ശങ്കർറെഡ്ഡിയ്ക്കെതിരെ പരാതി നൽകിയത് ബുദ്ധിസ്ഥിരതയില്ലാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ റിമാൻഡിലായ പ്രതി

യുഡിഎഫ് സർക്കാരിലെ ഐ ഗ്രൂപ്പു മന്ത്രിമാർക്കെതിരെ പായിച്ചിറ നവാസ് കേസുകളുമായി രംഗത്തെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ശങ്കർറെഡ്ഡിയ്ക്കെതിരെ പരാതി നൽകിയത് ബുദ്ധിസ്ഥിരതയില്ലാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ റിമാൻഡിലായ പ്രതി

തിരുവനന്തപുരം: മുൻ വിജിലൻസ്  ഡയറക്ടർ എൻ. ശങ്കർ റെഡ്ഡിയ്ക്കെതിരെ പരാതി നൽകിയ പായിച്ചിറ  നവാസ് ബുദ്ധിസ്ഥിരതയില്ലാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റു ചെയ്യപ്പെട്ട പ്രതിയെന്ന് കഠിനംകുളം പോലീസ്.  2013ലായിരുന്നു സംഭവം. പെൺകുട്ടിയുടെ മുത്തശി നൽകിയ പരാതിയിൽ അറസ്റ്റിലായ ഇയാൾ 55 ദിവസം റിമാൻഡിലായിരുന്നു (കേസ് നമ്പർ 360/13 ).

പായിച്ചിറ നവാസിന്റെ പേരിൽ വേറെയും കേസുകളുണ്ട്. മന്ത്രിയായിരിക്കെ അനൂപ് ജേക്കബിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് കൺടോൺമെന്റ് സ്റ്റേഷനിലും മദ്യപിച്ചു വാഹനമോടിച്ചതിന് കഴക്കൂട്ടം പോലീസ് സ്റ്റേഷനിലും കേസുണ്ട്. എന്നാൽ ഈ കേസുകളെല്ലാം പൊതുപ്രവർത്തകനായ തന്നെ അപമാനിക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണെന്ന്  നവാസ് പറയുന്നു.


[caption id="attachment_54342" align="alignleft" width="300"]payichira-nawas പായിച്ചിറ നവാസ്[/caption]

കേരളം ശ്രദ്ധിക്കുന്ന ഏതാണ്ടെല്ലാ വിവാദങ്ങളിലും പായിച്ചിറ നവാസ് പൊതുതാൽപര്യ ഹർജികളുമായി കോടതികളെ സമീപിച്ചിട്ടുണ്ട്. പാറ്റൂർ ഫ്ലാറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയെ പ്രതിയാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിലും ലോകായുക്തയിലും നവാസ് പരാതി നൽകിയിരുന്നു.

സന്തോഷ് മാധവന് അനധികൃതമായി ഭൂമി ദാനം ചെയ്ത സംഭവത്തിലും ഉമ്മൻചാണ്ടിയ്ക്കെതിരെ  നവാസിന്റെ പരാതി ലോകായുക്തയിലെത്തി.  ഈയടുത്ത കാലത്ത് ഇ പി ജയരാജന്റെ ബന്ധു നിയമനത്തിനെതിരെ വിജിലൻസ് കോടതിയിലെത്തിയതും മറ്റാരുമല്ല.

വ്യാജരേഖ ചമച്ച് വസ്തുവാങ്ങിയെന്നാരോപിച്ച് ടോം ജോസിനെതിരെ വിജിലൻസ് കോടതിയെ സമീപിച്ചതും സരിത എസ് നായർ വെളിപ്പെടുത്തിയ അഴിമതി, കൈക്കൂലി ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതും നവാസാണ്.

ബാർ കോഴ കേസ് അട്ടിമറിച്ചതായി ആരോപിച്ചു വിജിലൻസ് മുൻ ഡയറക്ടർ ശങ്കർ റെഡ്ഡി, എസ്.പി ആർ. സുകേശൻ എന്നിവർക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ ഹർജി നൽകിയതും പായിച്ചിറ നവാസ്. കെ.എം. മാണിയെ ബാർ കോഴ കേസിൽനിന്നു രക്ഷപ്പെടുത്താൻ പല ഉന്നത ഇടപെടലുകളും ഗൂഢാലോചനകളും നടന്നിട്ടുണ്ടെന്നും വ്യക്‌തമായ അന്വേഷണം നടത്താനോ മതിയായ തെളിവുകൾ ശേഖരിക്കാനോ ശേഖരിച്ച തെളിവുകൾ ശാസ്ത്രീയമായി പരിശോധിക്കാനോ കഴിഞ്ഞില്ലെന്നും എസ്‌പി ആർ. സുകേശൻ വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നാണ് ഹർജിയിലെ ആരോപണം.

കേരള കോണ്‍ഗ്രസ് (എം)ന്റെ സുവര്‍ണ ജൂബിലി പ്രമാണിച്ച് സമൂഹവിവാഹം നടത്തിയതിന് നാലുകോടി രൂപ ചെലവാക്കിയതിലും ഗവ. പ്ളീഡര്‍മാരുടെയും കെ.എസ്.എഫ്.ഇയിലെയും നിയമനങ്ങളിലും അഴിമതിയുണ്ടെന്ന് ആരോപിച്ച് കെ എം മാണിയ്ക്കെതിരെ പരാതി നൽകിയതും നവാസാണ്. കേരളത്തിലെ വിവിധ കോടതികളില്‍ ഗവ. പ്ളീഡര്‍മാരെ നിയമിച്ചതിന് ഒരാളില്‍നിന്ന് 10 ലക്ഷം മുതല്‍ 25 ലക്ഷംവരെ കൈക്കൂലി വാങ്ങിയെന്നും ഹരജിയിൽ ആരോപിച്ചിട്ടുണ്ട്. ഓരോ നിയമനത്തിനും 10 ലക്ഷം രൂപ വീതം കെ.എം. മാണിക്ക് നല്‍കിയെന്ന് മാണിയുടെ ബന്ധുവായ കൊല്ലം ജില്ലയിലെ കേരള കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഉള്ള സിഡി സഹിതമായിരുന്നു പരാതി.

എന്നാൽ യുഡിഎഫ് സർക്കാരിലെ ഐ ഗ്രൂപ്പു മന്ത്രിമാർക്കെതിരെ പായിച്ചിറ നവാസ് കേസുകളുമായി രംഗത്തെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നവാസ് പ്രതികളായ ഒരു കേസിലും കുറ്റപത്രം സമർപ്പിക്കാത്തതും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. കഠിനംകുളം സ്റ്റേഷനിൽ ചാർജു ചെയ്ത ബലാത്സംഗക്കേസിലും അന്വേഷണം ശരിയായ വഴിക്കു നീങ്ങിയിട്ടില്ലെന്നാണ് പ്രാഥമിക സൂചനകൾ.

Read More >>