക്കേണ്ട ആവശ്യമില്ല എന്നു എനിക്ക് തോന്നി. ഇപ്പോള്‍ നിങ്ങള്‍ ചോദിച്ചതുകൊണ്ടു മാത്രം ഞാന്‍ ഇത് പറഞ്ഞന്നേയുള്ളു.


മറ്റുള്ളവര്‍ എന്നെ പരിഹസിക്കുമ്പോള്‍ അതില്‍ തമാശ കാണുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ അതോടൊപ്പം അട്ടപ്പാടയിലെ ദാരിദ്ര്യവും അതുപോലെ മനസ്സിന് വേദനയുണ്ടാക്കുന്ന കാര്യങ്ങളും എനിക്ക് കാണാതിരിക്കാനാകില്ല. അങ്ങനെയുള്ള കാര്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ നമ്മളെ മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.


ആ വേദിയില്‍ ഇത്തരത്തിലുള്ള പെരുമാറ്റത്തില്‍ താങ്കള്‍ക്ക് വേദനയുണ്ടായില്ലേ?

ഒരിക്കലുമില്ല. കാരണം അവര്‍ അറിയാതെ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ ബൂസ്റ്റ് ചെയ്യുകയാണ് അവര്‍ ചെയ്തത്. നല്ലൊരു വില്ലനുണ്ടെങ്കിലല്ലേ നായകന് കൈയടി കിട്ടുകയുള്ളു. പരിപാടി കണ്ടവര്‍ക്കറിയാം, പിന്നെപ്പിന്നെ അവരുടെ നിലപാടില്‍ വന്ന മാറ്റം. പരിപാടയില്‍ ഞാന്‍ ഒരു പാട്ട് പാടയിരുന്നു. അതുകളിഞ്ഞപ്പോള്‍ എന്നെ കളിയാക്കിയവരുള്‍പ്പെടെയുള്ളവര്‍ എന്റെ പാട്ട് കൊള്ളാം, സ്വരം നന്ന് എന്നൊക്കെ പറഞ്ഞിരുന്നു. അപ്പോള്‍ ഞാനും പറഞ്ഞു, കുറച്ചുകഴിയുമ്പോള്‍ സന്തോഷ് പണ്ഡിറ്റ് ആകെ കൊള്ളാമെന്ന് നിങ്ങള്‍ അഭിപ്രായപ്പെടുമെന്ന്.


വിരൂപനെന്നുള്ള പരമാര്‍ശത്തോടുള്ള പ്രതികരണം?

ആ പരാമര്‍ശം ഒരിക്കലും ഞാന്‍ കാര്യമാക്കില്ല. മലയാള സിനിമയില്‍ വിരൂപന്‍മാരെ പിന്നില്‍ നിര്‍ത്തുന്ന ഒരു സമീപനമുണ്ട്. അതിനെ പൊളിച്ചെഴുതുന്നതായിരുന്നു എന്റെ ചിത്രങ്ങള്‍. പരിപാടിക്കിടയിലും ഇതിനെപ്പറ്റി ചോദ്യം വന്നു. മലയാള സിനിമയില്‍ ഹീറോയിസം സൗന്ദര്യമുള്ളവര്‍ക്ക് മാത്രമാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്. എന്നാല്‍ എന്നെ എതിര്‍ത്ത് അവര്‍ വാസന്തിയും ലക്ഷ്മിയും, കരുമാടിക്കുട്ടന്‍, അറബിക്കഥ എന്നീ ചിത്രങ്ങളുടെ പേരുകള്‍ ചൂണ്ടിക്കാട്ടി. അതൊക്കെ വിജയിച്ച ചിത്രങ്ങളാണെന്ന് ഞാനും സമ്മതിക്കുന്നു. പക്ഷേ അവയിലൊക്കെ നായകന്‍മാരുടെ ഹീറോയിസം കാണാനുണ്ടോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. അതു അവരും സമ്മതിക്കുന്നു.


ഈ ഒരു പരിപാടി പ്രക്ഷേപണം ചെയ്തതിന് ശേഷം ജനങ്ങളുടെ ഭാഗത്തുനിന്നും താങ്കള്‍ക്ക് ലഭിക്കുന്ന പിന്തുണയെപ്പറ്റി?

ശരിക്കും പറഞ്ഞാല്‍ ഇക്കാര്യത്തില്‍ കുറച്ചൊരു ആശ്ചര്യമുണ്ട്. യഥാര്‍തഥത്തില്‍ ഞാന്‍ ആ പരിപാടി കണ്ടിരുന്നില്ല. പരിപാടിക്കിടയില്‍ കൂട്ടായ പരിഹാസ ആക്രമണം ഉണ്ടായിരുന്നതിനാല്‍ ഞാന്‍ എന്റെ സുഹൃത്തുക്കളോടും പറഞ്ഞിരുന്നു ഈ പരിപാടി കണണ്ടാ എന്ന്. ഇതിനകത്ത് നല്ല ഗയിം നടന്നു എന്ന് എനിക്ക് ബോധ്യമായിരുന്നു. എന്നാല്‍ പരിപാടി പ്രക്ഷേപണം ചെയ്തതോടെ പ്രതീക്ഷിക്കാത്ത പിന്തുണയാണ് എനിക്ക് ലഭിച്ചത്. എന്നെ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ എനിക്ക് അനുകൂലമായി വരികയായിരുന്നു.


ഈ പരിപാടിയുടെ ഷൂട്ട് കഴിഞ്ഞപ്പോള്‍ അവതാരകനും എന്റെ സുഹൃത്തുമായ ശ്രീകണ്ഠന്‍നായരോട് ഞാന്‍ പറഞ്ഞു, ഇത് ബോറായിപ്പോയെന്ന്. എന്നാല്‍ അദ്ദേഹം ഇതാണ് കേരളം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്നാണ് പറഞ്ഞത്. എന്തായാലും അവര്‍ക്ക് അനുകൂലമായെടുത്ത കാര്യങ്ങള്‍ എനിക്ക് അനുകൂലമായി മാറുകയായിരുന്നു.


മിമിക്രിക്കാരുടെ അനുകരണം പരിഹാസത്തിലേക്ക് വഴിമാറുന്നുവെന്ന് താങ്കള്‍ അഭിപ്രായപ്പെട്ടല്ലോ?

അത് ഒരു വസ്തുതയാണ്. ജീവിച്ചിരിക്കുന്നതും മരിച്ചവരുമായ വ്യക്തികളെ അനുകരിക്കാം. പക്ഷേ പരിഹസിക്കരുത് എന്നാണ് എന്റെ അഭിപ്രായം. വിഎസ് അച്യുതാനന്ദനേയും ഉമ്മന്‍ചാണ്ടിയേയുമൊക്കെ ഇവര്‍ എത്ര മോശമായാണ് കളിയാക്കുന്നത്. അതുപോലെയാണ് മരണപ്പെട്ട മലയാളത്തിന്റെ മഹാനടന്‍ ജയനേയും. എന്നാല്‍ തിരിച്ച് ഇവരെ കളിയാക്കി നോക്കൂ. അപ്പോള്‍ അറിയാം ഇവരുടെ സഹിഷ്ണുത എത്രത്തോളമുണ്ടെന്നുള്ളത്. അനുകരിക്കുന്നതില്‍ തെറ്റില്ല എന്നുള്ളതു തന്നെയാണ് എന്റെ നിലപാട്. പക്ഷേ പരിഹാസം തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതുമാണ്.


പുതിയ ചിത്രം?

നീലിമ നല്ലകുട്ടിയാണ് എന്ന ചിത്രം അടുത്തമാസം റിലീസ് ആകുകയാണ്. ചിത്രത്തിന്റെ മിക്കവാറുമുള്ള ജോലികള്‍ ഞാന്‍ തന്നെ ചെയ്യുന്നതിനാല്‍ സമയം കുറവാണ് എന്ന കാരണത്താലാണ് റിലീസ് അടുത്ത മാസത്തേക്ക് മാറ്റിവെച്ചത്.


https://www.youtube.com/watch?v=Wd3HlWodggs

Read More >>